ന്യൂയോർക്: ഇറാെൻറ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ വധിച്ച യു.എസ് നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ വിദഗ്ധ. ജനുവരിയിൽ ബഗ്ദാദ് വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനിയും ഒമ്പത് പേരും കൊല്ലപ്പെട്ടത്. സുലൈമാനി യു.എസ് താൽപര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനിരിക്കുകയായിരുന്നു എന്നതിന് മതിയായ െതളിവ് നൽകാൻ ആ രാജ്യത്തിനായിട്ടില്ലെന്ന് നിയമവിരുദ്ധ കൊലകൾ സംബന്ധിച്ച യു.എന്നിെൻറ പ്രത്യേക ഓഫിസർ ആഗ്നസ് കല്ലാമാഡ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തുവന്നു. ഭീകരർക്ക് പാസ് നൽകുന്ന നടപടിയാണിതെന്ന് വിദേശകാര്യ വകുപ്പ് ആരോപിച്ചു.
സുലൈമാനി വധത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും 35 പേർക്കുമെതിരെ ഇറാൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകം, ഭീകരത എന്നീ കുറ്റങ്ങളാണ് ട്രംപിനും മറ്റുമെതിരെ ചുമത്തിയത്.
ആഗ്നസ് വ്യാഴാഴ്ച തെൻറ റിപ്പോർട്ട് യു.എൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ചു. സിറിയ, ഇറാൻ എന്നിവിടങ്ങളിലെ പ്രവർത്തന ചുമതലയുള്ള ഇറാൻ സൈന്യത്തിലെ മേജർ ജനറലായിരുന്നു സുലൈമാനിയെങ്കിലും അദ്ദേഹം മറ്റുള്ളവരുടെ ജീവന് ഭീഷണിയാണെന്ന് തെളിയിക്കാനായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കി. അതുകൊണ്ട് ഏകപക്ഷീയ കൊലക്ക് യു.എസ് ഉത്തരവാദിയാണ്. ഇതിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണവും നിയമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗ്നസിെൻറ റിപ്പോർട്ട് ബൗദ്ധിക സത്യസന്ധതയില്ലാത്തതാണെന്ന് യു.എസ് വിദേശകാര്യ വക്താവ് മോർഗൻ ഒർടേഗസ് പറഞ്ഞു. സ്വയരക്ഷയുടെ ഭാഗമായുള്ള നടപടിയായിരുന്നു യു.എസ് സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദിയെപ്പോലുള്ളതാണ് സുലൈമാനിയുടെ ഭൂതകാലം. മനുഷ്യാവകാശത്തെ നിസ്സാരമായി കാണുന്നതാണ് റിപ്പോർട്ടെന്നും യു.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.