പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും സുഹൃത്തും വെടിയേറ്റു മരിച്ചു

കറാച്ചി: തീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുരാം സാഖിയും (40) സുഹൃത്ത് റാവോ ഖാലിദും വെടിയേറ്റു മരിച്ചു. ശിയാ മുസ്ലിംകള്‍ക്കെതിരായ വംശീയ കലാപങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടയാളാണ് ഖുരാം സാഖി. ബൈക്കിലത്തെിയ ആക്രമികളാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് കരുതുന്നു. സാഖിയും ഖാലിദും റസ്റ്റാറന്‍റില്‍നിന്ന് ഭക്ഷണം കഴിച്ചു മടങ്ങവെയാണ് രണ്ടു ബൈക്കുകളിലത്തെിയ നാലംഗ സംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയം സമീപത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു.
താലിബാന്‍െറ ഘടകമായ ഹഖീമുല്ല മെഹ്സൂദ് വിഭാഗം ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. ലാല്‍ മസ്ജിദ് ഇമാം മൗലാന അബ്ദുല്‍ അസീസിനെതിരായ സാഖിയുടെ നിലപാടിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി സംഘം അറിയിച്ചു. എന്നാല്‍, ഇവരുടെ അവകാശവാദം പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ശിയാ മുസ്ലിംകള്‍ക്കെതിരായ വംശീയ ആക്രമണത്തിന്‍െറ പരിധിയില്‍ തന്നെയാണ് കൊലപാതകത്തെയും പൊലീസ് പെടുത്തിയിരിക്കുന്നത്.
 മതപണ്ഡിതന്‍, പത്രപ്രവര്‍ത്തകന്‍, സോഷ്യല്‍ ആക്ടിവിസ്റ്റ്, സാമൂഹിക മാധ്യമപ്രവര്‍ത്തകന്‍, ബ്ളോഗര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു സാഖി. മൗലാന അസീസിന്‍െറ തീവ്രവാദ ആശയങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന അദ്ദേഹം അതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പുരോഗമനത്തിലൂന്നിയ മതപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ച വെബ്സൈറ്റിന്‍െറ എഡിറ്ററായിരുന്നു. ഇത്തരം ആശയങ്ങള്‍ ജനങ്ങളിലേക്കത്തെിക്കാന്‍ ‘ലെറ്റ് അസ് ബില്‍ഡ് പാകിസ്താന്‍’  എന്ന പേരിലുള്ള ഫേസ്ബുക് പേജും തുടങ്ങിയിരുന്നു. പാക് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അടുത്തകാലത്ത് ഈ പേജ് നിരോധിച്ചിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട സിന്ധ് ആഭ്യന്തരമന്ത്രി സുഹൈല്‍ അന്‍വര്‍ സിയല്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
അതിനിടെ, സാഖിയുടെ മൃതദേഹവുമായി നിരവധി പേര്‍ സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.