സാന്‍ഡിയാഗോയില്‍ ട്രംപിന്‍െറ റാലിക്കിടെ സംഘര്‍ഷം

സാന്‍ഡിയാഗോ: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി  ഡൊണാള്‍ഡ് ട്രംപിന്‍െറ റാലിക്കിടെ സംഘര്‍ഷം. സാന്‍ഡിയാഗോയില്‍ നടന്ന റാലിയില്‍ ട്രംപ് അനുകൂലികളും എതിരാളികളും തമ്മില്‍ ഏറ്റുമുട്ടി. സാന്‍ഡിയാഗോ നഗരത്തിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പുറത്തുണ്ടായ സംഘര്‍ഷത്തിനിടെ ഇരുവിഭാഗങ്ങളും കല്ലുകളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസിന് നേരെ പ്രക്ഷോഭകര്‍ തിരിഞ്ഞതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. സംഭവത്തില്‍ 35 പേരെ സാന്‍ഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

നിയമവിരുദ്ധമായി രാജ്യത്ത് കടന്നുകയറുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്ന ട്രംപിന്‍െറ പ്രസ്താവന യു.എസില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതാണ് മെക്സിക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള സാന്‍ഡിയാഗോയില്‍ ട്രംപ് സംഘടിപ്പിച്ച റാലിക്കെതിരെ പ്രതിഷേധം ഉയരാന്‍ ഇടയാക്കിയത്. ജൂണ്‍ ഏഴിന് നടക്കുന്ന കാലിഫോര്‍ണിയ പ്രൈമറിയുടെ ഭാഗമായി മെക്സിക്കന്‍ അതിര്‍ത്തിക്ക് സമീപം റാലി നടത്താന്‍ ട്രംപ് തീരുമാനിച്ചിട്ടുണ്ട്. സാന്‍ഡിയാഗോയിലെ ജനസംഖ്യയില്‍ മൂന്നിലൊരു വിഭാഗം ലാറ്റിനമേരിക്കക്കാരാണ്. അതിര്‍ത്തി വഴി ആയിരക്കണക്കിന് മെക്സിക്കന്‍ പൗരന്മാരാണ് ദിനംപ്രതി യു.എസിലേക്ക് കുടിയേറുന്നത്.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള 1237 പ്രതിനിധികളുടെ പിന്തുണ ട്രംപ് ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു. ആകെയുള്ള 2472 പ്രതിനിധികളില്‍ 1239 പേരുടെ പിന്തുണ ട്രംപിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനിയാകാനുള്ള മത്സരത്തില്‍ ഹിലരി ക്ളിന്‍റന്‍ മുന്നേറുന്നു. ഹിലരി 2310 പേരുടെ പിന്തുണ നേടിയപ്പോള്‍ മുഖ്യ എതിരാളി സാന്‍ഡേഴ്സിന് 1542 പേരുടെ പിന്തുണയാണ് ഇതുവരെ ലഭിച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.