തെരഞ്ഞെടുപ്പ് ആരവങ്ങളില്‍ റോഹിങ്ക്യകളുടെ ദുരിതം മറയുന്നു –യു.എന്‍

ന്യൂയോര്‍ക്: മ്യാന്മറില്‍  പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ ബഹളങ്ങള്‍ക്കിടെ റോഹിങ്ക്യകളുടെ ദുരിതം കാണാതെപോകുന്നതായി യു.എന്‍. ചികിത്സയില്ലാതെയും അടിസ്ഥാന ജീവിത സൗകര്യങ്ങളില്ലാതെയും മുസ്ലിം ന്യൂനപക്ഷ സമൂഹം അനുഭവിക്കുന്ന ദുരിതം ദാരുണമാണെന്ന് മ്യാന്മറിലെ പശ്ചിമ റഖൈന്‍ പ്രവിശ്യ സന്ദര്‍ശിച്ച യു.എന്‍ കോഓഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് ഡയറക്ടര്‍ ജോണ്‍ ജിങ് പറഞ്ഞു. വംശഹത്യയെ തുടര്‍ന്ന് സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ട ഇവര്‍ കഴിയുന്ന താല്‍ക്കാലിക ക്യാമ്പുകളിലെ സ്ഥിതി ഹൃദയഭേദകമാണ.് തകര്‍ന്നുവീഴാറായ ചെറിയ കൂരകളിലാണ് ഒരു ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത്. നൂറുകണക്കിന് കുട്ടികള്‍ ചികിത്സയില്ലാതെയും പോഷകാഹാരമില്ലാതെയും ദുരിതത്തില്‍ കഴിയുന്നു.

ഒരു മാസം പ്രായമായ കുഞ്ഞ് തൊട്ടടുത്ത ആശുപത്രിയില്‍നിന്ന് ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവം ഒരു അമ്മ യു.എന്‍ സംഘത്തോട് പങ്കുവെച്ചു. റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഈ സംസ്ഥാനത്താണ് 2012ല്‍ ബുദ്ധവംശീയ വാദികള്‍ മുസ്ലിംകള്‍ക്കുനേരെ വംശഹത്യയുടെ ഏറ്റവും ബീഭത്സമായ രൂപം പ്രകടമായത്. ലോകചരിത്രത്തില്‍ നടന്നതില്‍ ഏറ്റവും ക്രൂരമായ വംശഹത്യകളില്‍ ഒന്നായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ അതിനെ വിലയിരുത്തിയിരുന്നു. മ്യാന്മര്‍ നിര്‍ണായകമായ ജനാധിപത്യ പരിവര്‍ത്തനത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.

സാമ്പത്തികരംഗത്തും ഭൗതിക വികസനത്തിലും രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍, ആ വളര്‍ച്ചയുടെ വിഹിതം എല്ലാവര്‍ക്കും ലഭ്യമാവുന്നില്ല.  1982 മുതല്‍ സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ട് അര്‍ധപൗരന്മാരായി കഴിയുന്ന റോഹിങ്ക്യകള്‍ ഈ വളര്‍ച്ചയുടെ ഭാഗമല്ല. കച്ചിന്‍, ഷാന്‍ എന്നീ പ്രവിശ്യകളിലും ഒരു ലക്ഷത്തിലധികമാളുകള്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്നും ന്യൂയോര്‍കില്‍വെച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ ജോണ്‍ ജിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.