പത്താൻ, ബി.ബി.സി ഡോക്യുമെന്ററി, ജഷ്നേ രേഖ്ത: ഹിന്ദുത്വകാലത്തെ മൂന്ന് പ്രതിരോധങ്ങൾ

ർത്തമാന ലോകത്തെ വലതുപക്ഷ ഭരണകൂടങ്ങളെക്കുറിച്ച് ഇന്ത്യയിലെ പ്രബുദ്ധ ജനത മനസ്സിലാക്കിയിട്ടുണ്ട്.  ഇന്ത്യയിൽ ഗ്രാമ-നഗര വ്യത്യാസങ്ങളി​ല്ലാതെ കൊടുങ്കാറ്റായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കലയിലെയും സാഹിത്യത്തിലെയും മാധ്യമ രംഗത്തെയും ഏതാനും മുന്നേറ്റങ്ങളെക്കുറിച്ചെഴുതുന്നത് അഭികാമ്യമായിരിക്കുമെന്ന് കരുതുന്നു. 

ജനകീയ കലയിലുണ്ടായ ഈ കുതിച്ചുചാട്ടത്തിന്റെ മുൻനിരയിലുള്ളത് യുവാക്കളും വിദ്യാർഥികളുമാണ്. ഈ മുന്നേറ്റത്തെ ഉയർത്തിയ മൂന്നുഘടകങ്ങളുണ്ട്. 1- ബോളിവുഡ് സിനിമ പത്താൻ 2- നിരോധനങ്ങളെ വകവെക്കാതെയുള്ള ബി.ബി.സി ഡോക്യൂമെന്ററി ‘India and the Modi Question’ന്റെ കാഴ്ച, 3-  ഏതാനും മാസങ്ങൾ മുമ്പ് അവിസ്മരണീയമായ അന്തരീക്ഷത്തിൽ ഞാൻ പ​ങ്കെടുത്ത ഉർദു സാഹിത്യ ഫെസ്റ്റിവൽ ‘ജഷ്നേ രേഖ്ത’ എന്നിവയാണത്.

സാംസ്കാരിക പ്രതിരോധത്തിന്റെയും സർഗാത്മക ധിക്കാരത്തിന്റെയും മകുടോദാഹരണങ്ങളാണ് ഇവ. പത്താൻ സിനിമ രാജ്യത്ത് നിലനിൽക്കുന്ന വർഗീയതയുടെയും ദേശീയതയുടെയും പരമ്പരാഗത ആഖ്യാന​ങ്ങളെ  ഒരർഥത്തിൽ പൊളിച്ചെഴുതുകയാണ്. സിനിമയിൽ മുഖ്യവേഷത്തിലെത്തുന്ന ഷാരൂഖ് ഖാൻ അനാഥനായാണ് സ്വയം പരിചയപ്പെടുത്തുന്നത്. അയാൾ ഹിന്ദുവോ മുസ്‍ലിമോ അല്ല. അഫ്ഗാനിസ്താ​നിലെ പഷ്തൂൺ ഗ്രാമവാസികളെ ഒരു പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതോടെ അയാൾ പത്താൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഒരു ഭൗമപ്രദേശമോ പ്രത്യേക മത സ്വത്വമോ ഈ സിനിമയിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നില്ല, പകരം ഇന്ത്യയെയും പാകിസ്താനെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന ‘പത്താൻ’ എന്ന വംശീയ സ്വത്വമാണ് നായകൻ പേറുന്നത്. ഇന്ത്യ-പാക് അതിർത്തികൾക്കുള്ളിൽ നല്ലവരും ചീത്തവരും ഉണ്ടെന്ന് പറയുന്ന സിനിമ ആഗോള സ്വഭാവമുള്ള സന്ദേശമാണ് നൽകുന്നത്. സിനിമയുടെ അഭൂതപൂർവ്വമായ വിജയം ദേശീയതയെക്കുറിച്ച് അടിച്ചേൽപ്പിച്ച കാഠിന്യമേറിയ വീക്ഷണത്തെ അതിഭയങ്കരമായ വിനോദ പ്രക്രിയയിലൂടെ പുറത്തുനിർത്തുന്നുണ്ട്. രാജ്യത്തിനാകെ ശുദ്ധമായ പുതിയ ശ്വാസമാണ് സിനിമ നൽകുന്നത്. 

നിരോധനം ലംഘിച്ചുള്ള വിദ്യാർഥികളുടെ ബി.ബി.സി ഡോക്യൂമെന്ററി പ്രദർശനവും പ്രചാരണവും സെൻസർഷിപ്പിനും പൗരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെയുള്ള പ്രതിഷേധം മാത്രമായി കാണാനാകില്ല, ഭരണകൂടത്തിന്റെ അടിക്കല്ലിൽ യുവതയെ മൂക്കുകയറിടാനുള്ള ബോധവൂർവ്വ ശ്രമങ്ങൾക്കുള്ള മുഖത്തടി കൂടിയാണത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും പ്രസ്താവനകൾ നടത്തിയത് രാജ്യത്ത് സാംസ്കാരിക പ്രതിരോധം ഉയർന്നുവരുന്നതിന്റെ വ്യക്തമായ സൂചനകളാണ്. പാർട്ടി കേഡറുകൾ പ​ങ്കെടുത്ത യോഗത്തിൽ സിനിമക്ക് മേൽ കൈവെക്കുന്നത് ഒഴിവാക്കണമെന്ന് പറയാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതും മറ്റൊന്നാകാനിടയില്ല.

‘ജഷ്നേ രേഖ്ത’ ഫെസ്റ്റിവൽ ഭാഷാ വിപ്ലവത്തിന് (ബി.ബി.സി ഡോക്യൂമെന്ററിയിലുള്ള ഇംഗ്ലീഷ് ഇന്ത്യൻ രൂപത്തിലുളളതാണെന്നും ഇവിടെ കുറിക്കുന്നു) തിരികൊളുത്തിയിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. മുസ്‍ലിം യുവതയും അമുസ്‍ലിം യുവതയും തോളോട് തോൾ ചേർന്ന് ആൾകൂട്ടമായി മാറുന്നത് ഫെസ്റ്റിവലിൽ ദൃശ്യമായി. ഉർദു പദ്യങ്ങളും പ്രസംഗങ്ങളും അവർ ഒരുമിച്ചാണ് ആസ്വദിച്ചത്. ഉർദു പുസ്തകങ്ങൾ വിൽക്കുന്ന പുസ്തകശാലകളോളം ഓളം ഭക്ഷണശാലകൾക്ക് മുന്നിൽ പോലുമുണ്ടായിരുന്നില്ല!. വിറ്റിരുന്ന ഉർദു പുസ്തകങ്ങളാകട്ടെ, ദേവനാഗിരി ലിപിയിലുള്ളതുമായിരുന്നു. മുസ്‍ലിം ന്യൂനപക്ഷത്തിനെ വിവിധ രൂപങ്ങളിൽ അധികാരികൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ഫെസ്റ്റിവലിനെ വലിയ സംസ്കാരിക പ്രതിരോധമായാണ് ഞാൻ പരിഗണിക്കുന്നത്.

‘പത്താൻ’ സിനിമക്ക് ഉജ്ജ്വല വരവേൽപ്പ് നൽകിയവർ, ബി.ബി.സി ഡോക്യുമെന്ററിയുടെ നിർഭയ കാഴ്ചക്കാർ, ജഷ്നേ രേഖ്തയുടെ ആസ്വാദകർ.. ഇവരെല്ലാം ഹിന്ദുത്വയെ തടുത്തുനിർത്താൻ സ്വയം നിയോഗിതരായവരാണ്. രബീന്ദ്ര നാഥ ടാഗോൾ മുൻകൂട്ടി ആലേഖനം ചെയ്ത ഒരു പശ്ചാത്തലത്തിൽ കൂടി വേണം പുതിയ പ്രതിഷേധങ്ങളെ കാണാൻ. ടാഗോറിന്റെ അഭിപ്രായത്തിൽ രാജ്യം നിർമിക്കപ്പെടേണ്ടത് മൃണ്മയയിൽ (ഭൂമിശാസ്ത്രപരമ​ായോ, അതിർത്തികൾക്കുള്ളി​േലാ) മാത്രമല്ല, മറിച്ച് ചിന്മയയിൽ (ആശയസംഹിതയിൽ/ ബോധത്തിൽ ഊന്നി) അടിസ്ഥാനമാക്കിയാണ്.



ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ റിട്ടയഡ് പ്രൊഫസറാണ് ലേഖകൻ
സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്
കടപ്പാട് - The Wire

Tags:    
News Summary - Three Signs of a New Cultural Defiance in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.