"ഞാൻ ഒരു സംഗീതപുസ്തകം തുറന്നു നോക്കിയപ്പോൾ അതേ ശൈലി ആവർത്തിച്ചിരിക്കുന്നതു കണ്ടു. സർ ,സ്ത്രീയുടെ സംഗീതരചന നായ പിൻകാലിൽ നടക്കുന്നതു പോലയാണ്, അതു തീരെ നന്നായിരിക്കുകയില്ല, എങ്കിലും ഒരു നായ അങ്ങനെ ചെയ്യുന്നല്ലോ എന്നു നമുക്കു അത്ഭുതം തോന്നും. 'എത്ര കൃത്യമായാണു ചരിത്രം ആവർത്തിക്കുന്നത്' !" -വെർജീനിയ വൂൾഫ്
വെർജീനിയ വൂൾഫിന്റെ "സ്വന്തമായൊരു മുറി " യിൽ സ്ത്രീകളുടെ എഴുത്ത്, അഭിനയം, പ്രസംഗം, സംഗീത രചന തുടങ്ങി വ്യത്യസ്തമായ കലാപ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, അതിന്റെ പേരിൽ അവളെ പരിഹസിക്കുകയും മർദ്ദിക്കുകയും ഗുണദോഷിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യുന്ന ആണധികാരത്തെക്കുറിച്ചും പറയുന്നു.സ്ത്രീകളുടെ നടനത്തെ നായ് കൂത്തായും അവളുടെ പാട്ടെഴുത്തിനെ നായ പിൻകാലിൽ നടക്കുന്നതായും കാണുന്നത് 19ാം നൂറ്റാണ്ടിൽ മാത്രമല്ല, ഇക്കാലത്തും സജീവമായുണ്ട്. ചരിത്രം അതേരൂപത്തിൽ തന്നെ ആവർത്തിക്കപ്പെടുന്നു.
മുതിർന്ന എഴുത്തുകാരനായ ടി.പത്മനാഭന് സ്ത്രീകളുടെ എഴുത്ത്, അവരുടെ രചനകൾ നേടുന്ന പ്രശസ്തി എന്നിവ നായയുടെ പിൻ കാലിൽ നടത്തമായേ കാണാനാവുന്നുള്ളുവെന്നത് അദ്ദേഹം അനുശീലിച്ചു വന്ന അഭിരുചികളുടെ പരിമിതിയാണ്. അത് ആധികാരികമായി വസ്തുനിഷ്ഠമായൊരു യാഥാർഥ്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുന്നതാവട്ടെ തനിക്കുള്ള ആണധികാരത്തിന്റെ ആനുകൂല്യം കൊണ്ടാണ്.
പൊതുജനാഭിരുചികളെ രസിപ്പിക്കും വിധം സംസാരിക്കാനുള്ള ശ്രമമാണത്. വാക്കുകളിൽ മാത്രമല്ല ,ശരീരഭാഷയിലും നാടകീയമായ അവതരണത്തിലും സവിശേഷവും കൃത്യവുമായ അധികാരവിന്യാസമുണ്ട്. അദ്ദേഹത്തിന്റെ ശ്രോതാക്കൾ പുരുഷകേന്ദ്രിതമായ മൂല്യങ്ങളുൾക്കൊള്ളുന്ന, അതുമാത്രമാണ് സ്വാഭാവികമെന്നു വിശ്വസിക്കുന്ന സമൂഹത്തിന്റെ പ്രതിനിധികളാണെന്ന് എഴുത്തുകാരൻ ധരിക്കുന്നുണ്ടാവാം.
നിലനിൽക്കുന്ന കർക്കശവും സങ്കുചിതവുമായ ലൈംഗികസദാചാര സങ്കല്പങ്ങളിൽ നിന്നാണ് സ്ത്രീകളുടെ എഴുത്തിനെക്കുറിച്ച് ഇത്തരം പരാമർശങ്ങളുണ്ടാവുന്നത്. താനൊരിക്കലും അസഭ്യമോ അശ്ലീലമോ എഴുതിയിട്ടില്ലെന്ന അവകാശവാദവും അദ്ദേഹത്തിനുണ്ട്. അങ്ങനെ അശ്ലീലമോ ലൈംഗികതയോ തുറന്നെഴുതി ആളുകളെ ആകർഷിച്ചിട്ടല്ല താൻ മലയാള കഥയുടെ കുലപതി സ്ഥാനത്ത് അവരോധിതനായതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആണധികാരം നിർണയിക്കുന്ന ലൈംഗികത, സദാചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പ്രതിരോധനിലപാടുകളെ നിരസിച്ചുകൊണ്ട് സാമ്പ്രദായിക കുടുംബ , സാമൂഹിക ബന്ധങ്ങളെ രൂഢമാക്കുന്ന ലൈംഗികമൂല്യങ്ങളെ സ്ഥാപിച്ചെടുക്കുകയുമാണെന്നദ്ദേഹം.
എല്ലാക്കാലത്തും കഥകളിലൂടെ ചെയ്തത് അദ്ദേഹം പ്രസംഗങ്ങളിലൂടെയും ഉറപ്പിക്കുകയാണ്. അശ്ലീലസാഹിത്യം എന്ന ഒറ്റ ലേബലൊട്ടിച്ച് സ്ത്രീരചനയുടെ ബഹുമുഖമായ സാധ്യതകളെയൊട്ടാകെ റദ്ദു ചെയ്യുന്ന ക്രൂരതയാണത്. എഴുതുന്നയാളിന്റെ ലിംഗത്തിലല്ല , എഴുത്തിലാണു ആദ്യം ശ്രദ്ധ പതിയേണ്ടതെന്നദ്ദേഹം അറിയേണ്ടതുണ്ട്. എഴുത്തിലെ ആ ശ്രദ്ധയാണ് എഴുതിയവളുടെ ഭാഷയിലേക്കും അതിന്റെ നിരവധിയായ അർഥങ്ങളിലേക്കും വായനക്കാരനെ വളർത്തുക. അശ്ലീലമെഴുതി വായനക്കാരെ ആകർഷിക്കാനും പ്രശസ്തി നേടാനുമുള്ള ശ്രമമല്ല അവളുടേതെന്നു തിരിച്ചറിയാൻ അത്തരമൊരു വായനയുടെ ആവശ്യമുണ്ട്. നിർഭാഗ്യവശാൽ ടി.പത്മനാഭന്റെ കണ്ണുകൾക്ക് അതു കഴിയുന്നില്ല. സൃഷ്ടിയും ധ്വംസനവും നടത്താൻ കെൽപ്പുള്ള സ്ത്രീഭാഷയെ Highly significant discourse എന്നു വിശേഷിപ്പിച്ചത് ഹെലൻ സിക്സുസ് ആണ്. അതിതീവ്രമായ ആഘാതശേഷിയുള്ള പെൺഭാഷയെ അശ്ലീലമെന്നു അപഹസിക്കുന്നതിലൂടെ തന്റെ യാഥാസ്ഥിതിക സദാചാര ചിന്തകളുടെ പൂപ്പൽ മണത്തെ, ആസ്വാദനപരമായ പഴമയെ പൊതുബോധത്തിനു മുന്നിലേക്കു തുറന്നിടുന്ന എഴുത്തുകാരൻ സ്വയമൊരു അശ്ലീലമായി മാറുന്നു.
തന്റെ പ്രസംഗത്തിൽ ടി.പത്മനാഭൻ പ്രധാനമായും സ്ത്രീകളുടെ ആത്മകഥാപരമായ രചനകളെയാണു ലക്ഷ്യം വെച്ചതെന്നു സൂചനകളിൽ നിന്നു വ്യക്തമാണ്. പുതിയതും വ്യത്യസ്തവും ആയ സ്ത്രൈണതയെ / സ്വത്വബോധത്തെ നിർമിക്കൽ , സാംസ്കാരികമായ അതിരുകളെയും വിലക്കുകളെയും തകർക്കൽ, സ്വന്തം പ്രതിരോധം എന്നിങ്ങനെ പല അടരുകളുള്ളതാണ് സ്ത്രീകളുടെ തുറന്നു പറച്ചിലുകൾ. സ്വയം പ്രസിദ്ധീകരിക്കുന്ന സ്ത്രീ- (self published Woman ) ആയ എഴുത്തുകാരി ആത്മരചനകളെ സംബന്ധിച്ചുണ്ടായിരുന്ന സാമ്പ്രദായിക ബോധങ്ങളെ തകർത്തു. മലയാളത്തിലെ കാലികവും ശ്രദ്ധേയവുമായ ആത്മപ്രകാശന രചനകൾക്കെല്ലാം ഈയൊരു ഉൾക്കരുത്താണുള്ളത്.
യാഥാസ്ഥിതിക ബോധങ്ങളെ സംബന്ധിച്ച് വിധ്വംസകമെന്നു വിശേഷിപ്പിക്കാവുന്ന ഈ ആത്മപ്രകാശനങ്ങൾ ആഖ്യാനത്തിന്റെ ബദൽ സാധ്യതകളെ അന്വേഷിക്കുന്നുമുണ്ട്. അത്തരം രചനകളിൽ ശ്രേണീകൃതമായ അധികാരബന്ധങ്ങൾ കർക്കശമായി വിചാരണ ചെയ്യപ്പെടുന്നുമുണ്ട്. അത്യന്തികമായി കൂടുതൽ ജനാധിപത്യ സ്വഭാവമുള്ള ഒരു നവരാഷ്ട്രീയ നിർമിതിയുടെ ബദൽ സാധ്യതകളെ തുറന്നു കാട്ടുന്നുവെന്നതാണ് പുതിയകാല പെൺ ആത്മപ്രകാശനങ്ങളുടെ വ്യതിരിക്തത. വ്യത്യസ്തമായ ജീവിത പരിസരങ്ങൾ , തൊഴിലിടങ്ങൾ, വ്യക്തിപരമായതും സാമൂഹികവുമായ അസാധാരണ അനുഭവങ്ങൾ, എല്ലാ സ്ത്രീ ഇടപെടലുകളെയും സൂക്ഷമമായി നിരീക്ഷിക്കുന്ന ആൺകോയ്മയോടുള്ള ഇടഞ്ഞു നില്പ് തുടങ്ങിയ സവിശേഷതകൾ അവയുടെ വായന അനായാസമല്ലാതാക്കുന്നു. സ്ത്രീകളുടെ അകം പുറം ലോകങ്ങൾ അവൾ തന്നെ തുറന്നു കാട്ടുന്നതോടെ അനുഭവജ്ഞാനപരമായ പുതുചരിത്ര നിർമിതി നടക്കുന്നു.യാഥാസ്ഥിതിക ആൺശീലങ്ങൾക്ക് ഈ എതിർനോട്ടങ്ങൾ അസഹനീയമാണ്.
ലൈംഗികതയിലെ സർഗാത്മകതയുടെ വറ്റിപ്പോകൽ, വ്യത്യസ്ത ലൈംഗികാഭിരുചികളെ ആത്മനിന്ദയോടെ കാണുക, ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും പാപബോധവുമായി ചേർത്തുവെക്കുക, രതിയിൽ നിന്നും ആനന്ദത്തെ ചോർത്തിക്കളയുക തുടങ്ങിയ കേരളീയ ലൈംഗികശീലങ്ങളിലെ എല്ലാ അപാകതകളും ടി പത്മനാഭന്റെ നിരീക്ഷണങ്ങളിൽ ചിതറിക്കിടക്കുന്നു.
"നളിനി ജമീലയുമായി സംസാരിച്ച ദിവസങ്ങളിലൊക്കെ അതിന്റെയൊടുവിൽ അപരിചിതമായ സൗന്ദര്യ പ്രദേശങ്ങളിലേക്ക് എന്റെ കൈ പിടിച്ച് അവർ കൊണ്ടുപോയി, അതിനു മുമ്പൊരിക്കലും ഞാൻ അത്രമേൽ ആഹ്ലാദഭരിതനായിരുന്നിട്ടില്ല " എന്നുതുറന്നു പറഞ്ഞ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ എതിർ ധ്രുവത്തിലാണ് നളിനി ജമീലയുടെ ആത്മകഥയെ ഭയപ്പെടുന്ന ടി. പത്മനാഭന്റെ സ്ഥാനം. അദ്ദേഹം പരിഹാസം കൊണ്ടും നിന്ദകൊണ്ടും തന്റെ ഭയത്തെയാണു മൂടിവെക്കുന്നത്. ഏറ്റവും ഭയചകിതനായ എഴുത്തുകാരൻ എന്നദ്ദേഹത്തെ വിളിക്കാനാവും. പക്ഷേ അദ്ദേഹം ഒറ്റയ്ക്കല്ല എന്നതാണു ദു:ഖകരം. അതേ ഭയമുള്ള , ആ ഭയത്തെ മറികടക്കാൻ ഇങ്ങനെയുള്ള സൂത്രവഴികൾ തേടുന്ന ധാരാളം പേർ വേറെയുമുണ്ട്. അവസരം വരുമ്പോൾ അവരത് പുറത്തെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.