ഓർമാരവങ്ങളിൽ മോഹൻ ബഗാൻ, സാൽഗോക്കർ

ഇന്ത്യൻ ദേശീയ ഫുട്​ബാളിന്​ മാറ്റങ്ങൾ സംഭവിക്കുകയാണോ? മോഹൻ ബഗാ​ന്റെ പേരുമാറ്റവും ​സാൽഗോക്കർ ഗോവയുടെ കളിനിർത്തലും എന്തി​ന്റെ സൂചനയാണ്​? ഇന്ത്യയിലെ ദേശീയ ഫുട്ബാൾ ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിച്ചിരുന്ന ഫെഡറേഷൻ കപ്പി​ന്റെ പ്രസക്തി നഷ്​ടപ്പെട്ടു. പ്രഫഷനലിസം ദേശീയ ലീഗായും പിന്നീട് ഐ ലീഗായും എത്തി. ഐ ലീഗിനെ രണ്ടാം നിരയിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ് കളം കീഴടക്കി. വിദേശ താരങ്ങൾ ഉൾപ്പെട്ട പ്രഫഷനൽ ക്ലബുകൾ എത്രയോ ആയി. പക്ഷേ, മോഹൻ ബഗാൻ ഒരു വികാരമായി ഇന്ത്യയിലെ ഫുട്ബാൾ േപ്രമികൾക്കിടയിൽ അവശേഷിച്ചു. മോഹൻ ബഗാ​ന്റെ പേരുമാറ്റം ആരാധകർക്കു സഹിക്കുവാൻ കഴിഞ്ഞില്ല. ആരാധകരുടെ നിരന്തരമായ അപേക്ഷ ക്ലബ്...

ഇന്ത്യൻ ദേശീയ ഫുട്​ബാളിന്​ മാറ്റങ്ങൾ സംഭവിക്കുകയാണോ? മോഹൻ ബഗാ​ന്റെ പേരുമാറ്റവും ​സാൽഗോക്കർ ഗോവയുടെ കളിനിർത്തലും എന്തി​ന്റെ സൂചനയാണ്​? 

ഇന്ത്യയിലെ ദേശീയ ഫുട്ബാൾ ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിച്ചിരുന്ന ഫെഡറേഷൻ കപ്പി​ന്റെ പ്രസക്തി നഷ്​ടപ്പെട്ടു. പ്രഫഷനലിസം ദേശീയ ലീഗായും പിന്നീട് ഐ ലീഗായും എത്തി. ഐ ലീഗിനെ രണ്ടാം നിരയിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ് കളം കീഴടക്കി. വിദേശ താരങ്ങൾ ഉൾപ്പെട്ട പ്രഫഷനൽ ക്ലബുകൾ എത്രയോ ആയി. പക്ഷേ, മോഹൻ ബഗാൻ ഒരു വികാരമായി ഇന്ത്യയിലെ ഫുട്ബാൾ േപ്രമികൾക്കിടയിൽ അവശേഷിച്ചു. മോഹൻ ബഗാ​ന്റെ പേരുമാറ്റം ആരാധകർക്കു സഹിക്കുവാൻ കഴിഞ്ഞില്ല. ആരാധകരുടെ നിരന്തരമായ അപേക്ഷ ക്ലബ് ഉടമകൾ കൈക്കൊണ്ടു. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ക്ലബ് ആയ എ.ടി.കെ മോഹൻ ബഗാൻ ജൂൺ ഒന്നു മുതൽ ‘മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്​’ ആയി അറിയപ്പെടും.

ആരാധകരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ടീമി​ന്റെ പേരു മാറ്റുമെന്ന് ഐ.എസ്​.എൽ കിരീടനേട്ടത്തിനുശേഷം ക്ലബ് ഉടമ സഞ്ജീവ് ഗോയങ്ക പ്രഖ്യാപിച്ചിരുന്നു. പേരുമാറ്റം ക്ലബ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. മോഹൻ ബഗാനു മുമ്പൊരു പേര്, അത് ഏത് പ്രായോജകരുടേതായാലും ഫുട്ബാൾ േപ്രമികൾക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ബഗാൻ എന്നത് കൊൽക്കത്തക്കാരുടെയോ ബംഗാളികളുടെയോ മാത്രം വികാരമല്ലായിരുന്നു. ഇന്ത്യൻ ഫുട്ബാളിൽ തലമുറകളെ ത്രസിപ്പിച്ച നാമമായി മാറുകയായിരുന്നു മോഹൻ ബഗാൻ.

സൂപ്പർ ലീഗിൽ കൊൽക്കത്ത ഫ്രാഞ്ചൈസിയായി അത്​ലറ്റികോ ഡി കൊൽക്കത്ത എന്ന പേരുകാരായിരുന്നു തുടക്കത്തിൽ. അത്​ലറ്റികോ മഡ്രിഡി​ന്റെ ഓഹരി പങ്കാളിത്തമായിരുന്നു കാരണം. അത്​ലറ്റികോ വേർപിരിഞ്ഞപ്പോൾ ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ഉടമസ്ഥാവകാശ പങ്കാളികളായി. ഇതോടെ എ.ടി.കെ എന്നായി. ഇവർ കൊൽക്കത്ത മോഹൻ ബഗാനുമായി ലയിച്ചതോടെയാണ് എ.ടി.കെ മോഹൻ ബഗാൻ ആയതും തുടർന്ന് 2022-23ൽ ഐ.എസ്​.എൽ ചാമ്പ്യന്മാരായതും. പക്ഷേ, എ.ടി.കെ എന്ന പേരൊന്നും കൊൽക്കത്തയിലെ ബഗാൻ ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവർ നിരന്തരം സമ്മർദം ചെലുത്തി. ഒടുവിൽ ക്ലബ് അധികൃതർ ആരാധകരുടെ വികാരത്തിനൊത്ത് ക്ലബിനു പുതിയ പേരിട്ടു.

മോഹൻ ബഗാൻ

ഐ.എസ്​.എല്ലിലെ കൊൽക്കത്ത ക്ലബി​ന്റെ പേരു മാറ്റവും നേട്ടവും സംയോജിപ്പിച്ചാൽ ഇങ്ങനെ ചുരുക്കിപ്പറയാം. ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിനു തുടക്കമിട്ട 2014 മുതൽ കൊൽക്കത്ത ടീം കളത്തിലുണ്ട്. ആദ്യ സീസണിൽ അത്​ലറ്റികോ ഡി കൊൽക്കത്തയായാണ് കളിച്ചത്. അടുത്ത രണ്ടു സീസണിലും ഇതേ പേരിൽ കളിച്ചു. ഒന്നും മൂന്നും പതിപ്പുകളിൽ കിരീടവും നേടി. പിന്നീട് എ.ടി.കെ എന്ന പേരിൽ ഇറങ്ങി. 2019-20ൽ ഇവർ ജേതാക്കളായി. അടുത്ത വർഷം എ.ടി.കെയും മോഹൻ ബഗാനും ലയിച്ചു. അങ്ങനെ എ.ടി.കെ മോഹൻ ബഗാൻ ടീം രൂപപ്പെട്ടു. ആ ടീം 22-23ൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ചാമ്പ്യന്മാരായി.

മോഹൻ ബഗാൻ ടീം കൊൽക്കത്തയിലോ ബംഗാളിലോ മാത്രമല്ല; ഇന്ത്യയിൽ ആകെ ഒരു വികാരമാണെന്നു പറഞ്ഞല്ലോ. അതിനുപിന്നിൽ നൂറ്റാണ്ടി​ന്റെ ചരിത്രമുണ്ട്. ഉജ്ജ്വല പോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു വരെ ഉത്തേജകം പകർന്ന വിജയങ്ങളുണ്ട്. ഇക്കഴിഞ്ഞ ഐ.എസ്​.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ ഫൈനലിൽ ബംഗളൂരു എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി (4-3). മഡ്ഗാവിൽ ആയിരുന്നു മത്സരം. നിശ്ചിത സമയത്തും അധിക സമയത്തും കളി സമനിലയിൽ ആയിരുന്നു (2-2) എന്നു കാണുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച് എന്നു മനസ്സിലാക്കാം.

ഷൂട്ടൗട്ടിൽ ഭാഗ്യം ഒരു ഘടകമാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിനു പിന്തള്ളിയ ബംഗളൂരുവിന്റെ തോൽവി ബ്ലാസ്റ്റേഴ്സ്​ ആരാധകരെ ആശ്വസിപ്പിച്ചിരിക്കാം. റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സിനു പിന്നാലെ ബംഗളൂരു എഫ്.സിയും പരാതിപ്പെട്ടു. അടുത്ത സീസണിൽ ഐ.എസ്​.എല്ലിൽ വാർ സാങ്കേതികവിദ്യ നടപ്പാക്കി റഫറിയിങ് പിഴവുകൾക്കു പരിഹാരം കണ്ടെത്തിയേക്കാം.

ഇന്ത്യയിലെ ഫുട്ബാൾ േപ്രമികൾ ഹൃദയത്തിലേറ്റിയ ക്ലബ് ബഗാൻ മാത്രമാണെന്നല്ല പറഞ്ഞുവന്നത്. അത്തരം ക്ലബുകളിൽ ഒന്നാം നിരയിൽ ബഗാനുണ്ട് എന്നുമാത്രം. കൊൽക്കത്തയിൽതന്നെ ഈസ്റ്റ് ബംഗാളിനും മുഹമ്മദൻ സ്​പോർട്ടിങ്ങിനും ആരാധകർ ഏറെയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗും ഫുട്ബാൾ സ്​പോർട്സ്​ ഡെവലപ്മെന്റ് ലിമിറ്റഡും വരുന്നതിനുമുമ്പ് ഐ ലീഗും അതിനു മുമ്പത്തെ ദേശീയ ലീഗും വരുന്നതിനും മുമ്പത്തെ കഥയെന്നു പറയാം.

ബംഗാളും ഗോവയും കേരളവും പഞ്ചാബുമൊക്കെയായിരുന്നു ഇന്ത്യയിലെ ഫുട്ബാൾ കേന്ദ്രങ്ങൾ. പഞ്ചാബിൽ ജെ.സി.ടി ഫഗ്വാരയും പഞ്ചാബ് പൊലീസും ഗോവയിൽ വാസ്​കോയും ഡെംപോയും സാൽഗോക്കറും ചർച്ചിൽ ബ്രദേഴ്സും മുംബൈയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (മഹീന്ദ്ര യുനൈറ്റഡ്), എയർ ഇന്ത്യ, ബംഗളൂരുവിൽ എച്ച്.എ.എൽ. ഹൈദരാബാദിൽ ഹൈദരാബാദ് പൊലീസ്​, കേരളത്തിൽ ഫാക്ടും പ്രീമിയർ ടയേഴ്സും ടൈറ്റാനിയവും അതിനു മുമ്പ് കുണ്ടറ ആലിൻഡും പിന്നീട് കണ്ണൂർ കെൽ​േട്രാണും കേരള പൊലീസും.

ഫെഡറേഷൻ കപ്പ് ജേതാക്കളായിരുന്നു ഇന്ത്യയിലെ ക്ലബ് ഫുട്ബാൾ ചാമ്പ്യന്മാർ. ഫെഡറേഷൻ കപ്പ് തുടങ്ങും മുമ്പ് ഡ്യൂറൻഡ് കപ്പ്, റോവേഴ്സ്​ കപ്പ് തുടങ്ങിയവയുടെ വിജയികളെ സൂപ്പർ ക്ലബുകളായി കണക്കാക്കി. കേരളത്തിൽതന്നെ അര ഡസനോളം അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്റുകൾ നടന്നിരുന്നു. സന്തോഷ് േട്രാഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ് അന്ന് ഉത്സവമായിരുന്നു. ഇന്ത്യയിലെ ഒന്നാംനിര താരങ്ങളെ കാണാമായിരുന്നു. കളി കാണാൻ കാണികൾ ഇരമ്പിയെത്തിയിരുന്നു. നിറഞ്ഞ ഗാലറികളെ സാക്ഷിനിർത്തിയാണ് അഖിലേന്ത്യാ ടൂർണമെന്റുകളും നടത്തിയിരുന്നത്.

ഒളിമ്പിക്സ് വേദിയായി വരുമ്പോൾ രാജ്യത്തിനല്ല, മറിച്ച് നഗരത്തിനാണ് പ്രാധാന്യം. ആതിഥേയത്വം വഹിക്കുന്ന നഗരത്തിന്റെ പേരിലാകും ഭാവിയിൽ പ്രസ്തുത ഒളിമ്പിക്സ് അറിയപ്പെടുക. നേരേമറിച്ച് ലോകകപ്പ് ഫുട്ബാൾ വേദിയായി ആതിഥേയ രാജ്യം അറിയപ്പെടും. ഉദാഹരണത്തിന് 2018 റഷ്യ ലോകകപ്പായും 2022 ഖത്തർ ലോകകപ്പായും ചരിത്രം രേഖപ്പെടുത്തുന്നു. 2026ൽ ഇത് മൂന്നു രാജ്യങ്ങളുടെ പേരിലാകും.

ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ആയാലും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആയാലും നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ടീമുകൾ അറിയപ്പെടുന്നത്. കൊൽക്കത്തയുടെ പ്രതിനിധിയായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എത്തുമ്പോൾ, ബംഗാൾ ഫുട്ബാളിൽ മാത്രമല്ല, ഇന്ത്യൻ ഫുട്ബാളിൽതന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും രാജ്യമെങ്ങും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ഈസ്റ്റ് ബംഗാളിനും മുഹമ്മദൻ സ്പോർട്ടിങ്ങിനും അവസരമില്ല. കൊൽക്കത്തക്കു പുറത്ത് ഏതെങ്കിലും ക്ലബുമായി ഇവർക്കു ലയിക്കാനും സാധിക്കില്ല. ഐ.എസ്.എല്ലിൽ ഭാവിയിൽ ഒരു നഗരം കേന്ദ്രീകരിച്ച് ഒന്നിൽ കൂടുതൽ ക്ലബുകൾ വന്നാലേ ഈസ്റ്റ് ബംഗാളിനും മുഹമ്മദൻസിനും അവസരം ലഭിക്കൂ. അതിനു സമയമെടുക്കും.

മറിച്ച്, ഇതര സംസ്ഥാനങ്ങളിൽ മുൻകാലങ്ങളിൽ പ്രതാപം കാട്ടിയ ക്ലബുകൾക്ക് ബഗാന്റെ ശൈലി പരീക്ഷിക്കാവുന്നതാണ്. പഞ്ചാബിൽ ജെ.സി.ടി ഫഗ്വാരക്കും ഗോവയിൽ വാസ്കോ, ഡെമ്പോ, സാൽഗോക്കർ, ചർച്ചിൽ എന്നിവയിൽ ഒന്നിനും മുംബൈയിൽ മഹീന്ദ്രക്കും ഒക്കെ ഇത്തരത്തിൽ ശ്രമിക്കാം. പാരമ്പര്യം പുതുമയോട് സംയോജിക്കുമ്പോൾ ഒന്നിലേറെ തലമുറകളിൽ ആവേശം ഉണരും.

എന്നാൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അലിൻഡ്, ഫാക്ട്, പ്രീമിയർ ടയേഴ്സ്, ടൈറ്റാനിയം, കെൽട്രോൺ ക്ലബുകളെ ഓർക്കുന്നുപോലുമുണ്ടാകില്ല. അഖിലേന്ത്യാ ടൂർണമെന്റുകളിൽ ഏറെ തിളങ്ങിയ കേരളത്തിലെ ക്ലബുകളെ ഓർക്കുന്ന തലമുറ ഭൂതകാലത്തിന്റേതാവുകയാണ്. അതുകൊണ്ട് മഞ്ഞപ്പട ഇപ്പോഴത്തേതുപോലെ ബ്ലാസ്റ്റേഴ്സിനായി ഗാലറി നിറക്കട്ടെ, ആരവം ഉയർത്തട്ടെ.

സാൽഗോക്കർ ഗോവ ഓർമയാകുന്നു

ബ്രാനന്ദ് എന്ന നിത്യഹരിത താരം. നാൽപതാം വയസ്സിൽപോലും ഗോൾമുഖത്ത് ജിംനാസ്റ്റി​ന്റെ മികവോടെ പറന്നുപൊങ്ങി ബുള്ളറ്റ് ഷോട്ടുകൾപോലും തട്ടിയകറ്റിയ പ്രതിഭ. സാൽഗോക്കർ ഗോവക്കൊപ്പം ഇന്ത്യയിലെ ഫുട്ബാൾ േപ്രമികൾ മനസ്സിൽ കൊത്തി​െവച്ച നാമം. പിന്നെ, ഡെറിക് പെരേര, ബ്രൂണോ കുട്ടീനോ, റോയ് ബാരറ്റോ, ലോറൻസ്​ ഗോമസ്​, സാവിയോ മെദീര... അങ്ങനെ എത്രയെത്ര സൂപ്പർ താരങ്ങൾ. ഇവരെയൊക്കെ പ്രശസ്​തരാക്കിയ സാൽഗോക്കർ ഗോവ എന്ന ഫുട്ബാൾ ക്ലബ് ഇല്ലാതാവുകയാണ്. ടി.കെ. ചാത്തുണ്ണി എന്ന മലയാളി പരിശീലകൻ ചർച്ചിൽ ബ്രദേഴ്സിനെപ്പോലെ സാൽഗോക്കറിനെയും പരിശീലിപ്പിച്ചിരുന്നു എന്നും ഓർക്കുക.

സാൽഗോക്കർ ഗോവ നേടിയ കിരീടങ്ങൾ

കൊൽക്കത്ത മുഹമ്മദൻസിനെ കീഴടക്കി 1998ൽ കോഴിക്കോട്ട് നാഗ്ജി േട്രാഫി നേടിയ സാൽഗോക്കർ എന്നും മലയാളികൾക്കു പ്രിയപ്പെട്ട ടീം ആയിരുന്നു. അവരുടെ പച്ച ജഴ്സി നമുക്ക് ആവേശമായിരുന്നു. ഇനി ജൂനിയർതലത്തിൽ മാത്രമായി ചുരുങ്ങാൻ സാൽഗോക്കർ തീരുമാനിച്ചപ്പോൾ ഇന്ത്യൻ ഫുട്ബാളിൽ ഒരു അധ്യായംകൂടിയാണ് അവസാനിക്കുന്നത്.

അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി തെറ്റി 2016-17ൽ ആണ് സാൽഗോക്കർ ഐ ലീഗിൽനിന്നു പിൻവാങ്ങിയത്. തലേവർഷം ഐ ലീഗ് സീസൺ അവസാനിച്ചപ്പോൾ ഇനിയില്ല എന്ന് സ്​പോർടിങ് ക്ലബ് ഗോവക്കൊപ്പം സാൽഗോക്കറും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിനെ ഒന്നാം ഡിവിഷൻ പോരാട്ടമാക്കാനുള്ള ഫെഡറേഷ​ന്റെ തീരുമാനമാണ് സാൽഗോക്കറിനെയും ചൊടിപ്പിച്ചത്.

1999ലെ നാഷനൽ ഫുട്ബാൾ ലീഗ് ചാമ്പ്യൻമാരായ സാൽഗോക്കർ ടീം

നാലുതവണ ഫെഡറേഷൻ കപ്പ് ജയിച്ച സാൽഗോക്കർ ദേശീയ ലീഗിലും ഐ ലീഗിലും കിരീടനേട്ടം സാധ്യമാക്കിയതാണ്. നാഗ്ജിക്കു പുറമെ, ഡ്യൂറൻഡ് കപ്പും റോവേഴ്സ്​ കപ്പുമൊക്കെ ജയിച്ചൊരു കാലം അവർക്കു സ്വന്തമായിട്ടുണ്ട്. 1956ൽ വി.എം.സാൽഗോക്കർ കമ്പനി തുടങ്ങിയ ക്ലബ് 21 തവണ തങ്ങൾ ജേതാക്കളായ ഗോവൻ ലീഗിൽനിന്നുകൂടി പിൻവാങ്ങുമ്പോൾ കാൽപന്തി​ന്റെ ഒരുപാട് മാസ്​മരിക മുഹൂർത്തങ്ങൾ ഓർമയാകും.

ഐ.എസ്​.എൽ മുന്നോട്ട് ഇന്ത്യ പിന്നോട്ട്

ലോകനിലവാരത്തിൽ 100ന് അപ്പുറമാണ് ഇന്ത്യയുടെ സ്​ഥാനമെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് നമുക്കിന്ന് മഹാസംഭവമാണ്. കേരള ബ്ലാസ്റ്റേഴ്സി​ന്റെ പിന്തുണക്കാരായി മഞ്ഞപ്പട ഗാലറി നിറച്ച് ഇന്ത്യയിൽതന്നെ ശ്രദ്ധ നേടി. 2022ലെ ഐ.എസ്​.എൽ ഫൈനലിൽ ഹൈദരാബാദ് എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ്​ കളി കാണാൻ എത്രയോ മലയാളികൾ ഗോവയിലെത്തി. 1950കളിലെയും 60കളിലെയും ഹൈദരാബാദ് പൊലീസി​ന്റെയും ഹൈദരാബാദ് ടീമി​ന്റെ തന്നെയും പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് അന്ന് ഹൈദരാബാദ് എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ചാമ്പ്യന്മാരായത്.

ഇന്ന് ലോകകപ്പ് ഫുട്ബാളിൽ ഒരു രാജ്യത്തിനു കളിക്കുന്നവർ ഏതു ക്ലബി​ന്റെ താരമാണെന്നത് ഏറെ ചർച്ചചെയ്യപ്പെടാറുണ്ട്. യൂറോപ്യൻ ലീഗുകൾ കളിക്കുന്നവർ ഏതു രാജ്യക്കാരായാലും പ്രത്യേകമൂല്യം അവർക്കു ചാർത്തപ്പെടുന്നു. പലപ്പോഴും ഈ സൂപ്പർതാരങ്ങൾ രാജ്യത്തിനു കൈവരിച്ച നേട്ടങ്ങളെക്കാൾ തങ്ങളുടെ ക്ലബുകൾക്കു കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ എണ്ണപ്പെടുന്നു. ചിലർക്കെങ്കിലും ക്ലബ് ഫുട്ബാളിലെ മികവ് ദേശീയ ടീമിനായി കാഴ്ചവെക്കാൻ കഴിയാതെയും വരുന്നു. ഇന്ത്യയിൽ ഇത്തരമൊരു താരമൂല്യം മോഹൻബഗാ​ന്റെ കളിക്കാർക്ക് ഉണ്ടായിരുന്നു.

സന്തോഷ് േട്രാഫിക്കായുള്ള ദേശീയ ഫുട്ബാൾ ടൂർണമെന്റ് നടക്കുമ്പോൾ വിവിധ സംസ്​ഥാന ടീമുകളിൽ മോഹൻ ബഗാൻ താരങ്ങൾക്ക് ആരാധകർ ഏറെയായിരുന്നു. കേരളത്തിൽ, 1970കളിൽ കളമശ്ശേരി പ്രീമിയർ ടയേഴ്സി​ന്റെയും ആലുവ ഫാക്ടി​ന്റെയും കളിക്കാരെ സംസ്​ഥാന ടീമിലെ സൂപ്പർതാരങ്ങളായി കണക്കാക്കിയിരുന്നു. അതത് ക്ലബുകളുടെ അഖിലേന്ത്യാ വിജയങ്ങളിൽ ഈ താരങ്ങൾ കാഴ്ച​െവച്ച പ്രകടനമാണു കാരണം. മോഹൻ ബഗാൻ അഖിലേന്ത്യാ ടൂർണമെന്റുകളിലെല്ലാം ഉജ്ജ്വലപ്രകടനം കാഴ്ച​െവച്ചപ്പോൾ അവരുടെ താരങ്ങൾ സൂപ്പർതാരങ്ങളായി.

ഐ.എഫ്.എ ഷീൽഡ് കരസ്ഥമാക്കിയ മോഹൻ ബഗാൻ ടീം

പ്രഫഷനലിസം യഥാർഥ രൂപത്തിൽ എത്തും മുമ്പും വിദേശതാരങ്ങൾ ഇന്ത്യൻ ക്ലബുകളിൽ, പ്രത്യേകിച്ച് കൊൽക്കത്ത ക്ലബുകളിൽ കളിച്ചിരുന്നു. പക്ഷേ, ടീമിൽ ഇന്ത്യൻ താരങ്ങൾക്കായിരുന്നു മുൻതൂക്കം. ഐ.എസ്​.എല്ലിൽ പക്ഷേ, പലപ്പോഴും വിദേശതാരങ്ങൾ കൂടുതൽ തിളങ്ങാറുണ്ട്. വിദേശതാരങ്ങളിൽ പലരും അവരുടെ സുവർണകാലം പിന്നിട്ടവരാണെങ്കിലും ഇന്ത്യയുടെ ഒന്നാം നിര താരങ്ങളെക്കാൾ മികവുകാട്ടുമ്പോൾ, അവർക്കൊപ്പം കുതിക്കാൻ നമ്മുടെ താരങ്ങൾക്കും കഴിയും; അതുവഴി നമ്മുടെ ഫുട്ബാൾ കളി നിലവാരം ഉയരും, അഥവാ ഉയരണം എന്നാണല്ലോ സങ്കൽപം. പാരമ്പര്യം ജ്വലിക്കുന്ന പുതിയ പേരിൽ ഇറങ്ങുമ്പോൾ മോഹൻ ബഗാ​ന്റെ ഇന്ത്യൻ താരങ്ങളിൽ ബഗാ​ന്റെ ചരിത്രവും പാരമ്പര്യവും ജ്വലിക്കണം.

എ.ടി.കെക്ക് 80 ശതമാനവും ബഗാന് 20 ശതമാനവും ഓഹരിയുമായിട്ടായിരുന്നു ‘എ.ടി.കെ മോഹൻ ബഗാൻ’ രൂപമെടുത്തത്. ഇനി പത്താം സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്​ ആണെന്ന് ക്ലബ് ചെയർമാൻ സഞ്ജീവ് ഗോയങ്ക പ്രഖ്യാപിച്ചപ്പോൾ ബഗാൻ എന്ന വികാരത്തിന് അംഗീകാരമായി. എ.ടി.കെ മോഹൻബഗാൻ ആയിരുന്നപ്പോൾ ക്ലബിനെ എ.ടി.കെ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഇനി മോഹൻ ബഗാൻ എന്നു വിളിക്കുമ്പോൾ ചരിത്രവും പാരമ്പര്യവും സംയോജിക്കുന്ന പഴയ വമ്പൻ ക്ലബ് പ്രഫഷനൽ ലേബലോടെ പുനർജീവിക്കും. അതാണ് ആരാധകർ ആഗ്രഹിച്ചതും.

ചരിത്രം ഒന്നു പരിശോധിക്കാം. കൽക്കത്ത (കൊൽക്കത്ത) ഇന്ത്യൻ തലസ്​ഥാനമായിരുന്ന കാലം. 1911, ജൂലൈ 29. കൽക്കത്ത ഫുട്ബാൾ ക്ലബ് ഗ്രൗണ്ട് ആണ് വേദി. ഈസ്റ്റ് യോർക് ഷയർ റെജിമെന്റ് (ഗാസ്യാബാദ്) എന്ന ബ്രിട്ടീഷ് ടീമിനെ അട്ടിമറിച്ച് (2-1) മോഹൻ ബഗാൻ ഐ.എഫ്.എ ഷീൽഡ് കരസ്ഥമാക്കി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്തിയ ബംഗാളികളുടെ സ്വാതന്ത്ര്യസമരത്തിന് ഉത്തേജകം പകർന്ന വിജയം. ‘അമൃതബസാർ പത്രിക’ എന്ന ദേശീയ ദിനപത്രം ബഗാ​ന്റെ വിജയത്തെക്കുറിച്ച് മുഖപ്രസംഗം എഴുതി.

സ്​പോർട്സിനെക്കുറിച്ച് ഒരു ഇന്ത്യൻ പത്രം എഴുതിയ ആദ്യ മുഖപ്രസംഗമായിരുന്നു അത്. 1911ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിന് 80,000ത്തിലധികം കാണികൾ സാക്ഷികളായി. ഇന്നത്തെപ്പോലെ ഉയർന്ന ഗാലറികൾ ഇല്ലായിരുന്നു. ഗോൾ വിവരങ്ങൾ എഴുതിയ പട്ടങ്ങൾ പറത്തിയാണ് മുന്നിലെ ഭാഗ്യവാന്മാരായ കാണികൾ പിന്നിലെ നിർഭാഗ്യവാന്മാരെ കളിവിവരം അറിയിച്ചത്. കാണികൾക്കായി പ്രത്യേക െട്രയിനും ബോട്ടുമൊക്കെ ഏർപ്പെടുത്തേണ്ടിവന്നു.

മോഹൻ ബഗാൻ സ്​പോർടിങ് ക്ലബ് രൂപവത്കരിച്ചത് 1889ൽ ആണ്. തുടർന്ന് മോഹൻ ബഗാൻ അത് ലറ്റിക് ക്ലബ് ആയി. 1904ൽ കുച്ച്ബിഹാർ േട്രാഫി നേടിക്കൊണ്ടായിരുന്നു തേരോട്ടം തുടങ്ങിയത്. ഇന്ത്യയിൽ ഏറ്റവുമധികം ടൂർണമെന്റുകൾ ജയിച്ച ഫുട്ബാൾ ക്ലബ് ആയി. ദേശീയ ലീഗിലും ഐ ലീഗിലും കിരീടം നേടി. എ.ടി.കെയായി ഐ.എസ്​.എല്ലിലും വിജയം. ഇനി മോഹൻ ബഗാൻ എന്ന യഥാർഥ പേരിൽ കിരീടനേട്ടം സാധ്യമാകുമോ? കാത്തിരിക്കാം.

Tags:    
News Summary - Mohun Bagan Salgaocar memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.