ഒരു ജർമൻ യുദ്ധ വിരുദ്ധ പാഠാവലിയിൽ നിന്ന്

ബെർതോൾറ്റ് ബ്രെഹ്തിന്റെ കവിത വീരാൻകുട്ടി മൊഴിമാറ്റുന്നു 1 ഔന്നത്യത്തിൽ കഴിയുന്നവർക്കിടയിൽ ഒരു വിചാരമുണ്ട് ആഹാരത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തോ മോശം കാര്യമെന്ന്. കാരണം അവരുടെ വയർ നിറഞ്ഞതാണ്. കീഴാളർ ഈ ലോകം വിട്ടുപോകണം- നല്ല മാംസത്തിന്റെ രുചി ഒരിക്കൽപോലുമറിയാതെ. തളർച്ച അവരെ അനുവദിക്കുന്നുണ്ടാവില്ല- വന്നതെവിടെനിന്നെന്നും പോകുന്നതെങ്ങോട്ടെന്നും തിളങ്ങുന്ന സായാഹ്നങ്ങളിൽ വിസ്മയിക്കാൻ. സമയം തീരുമ്പോൾ അവർ കാണാത്തതായിത്തന്നെ അവശേഷിക്കും വന്മലകൾ, മഹാസമുദ്രങ്ങൾ. താണനില എന്നാൽ എന്തെന്ന് താഴെയുള്ളവർ ചിന്തിച്ചില്ലെങ്കിൽ ഉയരാനാവില്ല അവർക്കൊരു നാളും. 2 തൊഴിലാളികൾ...

ബെർതോൾറ്റ് ബ്രെഹ്തിന്റെ കവിത വീരാൻകുട്ടി മൊഴിമാറ്റുന്നു

1

ഔന്നത്യത്തിൽ കഴിയുന്നവർക്കിടയിൽ

ഒരു വിചാരമുണ്ട്

ആഹാരത്തെക്കുറിച്ച് സംസാരിക്കുന്നത്

എന്തോ മോശം കാര്യമെന്ന്.

കാരണം അവരുടെ വയർ നിറഞ്ഞതാണ്.

കീഴാളർ ഈ ലോകം വിട്ടുപോകണം-

നല്ല മാംസത്തിന്റെ രുചി

ഒരിക്കൽപോലുമറിയാതെ.

തളർച്ച അവരെ അനുവദിക്കുന്നുണ്ടാവില്ല-

വന്നതെവിടെനിന്നെന്നും

പോകുന്നതെങ്ങോട്ടെന്നും

തിളങ്ങുന്ന സായാഹ്നങ്ങളിൽ

വിസ്മയിക്കാൻ.

സമയം തീരുമ്പോൾ

അവർ കാണാത്തതായിത്തന്നെ അവശേഷിക്കും

വന്മലകൾ, മഹാസമുദ്രങ്ങൾ.

താണനില എന്നാൽ എന്തെന്ന്

താഴെയുള്ളവർ ചിന്തിച്ചില്ലെങ്കിൽ

ഉയരാനാവില്ല അവർക്കൊരു നാളും.

2

തൊഴിലാളികൾ അപ്പത്തിനായി നിലവിളിക്കുന്നു‌

കച്ചവടക്കാർ മാർക്കറ്റുകൾക്കായി

പണിയില്ലാത്തവർക്ക് വിശക്കുന്നു

പണിയുള്ളവരുടെ സ്ഥിതിയും മറ്റൊന്നല്ല

കൂപ്പിയ മട്ടിലുള്ള കൈകൾക്ക് വീണ്ടും

തിരക്കായിരിക്കുന്നു

അവ കവചം പണിയുകയാണ്.

വിശപ്പിന്റെ അപ്പമെല്ലാം അപഹരിക്കപ്പെട്ടിരുന്നു

ഇറച്ചിയെക്കുറിച്ച് അറിവേയില്ലായിരുന്നു,

വെറുതെയാവുന്നു മനുഷ്യവിയർപ്പിന്റെ ഒഴുക്ക്.

പച്ചയുടെ തോട്ടങ്ങൾ വെട്ടിവീഴ്ത്തപ്പെടുന്നു

ആയുധ ഫാക്ടറികളുടെ പുകക്കുഴലുകളിൽനിന്ന്

പുക ഉയരുന്നു.

3

വീടു ചായമടിക്കാൻ വന്നവൻ

നല്ല കാലം വരുന്നതിനെക്കുറിച്ച് സംസാരിക്കുന്നു:

കാടിനിയും വളരും

വയലുകൾ കതിരണിയും

നഗരങ്ങൾ ഉയരും

മനുഷ്യൻ തുടർന്നും ശ്വസിക്കും എന്ന്.

പക്ഷേ ആ ദിവസം കലണ്ടറിൽ കാണപ്പെട്ടില്ല

മാസങ്ങൾ, ആഴ്ചകൾ തുറന്നുതന്നെ കിടക്കുന്നു

അതിലൊരു ദിവസം കുരിശിനാൽ

അടയാളപ്പെടുത്തപ്പെടും.

4

നേതാക്കൾ സമാധാനത്തെക്കുറിച്ചു

സംസാരിക്കുമ്പോൾ

സാധാരണ ജനത്തിനറിയാം യുദ്ധം വരാറായെന്ന്.

നേതാക്കൾ യുദ്ധത്തെ പഴിക്കുന്നെങ്കിൽ ഉറപ്പ്

ടാങ്കുകളുടെ നീക്കത്തിനുള്ള ഉത്തരവ്

നൽകിക്കഴിഞ്ഞിട്ടുണ്ടാവും.

5

നായകർ പറയുന്നു യുദ്ധവും സമാധാനവും

കാര്യത്തിൽ വേറെ വേറെയെന്ന്

പക്ഷേ അവർക്ക് യുദ്ധവും സമാധാനവും

കാറ്റും കൊടുങ്കാറ്റുംപോലെ.

അവരുടെ സമാധാനത്തിൽനിന്ന്

അവരുടെ യുദ്ധം പിറക്കുന്നു-

മകൻ അമ്മയിൽനിന്ന് എന്നപോലെ.

അവൻ പേറുന്നു

അമ്മയുടെ ഭയത്തിന്റെ അടയാളങ്ങളെ.

6

അവരുടെ യുദ്ധം കൊന്നു തീർക്കുന്നു

സമാധാനം അവശേഷിപ്പിച്ചവയെയെല്ലാം

ചുവരിൽ കരിക്കഷണത്താൽ എഴുതപ്പെട്ടിരിക്കുന്നു:

അവർക്ക് യുദ്ധം ആവശ്യമുണ്ട്.

അതെഴുതിയവൻ ഇപ്പൊഴേ വീണുകഴിഞ്ഞു.

7

തലവന്മാർ പറയുന്നു:

ഇതു മഹത്ത്വത്തിലേക്കുള്ള മാർഗം.

കീഴമരുന്നവർ പറയുന്നത്:

ഈ വഴി സെമിത്തേരിയിലേക്കുള്ളത്.

8

മാർച്ചു ചെയ്യേണ്ട നാൾ വരുമ്പോൾ

അണികളിൽ പലരുമറിയില്ല

മുന്നിലെ അണിയിലുള്ളത് ശത്രുതന്നെയെന്ന്.

ഉത്തരവു നൽകുന്ന ശബ്ദം തങ്ങളുടെ

ശത്രുവിന്റെയെന്ന്

ശത്രുവിനെപ്പറ്റി മുന്നറിയിപ്പ് നൽകുന്നയാൾ

തന്നെയാണ്

യഥാർഥ ശത്രുവെന്ന്.

9

സമയം രാത്രി

യുവമിഥുനങ്ങൾ അവരുടെ കിടക്കയിൽ ചായുന്നു.

ആ യുവതി ഗർഭത്തിൽ വഹിക്കും

അനാഥരായ കുഞ്ഞുങ്ങളെ.

10

ജനറൽ,

അങ്ങയുടെ ടാങ്ക് അത്യുഗ്രൻ തന്നെ

അതു മരങ്ങളെയും

പരശ്ശതം മനുഷ്യരെയും വീഴ്ത്തിയരച്ചുകൊണ്ട്

കടന്നുപോകും

പക്ഷേ അതിനൊരു തകരാറുണ്ട്

ഡ്രൈവറില്ലാതെ അതെങ്ങനെ ചലിക്കും?

ജനറൽ,

താങ്കളുടെ ബോംബർ വിമാനം അത്യുഗ്രൻ.

അതിനു കൊടുങ്കാറ്റിന്റെ വേഗത്തിൽ പറക്കാനാവും

പക്ഷേ അതിനൊരു തകരാറുണ്ട്

ഒരു മെക്കാനിക്കില്ലാതെ അതെങ്ങനെ പറക്കും?

ജനറൽ,

മനുഷ്യൻ വളരെ ഉപകാരമുള്ള ജീവിയാണ്

അവനു പറക്കാനും കൊല്ലാനും കഴിയും

പക്ഷേ ഒരു തകരാറുണ്ട്

അവനു ചിന്തിക്കാനാവും.


സെസറിയ ബീച്ചിനെക്കുറിച്ച് രണ്ടു ഗീതങ്ങൾ

യഹുദ അമിഖായുടെ കവിതക്ക് വീരാൻകുട്ടിയുടെ മൊഴിമാറ്റം

കടലിനെ ഉപ്പിലിട്ടു സൂക്ഷിക്കുന്നു,

ജറുസലേമിനെ ഉണക്കിയും.

നാമെവിടെ പോകും?

ഇപ്പോൾ ഈ കനമേറിയ സന്ധ്യയിൽ

തെരഞ്ഞെടുക്കണം-

നാം ചെയ്യേണ്ടത് എന്തല്ല?

അഥവാ നാമെങ്ങനെ പുലരും എന്ന്.

ജീവിതം ഒരു തെരഞ്ഞെടുപ്പാണ്,

ആരുടെ സ്വപ്നമാകും കുറഞ്ഞ വേദന പകരുക-

വരാനിരിക്കുന്ന എല്ലാ രാത്രികളിലും?

''അടുത്ത വേനൽകാലത്ത് വീണ്ടും വരിക''

അല്ലെങ്കിൽ അതുപോലുള്ള വാക്കുകൾ

എന്റെ ജീവിതത്തെ ഗ്രസിക്കുന്നു,

എന്റെ ദിനങ്ങളെ കവരുന്നു,

പൊട്ടിത്തെറിക്കാനായി അടയാളം​െവച്ച പാലത്തിലൂടെ

സൈനികരുടെ ഒരു നിര കടന്നുപോകുന്നതുപോലെ.

''വീണ്ടും വരിക അടുത്ത വേനൽക്കാലം''

ആരുണ്ട് ആ വാക്കുകൾ കേൾക്കാത്തവരായി?

പക്ഷേ ആര് തിരിച്ചുവരാൻ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.