ചിത്രീകരണം: സജീവ്​ കീഴരിയൂർ

മജീദിന്റെ അത്ഭുത കഥ

ഹൃദയാഘാതത്തെതുടർന്ന് ബുധനാഴ്ച രാവിലെ അന്തരിച്ച എസ്. ജയേഷ് (39) മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം:1254) എഴുതിയ കഥ. 

യാത്രകൾക്കിടയിൽ ആർക്കെങ്കിലും അസുഖം വരുന്നത് ആ കുടുംബത്തിൽ സാധാരണയായിരുന്നു. ഒന്നുകിൽ നിർത്താത്ത ഛർദിൽ, അല്ലെങ്കിൽ വയറിളക്കം, അല്ലെങ്കിൽ പനി, ജലദോഷം. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ ആ ചടങ്ങ് എല്ലാ യാത്രകളിലും ആവർത്തിച്ചുപോരുകയും അത്​ യാത്രയുടെ രസങ്ങളെ ഇല്ലാതാക്കുകയും ചെയ്തുപോന്നു. എങ്കിലും ആവശ്യത്തിനു യാത്ര ചെയ്തല്ലേ പറ്റൂ. അതുകൊണ്ട്​ മേൽപ്പറഞ്ഞ അസുഖങ്ങൾക്കുള്ള മരുന്നുകളുമായിട്ടായിരുന്നു അവർ എല്ലായിടത്തേക്കും പുറപ്പെട്ടിരുന്നത്. ഇതിൽ വേറിട്ടു നിൽക്കുന്ന ഒരേയൊരാൾ മജീദ് മാത്രമായിരുന്നു. അതിന്റെ കാരണം ആദ്യം പറയാം.

യാത്രകൾക്കിടയിൽ അസുഖം വരാത്ത മജീദിന്റെ കുടുംബത്തിൽ അഞ്ചു പേരാണുള്ളത്. അയാളുടെ ബീവി സുഹറ, മകൻ സുബൈർ, സുഹറയുടെ മാതാപിതാക്കളായ ഉസ്മാൻ ഹാജിയും ഉമ്മച്ചിയും, പിന്നെ മജീദും. എന്തോ പന്തികേടു തോന്നുമെങ്കിലും അങ്ങിനെയൊന്നുമില്ല. ആ കുടുംബത്തിൽ പുറമേ നിന്നുള്ള ഒരേയൊരാൾ മജീദ് ആണെന്നതൊഴിച്ചാൽ. അതുകൊണ്ടാണ്​ യാത്രകൾക്കിടയിൽ മജീദിന് അസുഖം വരാത്തത്. അപ്പോൾ സുബൈറോ എന്നു ചോദിക്കാൻ തോന്നിയേക്കാം. അതൊരു വലിയ കഥയാണ്. അതിലേക്കാണു പോകുന്നതും.

മജീദിനെ വാപ്പ എന്നു വിളിക്കുന്നുണ്ടെങ്കിലും സുബൈർ മജീദിനു ജനിച്ച കുട്ടിയല്ലായിരുന്നു. സുഹറയുടെ ആദ്യത്തെ നിക്കാഹിലുണ്ടായതാണ്​ അവൻ. അതെന്തോ, അവനും ഉമ്മയുടെ ജീനുകളാണു കിട്ടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കിടയിൽ ആദ്യം ഛർദിക്കുന്നതും അവനായിരിക്കും. മജീദിനെ വാപ്പാ എന്നു വിളിക്കുന്നതിൽ അവനു പ്രശ്നമൊന്നും ഇല്ലായിരുന്നു. എന്നു​െവച്ചാൽ അവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ വാപ്പ എന്നു കാണുന്നത്​ മജീദിനെ ആയിരുന്നല്ലോ. കുടുംബത്തിലെ മറ്റെല്ലാവർക്കും മജീദിനെ ഇഷ്ടമായിരുന്നു. അവർ അയാളെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തുപോന്നു.

പെരിന്തൽമണ്ണയിലെ പേരുകേട്ട ബിസിനസുകാരനും ധനികനുമായിരുന്നു സുഹറയുടെ പിതാവായ ഉസ്മാൻ ഹാജി. തടിക്കച്ചവടം, അരിമില്ല്, സ്ഥലക്കച്ചവടം, പെട്രോൾ പമ്പ് തുടങ്ങി അയാളുടെ ഉടമസ്ഥതയിൽ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. വെറുതെയിരുന്നാലും അണക്കെട്ട് തുറന്നു വിട്ടതുപോലെ പണമൊഴുകുന്ന അവസ്ഥയായിരുന്നു ഹാജിക്ക്​. എന്നാലോ, ദാനധർമങ്ങൾക്കും ആതുരസേവനങ്ങൾക്കും കണക്കില്ലാതെ സംഭാവന ചെയ്യുന്ന സഹൃദയൻകൂടിയായിരുന്നു അയാൾ. അതുകൊണ്ടുതന്നെ ആ പ്രദേശവാസികൾക്ക് ജാതിമതഭേദമന്യേ ഉസ്മാൻ ഹാജിയോട് ആദരവും ആരാധനയുമായിരുന്നു. എത്രയെത്ര നിർധന കുടുംബങ്ങളിലെ കുട്ടികളെയാണ് ഹാജി പഠിപ്പിച്ച് സ്വന്തം സ്ഥാപനങ്ങളിൽ ജോലികൊടുത്തതെന്നറിയാമോ!

ഹാജിക്ക്​ പ്രായമായപ്പോൾ, ബിസിനസുകൾ എല്ലാം ഒറ്റക്ക്​ നോക്കി നടത്താൻ പറ്റാതായപ്പോൾ, മജീദിനെ കൂടെക്കൂട്ടിയതാണ്. അതെങ്ങിനെയെന്നോ? സൗദിയിൽ തീർഥാടനത്തിനു പോയതായിരുന്നു ഹാജി. അത് ഒന്നുരണ്ട് വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകാറുള്ളതാണ്. സുഹറക്ക്​ അത്തറുകൾ വലിയ ഇഷ്ടമായതുകൊണ്ട് എല്ലാ തവണയും ഗൾഫിൽ പോകുമ്പോൾ ഹാജി കുറേ അത്തറുകൾ വാങ്ങിക്കുമായിരുന്നു. അങ്ങിനെ ജിദ്ദയിലെ ഒരു അത്തർ കടയിൽ​െവച്ച് പരിചയപ്പെട്ടതാണ് മജീദിനെ. ഉറ്റവരും ഉടയവരും ഇല്ലാത്ത മജീദിനെ കണ്ടമാത്രയിൽത്തന്നെ ഹാജിക്ക്​​ ഇഷ്ടമായി. നാട്ടിൽ ആരുമില്ലെന്നും സൗദിയിലെ ജീവിതത്തിൽ തൃപ്തനാണെന്നും മജീദ് അറിയിച്ചപ്പോൾ ഹാജി രണ്ടാമതൊന്ന് ആലോചിച്ചില്ല. ഒരു മാസത്തിനുള്ളിൽ മജീദ് സൗദിയിൽനിന്നും പെരിന്തൽമണ്ണയിൽ എത്തി. ആദ്യം പെട്രോൾ പമ്പും പിന്നീട് ഓരോന്നായി മറ്റു ബിസിനസുകളും മജീദിന്റെ നോക്കിനടത്തിപ്പായി മാറി. ഹാജി വല്ലപ്പോഴും ഉപദേശങ്ങൾ നൽകുക എന്നതിലേക്ക്​ മാത്രമായി ചുരുങ്ങി വിശ്രമജീവിതം ആരംഭിച്ചു.


മജീദിന്റെ മിടുക്ക് കാരണം ഉസ്മാൻ ഹാജിയുടെ സമ്പത്ത് വളർന്നു വളർന്നുകൊണ്ടിരുന്നു. മലപ്പുറത്തും കോഴിക്കോടും തലശ്ശേരിയും കൂടാതെ അങ്ങ് ആറ്റിങ്ങൽ വരെ ബിസിനസുകൾ പടർന്ന് പന്തലിച്ചു. ഇനി ഗൾഫിലേക്ക്​ ഹാജി എന്റർപ്രൈസസിനെ വികസിപ്പിക്കണം എന്ന് മജീദ് ആലോചിക്കുമ്പോഴാണ് ഹാജിയുടെ മനസ്സിൽ മറ്റൊരു ആശയം മുളച്ചത്. അതിനുമുമ്പ് സുഹറയുടെ കഥകൂടി അറിയേണ്ടതുണ്ട്.

അഭ്യസ്തവിദ്യയായ ഒരു സുന്ദരിയായിരുന്നു സുഹറ എന്നേ ഒറ്റനോട്ടത്തിൽ പറയുകയുള്ളൂ. അത് ശരിയാണ്താനും. പൊളിറ്റിക്കൽ സയൻസിൽ നല്ല മാർക്കോടെ ബിരുദവും അതുകഴിഞ്ഞ് ലോകോളജിൽനിന്നും നിയമത്തിൽ ബിരുദാനന്തരബിരുദവും നേടിയ മിടുക്കി. കുറച്ചുകാലം മഞ്ചേരി ജില്ലാ കോടതിയിലെ ഒരു വക്കീലിന്റെ കൂടെയായിരുന്നു. അതിനൊപ്പം പിഎച്ച്. ഡി എന്ന ആശയം മനസ്സിൽ കൊണ്ടുനടക്കുമ്പോഴായിരുന്നു ഇബ്രാഹിം എന്നൊരാളുമായി നിക്കാഹ് നടന്നത്.

നല്ല മനുഷ്യനായിരുന്നു ഇബ്രാഹിം. നിലമ്പൂരുകാരനായ അയാൾ വിദ്യാഭ്യാസം കുറവാണെങ്കിലും അധ്വാനംകൊണ്ട് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ റീജണൽ മാനേജർ തസ്തികവരെയെത്തിയിരുന്നു. സുഹറക്ക്​ അയാളെ കണ്ടപ്പോൾത്തന്നെ ഇഷ്ടമായി. വേഗം തന്നെ ഹാജി സുഹറയുടെയും ഇബ്രാഹിമിന്‍റെയും നിക്കാഹ് ആർഭാടപൂർവം നടത്തി. സുഹറ ഇബ്രാഹിമിന്റെ കൂടെ നിലമ്പൂരിലേക്ക്​ പോയി. മഞ്ചേരിയിലെ പ്രാക്ടീസ്​ തുടരുന്നതിലോ അതല്ലെങ്കിൽ പിഎച്ച്.ഡിക്ക്​ പോകുന്നതിലോ ഇബ്രാഹിമിന് യാതൊരു എതിർപ്പും ഇല്ലായിരുന്നു.

സുഹറക്ക്​ ജോലിക്ക്​ പോയിവരാനായി അയാൾ ഒരു ചെറിയ കാർ വാങ്ങിക്കൊടുത്തു. അപ്പോൾ പണക്കാരനായ ഹാജി എന്താ വാങ്ങിക്കൊടുക്കാത്തത് എന്ന് ചോദിച്ചാൽ, സുഹറക്ക്​ അങ്ങിനെയൊരു ആഗ്രഹം ഇല്ലായിരുന്നു എന്നതാണുത്തരം. സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച് സ്വരുക്കൂട്ടി ആവശ്യമുള്ളതെല്ലാം സ്വന്തമാക്കണമെന്നായിരുന്നു സുഹറയുടെ നിലപാട്. തനി വാപ്പച്ചിയുടെ മകൾ തന്നെ.

സുഹറയും ഇബ്രാഹിമും ചേർന്ന ദാമ്പത്യജീവിതം അതിമനോഹരമായിത്തന്നെ മുന്നോട്ട് നീങ്ങി. അതിന്റെ സാക്ഷ്യമെന്നപോലെ സുബൈറും ജനിച്ചു. പ്രസവവും ശുശ്രൂഷയുമായി സുഹറ വക്കീൽ ജോലിയിൽനിന്നും മാറിനിൽക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്.

നമുക്ക് എത്രയൊക്കെ സമാധാനപരം എന്ന് തോന്നിയാലും ജീവിതത്തിൽ അതിന്റേതായ രീതികളും കണക്കുകൂട്ടലുകളും ഉണ്ടാകുമല്ലോ. അതൊന്നും ആരുടേയും കൈപ്പിടിയിൽ നിൽക്കുന്നതല്ലെന്നതിന് സ്വന്തം ജീവിതത്തിൽനിന്നുതന്നെ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുന്നവർ ആയിരിക്കുമല്ലോ ഈ ഭൂഗോളത്തിൽ ജീവിക്കുന്ന മനുഷ്യരെല്ലാവരും. അങ്ങിനെ ജീവിതം ഇടങ്കോലിട്ടപ്പോൾ സുഹറയുടെ സ്വസ്ഥതയെ കുത്തിനോവിച്ചു ആ വെടിച്ചില്ല്. എന്ത് ഏതെന്നെല്ലാം മനസ്സിലാക്കി വരുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. പിന്നെ ആരെന്ത് വിചാരിച്ചാലും ആ വിടവ് നികത്താ‍ൻ സാധിക്കുമായിരുന്നില്ല. അങ്ങിനെയെന്തോ ദാമ്പത്യജീവിതത്തിൽ സംഭവിച്ച സുഹറ, സുബൈറിന് നാല് മാസം പ്രായമുള്ളപ്പോൾ ഇബ്രാഹിമുമായുള്ള ജീവിതം അവസാനിപ്പിച്ചു. ഉസ്മാൻ ഹാജി അതിനെപ്പറ്റി കുത്തിക്കുത്തി ചോദിക്കാനൊന്നും പോയില്ല. കുഞ്ഞുമായി തിരികെയെത്തിയ മകളെ സ്വീകരിക്കുകയല്ലാതെ ആ സ്നേഹമയനായ പിതാവിന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

സുഹറ തൽക്കാലത്തേക്ക്​ വക്കീൽപ്പണി മുഴുവനായും ഉപേക്ഷിച്ചു. ഉപരിപഠനത്തിന് പോകണം എന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഉസ്മാൻ ഹാജി എതിർത്തില്ല. അല്ലെങ്കിലും വീട്ടിലിരുന്ന് തലപുണ്ണാക്കുന്നതിലും നല്ലത് പഠിക്കാൻ പോകുന്നതാണെന്ന് സുഹറയുടെ ഉമ്മച്ചിയും അഭിപ്രായപ്പെട്ടു.

ആ സമയത്തായിരുന്നു ഉസ്മാൻ ഹാജി സൗദിയിലേക്ക്​ പോയതും മജീദിനെ കണ്ടെത്തിയതും. അയാളുടെ നേതൃത്വത്തിൽ ബിസിനസുകൾ വളരുന്നതിൽ ആഹ്ലാദിച്ച ഹാജിയുടെ മനസ്സിൽ ആ ചിന്തയും കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. സുഹറ എന്തിന് ഇനിയും ഒറ്റക്ക്​ ജീവിക്കണം? അവളുടെ ചെറുപ്പം ഇങ്ങനെ കുഞ്ഞിനെ വളർത്തി കളയാനുള്ളതാണോ? അവൾക്കൊരു കൂട്ട് അത്യാവശ്യമല്ലേ എന്നെല്ലാം അയാൾ ആലോചിച്ചു. മജീദാണെങ്കിൽ ആരോരുമില്ലാത്ത ഒരു പാവത്താൻ, മിടുക്കൻ. അവനും ആരെങ്കിലുമെല്ലാം ഉണ്ടാകുന്നതല്ലേ നല്ലത്? അത് നമ്മൾ തന്നെ ആയാലെന്താ? എന്നെല്ലാം ഹാജി തീരുമാനിച്ചു.

ഇതാദ്യം ഹാജി പറഞ്ഞത് സ്വന്തം ബീവിയോടായിരുന്നു. അവർക്ക് സന്തോഷമായെന്ന് മാത്രമല്ല ഇതേ അഭിപ്രായം പറയാനിരുന്നതായിരുന്നു എന്നും വെളിപ്പെടുത്തി. രണ്ടാമത് ഹാജി സുഹറയോട് സംസാരിച്ചു. അവൾ അനുകൂലമായും പ്രതികൂലമായും പറഞ്ഞില്ല. വാപ്പച്ചീടെ ഇഷ്ടം എന്ന് പറഞ്ഞ് ഒരു പുസ്തകവും എടുത്ത് മുറിയിലേക്ക്​ പോയി. മൂന്നാമത് ഹാജി മജീദിനോട് സംസാരിച്ചു. പ്രതീക്ഷിച്ചത് പോലെ അയാൾ ഞെട്ടിയൊന്നുമില്ല. പതിവ് നിസ്സംഗതയോടെ, ഹാജി കിണറ്റിൽ ചാടാൻ പറഞ്ഞാലും തയാറാണെന്ന മട്ടിൽ കൈയും കെട്ടി നിന്നതേയുള്ളൂ. അയാളെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് നിന്ന്​ എന്തുകിട്ടിയാലും ബോണസ്സ് ആയിരുന്നു. അങ്ങിനെ എല്ലാം തീരുമാനമാക്കിയ സ്ഥിതിക്ക്​ ഹാജി ​െവച്ചുതാമസിപ്പിക്കാതെ അതങ്ങ് നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.


ഇതിനിടയിൽ സുഹറ ഒരുദിവസം തടിമില്ലിൽ പോയി മജീദുമായി സംസാരിച്ചിരുന്നു. അവർക്കിടയിൽ മാത്രം ഒപ്പുവെക്കപ്പെട്ട കരാറുകൾ അവിടെ അംഗീകരിക്കപ്പെട്ടു. താൻ മജീദിനെ വിവാഹം കഴിക്കാൻ സമ്മതിച്ചത് നിർബന്ധംകൊണ്ടല്ലെന്നും സ്നേഹവും കരുതലുമുള്ള ജീവിതപങ്കാളി ആയിരിക്കുമെന്നും അവൾ പറഞ്ഞു. പക്ഷേ അങ്ങിനെയാകുമ്പോഴും ഭാര്യാഭർതൃബന്ധത്തിലെ ചില അംശങ്ങൾ ഉണ്ടാവില്ലെന്നും അറിയിച്ചു. അത് മജീദിന് വ്യക്തമായില്ലായിരുന്നു. ഒരു മുറിയിൽ ഒരു കട്ടിലിൽ കിടന്നാലും നമ്മൾ തമ്മിൽ ശാരീരികബന്ധം ഉണ്ടാവില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് സുഹറ വ്യക്തമാക്കി. മജീദിന് അതൊരു പ്രശ്നമായി തോന്നിയില്ല. ലോഡ്ജ് മുറിയിലെ ജീവിതത്തിൽനിന്നും ഹോട്ടലിലെ ഭക്ഷണത്തിൽനിന്നും കരകയറുന്നത് മാത്രം മതിയായിരുന്നു അയാൾക്ക്. ജീവിതാവസാനംവരെ സ്നേഹമുള്ള ഭർത്താവും സുബൈറിന്റെ വാപ്പയും ആയിരിക്കുമെന്ന് അയാൾ ഉറപ്പ് കൊടുത്തു.

നിക്കാഹ് വളരെ ലളിതമായിട്ടായിരുന്നു നടന്നത്. തന്റെ സമ്പത്തിന്റെ വലുപ്പമൊന്നും ഇത്തവണ ഹാജി കണക്കാക്കിയില്ല. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സമുദായത്തിലെ പ്രമുഖരെയും മാത്രം വിളിച്ച് നെയ്ച്ചോറ് കൊടുത്തു. മജീദ് ഹാജിയുടെ മാളികയിലേക്ക്​ താമസം മാറി. മുമ്പ് തന്നെ കാണുമ്പോൾ വലിയ കാര്യത്തിലൊന്നും പെരുമാറാത്ത ജോലിക്കാർ ഇപ്പോൾ ബഹുമാനം കാണിക്കുന്നത് കണ്ടപ്പോൾ മജീദിന് ലോകം കീഴ്മറിഞ്ഞതായൊന്നും തോന്നിയില്ല. അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ മജീദ് എന്ന പച്ചമനുഷ്യൻ.

ഹാജിയുടെ മരുമകൻകൂടിയായിത്തീർന്നപ്പോൾ അയാളുടെ ബുദ്ധി കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ തുടങ്ങി. ബിസിനസുകൾ ഓരോന്നായി കൂടുതൽ കൂടുതൽ വ്യാപിപ്പിച്ചു. പുതിയ സംരംഭങ്ങൾക്കുള്ള ആസൂത്രണങ്ങളിലേർപ്പെട്ടു. അതേസമയം സുഹറയുടെ ഭർത്താവും സുബൈറിന്റെ വാപ്പയും ഹാജിദമ്പതികളുടെ മരുമകനും ആയി ജീവിക്കാനും മറന്നില്ല. ഇത്രയൊക്കെ ആയിട്ടും മജീദിന് സ്വന്തമായി ഒരു സമ്പത്തും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശമ്പളം എന്ന നിലയിൽ എഴുതിയെടുക്കുന്ന തുകപോലും ഇപ്പോൾ അയാൾക്ക് അനാവശ്യമായിരുന്നു. കണക്കുകൾ കൃത്യമായി ബോധിപ്പിച്ചും എല്ലാ കാര്യങ്ങൾക്കും ഹാജിയുടെ സമ്മതം വാങ്ങിയും അയാൾ തുടർന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹാജിക്ക്​ വയ്യാതാകാൻ തുടങ്ങി, പ്രായത്തിന്റെ അവശതകൾ പിടിമുറുക്കി. എല്ലാ ഉത്തരവാദിത്തങ്ങളും മജീദിനെ ഏൽപ്പിച്ച് പടച്ചോന്റെ വിളിയും കാത്ത് കിടക്കാൻ തീരുമാനിച്ചു ഹാജി.

എന്നാൽ മജീദ് പറഞ്ഞത് എല്ലാം സുഹറയുടെ പേരിലാക്കണമെന്നായിരുന്നു. താൻ ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കാമെന്നും സുഹറ ആയിരിക്കും എല്ലാത്തിന്‍റെയും ഉടമ എന്നും അയാൾ പറഞ്ഞു. ഹാജി എതിർത്തൊന്നും പറഞ്ഞതുമില്ല.

സുഹറയുടെയും മജീദിന്‍റെയും ജീവിതം അല്ലലുകളില്ലാതെ തുടർന്നു. ഇപ്പോൾ കണക്കുകളെല്ലാം അയാൾ സുഹറയെയാണ് കാണിക്കുന്നത്. ആദ്യമെല്ലാം ഒന്നും മനസ്സിലായില്ലെങ്കിലും, പതിയെപ്പതിയെ അവൾ ബിസിനസ്​ പഠിച്ചെടുക്കാൻ തുടങ്ങി. നിയമത്തിൽ പിഎച്ച്​.ഡി നേടി സ്വന്തമായി വക്കീലാപ്പീസ് തുടങ്ങണം എന്നായിരുന്നു അവളുടെ ആഗ്രഹം. അതിനിനി അധികം കാത്തിരിക്കുകയൊന്നും വേണ്ടതാനും. സുബൈർ മിടുക്കനായി പഠിക്കുകയും വളരുകയും ചെയ്യുന്നത് അത്രയും ആശ്വാസവും നൽകി.

അവർ ഇടയ്ക്കിടെ ഒരുമിച്ച് ഉല്ലാസയാത്രകൾക്ക് പോയി. ദൂരെയുള്ള ഏതെങ്കിലും പള്ളിയിലേക്കാണെങ്കിൽ ഹാജിയേയും ഉമ്മച്ചിയേയും കൂടെക്കൂട്ടി. ഹാജിയുടെ അവസ്ഥ മോശമായി വരുകയായിരുന്നു, ഓർമക്കുറവ് ബാധിച്ചുതുടങ്ങിയിട്ടുമുണ്ട്. അധികനാൾ ജീവിച്ചിരിക്കില്ലെന്ന തോന്നൽ ഉണ്ടായപ്പോൾ ഹാജിക്ക്​ കൊടുക്കാവുന്നത്ര സ്നേഹവും സന്തോഷവും നൽകണമെന്ന ഡോക്ടർമാരുടെ നിർദേശം അക്ഷരം പ്രതി അവർ അനുസരിച്ചു. ഒരു ദിവസം സന്തോഷത്തിലായിരുന്ന ഹാജി കണ്ണടച്ചു. അധികം വൈകാതെ ഉമ്മച്ചിയും.

ആ വലിയ മാളികയിൽ സുഹറയും മജീദും സുബൈറും ഏതാനും വേലക്കാരും മാത്രമായി. ബിസിനസിന്റെ തിരക്കുകൾ കൂടിക്കൂടി വന്നു. വക്കീലാപ്പീസ് എന്ന പദ്ധതി ഉപേക്ഷിച്ച് സുഹറ മജീദിനെ സഹായിക്കാൻ പുറപ്പെട്ടു. അവൾ തന്നേക്കാൾ മിടുക്കിയാണെന്ന് വേഗം തന്നെ മനസ്സിലാക്കിയ അയാൾ സന്തോഷിച്ചു. സുബൈർ ആകട്ടെ കോളജ് കുമാരനുമായി.

കാലം അങ്ങിനെ കടന്നുപോയി. മജീദിന് ക്ഷീണം ബാധിക്കാൻ തുടങ്ങി. കട്ടിക്കണ്ണട വെക്കേണ്ടി വന്നു. ആരോഗ്യപരിശോധനകൾക്കായുള്ള ആശുപത്രി സന്ദർശനങ്ങളും ദൈർഘ്യം കുറഞ്ഞു. കൊണ്ടുനടക്കേണ്ട മരുന്നുകളുടെ എണ്ണം കൂടി. ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യാൻ സാധിക്കാതായി. ഓർമകൾ ഇടക്ക്​ കുഴഞ്ഞുമറിയാൻ തുടങ്ങി. മൊത്തത്തിൽ ഒരു മൗഢ്യം ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ബിസിനസുകളുടെ നടത്തിപ്പ് മജീദും സുഹറയും പങ്കിട്ടെടുത്തു. അത് കുറച്ച് ആശ്വാസമായെങ്കിലും മജീദിന്റെ വല്ലായ്മകൾ ഒട്ടും കുറഞ്ഞതുമില്ല.

സുബൈർ ബിരുദമെടുത്ത് ഉപരിപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ അപേക്ഷിച്ചു. നല്ല മാർക്ക് വാങ്ങി ബിരുദം പാസാ‍യ ബുദ്ധിമാനായ അവന് ഒരുപാട് രാജ്യങ്ങളിൽനിന്നും ക്ഷണം കിട്ടി. അവൻ അമേരിക്കയിലേക്ക്​ പോകാൻ തീരുമാനിച്ചു. ബിസിനസ്​​തന്നെയായിരുന്നു പഠനവിഷയം എന്നറിഞ്ഞപ്പോൾ മജീദിനും സുഹറക്കും സന്തോഷമായി. പഠനം കഴിഞ്ഞ് അവൻ നാട്ടിൽ തിരിച്ചെത്തിയാൽ എല്ലാ ഉത്തരവാദിത്തങ്ങളും കൈമാറാമല്ലോയെന്ന് മജീദ് മനസ്സിൽ പറഞ്ഞു.

* * *

ഇതുവരെയുള്ള കഥയേ എനിക്കറിയുള്ളൂ. ഉസ്മാൻ ഹാജിയുടെ നാട്ടിൽ ജനിച്ചു വളർന്ന എല്ലാവരേയുംപോലെ ഞാനും നേരിട്ട് കണ്ടറിഞ്ഞ കഥ. ഞാനപ്പോഴേക്കും സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചിരുന്നു. ഇരുപത് വർഷത്തെ ഉദ്യോഗം മടുത്ത ഞാൻ ജോലി രാജി ​െവച്ച് ഒരു ദീർഘയാത്രക്ക്​​ പദ്ധതിയിട്ടു. അവിവാഹിതനായിരുന്നതിനാൽ എനിക്ക് അതിനെപ്പറ്റി ആരോടും ആലോചിക്കേണ്ടതില്ലായിരുന്നു. പിരിഞ്ഞുവരുമ്പോൾ കിട്ടിയ പണവും കുറച്ച് സമ്പാദ്യവുമായി ഞാനൊരു യാത്ര പോയി. അങ്ങിനെയൊരിക്കൽ വടക്കേ ഇന്ത്യയിലുള്ള ഒരു സുഹൃത്തിനെ സന്ദർശിക്കുകയും അയാൾക്കൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കുകയും ചെയ്തു. അയാൾക്കവിടെ കൃഷിയും കന്നുകാലിവളർത്തലും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ അവിടത്തെ രീതികളും ദിനചര്യകളും കണ്ടപ്പോൾ എനിക്ക് ആ ജീവിതം ഇഷ്ടമായി. രാവിലെ തോട്ടത്തിൽ പോയി കിളച്ച് മറിച്ച് വളമിട്ട് വെള്ളമൊഴിച്ച് മരുന്നുതളിച്ച്, കന്നുകാലികൾക്ക് തീറ്റ കൊടുത്ത്, അങ്ങാടിയിൽ കച്ചവടം നടത്തി സുഖകരമായ ജീവിതം.

ഞാൻ അയാളുമായി ആലോചിച്ച് അവിടെ കുറച്ചു സ്ഥലം വാങ്ങാനുള്ള തീരുമാനത്തിലെത്തി. അയാളാകട്ടെ അതിൽ വളരെ സന്തോഷം പ്രകടിപ്പിച്ചു. പിന്നീട് പത്ത് വർഷങ്ങൾ ഞാൻ അവിടെ കർഷകനായി ജീവിച്ചു. ഇടക്കിടെ യാത്രകൾ ചെയ്തും സുഹൃത്തുക്കളെ കണ്ടും നാടിനെ മൊത്തം മറന്നും ഞാൻ ഇരുപത് വർഷത്തെ സർക്കാരുദ്യോഗത്തിന്റെ പരിക്കുകൾ ഭേദമാക്കിയെടുത്തു. അങ്ങിനെയിരിക്കേ ഒരു നോവൽ എഴുതാനുള്ള പദ്ധതിയുടെ ഭാഗമായി നാട്ടിൽ പോകേണ്ട സാഹചര്യമുണ്ടായി. കൂടാതെ ഒരു ചെറിയ വീടും കുറച്ചു സ്ഥലവുമുള്ളത് വിൽക്കുകയും വേണം. നാടുമായുള്ള അവസാ‍നത്തെ ബന്ധവും അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

ഏതാനും ദിവസങ്ങൾ നാട്ടിൽ ചെലവഴിക്കുന്നതിനിടയിൽ പല തവണ ഉസ്മാൻ ഹാജിയുടെ മാളികയിലും പോകേണ്ടി വന്നു. സുഹറക്ക്​ പ്രായം കൂടിയെന്നതൊഴിച്ചാൽ ഉത്സാഹത്തിന് കുറവൊന്നും ഇല്ലായിരുന്നു. സുബൈർ അമേരിക്കയിൽനിന്നും തിരിച്ചെത്തി ബിസിനസുകൾ ഏറ്റെടുത്ത് നിക്കാഹ് കഴിച്ച് രണ്ട് മക്കളുമായി ഉസ്മാൻ ഹാജിയുടെ പ്രതാപത്തിലെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ മജീദിന്റെ കാര്യം ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറുന്നതായി തോന്നിയതുകൊണ്ട് കൂടുതൽ അന്വേഷിക്കാൻ നിന്നില്ല. എന്തായാലും കുറേക്കാലമായി മജീദിനെ കാണാറില്ലെന്ന് നാട്ടുകാർ പറഞ്ഞറിഞ്ഞു.

ഞാൻ വീടും സ്ഥലവും വിറ്റ് തിരികെ വടക്കേ ഇന്ത്യയിലെ കൃഷിയിലേക്ക്​ തിരിച്ചുപോയി. എല്ലാം നല്ല രീതിയിൽ നടക്കുന്നുണ്ടായിരുന്നെങ്കിലും, ഒരു തരം മുഷി എന്നേയും ബാധിക്കാൻ തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല, യാത്ര ചെയ്തുകൊണ്ടിരിക്കാൻ ആരോ എപ്പോഴും കാതിൽ ഓതുന്നതുപോലെ. പണ്ട് സ്കൂളിലെ കണക്ക് മാഷ് പരിഹരിച്ചതുപോലെ, ചന്തിയിൽ ചക്രമുണ്ടായി.

തൽക്കാലത്തേക്ക്​ കൃഷി നോക്കാൻ സുഹൃത്തിനെ ഏൽപ്പിച്ച് ഞാൻ ഒരു യാത്ര പോകാൻ തീരുമാനിച്ചു. ഇത്തവണ വിദേശരാജ്യങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു ലക്ഷ്യം. യൂറോപ്പിൽ രണ്ടുമൂന്ന് മാസങ്ങൾ ചുറ്റിക്കറങ്ങി അവിടെ നിന്നും മറ്റേതെങ്കിലും കിഴക്കൻ നാടുകളിലേക്ക്​ പോകുക. പറ്റിയാൽ ആസ്​​േട്രലിയയും ന്യൂസിലന്റും കാണുക.


തുടക്കം ഇംഗ്ലണ്ടിൽനിന്നുതന്നെയാകട്ടെ എന്നു കരുതി അതിനുള്ള ഏർപ്പാടുകളെല്ലാം വേഗം തന്നെ ശരിയാക്കി. ദുബായ് വഴിയാണ് യാത്ര എന്നറിഞ്ഞപ്പോൾ ഒരാഴ്ച അറബിനാട്ടിലും ചെലവഴിച്ചിട്ട് ശീമയിലേക്ക്​ എന്ന് തീരുമാനിച്ചു. അങ്ങിനെ ഒരുദിവസം അത്യാവശ്യം സാധനസാമഗ്രികൾ അടങ്ങിയ ഒരു പെട്ടിയുമായി ഞാൻ ദുബായിലേക്കുള്ള വിമാനം പിടിച്ചു. അവിടെ ധാരാളം പരിചയക്കാർ ഉണ്ടായിരുന്നതിനാൽ പേടിക്കാനൊന്നും ഇല്ലായിരുന്നു. വാരാന്ത്യം കണക്കാക്കി യാത്ര പുറപ്പെട്ടതും ഗുണമായി. അവിടെ സ്ഥലമെല്ലാം ചുറ്റിക്കാണിക്കാൻ തയാറായി ഒന്നുരണ്ട് സുഹൃത്തുക്കൾ മുന്നോട്ടുവന്നു. കൂടെയുണ്ടായിരുന്ന ഒരാൾ അവധിക്ക്​ നാട്ടിലേക്ക്​ പോകാൻ ഒരുങ്ങുന്നതിന്റെ ഭാഗമായുള്ള ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു. ഞാൻ അയാൾക്കൊപ്പം കൂടാൻ തീരുമാനിച്ചു.

കാർ പാർക്ക് ചെയ്ത് അവർ ഒരു കൂറ്റൻ ഷോപ്പിങ്​ മാളിലേക്ക്​ കയറാൻ തുടങ്ങിയപ്പോൾ ഞാൻ ഏതെങ്കിലും തെരുവുകളിലൂടെ നടക്കാൻ തീരുമാനിച്ചു. ഷോപ്പിങ്​ കഴിയുമ്പോൾ വിളിക്കാം എന്ന ധാരണയിൽ അവരും ഞാനും പിരിഞ്ഞു.

ഞാൻ ദൈരയിലെ കച്ചവടങ്ങൾ കണ്ടുനടക്കുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ മലയാളം കേട്ടപ്പോൾ ഒന്ന് അതിശയിച്ചുപോയി. ദുബായിൽ അത് വലിയ അത്ഭുതം ഒന്നുമല്ലെങ്കിലും ആദ്യമായി നാട്ടിൽനിന്നും വിദേശത്തെത്തുന്ന ഒരാൾക്ക് സ്വന്തം ഭാഷ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു കൗതുകം എന്നെയും പിടികൂടി എന്ന് വിചാരിച്ചാൽ മതി. ഞാൻ ശബ്ദത്തിന്റെ ഉറവിടം തിരഞ്ഞു.

എന്റെ ഇടതുവശത്തുള്ള അത്തറുകടകളിൽ ഒന്നിൽനിന്നുമായിരുന്നു ആ മലയാളം കേട്ടത്. കടയുടെ കണ്ണാടിവാതിലിലൂടെ ഞാൻ നോക്കിയപ്പോൾ പഠാൻ വസ്ത്രവും ധരിച്ച് നരച്ച താടിയുമായി ഒച്ചയിടുന്നയാളെ തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. ഞാൻ അങ്ങോട്ടുപോയി സംസാരിക്കാൻ തീരുമാനിച്ചു.

എന്നെ ആദ്യം മനസ്സിലായില്ലെങ്കിലും മജീദ് എന്ന് പറഞ്ഞപ്പോൾ അയാൾ മുറുമുറുപ്പ് മാറ്റി പ്രസന്നനായി. ഉസ്മാൻ ഹാജിയുടെ മരുമകൻ, നാട്ടിലെ കോടീശ്വരൻ ഇവിടെ ദൈരയിൽ അത്തറുകച്ചവടം ചെയ്യുന്നോ!

അയാളുടെ മുഖത്ത് കഠിനമായ അധ്വാനത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു. എന്നാലും അത്രക്ക്​ പ്രായമൊന്നും പറയില്ല. ഒരു നാൽപത്തിയഞ്ച് വയസ്സൊക്കെ തോന്നിക്കും. കഴിഞ്ഞ ജീവിതത്തിലെ നല്ലകാലം സമ്മാനിച്ചതായിരിക്കും എന്ന് ഞാൻ കരുതി.

അയാൾ ഒന്നും മിണ്ടാതെ എന്നേയും കൂട്ടി അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക്​ നടന്നു. ഓരോ ചായ ഓർഡർ ചെയ്ത് ഞങ്ങൾ ഒരു മേശയുടെ ഇരുവശത്തുമായി ഒന്നും മിണ്ടാനില്ലാത്തതുപോലെയിരുന്നു. പിന്നെ, മൗനം അയാൾ തന്നെ ഭേദിച്ചു.

"വാപ്പച്ചിയെ കണ്ടിട്ട് കുറേക്കാലമായി. ഉമ്മച്ചി മരിച്ചശേഷം ഞാൻ ദുബായിലേക്ക്​ വന്നതാണ്. പിന്നെ നാട്ടിലേക്ക്​ പോയില്ല. ഇവിടെ അത്തറുകടയിലെ ജീവിതവുമായി മുന്നോട്ട് പോകുന്നു. ഒരു ബുദ്ധിമുട്ടുമില്ല. നിങ്ങൾക്ക് വാപ്പച്ചിയെ നല്ല പരിചയമുണ്ടായിരുന്നോ?"

അയാളുടെ ചോദ്യം എന്റെ മനസ്സിൽ പല അടരുകളായിട്ടായിരുന്നു വീണത്. അടുക്കിപ്പെറുക്കി​വെക്കാൻ ഒരുപാട് സമയം ആവശ്യമായി വരുന്ന, ജിഗ്സോ പസിൽ.

"അപ്പോൾ മജീദ്?" ഞാൻ ചോദിച്ചു.

"അതെ, വാപ്പച്ചി, എവിടെയാണോ എന്തോ!"

അപ്പോഴേക്കും ഷോപ്പിങ്​ മാളിൽ പോയവരുടെ വിളിവന്നു. ഞാൻ ചായ കുടിക്കാൻ നിൽക്കാതെ യാത്ര പറഞ്ഞിറങ്ങി. എനിക്ക് മജീദും ഹാജിയാരും അല്ലായിരുന്നു പ്രധാനം, അതിനേക്കാൾ കാത്തുനിൽക്കുന്ന... END

Tags:    
News Summary - s jayesh story -madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-26 01:15 GMT
access_time 2022-12-19 01:00 GMT
access_time 2022-12-12 02:45 GMT
access_time 2022-11-21 01:15 GMT
access_time 2022-11-07 02:00 GMT
access_time 2022-10-31 03:15 GMT
access_time 2022-10-24 03:45 GMT
access_time 2022-10-17 03:15 GMT
access_time 2022-10-10 03:45 GMT
access_time 2022-10-03 02:45 GMT
access_time 2022-09-26 03:00 GMT