ഒരാളെ കേന്ദ്രീകരിച്ച സിനിമകള്‍ ചെയ്യില്ല എന്ന വാശിയില്ല; താര സിനിമകള്‍ക്ക് എതിരുമല്ല
മലയാള സിനിമയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനാണ് ചിദംബരം എസ്. പൊതുവാള്. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ ദ ബോയ്’, ‘ജാൻ-എ-മൻ’ എന്നീ സിനിമകൾ ചിദംബരത്തിന്റെ വരുംകാല സിനിമകളെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. സിനിമാലോകത്തെയും ആ വഴിയിൽ എത്തിപ്പെട്ടതിനെയും ഭാവിസ്വപ്നങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.ജനപ്രിയ സിനിമയുടെ പരമ്പരാഗത ചട്ടക്കൂടുകളെയും സമവാക്യങ്ങളെയും പുനര്‍നിര്‍വചിച്ചുകൊണ്ട് സമീപകാല...
മലയാള സിനിമയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനാണ് ചിദംബരം എസ്. പൊതുവാള്. ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ ദ ബോയ്’, ‘ജാൻ-എ-മൻ’ എന്നീ സിനിമകൾ ചിദംബരത്തിന്റെ വരുംകാല സിനിമകളെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. സിനിമാലോകത്തെയും ആ വഴിയിൽ എത്തിപ്പെട്ടതിനെയും ഭാവിസ്വപ്നങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ജനപ്രിയ സിനിമയുടെ പരമ്പരാഗത ചട്ടക്കൂടുകളെയും സമവാക്യങ്ങളെയും പുനര്‍നിര്‍വചിച്ചുകൊണ്ട് സമീപകാല മലയാള സിനിമയിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളില്‍ ഒന്നാണ് സംവിധായകന് ചിദംബരം എസ്. പൊതുവാളിന്റെ ചലച്ചിത്രങ്ങള്‍. ‘ജാൻ-എ-മൻ’ എന്ന ആദ്യ ചിത്രത്തിലെ വൈകാരിക സൂക്ഷ്മതകളില് തുടങ്ങി, ആഗോളതലത്തില്‍ വന്‍ സ്വീകാര്യത നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ വരെ എത്തിനില്‍ക്കുന്ന ചിദംബരത്തിന്റെ സിനിമായാത്ര, റിയലിസ്റ്റിക് ചലച്ചിത്രഭാഷയുടെയും മികച്ച ദൃശ്യശബ്ദ വിന്യാസങ്ങളുടെയും (Soundscape and Visual Craft) അപൂര്‍വമായ സംയോജനമാണ്.
മനുഷ്യബന്ധങ്ങളിലെ സൗഹൃദം, അതിജീവനം, പാരസ്പര്യം എന്നീ മാനവിക മൂല്യങ്ങളെ ജനപ്രിയ സിനിമാ മാധ്യമത്തിലൂടെ ആവിഷ്കരിക്കുകയും, അതോടൊപ്പം തന്നെ മലയാള സിനിമയുടെ സാമ്പത്തിക സാംസ്കാരിക അതിരുകള്‍ തമിഴ്നാട് ഉള്‍പ്പെടെയുള്ള പുറംവിപണികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തുവെന്നത് ഈ ചിത്രങ്ങളുടെ അക്കാദമിക് പ്രാധാന്യം വർധിപ്പിക്കുന്നു. കൂട്ടായ്മയുടെയും നവീനമായ സിനിമാട്ടോഗ്രാഫിക് ക്രാഫ്റ്റിന്റെയും മാതൃകയായി മാറിയ ഈ ചലച്ചിത്രാനുഭവങ്ങള്ക്ക് പിന്നിലെ ദര്‍ശനങ്ങളെക്കുറിച്ചും, തന്റെ സര്‍ഗാത്മക യാത്രയെക്കുറിച്ചും ചിദംബരം സംസാരിക്കുന്നു.
ജീവിതത്തില്‍ ആദ്യമായി കണ്ട സിനിമാക്കാരന് സ്വന്തം അച്ഛന് തന്നെയാണല്ലോ? സിനിമാ ജീവിതത്തിലെ അച്ഛന്റെ സ്വാധീനം എത്രത്തോളമാണ് ?
▲ സിനിമയില്‍ മാത്രമല്ല, എന്റെ ജീവിതത്തിലെ എല്ലാ സര്‍ഗാത്മക വളര്‍ച്ചക്കും കാരണക്കാരന്‍ അച്ഛന് തന്നെയാണ്. അച്ഛന് സതീഷ് പൊതുവാള് ധാരാളമായി വായിക്കുമായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പുസ്തകങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടുവളര്‍ന്ന ഞാനും സ്വാഭാവികമായി വായനയുടെ ലോകത്ത്് എത്തിപ്പെട്ടു. വെറെ ഒന്നും വാങ്ങിത്തന്നില്ലെങ്കിലും അച്ഛന് ചെറുപ്പം മുതലേ പുസ്തകങ്ങള്‍ വാങ്ങുമായിരുന്നു, വായനയെ വളരെയധികം പ്രോത്സാഹിപ്പിക്കുമായിരുന്നു. സിനിമാക്കാരനായ അച്ഛന് അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ കണ്ടിട്ട്, എന്നാല്‍ ഞാനും സിനിമാക്കാരനായിക്കളയാം എന്ന ചിന്തയില്‍ ഈ മേഖലയിലേക്കുവന്ന ഒരാളല്ല ഞാന്‍.
എന്നാല്‍ അച്ഛനിലൂടെ ലഭിച്ച ജീവിത, സാഹിത്യ, സിനിമാ കാഴ്ചപ്പാടുകളായിരുന്നു എന്നെ രൂപപ്പെടുത്തിയത്. അച്ഛന്റെ കൂട്ടുകാരും സഹപ്രവര്‍ത്തകരും എന്നില്‍ ചെലുത്തിയ സ്വധീനവും വളരെ വലുതാണ്. അച്ഛന് സഹസംവിധായകനായി പ്രവര്‍ത്തിച്ച ടി.വി. ചന്ദ്രന്, കെ.ആര്. മോഹനന് മുതലായ ആളുകള്‍ എനിക്ക് അങ്കിള്‍മാരായിരുന്നു. അവരുടെ സമാന്തര സിനിമാ ലോകത്തെ സഞ്ചാരങ്ങള്‍ ചെറുപ്പം മുതല്‍ അടുത്തുനിന്ന് കാണാനും മനസ്സിലാക്കാനും എനിക്ക് ചെറുപ്പം മുതലേ സാധിച്ചിരുന്നു. ചിന്ത രവി, കെ.പി. ശശി, കാര്‍ട്ടൂണിസ്റ്റ് ശരത്ത് പോലെയുള്ള അച്ഛന്റെ സുഹൃത്തുക്കള്‍, അവരുടെ കൂടിച്ചേരലുകള്‍ എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കാരണം അവര്‍ എല്ലാവരും തന്നെ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നവരും ജീവിതത്തില്‍ ആക്ടിവിസം കൂടെ കൊണ്ടുനടക്കുന്നവരുമായിരുന്നു. ജീവിതത്തോടുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ എന്റെ ഈ സാഹചര്യങ്ങളെല്ലാം ഏറെ സഹായിച്ചിട്ടുണ്ട്.
പിന്നീട് സിനിമയാണ് ജീവിതവഴി എന്ന തീരുമാനത്തിലെത്തിയത് എന്നു മുതലാണ് ?
▲ സിനിമയുടെയും ഡോക്യുമെന്ററിയുടേതുമായ ഒരു അന്തരീക്ഷം വീട്ടില്‍ തന്നെ ചെറുപ്പം മുതല്‍ അനുഭവിച്ചിരുന്നെങ്കിലും ഒരു സിനിമാക്കാരനാകണം എന്ന അടങ്ങാത്ത ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല. കോളജില്‍ പഠിക്കാന്‍ പോയി, എനിക്ക് ഒട്ടും പറ്റാത്ത പണിയാണിതെന്ന് തിരിച്ചറിഞ്ഞ് ഇയര്‍ ഔട്ടായി പഠനം തന്നെ ഉപേക്ഷിച്ചു നില്‍ക്കുമ്പോഴാണ് ജയരാജ് സാറിന്റെ ‘പകര്‍ന്നാട്ടം’ സിനിമയിലേക്കുള്ള വിളി വരുന്നത്. കോളജ് പഠനം ആരംഭിക്കുന്നത് മുമ്പുതന്നെ ഞാന്‍ ജയരാജ് സാറിനോട് അവസരം ചോദിച്ചിരുന്നെങ്കിലും അദ്ദേഹമെന്നെ എന്റെ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള സമയത്തുതന്നെ ഓര്‍ത്തു എന്നത് വലിയ ഭാഗ്യമായി കാണുന്നു.
‘പകര്‍ന്നാട്ട’ത്തിലൂടെയാണ് ഞാന്‍ മുഴുവന്‍ സമയ സിനിമാക്കാരനായി മാറുന്നത്. സ്വന്തം നാടായ പയ്യന്നൂരില്‍ തന്നെ ചിത്രീകരിച്ച ആ സിനിമയുടെ സെറ്റില്‍ വെച്ചാണ്, ഇതാണ് എന്റെ വഴി എന്ന കൃത്യമായ ധാരണ എനിക്കുണ്ടാകുന്നത്. എന്നാല്‍, അതിനുമുമ്പ് ജയരാജ് സാറിന്റെ തന്നെ ‘ട്രെയിന്‍’ എന്ന സിനിമയുടെ ഒരു ദിവസത്തെ പാച്ച് ഷൂട്ടിങ്ങില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഞാന്‍ ആദ്യമായി സഹസംവിധായകനാകുന്നത് സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ നടന്ന ആ ഷൂട്ടിങ്ങിലാണ്.
‘ബാലൻ ദ ബോയ്’ സിനിമയുടെ ചിത്രീകരണത്തിനിടെ
തുടര്‍ന്നുള്ള ജീവിതത്തിന്റെ ഒരുകാലം മുഴുവന്‍ ഡോക്യുമെന്ററികള്‍ക്ക് ഒപ്പമായിരുന്നല്ലോ സഞ്ചാരം. ആ കാലം എങ്ങനെ ഓര്‍ക്കുന്നു. ഡോക്യുമെന്ററി നിര്‍മാണ അനുഭവങ്ങള്‍ താങ്കളിലെ സിനിമാക്കാരന്റെ വളര്‍ച്ചക്ക് എത്തരത്തിലാണ് സഹായിച്ചത് ?
▲ ചെറുപ്പം മുതലേ ഡോക്യുമെന്ററിയുടെ ഒരന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. അച്ഛന് എന്‍.എഫ്.ഡി.സിക്കുവേണ്ടിയും കെ.എഫ്.ഡി.സിക്കുവേണ്ടിയുമെല്ലാം ധാരാളം ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. വീട്ടില്‍ ടി.വിയില്ലാതെയിരുന്ന കാലത്ത് വലിയ ടി.വിയും ഡി.വി.ആറുമെല്ലാം വീട്ടിലേക്ക് കൊണ്ടുവന്നാണ് അച്ഛന് ഡോക്യുമെന്ററികളുടെ റഷസ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഡോക്യുമെന്ററി എന്ന മാധ്യമത്തിന്റെ നിർമാണ രീതികളും തിരക്കഥ രീതികളുമെല്ലാം ചെറുപ്പത്തിലേ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. പിന്നീട് ഞാന്‍ ഡോക്യുമെന്ററികളുടെ ലോകത്തെത്തിയപ്പോള്‍ പച്ചയായ ജീവിതങ്ങളെ കൂടുതല്‍ മനോഹരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ചുറ്റുപാടുമുള്ള സാമൂഹിക വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഡോക്യുമെന്ററികളുടെ നിർമാണം ഏറെ സഹായിച്ചിട്ടുണ്ട്.
ഡോക്യുമെന്ററി നിര്മാണാനുഭവങ്ങള് തീര്‍ച്ചയായും എന്നിലെ സിനിമാക്കാരന്റെ വളര്‍ച്ചക്ക് ധാരാളം സഹായകമായിട്ടുണ്ട്. സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന ഒരു കഥയെ കൂടുതല്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. അത്തരത്തിൽ സിനിമ യാഥാർഥ്യങ്ങളോട് ചേർന്നുനിൽക്കേണ്ടതാണെന്ന ബോധ്യം എനിക്കു നൽകിയത് ഡോക്യുമെന്ററികൾ തന്നെയാണ്.
‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ സുഭാഷിന്റെ വീഴ്ച ഏറ്റവും റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ കണക്ടായത്. ‘ബാലൻ ദ ബോയി’യിലും റിയലിസം കൊണ്ടുവരുമ്പോള്‍ ഇങ്ങനെയുള്ള ഒരു അമ്മയും മകനും നമുക്ക് ചുറ്റുംതന്നെ ഉണ്ടല്ലേ എന്ന തോന്നല്‍ കാഴ്ചക്കാര്‍ക്ക് നല്കാന് സാധിക്കും. ഈ ബോധ്യം എനിക്ക് നല്‍കിയത് എന്റെ ഡോക്യുമെന്ററി അനുഭവങ്ങള്‍ തന്നെയാണ്.
സിനിമയെ ഗൗരവ സ്വഭാവത്തില്‍തന്നെ എടുക്കുന്നവരായിരുന്നു താങ്കളുടെ സിനിമാ ഗുരുനാഥന്മാരായ ജയരാജും രാജീവ് രവിയും ബി. അജിത്ത് കുമാറുമെല്ലാം. അതുകൊണ്ടുതന്നെ സഹസംവിധാന കാലം താങ്കളുടെ സിനിമാ കാഴ്ചപ്പാടുകളെ എത്തരത്തിലാണ് സ്വാധീനിച്ചത് ?
▲ തീര്‍ച്ചയായും, സിനിമ എന്ന മാധ്യമത്തെ വളരെ ഗൗരവമായി കാണുന്നവരുടെ കീഴിൽത്തന്നെ സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നത് ഭാഗ്യങ്ങളില്‍ ഒന്നുതന്നെയാണ്. എന്റെ എല്ലാ ഗുരുനാഥന്മാരും ഒരോ രീതിയില്‍ എന്റെ വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്. എത്ര പരിമിതമായ സാഹചര്യങ്ങളിലും എങ്ങനെ സിനിമകള്‍ ചെയ്യാം, ഒരു ചെറിയ കഥയെ എങ്ങനെയൊരു സിനിമയായി വികസിപ്പിക്കാമെന്ന് എന്നെ പഠിപ്പിച്ചത് ജയരാജ് സാറാണ്. നമ്മളെടുക്കുന്ന സിനിമകളുടെ രാഷ്ട്രീയം എന്താകണമെന്ന കൃത്യമായ ബോധ്യം എനിക്ക് പകര്‍ന്നുതന്നത് രാജീവേട്ടന്റെയും അജിത്തേട്ടന്റെയും ഒപ്പമുള്ള സിനിമാനുഭവങ്ങള്‍ തന്നെയാണ്. എന്തിന് നമ്മള് ഈ സിനിമ ചെയ്യണം, ഒരോ ഫ്രെയിം വെക്കുമ്പോഴും നമ്മള് അതിന്റെ ഭംഗിയല്ല, ആ ഫ്രെയിം പകര്‍ന്നുതരുന്ന എക്സ്പ്രഷനാണ് ശ്രദ്ധിക്കേണ്ടത്... തുടങ്ങിയ ഇവരുടെ പാഠങ്ങള്‍ സിനിമാ ജീവിതത്തില്‍ എന്നും സഹായകരമായി മാറിയിട്ടേയുള്ളൂ.
ഇവരോടൊപ്പംതന്നെ ചേര്‍ത്തുപറയേണ്ട പേരാണ് യു.കെയിലെ ന്യൂ കാസ്റ്റല്‍ യൂനിവേഴ്സിറ്റിയിലെ മാധ്യമ വിഭാഗം അധ്യാപകനായ ഇയാന്‍ മക്ഡോണാള്ഡിന്റേത്. അജിത്തേട്ടൻ വഴിതന്നെയാണ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കാമറാമാനായി എത്തുന്നത്. പിന്നീടദ്ദേഹം കേരളത്തിലോ ഇന്ത്യയിലോ വരുമ്പോള്‍ ഞാനാണ് അദ്ദേഹത്തിനൊപ്പം മുഴുവന്‍ സമയവും ഉണ്ടാകാറ്. വി.എസ്. അച്യുതാനന്ദൻ അടക്കം നാലു ഡോക്യുമെന്ററികളില്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു, ഇന്ത്യയിലുടനീളം യാത്രകളും ചെയ്തു.
തീര്‍ത്തും വ്യത്യസ്തമായ ഒരു സംസ്കാരത്തില്നിന്നുവന്ന ഒരാള്‍ എങ്ങനെയാണ് നമ്മുടെ നാടിനെ നോക്കിക്കാണുന്നത് എന്ന് മനസ്സിലാക്കാനും ജീവിതത്തെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളെ തിരിച്ചറിയാനും എന്നെ സഹായിച്ചത് അദ്ദേഹവും അദ്ദേഹത്തിനൊപ്പം ചെലവഴിച്ച സമയങ്ങളുമാണ്. കൂടുതല്‍ ചടുലതയും ബഹളങ്ങളും ഒന്നുംതന്നെയില്ലാതെ കാമറ ഒരിടത്തുവെച്ച് ജീവിതങ്ങളെ ഏറ്റവും പച്ചയായി ചിത്രീകരിക്കുന്ന ഒബ്സര്‍വേഷനല്‍ ഡോക്യുമെന്ററി എന്ന പുതിയ സാധ്യതയെ എനിക്ക് പരിചയപ്പെടുത്തിത്തന്നതും ഇയാന്‍ മക്ഡോണാള്‍ഡ് ആണ്.
സംവിധാനം ചെയ്ത മൂന്നു സിനിമകളും തീർത്തും വ്യത്യസ്തങ്ങളാണ്. ഇങ്ങനെ ഒരു ജോണറിന്റെയും പിടിയില്‍ പെടാതെ പോകുന്ന ശൈലി മനഃപൂർവം സ്വീകരിക്കുന്നതാണോ? ഇപ്പോള്‍, ചിദംബരത്തിന്റെ സിനിമയാണെങ്കില്‍ അത് മുമ്പുള്ളതുപോലെ ആകില്ല, എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ പ്രതീക്ഷിക്കാറുണ്ട്. ഈ പ്രതീക്ഷ ഒരു സമ്മര്‍ദമായി മാറാറുണ്ടോ?
▲ എന്നെ സ്വയം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ജോണറുകളിലുള്ള സിനിമകള്‍ ഉണ്ടാകുന്നത്. കാരണം ഓരോതരം സിനിമകളും നമ്മളില്‍നിന്ന് ഓരോ രീതിയിലുള്ള സ്കില്ലുകളാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ ഒരേ തരത്തിലുള്ള സിനിമകള്‍ക്ക് പിന്നാലെ പോകാതെ വ്യത്യസ്തങ്ങളായ സിനിമകളിലൂടെ സഞ്ചരിച്ചാല്‍ നമ്മള് കൂടുതല്‍ സ്കില്‍ഡ് ആകും, അപ്ഡേറ്റഡാകും എന്നതാണ് സത്യം. കൂടുതല്‍ വളരാന്‍ ഞാന്‍ കൂടുതല്‍ വ്യത്യസ്തമായ സിനിമകള്‍ക്ക് പിറകെ പോകുന്നു എന്നുമാത്രം. അതിനര്‍ഥം ഇനി ‘ബാലന് ദ ബോയ്’ പോലെയോ ‘മഞ്ഞുമ്മല്‍ ബോയ്സ്’ പോലെയോ ഒരു സിനിമ ഒരിക്കലും ചെയ്യില്ല എന്നല്ല. എല്ലാത്തരം സിനിമകളും കാണാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യാനാണ് താൽപര്യം.
പിന്നാലെ പ്രേക്ഷകരുടെ പ്രതീക്ഷയെ സമ്മര്‍ദം എന്നതിനേക്കാള്‍ ഒരു കടമയായിട്ടാണ് കാണുന്നത്. എന്റെ പേരില്‍ ഇറങ്ങുന്ന സിനിമകള്‍ക്കായി ആളുകള്‍ കാത്തിരിക്കുന്നു എന്ന് കേള്‍ക്കുന്നതുതന്നെ വളരെ സന്തോഷം നല്കുന്ന കാര്യമാണ്. എന്നിലെ സംവിധായകനില്‍ ആളുകള്‍ പ്രതീക്ഷവെക്കുന്നു എന്നുകൂടെ കേള്‍ക്കുമ്പോള്‍ അതെനിക്ക് അത്യഹ്ലാദം നല്‍കുന്നുണ്ട്. എന്നാല്‍, ആ പ്രതീക്ഷ നല്കുന്ന ഉത്തരവാദിത്തത്തെ കൂടുതല്‍ മനസ്സിലാക്കാനും എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന തരം സിനിമകള്‍ ചെയ്യാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. നല്ല സിനിമകളുണ്ടാക്കാന്‍ ഞാന്‍ തന്നെ എനിക്കായി സൃഷ്ടിക്കുന്ന സമ്മർദങ്ങളാണ് എനിക്ക് കൂടുതലായുമുള്ളത്.
ഒരാളുടെയോ ഒരു താരത്തിന്റെയോ കഥപറയാതെ എപ്പോഴും ഒന്നില്‍ കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ചുള്ള കഥപറയല്‍ ശൈലിയും അതോടൊപ്പംതന്നെ പ്രേക്ഷകരെ വൈകാരികമായി സിനിമയില്‍ വല്ലാതെ കുടുക്കിയിടുന്ന നിർമാണ രീതിയുമാണ് താങ്കളുടേത്. ജോണറുകള്‍ ഒന്നും തന്നെ പിന്തുടരുന്നില്ലെങ്കിലും ചിദംബരം സിനിമകളില്‍ പൊതുവായി കാണുന്നത് ഈ രണ്ട് കാര്യങ്ങളാണ്?
▲ ഒരാളെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ ചെയ്യില്ല എന്ന വാശിയൊന്നും എനിക്കില്ല. താര സിനിമകള്‍ക്ക് ഞാന്‍ എതിരുമല്ല. ‘മഞ്ഞുമ്മല്‍ ബോയ്സി’നുശേഷം ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ ചെയ്യാന്‍ തന്നെയായിരുന്നു ശ്രമിച്ചിരുന്നത്. അതിനിടയില്‍ കയറവന്ന സിനിമയാണ് ‘ബാലന് ദ ബോയ്’. ഒരു യാഥാര്‍ഥ്യം നമ്മള് മനസ്സിലാക്കേണ്ടത്, സിനിമാ വ്യവസായം താരകേന്ദ്രീകൃതമാണ്. താരങ്ങള്‍ ഉള്ളതുകൊണ്ടും അവരെ കാണാന്‍ പ്രേക്ഷകര്‍ ഉള്ളതുകൊണ്ടുമാണ് സിനിമാ വ്യവസായം നിലനില്ക്കുന്നതുതന്നെ. താരസിനിമകള്‍ കാണാനും സംവിധാനം ചെയ്യാനും ഇഷ്ടപ്പെടുന്ന ഞാന്‍ താരകേന്ദ്രീകൃതമായി ചിന്തിക്കാതെ ഇരിക്കണം. എന്തുകൊണ്ടോ ഇതുവരെ ചെയ്ത മൂന്നു സിനിമകളും ഒരു താരത്തെയോ കഥാപാത്രത്തെയോ കേന്ദ്രീകരിച്ചതായില്ല എന്നു മാത്രമേയുള്ളൂ.
പിന്നെ ആളുകൾ എന്റെ സിനിമയുമായി വൈകാരികമായി അടുക്കുന്നു എന്നത് ഭാഗ്യം കൊണ്ടുമാത്രം സംഭവിക്കുന്ന കാര്യമായാണ് തോന്നുന്നത്. സിനിമ ചെയ്യുന്ന എല്ലാവരും പ്രേക്ഷകരെ വൈകാരികമായി സിനിമയിലേക്ക് അടുപ്പിച്ച് നിര്‍ത്താന്‍ തന്നെയാണ് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. എന്റെ മനസ്സിലും അത്തരത്തിലുള്ള ചിന്തകൾ തന്നെയാണുള്ളത്. ഇതുവരെയുള്ള സിനിമകളില്‍ അത് വിജയംകണ്ടു എന്നത് കഠിനാധ്വാനത്തിനൊപ്പം ഭാഗ്യംകൂടി കടാക്ഷിച്ചു എന്നതുകൊണ്ടാണെന്നാണ് കരുതുന്നത്.
ചിദംബരം സിനിമകളെ ഏറ്റവും മനോഹരമാക്കുന്നതെന്താണെന്ന് ചോദിച്ചാൽ ഒരുപക്ഷേ അതിന്റെയുത്തരം കാസ്റ്റിങ് എന്നായിരിക്കും. ഈ കഥാപാത്രം ഇവരല്ലാതെ ആരു ചെയ്താലും ശരിയാവില്ല എന്ന് കാഴ്ചക്കാരനു തോന്നുംവിധത്തിലായിരുന്നു മൂന്നു സിനിമയുടെയും കാസ്റ്റിങ്. എങ്ങനെയാണ് ഈ ‘മാജിക്’ സംഭവിക്കുന്നത് ?
▲ സിനിമയില്‍ കാസ്റ്റിങ്ങിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരാളാണ് ഞാന്‍. ഒാരോ കഥാപാത്രങ്ങളുടെയും രൂപത്തിനും ഭാവത്തിനും വളരെയധികം പ്രാധാന്യമുണ്ട്. രാഷ്ട്രീയ കൃത്യതക്കപ്പുറത്ത് വെളുത്തത്, കറുത്തത്, തടിച്ചത്, മെലിഞ്ഞത് തുടങ്ങീ തിരക്കഥ ആവശ്യപ്പെടുന്ന കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ചിത്രീകരണത്തിന് നാളുകൾക്ക് മുമ്പേ തുടങ്ങിയതാണ് എന്റെ മൂന്നു സിനിമകളുടെയും കാസ്റ്റിങ്.
സഹോദരനും നടനുമായ ഗണപതിയാണ് അതിന് നേതൃത്വം നല്‍കുന്നത്. എന്തുകൊണ്ടാണ് ഒരു കാസ്റ്റിങ് ഡയറക്ടറെ വെച്ച് വളരെ കാര്യമായി ഈ പ്രവൃത്തി ചെയ്യുന്നതെന്ന് ചോദിച്ചാൽ, ഒരു സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ ആ കഥാപാത്രത്തിന് ജീവന് നല്‍കുന്നത് നമ്മള് കാസ്റ്റ് ചെയ്യുന്ന അഭിനേതാവിന്റെ രൂപഭാവങ്ങളിലൂടെയാണ്. ആ വ്യക്തിയുടെ പ്രകടനമാണ് പിന്നീട് സിനിമക്ക് നമ്മള് ആഗ്രഹിച്ച തരത്തിലുള്ള ആഴവും പരപ്പും നല്‍കുന്നത്. അതുകൊണ്ട് കൂടിയാണ് ചെയ്യുന്ന സിനിമകളുടെയെല്ലാം കാസ്റ്റിങ് ജോലികള്‍ നീണ്ടുപോകുന്നതും.
ഭാവനക്കപ്പുറത്ത് ഓരോ സിനിമക്കുപിന്നിലും റിസർചിന്റെ അതിശക്തമായ പിന്തുണ സ്വീകരിക്കുന്നതായി തോന്നിയിട്ടുണ്ട്? അത്തരം ഒരു രചനാശൈലി പിന്തുടരുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്. ഒരോ സിനിമക്ക് പിന്നിലും റിസര്‍ച് പ്രോസസ് എത്തരത്തിലുള്ളതാണ്?
▲ സിനിമകളില്‍ പ്രീ പ്രൊഡക്ഷന്‍ സമയത്ത് റിസര്‍ച് ജോലികള്‍ കൂടുതലായും കടന്നുവരുന്നതിനുകാരണം എന്റെ ഡോക്യുമെന്ററി അനുഭവങ്ങള്‍ തന്നെയാണ്. ഒരു വിഷയത്തെ വിശദമായിത്തന്നെ പഠിക്കാതെ ഒരിക്കലും നമുക്കൊരു ഡോക്യുമെന്ററി നിർമിക്കാൻ സാധിക്കില്ല. ഇതേ പഠനരീതിയാണ് ഞാന്‍ സിനിമകളിലും നടപ്പാക്കുന്നത്. സിനിമ ചെയ്യാന്‍ ഒരു വിഷയം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആ വിഷയത്തെക്കുറിച്ചും സിനിമയുടെ കഥാപരിസരങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കാൻ ശ്രമിക്കും. അതിനായി ദിവസങ്ങൾ തന്നെ മാറ്റിവെക്കും. ‘മഞ്ഞുമ്മൽ ബോയ്സ്’ ചെയ്യുന്ന സമയത്ത് ഒരുപാട് നാള് ഞാനാ നാട്ടില്‍ സമയം ചെലവഴിച്ചിരുന്നു, ആ നാടിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു ദിവസം അവിടേക്ക് പോകുന്നവഴി പാതാള പാലത്തില്‍വെച്ച് എന്റെ കാറിന്റെ ടയര്‍ പൊട്ടി.
ഞാന്‍ കാറിന് പുറത്തിറങ്ങി നിന്നപ്പോള്‍ എനിക്ക് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയും ഛർദിയും അനുഭവപ്പെട്ടു. അപ്പോഴാണ് ആ നാട് നേരിടുന്ന മലിനീകരണമെന്ന വിഷയത്തെക്കുറിച്ച് ഞാന്‍ തിരിച്ചറിയുന്നത്. സിനിമയില്‍ പാട്ടിലെ ഒരു വരിയിലൂടെയാണെങ്കിലും ആ മലിനീകരണ വിഷയം കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ നാട്ടിലേക്കിറങ്ങി കൂടുതല്‍ ഇടപെടലുകൾ നടത്തിയതുകൊണ്ട് മാത്രമാണ് ആ നാടിനെയും കഥാപാത്രങ്ങളെയും എനിക്ക് കൂടുതലായി മനസ്സിലാക്കാന്‍ സാധിച്ചത്. ‘ബാലൻ ദ ബോയി’ക്കുവേണ്ടി കേരളത്തിലെ വനിതാ ജയിലുകളിലൂടെ ഞാന്‍ നടത്തിയിട്ടുള്ള യാത്രകള്‍ ആ സിനിമയുടെ കഥക്കും കഥാപാത്രങ്ങളുടെ വളര്‍ച്ചക്കും, സിനിമക്ക് പൊതുവേ ഒരു സ്വാഭാവികത കൊണ്ടുവരുന്നതിലും ധാരാളമായി സഹായിച്ചിട്ടുണ്ട്.
സിനിമകള്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന, സിനിമകള്‍ക്ക് രാഷ്ട്രീയ മാനം നല്കാന് ശ്രമിക്കുന്ന സംവിധായകനാണോ താങ്കള്‍ ?
▲ നമ്മള് മലയാളികള്‍ രാഷ്ട്രീയ ജീവികള്‍ തന്നെയാണ്. രാഷ്ട്രീയം നമ്മുടെ സമസ്ത മേഖലകളിലും നിറഞ്ഞുനില്ക്കുന്ന ഒന്നു തന്നെയാണ്. മലയാളത്തിലെ സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്നവരും വിലയിരുത്തലുകള്‍ നടത്തുന്നവരുമാണ്. എന്നാല്‍, ഇവക്കിടയില്‍ അതിര്‍വരമ്പുകള്‍ വേണമെന്ന പക്ഷക്കാരനാണു ഞാന്‍.
നമ്മള് ഒരു രാഷ്ട്രീയം പറയുന്ന സിനിമയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് കൃത്യമായി ചെയ്യുക. അതേസമയം രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കാത്ത സിനിമകളില്‍ രാഷ്ട്രീയം കുത്തി നിറക്കേണ്ട ആവശ്യമില്ല.എന്നാല്‍, ഒരു തമാശ സിനിമയെ അതിന്റേതായ രീതിയില്‍ എടുക്കുക, അതില്‍ പൊളിറ്റിക്കല്‍ കറക്ട്നസ് കണ്ടുപിടിക്കാന്‍ പോകേണ്ടതില്ല എന്നാണ് എന്റെ പക്ഷം. ‘സി.ഐ.ഡി മൂസ’പോലുള്ള സിനിമകളെ ആ ലാഘവത്തോടെ ആസ്വദിക്കാനും രാഷ്ട്രീയ സിനിമകളെ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനും ചര്‍ച്ച ചെയ്യാനും നമുക്ക് സാധിക്കണം.
ചെറിയ ബജറ്റിൽ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കുന്ന, നിലവാരത്തില്‍ ഉയര്ന്നുനില്ക്കുന്ന സിനിമകളായിരുന്നു മലയാള സിനിമയുടെ ഐഡന്റിറ്റിയായി നിലനിന്നിരുന്നത്. എന്നാലിന്ന് വലിയ ബജറ്റ് സിനിമകള്‍ക്ക് പ്രേക്ഷക പ്രതീക്ഷയുടെ അളവ് വളരെ കൂടുതലാണ്. ബജറ്റാണ് സിനിമയുടെ നിലവാരം നിശ്ചയിക്കുന്നതെന്ന കാഴ്ചപ്പാടിനോടുള്ള പ്രതികരണമെന്താണ് ?
▲ തീര്‍ച്ചയായും വലിയ ബജറ്റില്‍ ഒരു സിനിമ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍, ഇതില്‍ എന്താണ് ഇത്രമാത്രം ഉള്ളതെന്ന ആകാംക്ഷ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും ഉണ്ടാകും. അതു ചിലപ്പോള്‍ ആദ്യ ദിവസങ്ങളിലെ സിനിമയുടെ കലക്ഷന്‍ സഹായകരമായി മാറാനും സാധ്യതയുണ്ട്. നാട്ടില്‍ ഒരു മേള നടക്കുമ്പോള്‍ എന്ത് കോപ്പാണ് ഇതിലുള്ളതെന്ന് അറിയാനെങ്കിലും ആളുകൾ അത് കാണാനായി പോകാറുണ്ടല്ലോ. അതേ മനോഭാവം തന്നെയാണ് സിനിമയുടെ കാര്യത്തിലും ഉണ്ടാകുന്നത്. എന്നാല്‍, വലിയ ബജറ്റിൽ നിര്‍മിച്ചു എന്നതുകൊണ്ടുമാത്രം ഒരു സിനിമയും ഇവിടെ വിജയിച്ചിട്ടില്ല. എത്ര ബിഗ് ബജറ്റിൽ ഒരുക്കിയതാണെങ്കിലും പൊളിഞ്ഞുപോയ സിനിമകളെയും നമ്മൾ കണ്ടതാണ്. സിനിമയെ വിജയിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും അതിന്റെ കണ്ടന്റ് തന്നെയാണെന്ന് പൂർണമായും വിശ്വസിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍.
പുതിയ കാലത്ത് സംഗീതത്തെ സിനിമയില്‍ അതിവിദഗ്ധമായി അവതരിപ്പിക്കുന്ന ചുരുക്കം സംവിധായകരില്‍ ഒരാളാണ് താങ്കള്‍. സിനിമയില്‍ ഉപയോഗിക്കാവുന്ന ഏതുതരം ടൂള്‍ ആയിട്ടാണ് താങ്കള്‍ സംഗീതത്തെ കാണുന്നത് ?
▲ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. സിനിമ ആവശ്യപ്പെടുന്ന വികാരങ്ങളെ കൃത്യമായി അവതരിപ്പിക്കാന്‍ സംഗീതത്തോളം നമ്മെ സഹായിക്കുന്ന മറ്റൊന്നില്ല. കഥാപാത്രങ്ങളുമായും കഥാപരിസരങ്ങളുമായും പ്രേക്ഷകരെ ചേര്‍ത്തുനിര്‍ത്താന്‍, സിനിമ ആവശ്യപ്പെടുന്ന വൈകാരിക തലങ്ങള്‍ നിർമിക്കാന്‍, രണ്ട് സീനുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ സംഗീതത്തോളം സഹായകരമായ മറ്റൊന്നില്ല. ഉദാഹരണത്തിന് ‘മഞ്ഞുമ്മല്‍ ബോയ്സി’ലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം...’ എന്ന പാട്ട് വെറും ഒരു റാപ്പ് പാട്ടായി മാത്രം കാണുന്നവരുണ്ട്.
എന്നാല്‍, തുടക്കം തന്നെ അത്തരം ഒരു പാട്ടിലൂടെ ആ സിനിമയിലെ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളെയും അവരുടെ പെരുമാറ്റ രീതികളെയും സാഹചര്യങ്ങളെയും കൃത്യമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അത്രയധികം കഥാപാത്രങ്ങള്‍ നിറഞ്ഞുനില്ക്കുന്ന സിനിമയില്‍ എല്ലാവരെയും വ്യക്തിപരമായി അവതരിപ്പിക്കാന്‍ പോയാല്‍ അത് മണിക്കൂറുകള്‍ എടുക്കുന്ന പരിപാടിയായി മാറും. എന്നാല്‍, അഞ്ച് മിനിറ്റുള്ള ഒരൊറ്റ പാട്ടിലൂടെ ആ കഥയുടെ പരിസരവും കഥാപാത്രങ്ങളുടെ സവിശേഷതകളും കൃത്യമായി അടയാളപ്പെടുത്തിയെടുക്കാന്‍ സാധിച്ചു. സിനിമയിലെ സംഗീതത്തെ ഇത്തരത്തിലുള്ള ടൂള്‍ ആയിട്ടാണ് ഞാന്‍ ഉപയോഗിക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമയെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. ആളുകള്‍ ഫോണില്‍ പോലും മനോഹര സിനിമകളെടുക്കുന്ന കാലമാണിത്. സിനിമക്ക് കൈവന്ന ഈ ജനകീയത ആ മാധ്യമത്തിന്റെ മൂല്യത്തെ ഇല്ലാതെയാക്കിയിട്ടുണ്ടോ?
▲ എല്ലാ മാധ്യമങ്ങളും ജനകീയമായിത്തന്നെ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സിനിമ എന്നത് ഞങ്ങള്‍ കുറച്ചുപേരുടെ കുത്തകയാണ്, വെറേയാരും സിനിമ ചെയ്യാന്‍ പാടില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ. എല്ലാവര്ക്കും സിനിമ ചെയ്യാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാകണം. എന്നാല്‍, ആ സിനിമയുടെ പ്രേക്ഷകര്‍ ഏതുരീതിയില്‍ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇനിയും സിനിമ ചെയ്യണോ എന്ന് ആ വ്യക്തിക്ക് തീരുമാനിക്കാം.എല്ലാ കലകളും ഇത്തരത്തിലാണ്. നമ്മുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ചില പരിശ്രമങ്ങള്‍ നടത്തിനോക്കാം. ആ പരിശ്രമങ്ങളുടെ ഫലമനുസരിച്ച് നമുക്ക് ഭാവി തീരുമാനിക്കാം.
പിന്നെ മലയാളികളെ സംബന്ധിച്ച് സിനിമ ഭൂരിഭാഗം ആളുകളുടെയും ഒരു വിദൂര സ്വപ്നം തന്നെയാണ്. ഏതെങ്കിലും തരത്തില്‍ സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികളിലെ വലിയ വിഭാഗം ആളുകളും. അതിന്റെ വലിയ ഉദാഹരണമാണ് മലയാള സിനിമയില്‍ മാത്രം കാണുന്ന പുതിയ നിർമാതാക്കളുടെ കടന്നുവരവ്. നമ്മുടെ പ്രവാസ ജീവിത വിജയങ്ങള്‍ അതിന് കാരണമാകുന്നുണ്ടെങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ആളുകള്‍ സിനിമയില്‍ നിക്ഷേപിക്കുന്നത് ആ മാധ്യമത്തിനോടുള്ള താല്പര്യം കൊണ്ടുതന്നെയാണ്. എന്നാല്‍, പലവിധ കാരണങ്ങള്‍ കൊണ്ട് അയാളുടെ ആദ്യ സിനിമ തന്നെ പരാജയപ്പെട്ടാല്‍ ഈ പരിപാടി തന്നെ നിര്‍ത്തി അയാള്‍ തിരിച്ചുപോകും.
പരിശ്രമവും ഭാഗ്യവും കൊണ്ട് വിജയം കണ്ടാല്‍ അയാള്‍ തുടര്‍ന്നും സിനിമകള്‍ ചെയ്യും. അതുപോലെതന്നെ നാലു കൂട്ടുകാര്‍ ഒന്നിച്ചുകൂടി ഒരു ഷോർട്ട് ഫിലിം എടുക്കുമ്പോൾ ആ ഷോർട്ട് ഫിലിമിന്റെ സ്വീകാര്യതയാണ് ആ കൂട്ടുകാരുടെ പിന്നീടുള്ള സിനിമാ പ്രവര്‍ത്തനങ്ങളെ നിർണയിക്കുന്നതും. പരമ്പരാഗത സിനിമയുടെ കെട്ടുപാടുകളില്പെടാത്ത, ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമെല്ലാം നിര്‍മിച്ച എത്രയോ സിനിമകള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽവരെ അത്തരം സിനിമകൾ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
ഇന്ന് എല്ലാ മാധ്യമങ്ങളും തീര്‍ത്തും ജനകീയമായിക്കഴിഞ്ഞില്ലേ. ജേണലിസ്റ്റുകളും വ്ലോഗർമാരും തമ്മിലെ വ്യത്യാസം കുറഞ്ഞുവരുന്ന സാഹചര്യവുമാണല്ലോ. കാമറ കൈയിലുള്ള ഏതൊരാൾക്കും ജേണലിസ്റ്റിക് അധികാരത്തോടെ നിങ്ങളുടെ നേര്ക്കുവരാം എന്ന കാലമാണല്ലോ ഇന്ന്. നാളെ മുതല്‍ ഞങ്ങള്‍ക്ക് മാത്രമേ ആളുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും വാര്‍ത്തകള്‍ അവതരിപ്പിക്കാനും സാധിക്കുകയുള്ളൂ എന്ന് ആര്‍ക്കെങ്കിലും ഉത്തരവ് പുറത്തിറക്കാന്‍ സാധിക്കുമോ.
തിയറ്റര്‍ റിലീസിനുമുമ്പ് ‘ബാലന് ദ ബോയ്’ ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2026ലെ കാന്‍ ഫെസ്റ്റിവലില്‍ ആയിരുന്നല്ലോ. എന്തുകൊണ്ടാണ് അങ്ങനെ ഒരു നീക്കം നടത്തിയത്. കാന്‍ ഫെസ്റ്റിവല്‍ അനുഭവങ്ങള്‍ എത്തരത്തിലായിരുന്നു?
▲ കാന്‍ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലല്ല, ഫിലിം മാര്‍ക്കറ്റിങ്ങിന്റെ വേദിയിലാണ് ‘ബാലന് ദ ബോയ്’ പ്രദര്‍ശിപ്പിക്കപ്പെട്ടത്. അത് പ്രധാനമായും ചൈന, കൊറിയ, റഷ്യ മുതലായ സ്ഥലങ്ങളിലേക്കുള്ള ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നതിന് വേണ്ടിയും, വ്യത്യസ്തരായ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ അറിയാൻ വേണ്ടിയുമായിരുന്നു. വ്യക്തിപരമായി പറഞ്ഞാൽ കാന്‍ അനുഭവം അതിമനോഹരമായിരുന്നു. നാലുദിവസമാണ് അവിടെയുണ്ടായിരുന്നത്. ശരിക്കും രണ്ടാഴ്ചയൊക്കെ പോയി നിന്നാൽ മാത്രമേ നമുക്കാ മേളയെ കൂടുതൽ അനുഭവിക്കാൻ സാധിക്കുകയുള്ളൂ.
എന്നാലും നാലുദിവസംകൊണ്ട്, ഞാന്‍ ആരാധനയോടെ കാണുന്ന പാന്‍ നളിന്‍, സുധീര്‍ മിശ്ര അടക്കമുള്ള ഇന്ത്യന്‍ സംവിധായകരെ കാണാനും പരിചയപ്പെടാനും സാധിച്ചു. അവരെല്ലാം ‘ബാലന് ദ ബോയ്’ കണ്ട് നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്തു. വേറൊരു ചലച്ചിത്ര മേളക്കും ലഭിക്കാത്തൊരു ആകർഷണീയത കാന്‍ ഫെസ്റ്റിവലിനുണ്ടെന്ന് തോന്നിയിട്ടുണ്ട്. എന്നെങ്കിലും ആ ഫെസ്റ്റിവലിൽ ചെന്ന് മുഴുവന്‍ ദിവസവും പങ്കെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ട് മനസ്സിൽ.
ഒരു സിനിമ പുറത്തിറങ്ങിയ ശേഷമുണ്ടാകുന്ന പ്രേക്ഷക നിരൂപണ പ്രതികരണങ്ങളെ എത്തരത്തിലാണ് സമീപിക്കുന്നത് ?
▲ സിനിമ കാണുന്ന നൂറു ശതമാനം ആളുകളെയും തൃപ്തിപ്പെടുത്താന്‍ ലോകത്ത് ഒരു സിനിമക്കും സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. സിനിമ കണ്ട അമ്പത് ശതമാനത്തിന് മുകളിലുള്ള ആളുകള്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടാല്തന്നെ വലിയ നേട്ടം എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവര്ക്കും എല്ലാ സിനിമയും വര്‍ക്കാകണം എന്ന് പിടിവാശി പിടിക്കാന്‍ സാധിക്കില്ലല്ലോ. പലരും ഗംഭീരം എന്നുപറഞ്ഞ ചില സിനിമകള്‍ എനിക്കും ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട്.
എന്റെ സിനിമകളെക്കുറിച്ച് എന്തുതരം പഠനങ്ങളും നിരൂപണങ്ങളും വരുന്നത് എനിക്ക് സ്വാഗതാര്‍ഹമാണ്. നെഗറ്റിവ് ആണെങ്കിലും പോസിറ്റിവ് ആണെങ്കിലും നമ്മള് ചെയ്യുന്ന സിനിമയെക്കുറിച്ച് ഒരു പ്രതികരണം വന്നല്ലോ എന്ന സന്തോഷമാണ് എനിക്കുള്ളത്. കാരണം ചെയ്യുന്ന സിനിമകള്‍, വിജയം കാണുന്നതിനൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നുകൂടെ ആയിത്തീരണം എന്നുതന്നെയാണ് എല്ലാ ചലച്ചിത്രകാരന്മാരും ആഗ്രഹിക്കുന്നത്. എനിക്കും എന്റെ സിനിമകള്‍ തിയറ്റര്‍ വിജയത്തിനൊപ്പം ചര്‍ച്ചാവിഷയമാകുന്നത് വളരെയധികം സന്തോഷം നല്‍കുന്നതാണ്.
ഭാവിയില്‍ കാലം ചിദംബരം എന്ന സംവിധായകനെ എത്തരത്തില്‍ അടയാളപ്പെടുത്തിവെക്കണം എന്നാണ് ആഗ്രഹിക്കുന്നത് ?
▲ നമ്മള് ഈ ഭൂമിയില്‍ ഇല്ലാതെയായാലും നമ്മൾ ചെയ്തുവെച്ച സിനിമകൾ നിലനില്ക്കും എന്നതുതന്നെ വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അതിനപ്പുറം ഒരു അടയാളപ്പെടുത്തല്‍ ഞാനാഗ്രഹിക്കുന്നില്ല. ചിദംബരം എന്ന ഒരു വ്യക്തി ഈ ഭൂമിയില്‍ ജീവിച്ചിരുന്നെന്നും അയാൾ സിനിമാലോകത്ത് ഉണ്ടായിരുന്നെന്നും ഈ സിനിമകളെല്ലാം അയാള്‍ സംവിധാനം ചെയ്തവയാണെന്നുമുള്ള അടയാളപ്പെടുത്തലുകളായി എന്റെ സിനിമകള്‍ മാറണം. ആ സിനിമകളിലൂടെ ഞാനും ഓര്‍ക്കപ്പെടുകയും ചെയ്യും.
(എറണാകുളം തേവര എസ്.എച്ച് കോളജിൽ ജേണലിസം വകുപ്പ് മേധാവിയും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ബെൽബിൻ പി. ബേബി)
-------------------
ചിദംബരം എസ്. പൊതുവാള്
1987 ജൂണ്‍ 29ന് ജനിച്ച ചിദംബരം എസ്. പൊതുവാളിന്റെ സ്വദേശം കേരളത്തിലെ പയ്യന്നൂരാണ്. സിനിമാ കുടുംബം. അച്ഛൻ സതീഷ് പൊതുവാള് എഴുത്തുകാരനും സംവിധായകനുമാണ്. മാതാവ് അപര്‍ണ എസ്. പൊതുവാള് ചലച്ചിത്ര നടിയായിരുന്നു. ഇളയ സഹോദരന് ഗണപതി എസ്. പൊതുവാള് പ്രശസ്ത മലയാള നടനും എഴുത്തുകാരനും കാസ്റ്റിങ് ഡയറക്ടറുമാണ്. 2008ഓടെ ചിദംബരം സിനിമാ രംഗത്ത് യാത്രതുടങ്ങി. പതിറ്റാണ്ടിലേറെ കാലം കാമറക്ക് പിന്നിൽനിന്ന് സിനിമയുടെ കരകൗശലം പഠിച്ചു. ജയരാജ്, രാജീവ് രവി, ബി. അജിത്ത് കുമാര്‍, ഇയാന്‍ മക്ഡോണാള്‍ഡ് തുടങ്ങിയവർക്കൊപ്പം പ്രവര്‍ത്തിച്ചു. ഡോക്യുമെന്ററികള്‍, പരസ്യങ്ങള്‍, മീഡിയ പ്രോജക്ടുകള്‍ എന്നിവയിലും അദ്ദേഹം പങ്കാളിയായി.
2021ല്‍ ജാന്‍-എ-മന് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സഹോദരന് ഗണപതിയുമായി ചേര്‍ന്ന് തിരക്കഥയെഴുതിയ ഈ കോമഡിഡ്രാമ സൗഹൃദം, കുടുംബം, ബന്ധങ്ങള്‍ എന്നീ വിഷയങ്ങള്‍ പരിശോധിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് കൊച്ചിയില്‍ ചിത്രീകരിച്ച ഈ സിനിമ അതിന്റെ പുതിയ എഴുത്തിനും ശൈലിക്കും ശ്രദ്ധ നേടി.
2024ല്‍ പുറത്തിറങ്ങിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ ആണ് അദ്ദേഹത്തിന്റെ വലിയ വിജയം. ഈ ചിത്രം മികച്ച സംവിധായകന്, മികച്ച തിരക്കഥ, മികച്ച ചിത്രം എന്നീ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. 2026ല്‍ ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിലൂടെ ആര്‍മിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം അഭിനയരംഗത്തേക്കും ചുവടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.