വി​യോജിപ്പുകൾക്ക് ഇടമില്ലാതാവുകയാണ്

നമ്മുടെ രാഷ്ട്രീയത്തിലെ ജീർണത സാംസ്കാരിക ചർച്ചകളിലേക്കും പടരുകയാണ്.ഉള്ളടക്കത്തെപ്പറ്റി സ്വതന്ത്ര ചർച്ച നടത്താനല്ല, യജമാനന്മാർ മുൻകൂട്ടി നിശ്ചയിച്ചുകൊടുത്ത നിലപാടുകൾ ഒച്ചയിട്ട് സ്ഥാപിക്കാനാണ് താൽപര്യം. 

നാധിപത്യ സംവാദങ്ങളെ വിവേകത്തിന്റെയും മറുപക്ഷ ബഹുമാനത്തിന്റെയും വഴിയിലേക്ക് തിരിച്ചുവിടാൻ മാധ്യമങ്ങൾക്ക് കഴിയുമെന്നായിരുന്നു മുമ്പ് ധാരണ. എന്നാൽ, കുറേ വടക്കേ ഇന്ത്യൻ ചാനലുകൾ സംവാദങ്ങളുടെ നിലവാരം തീരുമാനിക്കാൻ തുടങ്ങിയതോടെയാവാം, കാര്യങ്ങൾ പിടിവിട്ടു. സമൂഹമാധ്യമങ്ങൾ കടന്നുവന്നതോടെ എല്ലാം ''അങ്ങാടിനിലവാര''മായി.

സിൽവർലൈൻ അതി​വേഗപാതയെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിച്ച് കവി റഫീക്ക് അഹമ്മദ് ഏതാനും വരികൾ കുറിച്ച് ഫേസ്ബുക്കിലിട്ടതും, ആശങ്കകൾ ചർച്ചചെയ്യുന്നതിനുപകരം എഴുത്തുകാരനെ ശകാരിക്കുന്ന പ്രതികരണങ്ങളിറങ്ങി. ''നിങ്ങൾ ഈ അന്തംകമ്മികളോട് നന്ദി പറയണം. അവരാണ് ശരാശരിയിലും താഴെയുള്ള നിങ്ങളുടെ ആത്മാവില്ലാത്ത ആർക്കോ വേണ്ടി ആദ്യമായി സ്വന്തം മനസ്സിനെ വഞ്ചിച്ച് നിങ്ങൾ എഴുതിയ ഈ ചവറിനെ റോഡിൽ വിതറി നാട്ടാരേ കാണിച്ചത്'' എന്ന് ഒരു കമന്റ്. ''ഒരു കവി​ശ്രേഷ്ഠനെ ബഹുമാനിക്കാൻ ശീലി​ക്കെടോ'' എന്ന് മറ്റൊരു പരിഹാസം.

സമൂഹമാധ്യമങ്ങളിലെ തറനിലവാരം നമ്മുടെ ആശയക്കൈമാറ്റങ്ങളെ മലിനീകരിച്ചുകൊണ്ടിരിക്കുന്നു. യോജിക്കാനാവാത്തത് പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശീലം വളർന്നാണ് വടക്കേ ഇന്ത്യയിൽ കാര്യങ്ങൾ ഇത്രത്തോളമെത്തിയത്.

എങ്കിൽപ്പോലും അവിടത്തോളമെത്തില്ല നമ്മുടെ സംസ്കാരം എന്ന് കരുതി ഇരിക്കുമ്പോഴാണ് മലയാളി വിദ്യാർഥിനി വിദ്വേഷ പോസ്റ്റിന്റെ പേരിൽ ഡൽഹി പൊലീസിന്റെ പിടിയിലായ വാർത്തയെത്തുന്നത്. വിഷം ഇങ്ങോട്ടും പടർന്നെത്തുന്നുണ്ട് എന്നർഥം. നമ്മുടെ രാഷ്ട്രീയ സംവാദങ്ങളുടെ പൊതുനിലവാരം 'സുള്ളി ഡീൽസി'ലും 'ബുള്ളി ബായി'യിലും എത്തിനിൽക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വിശദീകരിക്കാൻ കഴിവും മര്യാദയുമുള്ള മാധ്യമപ്രവർത്തകരെ നിയോഗിക്കാറുണ്ടായിരുന്നു. ഇന്ന്​'ടെക്​ ഫോഗ്​'പോലുള്ള ആപ്പുകളാണ് പ്രചാരണയന്ത്രങ്ങൾ.

'ടെക്ഫോഗി'നെപ്പറ്റി ദ വയർ ഈയിടെ നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബി.ജെ.പിയുടെ ഐ.ടി വിഭാഗത്തിൽ 2014 മുതൽ പ്രവർത്തിച്ചുവന്ന ഒരാൾ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി 2020 ഏപ്രിലിൽ ഒരു ട്വീറ്റ് ഇട്ടത് ദ വയറിലെ ആയുഷ്മാൻ കൗളും ദേവേഷ് കുമാറും അന്വേഷണത്തിന് വിഷയമാക്കുകയായിരുന്നു.

ഈ അന്വേഷണമാണ്, സമൂഹമാധ്യമങ്ങളും സന്ദേശ ആപ്പുകളും രാഷ്ട്രീയായുധമാക്കുന്ന ബി.ജെ.പി പ്രചാരണ തന്ത്രത്തിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ യാന്ത്രികമായി പെരുപ്പിക്കാൻ മാത്രമല്ല, ട്വിറ്ററിലെ ഹാഷ്ടാഗ് ട്രെൻഡുകളെപ്പോലും കൃത്രിമമായി രൂപപ്പെടുത്താൻകൂടി പോന്നതാണത്രെ ചില ആപ്പുകൾ.

സാ​ങ്കേതിക വിദ്യയുടെ സങ്കീർണതകൾ മനസ്സിലാക്കാൻ പ്രയാസമുള്ളവർക്കും ഇൗ വർഗീയ പ്രചാരണം എങ്ങനെ നടപ്പായി എന്ന് തിരിച്ചറിയുക എളുപ്പമാണ്. അത്ര തീക്ഷ്ണവും വ്യക്തവുമാണ് രീതികൾ.

ആ രീതികളുടെ ഒരു ഭീകരമുഖം, സർക്കാറിനെ വിമർശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് -പ്രത്യേകിച്ച് വനിതകളെ.

റാണ അയ്യൂബ്, ബർഖദത്ത്, നിധി റസ്ദാൻ, സാഗരിക ഘോഷ് തുടങ്ങിയ മാധ്യമപ്രവർത്തകരെ അതിഹീനമായി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പരത്തി. 2021ലെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ റാണക്കെതി​െര മാത്രം ഇറങ്ങിയത് 22,000 പോസ്റ്റുകളാണ് -കൃത്രിമമായുണ്ടാക്കിയ അശ്ലീല വിഡിയോകൾ അടക്കം.

പറഞ്ഞുവരുന്നത് ഇതാണ്: വലതുപക്ഷമായാലും ഇടതുപക്ഷമായാലും ആപ്പുകളുടെ ബലംകൊണ്ടോ തൽക്ഷണ പോസ്റ്റുകളുടെ ഹരംകൊണ്ടോ സംവാദങ്ങളുടെ ഉള്ളടക്കത്തോട് പ്രതികരിക്കുന്നതിനുപകരം നാം വ്യക്തിഹത്യയിലേക്ക് തിരിയുന്നു. തെരുവിലെ ആൾക്കൂട്ടംപോലെ ചില കൂട്ടങ്ങൾ സൈബറിടങ്ങളിലുമുണ്ട്. അപരന്റെ വാക്കുകൾ ആനന്ദത്തോടെ കേൾക്കുകയല്ല അവയോട് ഹിംസാത്മകമായി അധിക്ഷേപം ചൊരിയുകയാണ് രീതി.

നമ്മുടെ രാഷ്ട്രീയത്തിലെ ജീർണത സാംസ്കാരിക ചർച്ചകളിലേക്കും പടരുകയാണ്. ഉള്ളടക്കത്തെപ്പറ്റി സ്വതന്ത്ര ചർച്ച നടത്താനല്ല, യജമാനന്മാർ മുൻകൂട്ടി നിശ്ചയിച്ചുകൊടുത്ത നിലപാടുകൾ ഒച്ചയിട്ട് സ്ഥാപിക്കാനാണ് താൽപര്യം. ചിന്താപരമായ ഈ ദാസ്യം നമ്മുടെ പൊതുചർച്ചകളിൽ വിഷം കലർത്തിക്കൊണ്ടിരിക്കുന്നു.

ആമ ജേണലിസം

ആമയും മുയലും ഓട്ടമത്സരത്തിനിറങ്ങി. ഈ ഈസോപ്പ്​ കഥയും ജേണലിസവും തമ്മിലെന്ത്​ ബന്ധം?

അല്ല, മത്സരം റിപ്പോർട്ട്​ ചെയ്യുന്നതല്ല വിഷയം. മാധ്യമങ്ങൾ സ്വയം ഏത്​ പക്ഷത്ത്​ നിൽക്കുന്നു എന്നതാണ്​. ആമയാകാനാണോ മുയലാകാനാണോ മാധ്യമങ്ങൾക്ക്​ താൽപര്യം?

ബ്രേക്കിങ്​ ന്യൂസ്​, തൽസമയ വാർത്ത, തൽക്ഷണ വാർത്ത തുടങ്ങിയ പ്രയോഗങ്ങൾ കേട്ടവർക്കറിയാം, വാർത്ത അറിയിക്കുന്നതിലെ വേഗം ഒരു വലിയ വിഷയമാണെന്ന്​. ആര്​ ആദ്യം എത്തുന്നു എന്നതാണ്​ മാധ്യമങ്ങൾക്കിടയിലെ പ്രധാന മത്സരം.

എന്നാൽ, 'ആമ മാധ്യമം' എന്ന്​ സ്വയം വിളിക്കുന്ന ബ്രിട്ടീഷ്​ വാർത്താ വെബ്​സൈറ്റുണ്ട്​: ടോട്ടിസ്​ മീഡിയ (tortoisemedia.com). വേഗം കുറവ്​ എന്നതാണ്​ അതിന്‍റെ മുദ്രാവാക്യം.

വാർത്തകളുടെ ആധിക്യംകാരണം അവ വെറും ഒച്ചപ്പാടായിരിക്കുന്നു. മാത്രമല്ല, ആദ്യമെത്താനുള്ള മത്സരത്തിൽ വാർത്തയുടെ നേരും മൂല്യവും നഷ്ടപ്പെടുന്നു. അതുകൊണ്ട്​ ടോട്ടിസ്​ മീഡിയയുടെ മുദ്രാവാക്യം, ആദ്യമെത്തുക എന്നല്ല: 'വേഗം കുറച്ച്​, വിവേകം കൂട്ടുക' (slow down, wise up) എന്നാണ്​.

2019 ഏപ്രിലിലാണ്​ 'ആമ'പ്പത്രം പ്രസിദ്ധീകരണം തുടങ്ങിയത്​. ബി.ബി.സി ന്യൂസ്​ ഡയറക്ടറായിരുന്ന ജെയിംസ്​ ഹാർഡിങ്​ ആണ്​ സ്ഥാപകരിലൊരാൾ; എഡിറ്ററും.

വേഗം കുറഞ്ഞ വാർത്ത എന്നതാണ്​ 'ആമ' മാധ്യമത്തിന്‍റെ വ്യതിരിക്​തതയായി അവർതന്നെ എടുത്തുപറയുന്നത്​. വിവരങ്ങളുടെ ബഹളത്തിനിടയിൽ ശാന്തമായി ചിന്തിച്ചും നെല്ലും പതിരും വേർതിരിച്ചും സമൂഹത്തിന്​ ആവശ്യമായ വാർത്ത കണ്ടെത്തുന്നു. വാർത്താ സമ്മേളനങ്ങൾക്ക്​ പോകില്ല. പരസ്യം സ്വീകരിക്കില്ല. വാർത്ത 'ബ്രേക്ക്​' ചെയ്യാനുള്ള സാഹസിക ഓട്ടമില്ല.

ഇന്നത്തെ ലോക മാധ്യമങ്ങളുടെ മുഖ്യപ്രശ്നം തന്നെ മത്സര ഓട്ടമാണ്​ -ടോട്ടിസ്​ മീഡിയ പറയുന്നു. പ്രേക്ഷകന്‍റെയും വായനക്കാരന്‍റെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള വ്യഗ്രതയിൽ മൂല്യവത്തായ കാര്യങ്ങൾ ചോർന്നുപോകുന്നു. ഒടുവിൽ മാധ്യമങ്ങൾ വായനക്കാർ കേൾക്കാനാഗ്രഹിക്കുന്നതെന്തോ അത്​ പറഞ്ഞ്​ തൃപ്തിയടയുന്നു.

ജേണലിസ്റ്റുകൾ മാത്രമല്ല, ഇതിൽ വാർത്ത നൽകുക. സാധാരണ മാധ്യമ സ്ഥാപനത്തിന്‍റെ ഘടനയുമില്ല. ടോട്ടിസ്​ മീഡിയ ഡോട്ട്​കോമിൽ പരിചയക്കുറിപ്പായി ചേർത്ത കഥ ഇങ്ങനെ:

പണ്ടുപണ്ട്​ ഒരു മത്സരം നടന്നു. ലോകത്തെ മനസ്സിലാക്കാനുള്ള മത്സരം.

എല്ലാവരും എല്ലായിടത്തേക്കും പരക്കം പാഞ്ഞു. ഒരാളൊഴിച്ച്​: അവൾ ശ്രദ്ധാപൂർവം, അവധാനതയോടെ, ജോലിക്കിറങ്ങി. ''ആവശ്യത്തിലേറെ വിവരം, ആവശ്യത്തിൽ കുറഞ്ഞ സമയവും'' -അവൾ ചിന്തിച്ചു. അതുകൊണ്ട്​, പ്രധാനപ്പെട്ടതു മാത്രം തിരഞ്ഞുപിടിക്കാനും അവ ആഴത്തിൽ പഠിക്കാനുമായി ശ്രദ്ധ.

മറ്റുള്ളവർ വേഗം, അതിവേഗം, പാഞ്ഞു; കൂടുതൽ, പിന്നെയും കൂടുതൽ, ചപ്പുചവറുകൾ ശേഖരിച്ചു. അവർ ഒരുപാട്​ കണ്ടു; പക്ഷേ, എല്ലാം അവ്യക്​തമായിട്ട്​. എല്ലാം കൂടി തലചുറ്റൽ വന്നപ്പോൾ അവരെല്ലാം ഒന്ന്​ മയങ്ങാൻ കിടന്നു.

അവളോ? അവൾ സമയമെടുത്ത്​, സാരവത്തായ കാര്യങ്ങൾ മാത്രമെടുത്ത്​, അറിവും വിവേകവുമുള്ള ആളുകളെ തിരഞ്ഞുപിടിച്ച്​ അവർക്ക്​ പറയാനുള്ളതും ശ്രദ്ധിച്ചു കേട്ടു. അവൾ കുറച്ചേ കണ്ടുള്ളൂ; പക്ഷേ, അത്​ വളരെ വ്യക്​തതയോടെ കണ്ടു. അവൾ ജയിച്ചു.

ഈ കഥയിലെ ഗുണപാഠംകൂടി അവൾ പറഞ്ഞു: ''വേഗം കുറക്കുക, വിവേകം കൂട്ടുക.''

ജനങ്ങൾക്ക്​ പറയാനുള്ളത്​ ധാരാളമായി കേൾക്കണമെന്ന്​ ടോട്ടിസ്​ അനുശാസിക്കുന്നു. ഏത്​ തുറയിലുള്ളയാൾക്കും തുറന്നെഴുതാനുള്ള ഇടം വെബ്​സൈറ്റ്​ നൽകും.

വേഗം കുറച്ച്​ ജയിക്കാനുള്ള മത്സരം നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുക്കുമോ? സംശയമാണ്​. നാം ഇപ്പോഴും 'ബഹളഘട്ട'ത്തിൽതന്നെയാണല്ലോ.

l

Tags:    
News Summary - mediascan by yaseen ashraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.