തിരക്കഥ: ടി. ദാമോദരൻ നിർമാണം: പി.വി.ജി

കോഴി​ക്കോടൻ സിനിമാ സൗഹൃദത്തി​ന്റെ കഥ തുടരുന്നു. കഴിഞ്ഞ ലക്കത്തിൽ എഴുതിയ ടി. ദാമോദരനെക്കുറിച്ച ഒാർമകളുടെ തുടർച്ചയാണിത്. ആത്മസുഹൃത്തും മാതൃഭൂമിയുടെ മുഖ്യ ഓഹരി ഉടമകയും കെ.ടി.സിയുടെ മാനേജിങ് പാർട്ണറുമായിരുന്ന പി.വി. ഗംഗാധര​ന്റെ സിനിമാപ്രവേശനത്തിൽ അറുപതുകളുടെ മധ്യത്തിൽ അവിടെയെത്തിയ മാഷായിരുന്നു പ്രധാന വഴികാട്ടി. അവർ ബന്ധുക്കളുമായിരുന്നു. കെ.ടി.സി സ്ഥാപകൻ പി.വി. സ്വാമിയുടെ സഹോദരിയെ വിവാഹം കഴിച്ചത് മാഷി​ന്റെ തച്ചമ്പലത്ത് തറവാട്ടിലേക്കായിരുന്നു. കെ.ടി.സിയുടെ വളർച്ചയിൽ ആ ബന്ധുത്വത്തിനും ഒരു പങ്കുണ്ട്. ഗൃഹലക്ഷ്മി ഫിലിംസി​ന്റെ ഉയർച്ചയും താഴ്ചയും കോഴിക്കോട്ടങ്ങാടിയുടെ കൂടി ചരിത്രമാണ്,...

കോഴി​ക്കോടൻ സിനിമാ സൗഹൃദത്തി​ന്റെ കഥ തുടരുന്നു. കഴിഞ്ഞ ലക്കത്തിൽ എഴുതിയ ടി. ദാമോദരനെക്കുറിച്ച ഒാർമകളുടെ തുടർച്ചയാണിത്.  

ആത്മസുഹൃത്തും മാതൃഭൂമിയുടെ മുഖ്യ ഓഹരി ഉടമകയും കെ.ടി.സിയുടെ മാനേജിങ് പാർട്ണറുമായിരുന്ന പി.വി. ഗംഗാധര​ന്റെ സിനിമാപ്രവേശനത്തിൽ അറുപതുകളുടെ മധ്യത്തിൽ അവിടെയെത്തിയ മാഷായിരുന്നു പ്രധാന വഴികാട്ടി. അവർ ബന്ധുക്കളുമായിരുന്നു. കെ.ടി.സി സ്ഥാപകൻ പി.വി. സ്വാമിയുടെ സഹോദരിയെ വിവാഹം കഴിച്ചത് മാഷി​ന്റെ തച്ചമ്പലത്ത് തറവാട്ടിലേക്കായിരുന്നു. കെ.ടി.സിയുടെ വളർച്ചയിൽ ആ ബന്ധുത്വത്തിനും ഒരു പങ്കുണ്ട്. ഗൃഹലക്ഷ്മി ഫിലിംസി​ന്റെ ഉയർച്ചയും താഴ്ചയും കോഴിക്കോട്ടങ്ങാടിയുടെ കൂടി ചരിത്രമാണ്, അത് ദാമോദരൻ മാഷെപ്പോലെ അറിയുന്ന, ഒപ്പം നിന്ന മറ്റൊരു സുഹൃത്ത് പി.വി.ജിക്കുമില്ലായിരുന്നു.

കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിലെ സഹപാഠികളായിരുന്നു ടി. ദാമോദരനും പി.വി.ജിയും. ഒരേ ക്ലാസിലല്ല, സീനിയറും ജൂനിയറുമായിരുന്നു. അവരുടെയും തൊട്ടു സീനിയറായി കെ.പി. ഉമ്മറുമുണ്ടായിരുന്നു അവിടെ. നാടകവും കലാസാഹിത്യ പ്രവർത്തനങ്ങളും സിനിമയും അവരെ കൂട്ടുകാരാക്കി. മൂന്നുപേരും ഗണപത് സ്കൂളിലെ സ്കൂൾ ലീഡർമാരായിരുന്നു. മൂന്നുപേരുടെയും പേര് അവിടത്തെ മാവിൽ കൊത്തിവെച്ചിട്ടുണ്ട്.

സിനിമയുടെ തലസ്ഥാനമായ കോടമ്പാക്കത്തേക്കുള്ള കോഴിക്കോടി​ന്റെ യാത്ര തുടങ്ങുന്നത് എ. വിൻസെന്റിൽനിന്നാണ്. അദ്ദേഹമാണ് കോഴിക്കോടൻ സിനിമയുടെ പിതാവ്. കോഴിക്കോട്ടെ ആദ്യത്തെ സ്റ്റുഡിയോകളിൽ ഒന്ന് വിൻസെന്റ് മാഷി​ന്റെ അച്ഛ​ന്റേതാണ്. ഫോട്ടോഗ്രഫിയിലും സിനിമയിലും താൽപര്യമുള്ള ആർക്കും അക്കാലത്ത് സ്റ്റുഡിയോയുമായി ബന്ധപ്പെടാതിരിക്കാനാവില്ല. 1954ലാണ് രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്ന് ‘നീലക്കുയിൽ’ ഒരുക്കുന്നത്. എ. വിൻസെന്റ് മാസ്റ്ററാണ് കാമറ. കോഴിക്കോട്ടെ ആകാശവാണി സൗഹൃദത്തിന് ആ സിനിമ ഉണ്ടാകുന്നതിൽ വലിയ പങ്കുണ്ട്.

സംവിധായകരിലൊരാളും ഗാനരചയിതാവുമായ പി. ഭാസ്കരൻ മാഷും കഥാകൃത്ത് ഉറൂബും കോഴിക്കോട് അബ്ദുൽ ഖാദറും പി. ഭാസ്കരനുമൊക്കെ ആകാശവാണിക്കാരായിരുന്നു. ആകാശവാണി നടനായിരുന്ന ടി. ദാമോദരൻ വിൻസെന്റ് മാഷി​ന്റെയും പി. ഭാസ്കരൻ മാഷി​ന്റെയും ശിഷ്യനായാണ് സിനിമയിലേക്ക് കടക്കുന്നത്. 1965ൽ പി. ഭാസ്കരൻ മാഷ് സംവിധാനംചെയ്ത സത്യനും അംബികയും പ്രധാന വേഷം ചെയ്ത ‘ശ്യാമളച്ചേച്ചി’യിൽ നടനായായിരുന്നു അരങ്ങേറ്റം. ആകാശവാണിയിൽനിന്നാണ് ഭാസ്കരൻ മാഷ് ദാമോദരൻ മാഷെ കണ്ടെടുക്കുന്നത്. തൊട്ടുപിറകെ വിൻസെന്റ് മാഷി​ന്റെ സംവിധാന സംരംഭമായ ‘മുറപ്പെണ്ണി’​ന്റെ സംഘാടകനായി ദാമോദരൻ മാഷ്. പ്രേംനസീറും മധുവും സഹപാഠിയായ കെ.പി. ഉമ്മറുമായിരുന്നു ‘മുറപ്പെണ്ണി’ലെ നായകന്മാർ.

എം.ടിയുടെ ആദ്യത്തെ തിരക്കഥ. ഒളവണ്ണയിലെ മാഷി​ന്റെ ബന്ധുവീടായ ‘മാമിയിൽ’ തറവാട്ടിൽ വെച്ചായിരുന്നു ചിത്രീകരണം. പിന്നെ വിൻസെന്റ് മാഷി​ന്റെ പ്രേംനസീർ നായകനായ ‘നഗരമേ നന്ദി’ (1967), മധു നായകനായ പി.എൻ. മേനോ​ന്റെ ‘ഓളവും തീരവും’ (1969), വിൻസെന്റ് മാഷി​ന്റെ തന്നെ പ്രേംനസീർ നായകനായ ‘ഗന്ധർവ്വക്ഷേത്രം’ (1972), പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുമെത്തിയ ആസാദ് സംവിധാനംചെയ്ത ‘പാതിരാവും പകൽവെളിച്ചവും’ (1974) എന്നീ സിനിമകളിലെല്ലാം മാഷ് നടനാണ്. ‘ഓളവും തീരവും’ കോഴിക്കോടൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. അതേ കാലത്താണ് ദേശപോഷിണിക്കുവേണ്ടി ദാമോദരൻ മാഷ് ചെയ്ത ‘നിഴൽ’ എന്ന നാടകം കണ്ട നടൻ സത്യൻ അത് സിനിമയാക്കാൻ അദ്ദേഹത്തെ കോടമ്പാക്കത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.

കോഴിക്കോട്ടുകാരനായ ഹരിഹരനെയായിരുന്നു സത്യൻ സംവിധായകനായി ഉദ്ദേശിച്ചത്. സഹസംവിധായകരായി ഹരിഹരനും ഐ.വി. ശശിയും അപ്പോഴേക്കും കോടമ്പാക്കത്ത് എത്തിക്കഴിഞ്ഞിരുന്നു. സത്യ​ന്റെ രോഗവും അകാലമരണവും കാരണം ‘നിഴൽ’ സിനിമയായില്ലെങ്കിലും ഹരിഹരൻ ത​ന്റെ എഴുത്തുകാരനായി ദാമോദരൻ മാഷെ കൂടെ നിർത്തി. പ്രേംനസീർ നായകനായ ആദ്യത്തെ രണ്ടു സിനിമാ സംരംഭങ്ങളും (‘ലൗ മാരേജ്’ -1975), ‘അമ്മിണി അമ്മാവൻ’ (1976) ) ശാസിച്ചും കൈപിടിച്ചും എഴുതിച്ച സംവിധായകൻ ഹരിഹരനാണ് തന്നെ തിരക്കഥാകൃത്താക്കിയതെന്ന ഗുരുസ്മരണ ദാമോദരൻ മാഷ് എന്നും കാത്തുസൂക്ഷിച്ചു.

അഗാധമായ ഒരു കോഴിക്കോടൻ സൗഹൃദമായിരുന്നു ഹരിഹരൻ-ഐ.വി. ശശി-ടി. ദാമോദരൻ ടീമി​ന്റേത്. അതിലേക്കാണ് എഴുപതുകളുടെ മധ്യത്തിൽ പി.വി.ജിയും വന്നുചേരുന്നത്. ഗൃഹലക്ഷ്മി ഫിലിംസി​ന്റെ സോഫ്റ്റ് വെയർ എന്നത് ആ സൗഹൃദമാണ്, പണം മാത്രമല്ല. അതിൽ പല ഇണക്കങ്ങളും പിണക്കങ്ങളും പല കാലത്തായി ഉണ്ടായിരുന്നെങ്കിലും ആ സൗഹൃദം എന്നും കരുത്തുറ്റതായിരുന്നു.

 

‘ഒരു വടക്കൻ വീരഗാഥ’ പൂജ: കെ. രാമചന്ദ്രബാബു, മമ്മൂട്ടി, എം.ടി, ടി. ദാമോദരൻ, ഹരിഹരൻ, പി.വി.ഗംഗാധരൻ

പി.വി.ജി ആദ്യമായി നിർമാണ പങ്കാളിത്തം നിർവഹിക്കുന്നത് സഹൃദയ ഫിലിംസി​ന്റെ ‘സംഗമം’ എന്ന സിനിമയാണ്. അതൊരു കോഴിക്കോടൻ കൂട്ടായ്മയിൽനിന്നാണുണ്ടാകുന്നത്. സിനിമക്കായി രൂപംകൊണ്ട ഒരുകൂട്ടം കൂട്ടുകാരുടെ നിർമാണ സഹകരണ സംരംഭമായിരുന്നു സഹൃദയ ഫിലിംസ്. മുപ്പതോളം സുഹൃത്തുക്കൾ അതിലൂടെ ഒന്നിച്ചുനിന്നു. കമൽഹാസനും ലക്ഷ്മിയുമായിരുന്നു ആദ്യം പ്രധാന വേഷങ്ങളിൽ എത്തിയത്. ഹരിഹരനായിരുന്നു സംവിധാനം. അതിലും മാഷ് അഭിനയിച്ചിട്ടുണ്ട്. കമൽ അന്ന് ഐ.വി. ശശിയുടെ ഉറ്റ കൂട്ടുകാരനാണ്. നല്ല മീൻകറി കൂട്ടണമെങ്കിൽ ശശിയേട്ട​ന്റെ അടുത്തെത്തുന്ന സുഹൃത്ത്. ഷൂട്ടിങ്ങും തുടങ്ങി. എന്നാൽ, നായകനും നായികയും തെറ്റിപ്പിരിഞ്ഞതിനെ തുടർന്ന് നടീനടന്മാരെ മാറ്റി റീഷൂട്ട് ചെയ്യേണ്ടി വന്നു. അതൊരു പരാജയമായി മാറി.

ആ പരാജയത്തിൽ നിന്നുമാണ് പി.വി.ജി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസുമായി ഒറ്റക്ക് മുന്നോട്ടുവരുന്നത്. ഹരിഹരനും ദാമോദരൻ മാഷുമായിരുന്നു അതിൽ പി.വി.ജിയുടെ ഗുരുക്കന്മാർ. പ്രേംനസീറിനെ നായകനാക്കി ഗൃഹലക്ഷ്മിയുടെ ആദ്യചിത്രമായ ‘സുജാത’ (1974) ഹരിഹര​ന്റെ സംവിധാനത്തിൽ അങ്ങനെയാണുണ്ടാകുന്നത്. കെ.ടി. മുഹമ്മദി​ന്റേതായിരുന്നു കഥ. ദാമോദരൻ മാഷായിരുന്നു അതി​ന്റെ ആദ്യാവസാനക്കാരൻ. ആ സിനിമയുടെ മാത്രമല്ല ‘നോട്ട്ബുക്ക്’ ഒഴിച്ച് പി.വി.ജി ചെയ്ത എല്ലാ സിനിമകളും അദ്ദേഹം മാഷോട് ചോദിക്കാതെ ഒരു പ്രധാന തീരുമാനവും എടുക്കാറില്ലായിരുന്നു.

എൺപതുകളിൽ ‘അഹിംസ’യും ‘അങ്ങാടി’യും ‘ഈനാടും’ ‘ഉണരൂ’വും ‘വാർത്ത’യും ‘ആവനാഴി’യുമൊക്കെ തിയറ്ററുകളിൽ ഇരമ്പിയ കാലത്ത് തിരക്കഥാകൃത്ത് ടി. ദാമോദരൻ മാഷിന്റെ ജനപ്രിയ രാഷ്ട്രീയ സിനിമകൾ മറ്റേത് കോഴിക്കോട്ടുകാ രനെയുംപോലെ എനിക്കും ഒരാവേശമായിരുന്നു. അക്കാലത്ത് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങൾ കാണുന്നതിനേക്കാൾ ആവേശത്തോടെ ആകാശവാണിയിലൂടെ റണ്ണിങ് കമന്ററി പറഞ്ഞിരുന്ന ദാമോദരൻ മാഷും എ​ന്റെ കോഴിക്കോടൻ അനുഭവമാണ്. എന്നാൽ, 1991 സെപ്റ്റംബർ 2ന് മാഷി​ന്റെ മൂത്തമകൾ ദീദി ജീവിതപങ്കാളിയായതു മുതൽ ഞാൻ കണ്ടത് വേറൊരു ദാമോദരൻ മാഷെയാണ്. അവിടെ സിനിമയല്ല, ചരിത്രവും രാഷ്ട്രീയവുമായിരുന്നു നിറഞ്ഞുനിന്നത്. അത് 2012 മാർച്ച് 28ന് മാഷ് വിടപറയുന്നതുവരെ നീണ്ടു.

ചരിത്രത്തിന്റെ മൗനങ്ങളിലൂടെ തുളഞ്ഞുകയറി ചിന്തിക്കുന്ന ഒരു സ്വയം നിർമിത ചരിത്രാന്വേഷിയുടെ വേറിട്ട ലോകമായിരുന്നു അത്. ദാമോദരൻ മാഷിന്റെ ഏറ്റവും വലിയ കരുതൽ ഒരായുഷ്‍കാലംകൊണ്ട് വാങ്ങിക്കൂട്ടിയ പുസ്തകശേഖരമായിരുന്നു. സിനിമാ പുസ്തകങ്ങൾ അതിൽ വിരളമായിരുന്നു. റഷ്യൻ, ചൈനീസ്, ക്യൂബൻ വിപ്ലവങ്ങളുടെയും വിപ്ലവനായകന്മാരുടെ ആത്മകഥകളും ജീവചരിത്ര ഗ്രന്ഥങ്ങളും ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ അപൂർവ ചരിത്രപുസ്തകങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുമുറിയായ ഔട്ട് ഹൗസ്. അവിടെ വന്നെത്തുന്ന സി.പി.എം, സി.പി.ഐ., സി.പി.ഐ.എം.എൽ, സോഷ്യലിസ്റ്റ് പാർട്ടികളിലെ സുഹൃത്തുക്കളുമായി ചരിത്രത്തിലെ അപരിഹാര്യമായ പ്രഹേളികകൾക്ക് നിരന്തരം ഉത്തരം തേടിക്കൊണ്ടേയിരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണ രീതി.

വായിക്കാത്ത ഒരു പുസ്തകംപോലും ആ ലൈബ്രറിയിൽ ഉണ്ടായിരുന്നില്ല. ഏത് പുസ്തകമെടുത്താലും പെട്ടെന്ന് ഓർക്കാൻ പാകത്തിൽ പേജ് നമ്പർ ഇന്റക്സ് ചെയ്ത് അവസാനത്തെ താളിൽ എഴുതി വെക്കുന്നതായിരുന്നു മാഷിന്റെ രീതി. സംവാദങ്ങൾക്കിടയിൽ കൃത്യമായി പുസ്തകങ്ങളിൽനിന്നും ആവശ്യമുള്ള ഭാഗം എടുത്ത് വായിച്ചുകേൾപ്പിക്കുകയും അതിന്റെ പ്രതികരണം തേടുകയും ചെയ്യുകയെന്നത് മാഷിന്റെ പതിവായിരുന്നു. അതിൽ എന്നും ഓർക്കുന്നത് വ്യത്യസ്ത കമ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളായ എം.എം. ലോറൻസ്, പന്ന്യൻ രവീന്ദ്രൻ, ടി.എൻ. ജോയ്, കെ. വേണു, അജിത എന്നിവരുമായി നടന്ന സംവാദങ്ങളാണ്.

എഴുതിയ സിനിമകളെല്ലാം സിനിമയുടെ അങ്ങാടിക്ക് വേണ്ടി ചെയ്ത അഭ്യാസങ്ങളാണ് എന്നതായിരുന്നു മാഷിന്റെ നിലപാട്. അതുകൊണ്ട് തന്നെ അങ്ങാടിയുടെ സർവ പ്രത്യയശാസ്ത്രങ്ങളും ആഗ്രഹങ്ങളും ഇച്ഛകളും നിറഞ്ഞതായിരുന്നു ആ രചനകൾ. ആണത്തം അതിൽ 99 ശതമാനം സിനിമകളുടെയും അടിയൊഴുക്കായിരുന്നു. ‘ഇന്നല്ലെങ്കിൽ നാളെ’ (1983) എന്ന സിനിമയാണ് മാഷ് ത​ന്റെ പെൺമക്കൾക്കായി എഴുതിയ സിനിമ. ഫെമിനിസം കേരളത്തിൽ പിച്ചവെക്കുന്നേയുള്ളൂ അന്ന്.

ജയൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, രതീഷ്, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ താരനിർമിതിക്ക് മാഷി​ന്റെ രചനകൾ അടിവളമായി. മലയാള സിനിമയിൽ ഇടതുപക്ഷ വിമർശനത്തിന് തുടക്കമിട്ട രാഷ്ട്രീയ സിനിമകളിലും വലതുപക്ഷ പിന്തിരിപ്പൻ ഭാവുകത്വത്തിന് അടിത്തറയിട്ട മാഷി​ന്റെ സിനിമകളെയും വിമർശിച്ച് ഞാൻ എത്രയോ തർക്കിച്ചിട്ടുണ്ട്.

ത​ന്റെ സിനിമകളെ ഒരിക്കലും ന്യായീകരിക്കാൻ പുറപ്പെട്ടിട്ടുമില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ താൻ പറഞ്ഞിട്ടുണ്ട് എന്ന നിലപാടായിരുന്നു മാഷിന്റേത്. സഖാവ് പന്ന്യൻ രവീന്ദ്രനുമായി ദാമോദരൻ മാഷ് പങ്കുവെച്ചിരുന്ന സൗഹൃദം ഫുട്ബാളും രാഷ്ട്രീയവും ഒന്നിച്ച ഒരു മേഖലയായിരുന്നു. ബ്രസീലും റഷ്യയും കേരളവും ആ ഓർമകളിൽ തുടിച്ചുനിന്നു. സി.പി.ഐ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സഖാവ് പന്ന്യനുമായി ഒരു പകൽ മുഴുവനും നീണ്ടുനിന്ന സംവാദം ഞാൻ ഓർക്കുന്നു.

ഒന്നും രണ്ടും ലോകയുദ്ധങ്ങളും റഷ്യൻ വിപ്ലവവും കടന്ന് വൈകുന്നേരമായി കേരളത്തിൽ തിരിച്ചെത്താൻ. അപ്പോഴാണ് 1956 നവംബർ ഒന്നിന് കേരളപ്പിറവി ദീപശിഖയുമായി കോഴിക്കോടിന്റെ അതിർത്തി മുതൽ നഗരം വരെ ഓടിയ തന്റെ ചിത്രം അക്കാലത്തെ ‘നവയുഗം’ കവർ ആക്കിയിരുന്നു എന്നും അതിന്റെ ഒരു കോപ്പി ഒന്നുകൂടി കാണാൻ ആഗ്രഹമുണ്ട് എന്നും മാഷ് സഖാവ് പന്ന്യൻ രവീന്ദ്രനോട് പറയുന്നത്. സഖാവിന് അതൊരു അത്ഭുതമായിരുന്നു. ‘നവയുഗം’ കോപ്പി പാർട്ടി ആർക്കൈവിൽ കാണുമെന്നും അത് എന്തായാലും സംഘടിപ്പിക്കാമെന്നും അദ്ദേഹം ഏൽക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് എത്തുമ്പോൾ ഒന്ന് വിളിച്ച് ഓർമിപ്പിക്കണം എന്ന് എന്നെ പറഞ്ഞേൽപിച്ചിരുന്നു. ഞാൻ ഓർമപ്പെടുത്തുകയും ചെയ്തു. പിന്നെ മറ്റു തിരക്കുകൾക്കിടയിൽ എല്ലാവരും അത് മറന്നു. 2012 മാർച്ച് 28 -ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കുളിച്ച് പുറപ്പെട്ടിരിക്കുന്ന വേളയിലാണ് മരണം ആ ജീവൻ കവർന്നത്. സി.പി.എമ്മിന്റെ അഖിലേന്ത്യാ പാർട്ടി കോൺഗ്രസും അതിനോടനുബന്ധിച്ചുള്ള പരിപാടികളും കോഴിക്കോട്ട് നടക്കുന്ന സമയമായിരുന്നു അത്.

പാർട്ടി പരിപാടികൾ മാറ്റി​െവച്ചായിരുന്നു മാഷിന്റെ ശരീരം പൊതുസമൂഹത്തിന് ആദരവർപ്പിക്കാനായി ടൗൺഹാളിൽ വെച്ചത്. അവിടെവെച്ചു തന്നെയായിരുന്നു അനുശോചന യോഗവും. ഒരായുഷ് കാലം കമ്യൂണിസ്റ്റ് പാർട്ടികളുമായി നിരന്തരം സംവദിച്ച മാഷിന്റെ വിടവാങ്ങൽ പാർട്ടി വേദിയിൽ വെച്ചുതന്നെയായി. അവസാനത്തെ പൊതുപരിപാടിയും പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയെ നിശിതമായി വിമർശിച്ചായിരുന്നു മാഷി​ന്റെ പ്രസംഗം.

ടി. ദാമോദരൻ, ബഷീർ –ഫോട്ടോ: നീന ബാലൻ

മരണാനന്തരം വീട്ടിലെത്തിയ സഖാവ് പന്ന്യൻ കുറ്റബോധത്തോടെ പറഞ്ഞു: “മാഷ് ഒരൊറ്റ കാര്യമേ എന്നോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ‘നവയുഗ’ത്തിന്റെ കവറൊന്ന് കണ്ടുപിടിച്ച് അയച്ചുകൊടുക്കാനായിരുന്നു അത്. അതെനിക്ക് പാലിക്കാനായില്ല. വലിയ ദുഃഖമുണ്ട്.’’ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉടൻ പന്ന്യൻ വാക്കു പാലിച്ചു. 1956 നവംബർ ഒന്നിന്റെ കേരളപ്പിറവി ദീപശിഖയുമായി മാഷ് അടക്കമുള്ളവർ ഓടുന്ന നവയുഗത്തിന്റെ കവർ അയച്ചുതന്നു. 1956 നവംബർ 10ന്റെ ലക്കമായാണ് അത് അച്ചടിച്ചിരുന്നത്.

സിനിമ എന്ന സാമൂഹിക മൂലധനം

‘മാതൃഭൂമി’യുടെ സിനിമാ ബന്ധങ്ങൾക്ക് അടിത്തറപാകിയത് ‘ഗൃഹലക്ഷ്മി ഫിലിംസിന്റെ സിനിമാ സംരംഭങ്ങളാണ്. ആ സാമൂഹിക മൂലധനമാണ് ‘ചിത്രഭൂമി’യുടെയും ‘മാതൃഭൂമി’ ദിനപത്രത്തിലെ ഫിലിം പേജായ ‘താരാപഥ’ത്തിന്റെയും വളർച്ചക്ക് അടിവളമായത്. കേരള ഫിലിം ചേംബർ അധ്യക്ഷനെന്ന നിലക്കും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ അധ്യക്ഷനെന്ന നിലക്കും നിർമാതാക്കളുടെ ആഗോള സംഘടനയായ ‘ഫിയാഫി’ന്റെ വൈസ് പ്രസിഡന്റ് എന്ന നിലക്കും പി.വി.ജി ലോക സിനിമയുടെ നേട്ടങ്ങളുമായി ‘മാതൃഭൂമി’യെ കണ്ണിചേർത്തു. ഗൃഹലക്ഷ്മി ഫിലിംസിന്റെ ഒരു സിനിമയുടെ ഭാഗമാവുക എന്നത് സിനിമയുടെ ചരിത്രത്തിലെ മൂന്ന് പതിറ്റാണ്ടിൽ (1977-2006) ജനഹൃദയങ്ങളിലേക്കുള്ള ഒരു പാസ്പോർട്ടായി കരുതിപ്പോന്നു. ഐ.വി. ശശി-ടി. ദാമോദരൻ ടീമിന്റെ ‘അങ്ങാടി’യിലെ (1980) ജയനും ഹരിഹരൻ-എം.ടി ടീമിന്റെ ‘ഒരു വടക്കൻ വീരഗാഥ’യിലെ (1989) മമ്മൂട്ടിയുമൊക്കെ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നത് ഒരു നിർമാതാവ് എന്ന നിലക്കുള്ള പി.വി.ജി നേതൃത്വം കൊടുത്ത ടീം വർക്കിന്റെ ഗുണഫലമായാണ്.

1981 ൽ ‘അഹിംസ’യുടെ കാലത്താണ് ‘ചിത്രഭൂമി’യുടെ തുടക്കം. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആദ്യ കോഴിക്കോടൻ സിനിമ. ഐ.വി. ശശിക്കും ടി. ദാമോദരൻ മാഷിനുമൊപ്പം മോഹൻലാലിന് ആദ്യമായി ഒരു സിനിമക്ക് കോൾഷീറ്റിൽ ഒപ്പിടീച്ച്, പ്രതിഫലം നിശ്ചയിച്ച് നൽകുന്നത് ആ കൂട്ടായ്മയാണ്: 10,000 ആണെന്നാണ് ഓർമ. മമ്മൂട്ടിക്ക് ആദ്യമായി ഒരു സിനിമക്ക് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്ന ചിത്രവും ‘അഹിംസ’യാണ്. മികച്ച രണ്ടാമത്തെ നടൻ. മലയാള സിനിമയുടെ മുഖ്യധാരയിൽ മമ്മൂട്ടി-മോഹൻലാൽ കാലത്തിന്റെ ഉദ്ഘാടനം കുറിച്ചത് ഗൃഹലക്ഷ്മി ഫിലിംസി​ന്റെ ‘അഹിംസ’യാണ്.

മാഷി​ന്റെ അവസാന സിനിമ, വി.എം. വിനു സംവിധാനംചെയ്ത ‘യെസ് യുവർ ഓണർ’ (2006) ഗൃഹലക്ഷ്മിയുടെ ബാനറിൽ പി.വി.ജിയുടെ സംരംഭമായിരുന്നു. അതിന്റെ നൂറാം ദിന ആഘോഷം തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് പി.വി.ജി ഒരു സംഭവമാക്കി മാറ്റി. എം.എ. ബേബിയായിരുന്നു അന്ന് മുഖ്യാതിഥി. പിന്നെ ഒരു സിനിമ കൂടിയേ ഗൃഹലക്ഷ്മി എടുത്തുള്ളൂ: റോഷൻ ആൻഡ്രൂസി​ന്റെ ‘നോട്ട്ബുക്ക്’. അത് ആ പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കിയ പരാജയമായി മാറി. അതിൽനിന്നും ‘ഗൃഹലക്ഷ്മി’യെ പിടിച്ചുയർത്താൻ മലയാളം ഫിലിം ഇൻഡസ്ടി കൂടെ നിൽക്കണമായിരുന്നു. നിന്നില്ല. പിന്നെ ഒരു സിനിമ ഗൃഹലക്ഷ്മിയുടെ പേരിൽ ഉണ്ടായില്ല. വലിയൊരു ചരിത്രത്തിന് അത് അന്ത്യം കുറിച്ചു. പി.വി.ജിയുടെ പിന്മാറ്റം അവിടെ തുടങ്ങുന്നു.

2013ൽ ‘ചിത്രഭൂമി’യുടെ മരണം സംഭവിച്ചു. പി.വി.ജി സിനിമയിൽ ഇല്ലാതെ പോയതാണ് ‘ചിത്രഭൂമി’ മരണത്തിന്റെ ഒരു പ്രധാന കാരണം. ‘ഗൃഹലക്ഷ്മി’ ഫിലിംസിന്റെ തിരോധാനത്തിലൂടെ വലിയൊരു സാമൂഹിക മൂലധന നഷ്ടം ‘മാതൃഭൂമി’ക്കും സംഭവിച്ചിരുന്നു. പത്രത്തെയും അത് സാരമായി ബാധിച്ചു. സിനിമക്ക് ‘മാതൃഭൂമി’ ഒരു സാന്നിധ്യമല്ലാതായി മാറി. ഫിലിം ജേണലിസത്തിലെ ഒരു വലിയ കാലത്തിന്റെ അന്ത്യമായിരുന്നു ആ പൂട്ടിക്കെട്ടൽ.

 

പി.വി. ഗംഗാധരൻ,​ മോഹൻലാൽ

ഫെസ്റ്റിവൽ കാലം

എന്നെ ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാക്കി മാറ്റുന്നത് പി.വി.ജിയാണ്. 1987ലോ 88ലോ ആണ് ദില്ലി ഫെസ്റ്റിവലിന് പോകുന്നത്. 1992 മുതൽ ദീദിയുടെ പേരും അതിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് ഞങ്ങൾക്കുള്ള അക്രഡിറ്റേഷൻ എടുത്തുതരുന്നത്. കേരളത്തിൽനിന്നെത്തുന്ന ഓരോ ഡെലിഗേറ്റി​ന്റെയും എന്തു കാര്യത്തിനും പി.വി.ജിയുണ്ടാകുന്ന കാലമായിരുന്നു അത്. ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിന്റെ ബാറ്റൺ എന്റെ മുൻഗാമിയായ എ. സഹദേവൻ എന്നെ ഏൽപിച്ചതോടെ എനിക്ക് പ്രസ് അക്രഡിറ്റേഷൻ കിട്ടി.

ദീദി അപ്പോഴും ഗൃഹലക്ഷ്മി ഫിലിംസിന്റെ പ്രതിനിധിയായിരുന്നു. പിന്നെ മകൾ മുക്ത മുതിർന്നപ്പോൾ ആദ്യം പാപ്പാത്തി എന്ന പേരിലായിരുന്നു ഗൃഹലക്ഷ്മി ഫിലിംസി​ന്റെ പേരിൽ ‘ഇഫി’ ഡെലിഗേറ്റ് പാസ് പി.വി.ജി എടുപ്പിച്ചത്. ഗോവയിൽ ഫെസ്റ്റിവൽ എത്തിയപ്പോഴാണ് അത് നിന്നത്. അപ്പോഴേക്കും എല്ലാം ഡിജിറ്റലായി. പ്രായം തെളിയിക്കുന്ന സർക്കാർ രേഖ വേണം എന്ന നില വന്നതോടെ കുറച്ചുകാലം മകളുടെ യാത്രാ ഫെസ്റ്റിവൽ മുടങ്ങി. പി.വി.ജിക്കൊപ്പം അദ്ദേഹത്തി​ന്റെ ജീവിതപങ്കാളിയായ ഷെറിയേടത്തിയും എല്ലാ ഫെസ്റ്റിവലിനുമുണ്ടാകുമായിരുന്നു.

‘ജോൺ’ എന്ന സിനിമയും പി.വി.ജിയോട് കടപ്പെട്ടിരിക്കുന്നു. പി.വി.ജിയുടെ ഉപദേശം കേൾക്കാൻ ഞാൻ തയാറായതാണ് അത് സാധ്യമാക്കിയത്. തിരക്കഥാകൃത്ത് ടി.എ. റസാഖി​ന്റെ മരണത്തെ തുടർന്നുണ്ടായ കലാപത്തിൽ എന്നെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയ ഉടൻ ‘മാതൃഭൂമി’യിൽനിന്നും രാജിവെച്ച് പോകാനായിരുന്നു എ​ന്റെ തീരുമാനം. എന്നാൽ, അങ്ങനെ ഇറങ്ങിപ്പോയിരുന്നെങ്കിൽ അത്ര വർഷം പണിയെടുത്തതിന് കമ്പനിയിൽനിന്നും കിട്ടുന്ന ‘ഗ്രാറ്റ്വിറ്റി’ പൂർണമായും നഷ്ടപ്പെടുത്തുമായിരുന്നു. അക്കാര്യം വിളിച്ചുപറഞ്ഞ് ആ രാജി തടഞ്ഞത് പി.വി.ജിയായിരുന്നു. ആ ‘ഗ്രാറ്റ്വിറ്റി’യാണ് ‘ജോൺ’.

2023 ഒക്ടോബർ 13നാണ് പി.വി.ജി വിടപറയുന്നത്. മാതൃഭൂമി പത്രം പി.വി.ജിയുടെ മരണം സാമാന്യം നല്ലരീതിയിൽ കൈകാര്യംചെയ്തു. എന്നാൽ, ആഴ്ചപ്പതിപ്പ് അതെങ്ങനെ ചെയ്യും എന്ന് നോക്കിനിന്നവർക്ക് നിരാശയായിരുന്നു ഫലം. ഒരു ലേഖനംപോലും മാതൃഭൂമി ആഴ്ചപ്പതിപ്പ് പി.വി.ജിയെക്കുറിച്ച് നൽകിയില്ല. വലുപ്പച്ചെറുപ്പങ്ങൾ ചരിത്രത്തിൽ നിർമിക്കപ്പെടുന്നത് ഇത്തരം തിരഞ്ഞെടുപ്പുകളിലൂടെയാണ്.

ടി.പി. രാജീവ​ന്റെ നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം –ഒരു പാതിരാകൊലപാതകത്തി​ന്റെ കഥ’ (2009) എന്ന സിനിമയിൽ ദാമോദരൻ മാഷ് ചെയ്ത വേഷം ആ മരണത്തി​ന്റെ വേളയിൽ പല ചാനലുകളും സംപ്രേക്ഷണംചെയ്തിരുന്നത് ഓർക്കുന്നു. ഓർമകൾ കാത്തുസൂക്ഷിക്കുന്ന കെ.പി. ഹംസ എന്ന ഒരു പഴയ കമ്യൂണിസ്റ്റുകാര​ന്റെ വേഷമായിരുന്നു അത്. പാതിരാ കൊലപാതകത്തി​ന്റെ രഹസ്യം തേടി പാലേരിയിലെത്തുന്ന ഹരി എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഹംസയെ തേടി വീട്ടിലെത്തുന്ന സീനിലെ ഡയലോഗുകൾ ഏതോ അർഥത്തിൽ മാഷെക്കൊണ്ട് ആത്മകഥ എഴുതിപ്പിക്കാൻ വി.ആർ. സുധീഷ് വീട്ടിൽ വന്ന സന്ദർഭത്തെ ഓർമിപ്പിക്കുന്നതാണ്.

 

മമ്മൂട്ടിക്കൊപ്പം പി.വി. ഗംഗാധരൻ

“ഹരി: നിങ്ങൾ ആർക്കോവേണ്ടി പേറുന്ന ഭാരമാണിത്. അതിറക്കിവെക്കാൻ സമയമായി, കെ.പി ഇനിയുള്ള ജീവിതം ലാഘവത്തോടെ നടന്നുതീർക്കൂ.

ഹംസ ഒന്നു ചിരിച്ചു.

ഹംസ: സുഖമരണം ആശംസിക്കുകയാണോ മിസ്റ്റർ? ഞാൻ കൊണ്ടുനടക്കുന്ന കുറേയധികം ഭാരങ്ങളും വേദനകളുമുണ്ട്. ങാ, അതെന്നോടൊപ്പം മണ്ണിൽ ചേർന്നോളും.

അയാൾ അകത്തേക്ക് കയറി വാതിലടച്ചു.’’

ആറ് പതിറ്റാണ്ടി​ന്റെ ഓർമകളുടെ ഖനി അങ്ങനെ ഓർമയുടെ ചരിത്രത്തി​ന്റെ ഭാഗമാകാതെ മൺമറഞ്ഞു.

(തുടരും)

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.