കളി മാറിയ യു.പിയും ബിഹാറും

ബി.ജെ.പിയും ഇൻഡ്യ മുന്നണിയുമെല്ലാം പ്രാധാന്യം നൽകുന്ന രണ്ട്​ സംസ്​ഥാനങ്ങളാണ്​ ഉത്തർ​പ്രദേശും ബിഹാറും. ഇവിടെ 120 സീറ്റുകളിലെ നേട്ടം അഖിലേന്ത്യാതലത്തിൽ അധികാരത്തെ നിശ്ചയിക്കും. എന്താണ്​ ഇൗ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ അവസ്ഥകൾ?ഉത്തർപ്രദേശും ബിഹാറും ചേർന്നാൽ ലോക്സഭയിലെ ആകെ സീറ്റുകളുടെ അഞ്ചിലൊന്നും തീർന്നു. ഈ രണ്ട് സംസ്ഥാനങ്ങളും തൂത്തുവാരിയാണ് 2019ൽ മോദി അനായാസം രണ്ടാമൂഴത്തിനെത്തിയത്. ഇത്തവണയും ഹിന്ദി ബെൽറ്റിലെ ഈ രണ്ടു സംസ്ഥാനങ്ങളിലെ 120 സീറ്റുകളിൽ പരമാവധി പിടിച്ച് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ള തിരിച്ചടികളെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. രണ്ടിടങ്ങളിലും...

ബി.ജെ.പിയും ഇൻഡ്യ മുന്നണിയുമെല്ലാം പ്രാധാന്യം നൽകുന്ന രണ്ട്​ സംസ്​ഥാനങ്ങളാണ്​ ഉത്തർ​പ്രദേശും ബിഹാറും. ഇവിടെ 120 സീറ്റുകളിലെ നേട്ടം അഖിലേന്ത്യാതലത്തിൽ അധികാരത്തെ നിശ്ചയിക്കും. എന്താണ്​ ഇൗ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ അവസ്ഥകൾ?

ഉത്തർപ്രദേശും ബിഹാറും ചേർന്നാൽ ലോക്സഭയിലെ ആകെ സീറ്റുകളുടെ അഞ്ചിലൊന്നും തീർന്നു. ഈ രണ്ട് സംസ്ഥാനങ്ങളും തൂത്തുവാരിയാണ് 2019ൽ മോദി അനായാസം രണ്ടാമൂഴത്തിനെത്തിയത്. ഇത്തവണയും ഹിന്ദി ബെൽറ്റിലെ ഈ രണ്ടു സംസ്ഥാനങ്ങളിലെ 120 സീറ്റുകളിൽ പരമാവധി പിടിച്ച് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ള തിരിച്ചടികളെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. രണ്ടിടങ്ങളിലും 2019ൽ നേടിയതിലും വലിയ വിജയം തങ്ങൾ നേടുമെന്ന ബി.ജെ.പിയുടെയും മോദിയുടെയും അവകാശവാദം പുലരണമെങ്കിൽ ബിഹാറിൽ പ്രതിപക്ഷം സംപൂജ്യരാകുകയും യു.പിയിൽ ബി.ജെ.പി 64നപ്പുറം കടക്കുകയും വേണം. ഇത്തരമൊരു ഫലമാണ് ബി.ജെ.പിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും അവരുടേതായി ആദ്യം വന്ന ചില സർവേകളും പ്രവചിക്കുന്നത്.

80 എം.പിമാരെ ലോക്സഭയിലേക്കെത്തിച്ച് യു.പി ജയിച്ചാൽ കേന്ദ്രം പിടിച്ചു എന്ന തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന സംസ്ഥാനമാണ് യു.പി. ആ അർഥത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കുള്ള ​പ്രവേശന കവാടമാണ് യു.പി തലസ്ഥാനമായ ലഖ്നോ. അത്ര കണ്ട് ശക്തരല്ലാത്ത, ചില മേഖലകളിൽ മാത്രം സ്വാധീനമുള്ള ഏതാനും പ്രാദേശിക കക്ഷികളെ ചേർത്തുപിടിച്ചുണ്ടാക്കിയ എൻ.ഡി.എയുടെ സീറ്റു വിഭജനത്തിന്റെ സിംഹഭാഗവും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കുതന്നെ. മറുഭാഗത്ത് കേന്ദ്രത്തിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 17 ലോക്സഭാ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 63 സീറ്റുകളിൽ ഏറിയ പങ്കും യു.പിയിലെ മുഖ്യ ഇൻഡ്യ ഘടക കക്ഷിയായ സമാജ്‍വാദി പാർട്ടിക്കാണ്.

400 കടക്കുമെന്ന് അവകാശപ്പെടുമ്പോഴും കേവല ഭൂരിപക്ഷംപോലും നേടാൻ അത്യധ്വാനം ചെയ്യുന്ന ബി.ജെ.പി, യു.പിയിൽ കഴിഞ്ഞതവണ തങ്ങൾക്ക് കിട്ടാതെ പോയ 16 സീറ്റുകളിൽനിന്ന് എത്രയെണ്ണംകൂടി കൈക്കലാക്കാമെന്ന ചിന്തയിലാണ്. മോദിയും ബി.ജെ.പിയും നേരത്തേ കരുതിയപോലെ രാമ​ക്ഷേത്രമോ, ഹിന്ദു-മുസ്‍ലിം ധ്രുവീകരണ വിഷയങ്ങളോ കാര്യമായ തരംഗമുണ്ടാക്കാത്ത യു.പിയിൽ പാർട്ടിക്ക് മറുവഴികൾ കണ്ടെത്തേണ്ടിവന്നത് അതുകൊണ്ടാണ്.

ജാട്ട് നേതാവ് മുൻ പ്രധാനമന്ത്രി ചരൺ സിങ്ങിന് ഭാരതരത്നം നൽകി അദ്ദേഹത്തിന്റെ പിൻഗാമി ജയന്ത് ചൗധരി നയിക്കുന്ന രാഷ്ട്രീയ ലോക്ദളിൽനിന്ന് അടർത്തിയെടുത്ത് യു.പിയിൽ ബി.ജെ.പിക്ക് പരമാവധി പരിക്കേൽപിക്കണമെന്ന ഇൻഡ്യ സഖ്യത്തിന്റെ നിശ്ചയദാർഢ്യത്തെ ഇളക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് ആർ.എൽ.ഡിയുടെ കൊഴിഞ്ഞുപോക്ക് സൃഷ്ടിച്ച ശൂന്യത നികത്താൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞിട്ടുമില്ല. ജയന്ത് ചൗധരി പോയതുകൊണ്ട് മോദിവിരുദ്ധരായ കർഷകരുടെ വോട്ടുകൾ തങ്ങൾക്ക് നഷ്ടപ്പെടില്ലെന്ന് ആശ്വാസം കൊള്ളുകയാണിപ്പോൾ ഇൻഡ്യ സഖ്യം.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്

ആദ്യഘട്ട വോട്ടെടുപ്പിലേക്ക് ഉത്തർപ്രദേശ് നീങ്ങുമ്പോഴും അമേത്തിയിലും റായ്ബറേലിയിലും ആരെ നിർത്തണമെന്ന് കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. വയനാടിന് പുറമെ രാഹുൽ ഗാന്ധി അമേത്തിയിൽകൂടി മത്സരിക്കണമെന്ന് യു.പി കോൺഗ്രസ് ആവശ്യപ്പെടുന്നതിനിടയിൽ തനിക്കൊന്ന് മത്സരിച്ചാൽ കൊള്ളാമെന്ന മോഹവുമായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര രംഗത്തുണ്ട്. സോണിയ രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലിയിൽ പ്രിയങ്ക വരണമെന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒരുപോലെ ആഗ്രഹിക്കുന്നത്.

ബി.ജെ.പി 62ഉം സഖ്യകക്ഷിയായ അപ്നാ ദൾ രണ്ടും എം.പിമാരെ ലോക്സഭയിലെത്തിച്ച 2019ലെ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബി.എസ്.പിക്ക് 10 സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും അഖിലേഷ് യാദവിന്റെ എസ്.പി അഞ്ചിലൊതുങ്ങി. അമേത്തിയിൽ രാഹുൽ ഗാന്ധിപോലും തോറ്റ തെരഞ്ഞെടുപ്പിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലി നേടിയത് മാത്രമായിരുന്നു കോൺഗ്രസിന്റെ ആശ്വാസം. ഫലത്തിൽ ഓരോ എം.പിയെയുമായി യു.പിയും ബിഹാറും ഒരുപോലെ കോൺഗ്രസിനെ ഒന്നിലൊതുക്കി.

2019ൽ പ്രതിപക്ഷത്ത് ബി.എസ്.പിയുണ്ടാക്കിയ ഈ നേട്ടം എസ്.പിയുടെയും ആർ.എൽ.ഡിയുടെയും കൂടി ആൾബലത്തിലായിരുന്നുവെങ്കിൽ 2024ൽ ഈ മൂന്ന് പാർട്ടികളും മൂന്ന് ചേരികളായി തിരിഞ്ഞ് പരസ്പരം ത്രികോണ മത്സരത്തിലായി. കഴിഞ്ഞതവണ എസ്.പിക്കൊപ്പമുണ്ടായിരുന്ന ബി.എസ്.പി ഇക്കുറി എസ്.പിയും കോൺഗ്രസും പ്രതീക്ഷവെക്കുന്ന മണ്ഡലങ്ങളിൽ മുസ്‍ലിം, ബ്രാഹ്മണ സ്ഥാനാർഥികളെ നിർത്തി വോട്ടു പിളർത്താനുള്ള കളിയിലാണ്.

നാലുവട്ടമായി 46 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ബി.എസ്.പി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക നോക്കിയാൽ ശരിക്കും ബി.ജെ.പിയുടെ ‘ബി’ ടീമാണെന്ന് തോന്നിപ്പോകും. മുസ്‍ലിം വോട്ടുകൾ ഏറെ നിർണായകമായ 11 മണ്ഡലങ്ങളിലാണ് മായാവതി മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. സഹാറൻപുർ, മുറാദാബാദ്, റാംപുർ, സംഭാൽ, അംറോഹ, കനോജ്, ലഖ്നോ എന്നിവ അതിലുൾപ്പെടും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സഹാറൻപുരിൽ കോൺഗ്രസ് സ്ഥാനാർഥി ഇംറാൻ മസൂദിന് കൽപിച്ചിരുന്ന ജയസാധ്യത മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റായ ബി.എസ്.പിയുടെ ജാവേദ് അലിയുടെ വര​വോടെ മങ്ങിക്കഴിഞ്ഞു. എസ്.പിയുടെകൂടി വോട്ട് വാങ്ങി ജയിച്ച സിറ്റിങ് എം.പി ഹാജി ഫസ്റുൽ റഹ്മാനെ മാറ്റിയാണ് ജാവേദ് അലിയെ ബി.എസ്.പി ഇറക്കിയത്. അതേ ബി.എസ്.പി കഴിഞ്ഞതവണയും തോറ്റ ഇംറാൻ മസൂദിനെ കോൺഗ്രസ് ഇറക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് തിരിച്ചാരോപിക്കുന്നു.

 

നിതീഷ് കുമാർ

ബി.എസ്.പി പതിവായി നിഷാദ്, ബ്രാഹ്മണ സ്ഥാനാർഥികളെ നിർത്താറുള്ള യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിലും ബി.എസ്.പി ഇക്കുറി മുസ്‍ലിം സ്ഥാനാർഥിയെ ഇറക്കി. ഗണ്യമായ മുസ്‍ലിം വോട്ടർമാരുള്ള മണ്ഡലത്തിൽ എസ്.പിക്ക് വീഴുന്ന മുസ്‍ലിം വോട്ടുകൾ പിളർത്താൻ ബി.എസ്.പി സ്ഥാനാർഥി ഗോരഖ്പൂരിലെ പുകൾപെറ്റ മുസ്‍ലിം കുടുംബത്തിൽനിന്നുള്ള ജാവേദ് സിംനാനിക്കാകും. ബി.ജെ.പിയുടെ മറ്റൊരു പ്രസ്റ്റിജ് മണ്ഡലമായ മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങും മകൻ രാജ് വീർ സിങ്ങും പ്രതിനിധാനം ചെയ്ത ഇറ്റായിൽ മുൻ കോൺഗ്രസ് നേതാവ് മുഹമ്മദ് ഇർഫാനെയാണ് ബി.എസ്.പി ഇറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര ​മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കുന്ന വാരാണസിയിൽ അത്തർ ജമാൽ ലാരി എന്ന മുസ്‍ലിം സ്ഥാനാർഥിയെ മായാവതി ഇറക്കി.

പഴയതുപോലെ ഹിന്ദു-മുസ്‍ലിം ധ്രുവീകരണ ശ്രമങ്ങൾ ഏശാത്ത പടിഞ്ഞാറൻ യു.പിയിലെ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ നിരവധി റാലികളാണ് മായാവതി ഒരുക്കിയത്. മുറാദാബാദിലും പിലിഭിത്തിലും നഗീനയിലും ബിജ്നോറിലും നേരിട്ട് ചെന്നാണ് മായാവതിയുടെ പ്രചാരണം. മുസഫർനഗറിൽ വന്ന് മായാവതി 2013ലെ കലാപത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് എസ്.പിയുടെ ഭരണകാലത്താണ് നടന്നതെന്ന് മുസ്‍ലിംകളെ ഓർമിപ്പിച്ചു.

മായാവതിയുടെ അനന്തരാവകാശി ആകാശ് ആനന്ദ് രാമക്ഷേത്രത്തിന് പകരം പുതുതായി പണിയാനുള്ള ബാബരി മസ്ജിദ് എടുത്തിട്ടാണ് മുസ്‍ലിം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചാരണം നടത്തുന്നത്. രാമക്ഷേത്രത്തിനൊപ്പം കോടതി വിധിച്ച ബാബരി മസ്ജിദ് കൂടി പണിതിരുന്നുവെങ്കിൽ ബി.എസ്.പി ബി.ജെ.പിയെ പിന്തുണക്കുമായിരുന്നുവെന്നാണ് ആകാശിന്റെ അവകാശവാദം. അക്ബർപുർ, മിർസാപുർ, ഉന്നാവ്, ഫൈസാബാദ്, ബസ്തി എന്നിവിടങ്ങളിൽ ബി.എസ്.പി നിർത്തിയ ബ്രാഹ്മണ സ്ഥാനാർഥികൾ പിളർത്തുന്ന വോട്ടുകളും ക്ഷീണമേൽപിക്കുക ഇൻഡ്യ സഖ്യത്തെയാണ്.

യു.പിയുടെ നേർ പകു​തി സീറ്റേ ബിഹാറിലുള്ളൂവെങ്കിലും യു.പിയെ പോലെ ഏഴ് ഘട്ടമാക്കി കമീഷൻ തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കുന്നതും ബി.ജെ.പിക്കു വേണ്ടിയാണെന്ന് പ്രതിപക്ഷം പറയുന്നതിൽ കഴമ്പില്ലാതില്ല. ഓരോ മണ്ഡലത്തിലും ബി.ജെ.പി നിർത്തിയ സ്ഥാനാർഥികളെ കുറിച്ചുള്ള ചർച്ച ഉയർന്നുവരാത്ത തരത്തിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയെ മാത്രം മുന്നിൽ നിർത്തിയുള്ള ‘വൺമാൻ ഷോ’ നടത്താനുള്ള സാവകാശമാണ് ബിഹാറിലെ 40 മണ്ഡലങ്ങളെ ഏഴാക്കി മുറിച്ച് തെരഞ്ഞെടുപ്പ് നടത്തിക്കൊടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സാധ്യമാക്കിക്കൊടുത്തത്.

 

ഡി. രാജ,പ്രിയങ്ക ഗാന്ധി

കൊണ്ടുപിടിച്ച പ്രചാരണത്തിലൂടെ ഏകപക്ഷീയമായി പ്രസിഡൻഷ്യൽ രീതിയിലാക്കിയ പൊതു തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ബിഹാറിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും തന്റെ സാന്നിധ്യം അറിയിക്കാവുന്ന തരത്തിൽ മോദിക്ക് പര്യടനം നടത്താവുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് സമയക്രമം. കേവലം നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതെന്നോർക്കണം. ഔറംഗാബാദ്, ഗയ, നവാഡ, ജാമുയി എന്നിവയാണവ.

പിന്നീട് രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ്. കിഷൻഗഞ്ച്, കട്ടീഹാർ, പുരുണിയ, ഭഗൽപുർ, ബാങ്ക എന്നിവിടങ്ങളിൽ രണ്ടാം ഘട്ടത്തിലും ​ഝാഞ്ചർപുർ, സുപോൾ, അററിയ, മധേപുര, ഖഗരിയ എന്നിവിടങ്ങളിൽ മൂന്നാം ഘട്ടത്തിലും ദർഭംഗ, ഉജിയാർപുർ, സമസ്തിപുർ, ബേഗുസരായ്, മുംഗേർ എന്നിവിടങ്ങളിൽ നാലാം ഘട്ടത്തിലുമാണ് പോളിങ്. ബിഹാറിന് പുറമെ ബംഗാളിൽ മാത്രമാണ് ഇങ്ങനെ ബി.ജെ.പിക്ക് അനുഗുണമായ തരത്തിൽ പരമാവധി ഘട്ടങ്ങളാക്കിയുള്ള വോട്ടെടുപ്പ്.

ഏപ്രിൽ 19ലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുമ്പെ നടന്ന അഭിപ്രായ സർവേകളിൽ ഉന്നയിച്ച ചോദ്യങ്ങളും ആയിരമോ രണ്ടായിരമോ പേരുടെ അഭിപ്രായങ്ങളും വ്യക്തമാക്കുന്നതും മോദിയെ മുൻനിർത്തിയുള്ള ബി.ജെ.പിയുടെ വൺമാൻ ഷോ മാത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇൻഡ്യ സഖ്യത്തിന് ഏറെ സാധ്യത കൽപിച്ചിരുന്ന ബിഹാറിൽ എ.ബി.പി-സീ വോട്ടർ പുറത്തുവിട്ട ആദ്യ അഭിപ്രായ സർവേയിൽ 50 ശതമാനത്തിലേറെ വോട്ടും എൻ.ഡി.എക്ക് ആയിരിക്കുമെന്നും അതിനു കാരണം നരേന്ദ്ര മോദി ആയിരിക്കുമെന്നും പ്രവചിച്ചു.

 

തേജസ്വി യാദവ്

തങ്ങളുടെ സർവേയിൽ പ​ങ്കെടുത്ത 69 ശതമാനം പേരും പ്രധാനമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്നത് മോദിയാണെന്നും എ.ബി.പി-സീ വോട്ടർ പറയുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമ​ന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് മറുത്ത് അഭിപ്രായം പറഞ്ഞത് കേവലം 23 ശതമാനം പേർ മാത്രമാണെന്നും ഇൻഡ്യ സഖ്യത്തിന് ബിഹാറിൽ ആകെ കിട്ടുക 36 ശതമാനം വോട്ടുമാത്രമാ​ണെന്നും സർവേ പ്രവചിക്കുന്നു. 2019ൽ 40ൽ 39ഉം നേടിയ എൻ.ഡി.എ ഇക്കുറി 40 സീറ്റും തൂത്തുവാരി ഒരു സീറ്റ് പോലും ‘ഇൻഡ്യ’ക്ക് ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാമെന്നാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അവസാന മണിക്കൂറിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചുവടുമാറ്റം തീർത്ത ആഘാതത്തിൽനിന്ന് മോചനം നേടാൻ ഇൻഡ്യ സഖ്യം അൽപം സമയമെടുത്തു. നിതീഷിന്റെ ചാട്ടത്തിന് ശേഷം സീറ്റുധാരണയിൽ തങ്ങൾക്ക് നേരത്തേ കിട്ടിയ 26 സീറ്റുകളിൽ മൂന്നെണ്ണം നൽകി മുൻ ബിഹാർ മന്ത്രി മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയെ സഖ്യത്തി​ലേക്ക് കൊണ്ടുവരാൻ തേജസ്വിക്കായി. നിതീഷിനെതിരായ വികാരം പരമാവധി വോട്ടാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് തേജസ്വി.

 

റോബർട്ട് വാദ്ര,കനയ്യകുമാർ

അതേസമയം, രാജ്യത്തെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട നിർണായക ഘട്ടത്തിലും സ്വന്തം സ്വാർഥമോഹങ്ങൾ കൈവെടിയാൻ തങ്ങൾ തയാറല്ലെന്ന് ഇൻഡ്യ സഖ്യത്തിലെ വിവിധ കക്ഷികൾ ബിഹാറിലും തെളിയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാറും ആർ.ജെ.ഡി വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി ഒടുവിൽ കോൺഗ്രസിൽ അഭയം പ്രാപിച്ച പപ്പു യാദവും കണ്ടുവെച്ച സീറ്റുകൾ വിട്ടുനൽകില്ലെന്ന് തേജസ്വിയും ലാലുവും ഒരുപോലെ ശഠിച്ചു.

കനയ്യ കുമാറിലൂടെയും പപ്പു യാദവിലൂടെയും ബിഹാറിൽ പാർട്ടിയുടെ ഉണർവ് കോൺഗ്രസ് സ്വപ്നം കണ്ടിരുന്നു. എന്നാൽ, തേജസ്വിയുടെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുന്ന ഒരു നീക്കുപോക്കിനും സാധ്യമല്ലെന്നാണ് ലാലുവും ആർ.ജെ.ഡിയും ഈ നടപടിയിലൂടെ വ്യക്തമാക്കിയത്. ഇൻഡ്യ സഖ്യത്തിന്റെ വീതംവെപ്പിൽ ആർ.ജെ.ഡിക്ക് ലഭിച്ച 23 സീറ്റുകളിൽ രണ്ടെണ്ണം ലാലുവിന്റെ പെൺമക്കളായ മിസ ഭാരതിക്കും രോഹിണി ആചാര്യക്കും നൽകുകയും ചെയ്തു. രാജ്യസഭാംഗമായ മിസ പാടലിപുത്രയിലും ​ലാലുവിന് വൃക്ക ദാനം നൽകിയ രോഹിണി സരണിലുമാണ് മത്സരിക്കുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് കമ്യൂണിസ്റ്റുകളോട് മത്സരിച്ച് ഇടതുപക്ഷം ശക്തമായ കേരളത്തിൽനിന്ന് പരമാവധി സീറ്റുകൾ നേടാൻ നോക്കുന്നതിലെ സ്വാർഥത ​ചോദ്യം ചെയ്ത സി.പി.ഐ തങ്ങളെ വിട്ട് കോൺഗ്രസിലേക്ക് കൂടുമാറിയ കനയ്യ കുമാർ ബിഹാറിൽ സ്വന്തം തട്ടകമായ ബേഗുസരായി മണ്ഡലത്തിൽ മത്സരിക്കുന്നത് തടഞ്ഞു. സി.പി.ഐക്ക് അവകാശപ്പെട്ട മണ്ഡലം കോൺഗ്രസിന് നൽകില്ലെന്ന് ഉറപ്പുവരുത്താൻ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പട്നയിലെത്തി ലാലുവിനെയും തേജസ്വിയെയും കണ്ടു.

മുസ്‍ലിം-യാദവ സഖ്യത്തിന്റെ ബലത്തിൽ ലാലു പ്രസാദ് യാദവ് വളർത്തിയെടുത്ത രാഷ്ട്രീയ ജനതാദളാണ് ഇൻഡ്യ സഖ്യത്തിന്റെ ബിഹാറിലെ നട്ടെല്ല്. ബിഹാറിലെ ജാതി സർവേപ്രകാരം 14.26 ശതമാനമാണ് യാദവരെങ്കിൽ 17.7 ​ശതമാനമാണ് മുസ്‍ലിംകൾ. ബിഹാറിന്റെ ഭാവിഭാഗധേയം 31 ശതമാനം വരുന്ന മുസ്‍ലിം-യാദവ വോട്ടുകൾ നിർണയിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ലാലുവിന്റെ പാർട്ടി തങ്ങൾക്ക് ലഭിച്ച 23 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഇക്കുറി മുസ്‍ലിംകൾക്ക് നൽകിയത്. മുൻ കേ​ന്ദ്ര മന്ത്രി മുഹമ്മദ് തസ്‍ലീമുദ്ദീന്റെ മകൻ ഷാനവാസ് ആലം മത്സരിക്കുന്ന മുസ്‍ലിം വോട്ടർമാർക്ക് ആധിപത്യമുള്ള അററിയയും എം.എ.എ ഫാത്വിമി മത്സരിക്കുന്ന മധുബനിയുമാണവ. ജോകിഹട്ട് നിയമസഭാ മണ്ഡലത്തിൽനിന്ന് അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ സ്ഥാനാർഥിയായി മത്സരിച്ച് ബിഹാർ നിയമസഭയിലെത്തിയ ഷാനവാസ് ആലം തന്നെപ്പോലെ എ.ഐ.എം.ഐ.എം ടിക്കറ്റിൽ ജയിച്ച് നിയമസഭയിലെത്തിയ മറ്റു മൂന്ന് എം.എൽ.എമാരെയും കൂട്ടി ആർ.ജെ.ഡിയിൽ ചേരുകയായിരുന്നു.

മറുഭാഗത്ത് എൻ.ഡി.എ സഖ്യത്തിലുള്ള നിതീഷ് കുമാറിന്റെ ജനതാദൾ-യു തങ്ങൾക്ക് കിട്ടിയ 16 സീറ്റുകളിൽ ഏക സീറ്റാണ് മുസ്‍ലിം സ്ഥാനാർഥിക്ക് നൽകിയത്. കൊച്ചാധമൻ എം.എൽ.എ മുജാഹിദ് ആലം കിഷൻഗഞ്ച് ലോക്സഭാ മണ്ഡലത്തിൽനിന്നാണ് ജെ.ഡി.യു ടിക്കറ്റിൽ ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. തങ്ങൾക്കുള്ള ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് നിർത്തിയ രണ്ട് മുസ്‍ലിം സ്ഥാനാർഥികളിലൊരാൾ മത്സരിക്കുന്നതും കിഷൻഗഞ്ചിലാണ്. 40ൽ 39ഉം എൻ.ഡി.എ തൂത്തുവാരിയ 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ജയിച്ച ഏകസീറ്റായ കിഷൻഗഞ്ചിൽ കോൺഗ്രസിന്റെ സിറ്റിങ് എം.പി മുഹമ്മദ് ജാവേദാണ് ഇക്കുറിയും മത്സരിക്കുന്നത്.

 

യോഗി ആദിത്യനാഥ് ബി.ജെ.പി നേതാക്കൾക്കൊപ്പം

എ.​ഐ.എം.ഐ.എം സ്ഥാനാർഥിയായി പാർട്ടിയുടെ ബിഹാർ പ്രസിഡന്റ് മുഹമ്മദ് അക്തറുൽ ഈമാൻ കൂടി രംഗത്തുവന്നതോടെ കിഷൻഗഞ്ച് ബിഹാറിൽ മുസ്‍ലിം സ്ഥാനാർഥികളുടെ ത്രികോണ മത്സരത്തിന് ഒരുങ്ങി. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറിയും മുൻ എം.പിയുമായിരുന്ന താരീഖ് അൻവർ കട്ടീഹാറിലും മത്സരിക്കുന്നു.

Tags:    
News Summary - weekly articles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.