ഹായ്, ഞങ്ങള്‍ ഉല്‍കൃഷ്​ട വാതകങ്ങൾ. പക്ഷേ, പൊതുവെ എല്ലാവരും ഞങ്ങളെ വിളിക്കുന്നത് അലസവാതകങ്ങൾ എന്നാണ്. ഇതുമാത്രമല്ല, വിശിഷ്​ട വാതകങ്ങളെന്നും നിഷ്‌ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറു മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്‌റ്റോണ്‍, സെനോണ്‍, റഡോണ്‍ എന്നിവയാണ് ഞങ്ങള്‍. സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ വില്യം റാംസേയാണ് ഞങ്ങളുടെ പിതാവ്.

ഞങ്ങളെ നിഷ്‌ക്രിയമാക്കുന്നത് സംയോജക ഇലക്ട്രോണ്‍ വിന്യാസമാണ്. അതെ, ഞങ്ങളുടെ സംയോജകത പൂജ്യമാണ്. നിഷ്‌ക്രിയ വാതകങ്ങളായതുകൊണ്ട് ഞങ്ങള്‍ സ്വതന്ത്രാവസ്ഥയില്‍ സ്ഥിതിചെയ്യുന്നു, അതുകൊണ്ടുതന്നെ മറ്റു മൂലകങ്ങളുമായും സംയുക്തങ്ങളുമായും വളരെ വിരളമായേ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയുള്ളൂ. ഞങ്ങള്‍ക്ക് പ്രത്യേകിച്ച് നിറമോ മണമോ രുചിയോ ഇല്ല.

ഹീലിയം

അറ്റോമിക് നമ്പര്‍ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ കൂട്ടത്തില്‍ ഏറ്റവും ഇളയത് ഞാനാണ്, എ​െൻറ അറ്റോമിക് നമ്പര്‍ 2. പ്രപഞ്ചത്തില്‍ ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത്, അതായത് 24 ശതമാനവും ഞാനാണ്. നക്ഷത്രങ്ങളിലെ സംലയന പ്രക്രിയമൂലം എ​െൻറ അളവ് പ്രപഞ്ചത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ക്വഥനാങ്കവും ദ്രവണാങ്കവും ഏറ്റവും കുറവുള്ളതും ഘര്‍ഷണം ഒട്ടുമില്ലാത്തതും ഭാരത്തില്‍ ഹൈഡ്രജനു തൊട്ടുപിന്നില്‍ നിൽക്കുന്നതും ഞാന്‍തന്നെ. ഭാരം കുറഞ്ഞതും വേഗമേറിയവയുമായതിനാല്‍ എ​െൻറ തന്മാത്രകള്‍ക്ക് ഭൂഗുരുത്വാകര്‍ഷണത്തെ മറികടക്കാനാകും. താപനില കേവലപൂജ്യത്തിനടുത്തെത്തിച്ചാല്‍ ഞാന്‍ അതിദ്രാവകമായി മാറും. അതായത് ഒരു ബീക്കറില്‍ ഒഴിച്ചു​െവച്ചാല്‍, ബീക്കറില്‍ക്കൂടി മുകളിലോട്ടുകയറി പുറത്തേക്കൊഴുകും. മാത്രമല്ല, മിക്ക വാതകങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത ചെറിയ ദ്വാരത്തില്‍ കൂടിയും ഞാന്‍ കടന്നുപോകും, ഈ അവസ്ഥയില്‍ എന്നെ ഹീലിയം II എന്ന് വിളിക്കും.

എ​െൻറ ജ്വലനശേഷി കുറവായതിനാല്‍ എന്നെ എയര്‍ഷിപ്പുകളിലും ബലൂണുകള്‍ നിറക്കാനും സമുദ്രാന്തര യാത്രക്കാര്‍ക്കും ആസ്​ത്​മ രോഗികള്‍ക്കും ശ്വസിക്കാനുള്ള ഓക്‌സിജന്‍ നേര്‍ത്തതാകുന്നതിനും വലിയ വിമാനങ്ങളുടെ ടയര്‍ നിറക്കാനും ഉപയോഗിക്കുന്നു.

നിയോണ്‍

എ​െൻറ അറ്റോമിക് നമ്പര്‍ 10 ആണ്. ഭൂമിയില്‍ എ​െൻറ അളവ് വളരെ കുറവാണെങ്കിലും പ്രപഞ്ചത്തില്‍ കൂടുതലാണ്. ഞങ്ങളില്‍ ഏറ്റവും കുറഞ്ഞ ദ്രാവക പരിധിയുള്ളതും ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയതും എനിക്കാണ്. പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിളക്കുകളിലും വാക്വം ട്യൂബുകളിലും ടെലിവിഷന്‍ ട്യൂബുകളിലും മിന്നല്‍രക്ഷ ഉപകരണങ്ങളിലും ചില സന്ദര്‍ഭങ്ങളില്‍ എ​െൻറ ദ്രാവകാവസ്ഥയെ ശീതീകാരകമായി ഉപയോഗിക്കാറുണ്ട്.

ആര്‍ഗണ്‍

എ​െൻറ അറ്റോമിക് നമ്പര്‍ 18. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഉല്‍കൃഷ്​ട വാതകമാണ് ഞാന്‍. ഫിലമെൻറുള്ള വൈദ്യുതി വിളക്കുകളുടെ നിർമാണത്തിനും ക്രിയാശീലമുള്ള മൂലകങ്ങളുടെ നിർമാണസമയത്ത് ഒരു സംരക്ഷണ കവചമായും ധമനികള്‍ യോജിപ്പിക്കുന്നതിനും ട്യൂമറുകള്‍ കരിക്കുന്നതിനും കണ്ണി​െൻറ പ്രശ്‌നപരിഹാര ശസ്ത്രക്രിയകള്‍ക്കായും വെല്‍ഡിങ് മേഖലയിലും എന്നെ ധാരാളമായി ഉപയോഗിക്കുന്നു. ഓക്‌സിജന്‍ ജലത്തില്‍ ലയിക്കുന്ന അതേ അളവില്‍ ഞാനും ജലത്തില്‍ ലയിക്കും.

ക്രിപ്‌റ്റോണ്‍

എ​െൻറ അറ്റോമിക് നമ്പര്‍ 36. അന്തരീക്ഷത്തില്‍ ചെറിയ അളവില്‍ മാത്രമേ എന്നെ കാണാനാവൂ. വര്‍ണരാജിയില്‍ കടും പച്ചയും ഓറഞ്ചും നിറങ്ങളിലുള്ള രേഖകള്‍ എ​െൻറ മാത്രം പ്രത്യേകതയാണ്. ബള്‍ബുകള്‍ മികച്ച ധവളപ്രകാശ സ്രോതസ്സായും ചില ഫോട്ടോഗ്രാഫിക് ഫ്ലാഷുകളിലും ഇന്‍കാൻറസെൻറ്​ ലാമ്പുകളില്‍ ഫിലമെൻറി​െൻറ ബാഷ്പീകരണം കുറക്കുന്നതിനായും എന്നെ ഉപയോഗിക്കുന്നു.

സെനോണ്‍

എ​െൻറ അറ്റോമിക് നമ്പര്‍ 54. ലോസ് അലാമോസ് നാഷനല്‍ ലബോറട്ടറിയുടെ കണക്കനുസരിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ വളരെ അപൂര്‍വമായി മാത്രമേ എന്നെ കാണാൻ സാധിക്കൂ. നിറവും ഗന്ധവും ഇല്ലെങ്കിലും എനിക്ക് ഭാരം കുറച്ച് കൂടുതലാണ്. പൊതുവെ ഞാന്‍ നിഷ്‌ക്രിയനാണെങ്കിലും ചില രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഫ്ലാഷ്, ആര്‍ക്ക് വിളക്കുകളുടെ നിര്‍മാണത്തിന് എന്നെ ഉപയോഗിക്കുന്നു.

റഡോണ്‍

അറ്റോമിക് നമ്പര്‍ പ്രകാരം കൂട്ടത്തില്‍ ഏറ്റവും വലുത് ഞാനാണ്, എ​െൻറ അറ്റോമിക് നമ്പര്‍ 86 ആണ്. റേഡിയോ ആക്ടിവായ ഒരു ഉല്‍കൃഷ്​ട വാതകമാണ് ഞാന്‍. പൊതുവെ ഞാന്‍ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും റേഡിയോ ആക്ടിവ് ഗവേഷണങ്ങള്‍ക്കും അർബുദത്തിനുള്ള റേഡിയേഷന്‍ ചികിത്സക്കും എന്നെഉപയോഗിക്കാറുണ്ട്.

Tags:    
News Summary - study of noble gases in periodic table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.