യുദ്ധങ്ങൾ എന്നും മനുഷ്യനെ മുറിവേൽപിച്ചിട്ടേയുള്ളൂ. ഒരു മനുഷ്യായുസ്സിൽ സ്വരുക്കൂട്ടിയവ മാത്രമല്ല, ഉറ്റവരെയും ഉടയവരെയും സ്വന്തം ജീവൻപോലും യുദ്ധങ്ങളിൽ നഷ്ടപ്പെടുത്തേണ്ടിവരുന്നു. യുദ്ധങ്ങളിലെല്ലാം ആയുധങ്ങളാണ് പ്രധാന പങ്കുവഹിക്കുക. എന്നാൽ, ലോകം മുഴുവൻ നശിപ്പിക്കാവുന്ന ആയുധങ്ങൾ കൈവശമുണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ പരസ്പരം പോരാടിയ രണ്ടു ശക്തികളുണ്ട്. അമേരിക്കയും സോവിയറ്റ് യൂനിയനും. 1945 മുതൽ 1989 വരെ അവർ നടത്തിയ യുദ്ധത്തിന്റെ പേരാണ് ശീതയുദ്ധം.

അമേരിക്കയും സോവിയറ്റ് യൂനിയനും

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ലോകത്ത് രണ്ടു ശക്തികൾ ഉയർന്നുവന്നിരുന്നു, അമേരിക്കയും സോവിയറ്റ് യൂനിയനും. രണ്ടാം ലോകയുദ്ധത്തിൽ ഇവർ ഒന്നിച്ചുനിന്നാണ് ജർമനിയെ തകർത്തതെങ്കിലും യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും കടുത്ത ശത്രുതയിലായി. ഈ ശത്രുത ലോകത്തെ രണ്ടു ചേരികളാക്കി തിരിച്ചു. പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ അമേരിക്കൻ ചേരിയിൽ ചേർന്നപ്പോൾ കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ സോവിയറ്റ് ചേരിയിൽ ചേർന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വർധിച്ചു. 1945 മുതൽ 1989 വരെ ഈ സംഘർഷാവസ്ഥ നിലനിന്നു. നാലര പതിറ്റാണ്ട് നിലനിന്ന, യുദ്ധത്തിന് സമാനമായ ഈ സംഘർഷാവസ്ഥയെ ശീതയുദ്ധം എന്നു വിളിക്കുന്നു. അമേരിക്കൻ നയതന്ത്രജ്ഞനായ ബർനാഡ് ബറൂച്ച് ആണ് ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

മാർഷൽ പദ്ധതി

രണ്ടാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞ രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക തയാറാക്കിയതാണ് മാർഷൽ പദ്ധതി. യുദ്ധത്തിന്റെ കെടുതികൾ ബാധിച്ച രാജ്യങ്ങൾക്ക് പണവും യന്ത്രസാമഗ്രികളും പദ്ധതി വാഗ്ദാനം ചെയ്തു. 1947 ജൂണിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജനറൽ ജോർജ് സി. മാർഷൽ ആണ് ഈ പദ്ധതി തയാറാക്കിയത്. പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ പദ്ധതിയിൽനിന്നും പണം വാങ്ങിയിരുന്നു. ഇതേസമയം, സോവിയറ്റ് യൂനിയൻ കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്യുകയും അമേരിക്കൻ ഡോളർ വാങ്ങരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇത് ശീതയുദ്ധത്തിന് ആക്കം കൂട്ടി.

ട്രൂമാൻ പ്രമാണം

അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാൻ കൊണ്ടുവന്ന നയതന്ത്രമാണിത്. കമ്യൂണിസ്റ്റ്‌ ഭരണം സ്വതന്ത്ര രാജ്യങ്ങളിൽ വരുന്നത് തടയാൻ സഹായം നൽകുന്നതിനാണ് അമേരിക്ക ഈ നയം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്ക ഗ്രീസിനും തുർക്കിക്കും 400 ദശലക്ഷം ഡോളർ നൽകി.

കമ്യൂണിസം, മുതലാളിത്തം

അമേരിക്കൻ, സോവിയറ്റ് രാജ്യങ്ങളുടെ രാഷ്ട്രീയ ചിന്തകൾ ശീതയുദ്ധത്തിന് ശക്തി പകർന്നിരുന്നു. അമേരിക്കൻ ചേരിയിലെ രാജ്യങ്ങൾ മുതലാളിത്തത്തിനും ജനാധിപത്യത്തിനും പ്രാധാന്യം നൽകിയപ്പോൾ സോവിയറ്റ് ചേരിയിലെ രാജ്യങ്ങൾ കമ്യൂണിസത്തിനു പ്രാധാന്യം നൽകി. അമേരിക്കൻ ചേരിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടായപ്പോൾ സോവിയറ്റ് പക്ഷത്ത് കമ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റു രാഷ്ട്രീയപ്പാർട്ടികളെ നിരോധിച്ചിരുന്നു.

ചാരപ്രവർത്തനം

ശീതയുദ്ധത്തിലെ പ്രധാന ആയുധമായിരുന്നു ചാരപ്രവർത്തനം. സൈനിക രഹസ്യങ്ങൾ ചോർത്താൻ ഇരു രാജ്യങ്ങളും ധാരാളം ചാരന്മാരെയും ചാര സുന്ദരികളെയും ഏർപ്പാടാക്കിയിരുന്നു. ഇതിനു പുറമെ ചാര വിമാനങ്ങൾ ഒളികാമറകളുമായി പറന്നു നടന്നിരുന്നു. അമേരിക്കയുടെ സി.ഐ.എയും സോവിയറ്റ് യൂനിയന്റെ കെ.ജി.ബിയുമായിരുന്നു പ്രധാന ചാര സംഘടനകൾ.

കോമിൻ ഫോം

കമ്യൂണിസ്റ്റ്‌ ഇൻഫർമേഷൻ ബ്യൂറോ എന്നാണ് ഇതിന്റെ പൂർണ രൂപം. 1947 ൽ സ്റ്റാലിനാണ് ഇത് രൂപവത്കരിച്ചത്. കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ സോവിയറ്റ് യൂനിയന്റെ നിയന്ത്രണത്തിലാക്കുക, യൂറോപ്പിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ നയങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയായിരുന്നു കോമിൻഫോമിന്റെ ലക്ഷ്യങ്ങൾ.

ബ്രേക്ക്‌ എടുത്ത് ശീതയുദ്ധം

1968 മുതൽ 1979 വരെ ശീതയുദ്ധത്തിനു ഒരിടവേളയുണ്ടായിരുന്നു. 1968 കാലഘട്ടത്തിൽ രണ്ടു രാജ്യങ്ങളുടെയും കൈവശമുണ്ടായിരുന്ന ആണവായുധങ്ങളുടെ എണ്ണം തുല്യമായി. എന്നാൽ, ഈ ആയുധങ്ങൾ ഭൂമിയെ ഇല്ലാതാക്കുമെന്ന വിവേകം രണ്ടു രാജ്യങ്ങൾക്കുമുണ്ടായി. ഇരു രാജ്യങ്ങളും സൗഹൃദത്തിലാകണമെന്ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് എം. നിക്സണും സോവിയറ്റ് ഭരണാധികാരി ലിയോനിഡ് ബ്രെഷ്നെവും ആഗ്രഹിച്ചു. ആയുധങ്ങൾക്കുപയോഗിക്കുന്ന പണം ജനങ്ങളുടെ നന്മക്കായി ചെലവഴിക്കാനും അവർ ആഗ്രഹിച്ചു. ഇതിനിടയിൽ സോവിയറ്റ് യൂനിയനും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. അമേരിക്ക ചൈനയുമായി അടുക്കാൻ ശ്രമിച്ചു. ഇതോടെ അമേരിക്കയുമായി സൗഹൃദത്തിലാകാൻ സോവിയറ്റ് യൂനിയൻ ആഗ്രഹിച്ചു. ഈ കാരണങ്ങൾ ശീതയുദ്ധത്തിന് ഇടവേള സൃഷ്ടിക്കാൻ കാരണമായി.

വീണ്ടും ശീതയുദ്ധം

1979ൽ അഫ്‌ഗാനിസ്താനിൽ സോവിയറ്റ് യൂനിയൻ നടത്തിയ ഇടപെടൽ അടുത്ത പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളെ ഇത് രോഷാകുലരാക്കി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ സോവിയറ്റ് യൂനിയനിലേക്കുള്ള ധാന്യക്കയറ്റുമതി അവസാനിപ്പിച്ചു. വിവിധ കരാറുകൾ റദ്ദാക്കുകയും ചെയ്തു. ഇതോടെ ശീതസമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.

ഗോർബച്ചേവിന്റെ സമാധാന ചർച്ച

1985ൽ മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂനിയനിൽ അധികാരത്തിലേറിയതോടെ ശീതയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. ആദ്യ ചർച്ച 1985 നവംബർ 21 നായിരുന്നു. 1986 ൽ ഗോർബച്ചേവും അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും തമ്മിൽ ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 1987 ൽ ഗോർബച്ചേവ് അമേരിക്ക സന്ദർശിച്ച വേളയിൽ മധ്യദൂര മിസൈൽ നശിപ്പിക്കാൻ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. 1988 ൽ റീഗൻ സോവിയറ്റ് യൂനിയൻ സന്ദർശിച്ചിരുന്നു.

ശീതയുദ്ധത്തിന്റെ അവസാനം

1989 ഡിസംബർ രണ്ടിന് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും മിഖായേൽ ഗോർബച്ചേവും കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചക്കുശേഷം ഇരുനേതാക്കളും ശീതയുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ചു. 1991 ൽ ഇരുവരും ആയുധങ്ങൾ കുറക്കുന്നതിന് സ്റ്റാർട്ട് ഉടമ്പടിയിൽ ഒപ്പുവെച്ചു.

Tags:    
News Summary - Cold War geopolitical tension between the United States and the Soviet Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.