കൃത്രിമ ശ്വാസവും തോളിലേറ്റി നടക്കുന്ന ജനത വൈകാതെ വരുമോ?

കൃത്രിമ ശ്വാസവും തോളിലേറ്റി നടക്കുന്ന ജനത. അധികംവൈകാതെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗ ദൃശ്യങ്ങൾ കാണാനാകും. ലോകത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണം നേരിടുന്ന രാജ്യമാണ് ഇന്ത്യ. 2019ലെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. അതിൽ ഏറ്റവും രൂക്ഷം രാജ്യ തലസ്ഥാനമായ ഡൽഹിയിലും. കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു പാറ്റ്ന, ആഗ്ര, മുസർഫർപുർ, ശ്രീനഗർ, ഗുരുഗ്രാം, ജയ്പുർ തുടങ്ങിയ സ്ഥലങ്ങൾ പിന്നാലെ. കാർബൺ ഡൈ ഒാക്സൈഡ് പുറം തള്ളുന്നതിൽ ആദ്യമൂന്ന് രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ചൈനയും അമേരിക്കയും മറ്റു രണ്ടു രാജ്യങ്ങൾ.

മലിനീകരണം എങ്ങനെ

രാജ്യത്തെ വായുമലിനീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നവ വ്യവസായ സ്ഥാപനങ്ങളാണ്. ഇവ സൃഷ്ടിക്കുന്ന വായുമലിനീകരണമാകെട്ട 50 ശതമാനത്തിൽ അധികവും. വാഹനങ്ങളുടെ പുകമൂലം 25ശതമാനത്തിലധികം അന്തരീക്ഷം മലിനമാകുന്നുണ്ടെന്നാണ് കണക്ക്. കാർഷിക വിളകളുടെ വിളവെടുപ്പിന് ശേഷം വൈക്കോൽ ഉൾപ്പെടെ കത്തിക്കുന്നതുവഴിയും പടക്കവും മറ്റു വെടിമരുന്നുകളും ഉപയോഗിക്കുന്നതുവഴിയും വലിയതോതിൽ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നു. ഇവക്കുപുറമെ മനുഷ്യെൻറ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതുവഴിയും വായുമലിനീകരണം ഉണ്ടാകുന്നു. ഗ്രാമ പ്രദേശങ്ങളിൽ പാചക ആവശ്യങ്ങൾക്ക് ഉൾപ്പെടെ വൻതോതിൽ വിറകും മറ്റും കത്തിക്കുന്നതും വായുമലിനീകരണതോത് ഉയർത്തുന്നു.

നശിപ്പിക്കുന്നു ആരോഗ്യവും

വായുമലിനീകരണത്തിെൻറ പരിണത ഫലമായി ഇന്ത്യയിൽ ലക്ഷകണക്കിന് പേർ വിവിധ അസുഖങ്ങൾ ബാധിച്ച് ഒാരോ വർഷവും മരിക്കുന്നുണ്ടെന്നാണ് കണക്ക്. ആത്സ്മയും ശ്വാസകോശ രോഗങ്ങളും ബാധിക്കുന്നവരുടെ കണക്കുകൾ വേറെ. ഇൗ മലിനീകരണം ഏറ്റവും കൂടുതൽ ബാധിക്കുന്നതാകെട്ട കുട്ടികളെയും. ഡൽഹിയിൽ ജനിക്കുന്ന വലിയൊരു വിഭാഗം കുട്ടികളിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളതായാണ് കണക്ക്. ഉയർന്ന വായുമലിനീകരണം കാൻസർ, എപിലെപ്സി, ഡയബറ്റിക്സ് പോലുള്ള രോഗങ്ങൾക്കും കാരണമാകും. കൂടാതെ കുട്ടികളിലെ രോഗപ്രതിരോധ ശേഷി വൻതോതിൽ കുറക്കുകയും ചെയ്യുന്നു. മുതിർന്നവരിൽ ശ്വാസതടസം, ഹൃദ്രോഗങ്ങൾ, ആത്സ്മ, അലർജി, കണ്ണുചൊറിച്ചിൽ തുടങ്ങിയവക്ക് കാരണമാകുന്നു. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ ആകാശത്തെ ഇരുണ്ട നിറത്തിനും കാലാവസ്ഥ വ്യതിയാനത്തിനും രാജ്യത്തെ വായുമലിനീകരണം കാരണമാകുന്നുണ്ട്.

ഡൽഹിയിലെ വായുമലിനീകരണം

കോടമഞ്ഞിറങ്ങുന്നതുപോലെ ഡൽഹിയെ പൊതിഞ്ഞുനിൽക്കുന്ന ഒരു പുക പടലം ചിത്രങ്ങളിൽ കണ്ടിട്ടുണ്ടാകും. കോടമഞ്ഞല്ല, പകരം വായുമലിനീകരണമാണെന്നറിയുേമ്പാൾ അമ്പരക്കുകയും ചെയ്യും. രാജ്യത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട വായു നിറഞ്ഞ സ്ഥലമാണ് ഡൽഹി. വായുമലിനീകരണത്തിെൻറ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ആദ്യസ്ഥാനത്തുതന്നെ ഡൽഹി ഇടംപിടിച്ചു.

വായുമലിനീകരണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും അധികാരികൾ തയാറാകാത്തതാണ് വായുമലിനീകരണം കുത്തനെ ഉയരാനുള്ള ഒരു പ്രധാന കാരണം. ഉയർന്ന ജനസംഖ്യ മറ്റൊരു കാരണവും. വാഹനങ്ങളിൽ നിന്നുയരുന്ന പുക ഡൽഹിയെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഡീസൽ വാഹനങ്ങൾക്കും ഒറ്റ ഇരട്ട അക്ക നമ്പറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത് പതിവാണെങ്കിലും വായുമലിനീകരണ തോത് മാത്രം കുറയാറില്ല. 1973ൽ ഡൽഹിയിൽ നിർമിച്ച ബദർപുർ തെർമൽ പവർ സ്റ്റേഷനായിരുന്നു ഡൽഹിയിലെ വായുമലിനീകരണത്തിെൻറ പ്രധാന ഉറവിടം. വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2018 ഒക്ടോബറിൽ സ്ഥാപനം പൂർമണമായും അടച്ചുപൂട്ടി. ഡൽഹിയുടെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കാർഷിക വിളകളുടെ സംഭരണത്തിന് ശേഷം വൈക്കോൽ ഉൾപ്പെടെ വൻതോതിൽ കത്തിക്കുന്നതും ഡൽഹിയിലെ വായു മലിനീകരണത്തിെൻറ തോത് ഉയർത്തുന്നു. മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെടിമരുന്നുകൾക്കും പടക്കങ്ങൾ ഉപയോഗിക്കുന്നതിനും സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഡൽഹിയിലെ വായു മലിനീകരണ തോത് കുറക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടി പരിസ്ഥിതി പ്രവർത്തകർ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശൈത്യകാലത്താണ് ഡൽഹിയിലെ മലിനീകരണം ഏറ്റവും കൂടുതൽ.

ആമസോൺ മഴക്കാടുകളിലെ കാട്ടുതീ

ഭൂമിയുടെ ശ്വാസകോശം കത്തിയെരിഞ്ഞ വാർത്തകൾ കണ്ടിട്ടുണ്ടാകും. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ മേഖലയെ ദിവസങ്ങളോളം തീ വിഴുങ്ങികൊണ്ടിരുന്നു. ആകാശവും സൂര്യനെയും മറച്ച് ബ്രസീലിെൻറ വിവിധ നഗരങ്ങളിൽ പുകപടലം ഉയർന്നു. 55ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ആമസോൺ വനമേഖലയുടെ 60 ശതമാനവും ബ്രസീലിലാണ്. ബ്രസീലിന് പുറമെ ബൊളീവിയ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, പെറു എന്നീ രാജ്യങ്ങളിലും ആമസോൺ കാടുകൾ പടർന്നുകിടക്കുന്നു. ലോകത്തെ 20ശതമാനം ഒാക്സിജനും ഉൽപ്പാദിപ്പിക്കുന്നത് ഇൗ ആമസോൺ കാടുകളിൽനിന്നാണ്.

എല്ലാം മനുഷ്യ നിർമിതം

മനുഷ്യെൻറ പ്രവർത്തനങ്ങളുടെ ഫലമാണ് ആമസോണിലുണ്ടാകുന്ന കാട്ടുതീ എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കൃഷി ആവശ്യങ്ങൾക്കും കന്നുകാലി വളർത്തലിനും മറ്റുമായി വനമേഖല വൻതോതിൽ വെട്ടിതെളിക്കുകയും തീയിടുകയും ചെയ്യുന്നതാണ് തീ പടരാനുള്ള പ്രധാന കാരണം. ബ്രസീൽ സർക്കാറിെൻറ ഭൂവിനിയോഗ നയങ്ങൾക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിെൻറ പരിണിത ഫലമാകെട്ട കാലാവസ്ഥ വ്യതിയാനവും. ആഗോളതാപനം കുറക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ആമസോൺ കാടുകൾ. ഇവ കത്തിയെരിയുന്നത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെതന്നെ ദോഷകരമായി ബാധിക്കും. അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡിെൻറ അളവ് ക്രമാതീതമായി വർധിക്കുന്നത് ജീവജാലങ്ങളുടെയും മനുഷ്യെൻറയും നിലനിൽപ്പിന് തന്നെ ഭീഷണിയാകുകയും ചെയ്യും. ആമസോൺ കാടുകളിൽ തീ പടരുന്നത് അപൂർവമല്ല. എന്നാൽ ഇത്തവണത്തെ തീ കഠിനമായിരുന്നു. അപൂർവമായ നിരവധി സസ്യങ്ങളും വൃക്ഷങ്ങളും കാട്ടുമൃഗങ്ങളും കാട്ടുതീക്ക് ഇരയായി. മൃഗങ്ങളുടെയും മറ്റും കത്തിക്കരിഞ്ഞ ചിത്രങ്ങൾ ആരുടെയും ഉള്ളുലക്കുന്നതായിരുന്നു.

Tags:    
News Summary - story of the polluted world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.