വിക്രം സാരാഭായ് -ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ്

ന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ മികവുറ്റതാക്കി മാറ്റിയവരിൽ പ്രധാനിയാണ് ഡോ. വിക്രം സാരാഭായ്. ബഹിരാകാശ ഗവേഷണങ്ങൾ എങ്ങനെ രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്ന് വിക്രം സാരാഭായ് കാണിച്ചുതന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവെന്നാണ് വിക്രം സാരാഭായ് അറിയപ്പെടുന്നത്.

വിക്രം സാരാഭായ്

1919 ആഗസ്റ്റ് 12ന് ഗുജറാത്തിലെ അഹ്മദാബാദിൽ വ്യവസായിയായ അംബലാൽ സാരാഭായുടേയും സരള ദേവിയുടെയും മകനായി ജനിച്ചു. അഹ്മദാബാദിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സാരാഭായ് ഗുജറാത്തി കോളജിൽ നിന്ന് ഇൻറർ മീഡിയറ്റ് പാസായി. തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും ബിരുദം നേടി. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ടതായി വന്നു. ഇന്ത്യയിലെത്തിയ ശേഷം നൊബേൽ സമ്മാന ജേതാവ് സി.വി. രാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേർന്ന് ഗവേഷണങ്ങൾ നടത്തി. കോസ്മിക് രശ്മികളെക്കുറിച്ചായിരുന്നു സാരാഭായിയുടെ ഗവേഷണങ്ങൾ.

1945ൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും പിഎച്ച്.ഡി നേടിയശേഷം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സാരാഭായ് 1947 നവംബർ 11ന് അഹ്മദാബാദിൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിച്ചു. ഇതിനുപുറമെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കമ്യൂണിറ്റി സയൻസ് സെന്റർ, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി പത്തോളം സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ ആറ്റോമിക് എനർജി മേധാവിയായും സേവനമനുഷ്ഠിച്ചു.

ഐ.എസ്.ആർ.ഒ

ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിൽ വിക്രം സാരാഭായ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1969 ആഗസ്റ്റ് 15നാണ് ഇന്ത്യൻ സ്​പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) രൂപം കൊണ്ടത്. അതിനുമുമ്പ് ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് സെന്റർ (ഇൻകോസ്പാർ)എന്ന കമ്മിറ്റിയുടെ കീഴിലായിരുന്നു ബഹിരാകാശ ഗവേഷണം. ബഹിരാകാശ ഗവേഷണങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്ററിനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 1962ൽ അണുശക്തി വിഭാഗത്തിനുകീഴിൽ 'ഇൻകോസ്പാർ' രൂപവത്കരിച്ചു. ഇത് പിന്നീട് ഐ.എസ്.ആർ.ഒ ആയി മാറുകയായിരുന്നു.

വിക്രം സാരാഭായ് സ്പേസ് സെന്റർ

1962ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് പുത്തനുണർവ് ഉണ്ടായി. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന തുമ്പയെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തത് ആറ്റോമിക് എനർജി മേധാവി ആയിരുന്ന ഹോമിജെ ബാബയും വിക്രം സാരാഭായും ചേർന്നാണ്. 1963 നവംബർ 21ന് തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. സാരാഭായിയുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം. നൈക്ക് -അപ്പാഷെ എന്ന ചെറു റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യൻ കുതിപ്പിന് തുടക്കമിട്ടു. വിക്രം സാരാഭായോടുള്ള ബഹുമാനാർഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന പേരു നൽകുകയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ രൂപവത്കരണത്തിലും സാരാഭായ് മുഖ്യ പങ്കുവഹിച്ചു. എന്നാൽ, സാരാഭായുടെ മരണശേഷം 1975ലാണ് ആര്യഭട്ട വിക്ഷേപിക്കുന്നത്.

ആദ്യകാലത്ത് ബഹിരാകാശ പര്യവേക്ഷണങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ കാലാവസ്ഥ പഠനത്തിനും വാർത്താവിനിമയത്തിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതും വിക്രം സാരാഭായിയുടെ നേതൃത്വത്തിലായിരുന്നു.

1975ൽ സാറ്റലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സിപിരിമെന്റ് എന്ന പദ്ധതിയും വിക്രം സാരാഭായി ആവിഷ്കരിച്ചതായിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളെ വിവിധ വിഷയങ്ങളിൽ ബോധവത്കരിക്കുക, ഉപഗ്രഹ സഹായത്തോടെ ടെലിവിഷൻ പ്ര​േക്ഷ പണം രാജ്യത്ത് കൊണ്ടുവരുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 1966ൽ വിക്രം സാരാഭായി നാസയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് പദ്ധതി യാഥാർഥ്യമായത്.

1971 ഡിസംബർ 30ന് ഹൃദയാഘാതത്തെ തുടർന്ന് 52ാം വയസ്സിൽ അന്തരിച്ചു. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. പ്രശസ്ത നർത്തകിയും മലയാളിയുമായിരുന്ന മൃണാളിനി സാരാഭായിയായിരുന്നു ഭാര്യ.

Tags:    
News Summary - vikram sarabhai father of indian space programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.