ചൂടുള്ള ചായ കുടിച്ച്‍ പൂമുഖത്തിരുന്ന് മഴയുടെ താളത്തിലുള്ള വരവ് ശ്രദ്ധിച്ച് മഴപ്പെയ്ത്തി​െൻറ കുളിരേറ്റുവാങ്ങി പ്രകൃതിയിലേക്കു നോക്കിയിരിക്കാൻ എന്തു രസമാണല്ലേ? കോവിഡ്​ ഉണ്ടാക്കിയ ടെൻഷനുകളിൽനിന്നെല്ലാം മനസ്സിനെ മാറ്റിനിർത്തി അൽപനേരം... മഴയിങ്ങനെ ആസ്വദിച്ചിരിക്കുമ്പോഴാവും പെട്ടെന്ന് ഇടിയും മിന്നലും വന്ന് നമ്മെ പേടിപ്പിക്കുക. അപകടകാരികളായ ഈ ചങ്ങാതിമാർ മനുഷ്യജീവനും വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്​ടം ഉണ്ടാക്കാറുണ്ട്. ഈ ചങ്ങാതിമാരെക്കുറിച്ച് കൂടുതലറിഞ്ഞാലോ?

മിന്നലിനെ അറിയണം

ഇത്തിരി നേരമേ മിന്നലുണ്ടാവൂ എങ്കിലും വൻതോതിൽ വൈദ്യുതിയാണ് മിന്നൽ ഉൽപാദിപ്പിക്കുന്നത്. അന്തരീക്ഷത്തിലെ മഴമേഘങ്ങൾ വായുവുമായും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായും ഉരസുന്നതി​െൻറ ഫലമായി അവക്ക്​ വൈദ്യുത ചാർജ് ലഭിക്കും. ഇതുവഴി മേഘപാളികൾക്കിടയിലുള്ള വായുവിന് സമ്മർദമേറുന്നു. ഒരു സെൻറിമീറ്റർ കനത്തിലുള്ള വായുവിന് 30,000 വോൾട്ട് വരെ താങ്ങാനാവും. അതിനപ്പുറമായാൽ വായു പൊട്ടിപ്പിളരും. ഈ പിളർപ്പിൽക്കൂടി ഇലക്ട്രോണുകൾ പ്രവഹിക്കാൻ തുടങ്ങും. ഇങ്ങനെ വൈദ്യുത ചാർജ് ഒഴുകുന്നതോടെ ചുറ്റുപാടുമുള്ള വായുവിന് ചൂടുപിടിക്കുന്നു. കഠിനമായ ഈ ചൂടിൽ ചുട്ടുപഴുത്ത് മിന്നുന്ന വായുകണങ്ങളാണ് മിന്നൽപ്പിണരുകളായി നാം കാണുന്നത്.


ഇടിമുഴക്കം

മിന്നലി​െൻറ പ്രകടമായ പാര്‍ശ്വഫലമാണ് ഇടിമുഴക്കമെന്നു പറയാം. മിന്നലുണ്ടാകുമ്പോള്‍ സൃഷ്​ടിക്കപ്പെടുന്ന വൈദ്യുതിയുടെ 90 ശതമാനത്തി​െൻറ സാന്നിധ്യം വായുവിനെ ശക്തമായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഈ വികാസം വായുവില്‍ ശബ്​ദം സഞ്ചരിക്കുന്ന വേഗത്തേക്കാള്‍ കൂടുതലായതിനാല്‍ ഒരു ഷോക്ക് വേവ് സൃഷ്​ടിക്കുകയും പ്രഭവകേന്ദ്രത്തില്‍നിന്നു 10 മീറ്റര്‍ ദൂരമെത്തുമ്പോഴേക്കും ഇടിമുഴക്കമായി മാറുകയും ചെയ്യും.

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

ബെഞ്ചമിൻ ഫ്രാങ്ക്​ളിനാണ് ഇടിമിന്നലുകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയിട്ടുള്ളത്. ഒരു പട്ടത്തി​െൻറ നൂലി​െൻറ അറ്റത്ത് ഒരു കമ്പിയും അതിലേക്ക് ഒരു സിൽക്ക് നൂലും ബന്ധിപ്പിച്ചു. മിന്നലുണ്ടാകുന്ന സമയത്ത് വൈദ്യുത രശ്മികൾ സിൽക്ക് നൂലിലേക്ക് വീഴുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തുടർന്ന് ഇത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണങ്ങളിൽ മേഘത്തി​െൻറ താഴെത്തട്ടിൽ സാധാരണയായി നെഗറ്റിവ് ചാർജാണ്‌ ഉണ്ടാവുക എന്നും അദ്ദേഹം കണ്ടുപിടിച്ചു.

നൈട്രജൻ തരും ഇടിമിന്നൽ

അന്തരീക്ഷത്തിലുള്ള നൈട്രജൻ ഭൂമിയിലേക്കെത്തുന്നതിൽ ഇടിമിന്നൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഇടിമിന്നലുണ്ടാകുമ്പോൾ രൂപപ്പെടുന്ന ശക്തമായ വൈദ്യുതിപ്രവാഹത്തിൽ അന്തരീക്ഷത്തിലെ നൈട്രജൻ തന്മാത്രകൾ വിഭജിക്കുകയും നൈട്രജൻ ആറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുണ്ടാവുന്ന ആറ്റങ്ങൾ ഓക്സിജനുമായി ചേർന്ന് നൈട്രജൻ ഓക്സൈഡാവുകയും പിന്നീട് നൈട്രേറ്റുകളായി മഴയിലൂടെ ഭൂമിയിലെത്തുകയും ചെയ്യുന്നു.

ഇടിമിന്നലി​െൻറ ദൂരമളക്കാം

മിന്നലുകൾ വന്ന് ഏതാനും സെക്കൻഡുകൾ കഴിഞ്ഞതിനുശേഷമാവും ഇടിമുഴക്കം കേൾക്കുക. മിന്നലുണ്ടായി എത്ര സെക്കൻഡിനുശേഷമാണ് ഇടിമുഴക്കമുണ്ടാകുന്നത് എന്നതി​െൻറ അടിസ്ഥാനത്തിൽ ഇടിമിന്നലി​െൻറ പ്രഭവകേന്ദ്രം അറിയാൻ സാധിക്കും. ഉദാഹരണം, മിന്നലുണ്ടായി 10 സെക്കൻഡിനുശേഷമാണ് ഇടിമുഴക്കമുണ്ടായതെങ്കിൽ അഞ്ചുകൊണ്ട് ആ സംഖ്യയെ ഹരിക്കണം. ഉത്തരം രണ്ട് ആണല്ലോ. എങ്കിൽ രണ്ട് മൈൽ അകലെ നിന്നാണ് ഇടിമുഴക്കമുണ്ടായത്.

ഇടിമിന്നലുകളുടെ കാലം

ഇന്ത്യയിൽ മിന്നലുകളുണ്ടാകുന്ന കാലങ്ങൾക്ക് പ്രാദേശികമായി മാറ്റമുണ്ടാകാറുണ്ടെങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള കാലമാണ് പൊതുവിൽ ഇടിമിന്നലുകൾ സജീവമാകുന്നത്. ഉത്തരേന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തും ഇടിമിന്നലുകൾ സജീവമാകുന്നു. കേരളത്തിലെ മിന്നല്‍ കാലം മാര്‍ച്ച് അവസാനം തൊട്ടു മേയ് വരെയും ഒക്ടോബര്‍ തൊട്ട് നവംബര്‍ വരെയുമാണ്. ഇത്​ ഇപ്പോൾ മാറിവരാറുമുണ്ട്​. ഇതു പലപ്പോഴും ഉച്ചക്കുശേഷമായിരിക്കും സംഭവിക്കുക.

പ്രഥമ ശുശ്രൂഷ

മിന്നൽ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ശ്വാസതടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിനു കീഴടങ്ങുന്നത്. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി ആൾക്കാരെ നമുക്ക് രക്ഷിക്കാൻ കഴിയും. വൈദ്യസഹായം ലഭ്യമാക്കുന്നത്തിനു മുമ്പായി നമുക്ക് ചെയ്യാൻ കഴിയുന്ന പ്രഥമ ശുശ്രൂഷയാണിത്.

മിന്നൽ വെളിച്ചത്തിൽ ഇക്കാര്യങ്ങൾ

  • ഇടിമിന്നലി​െൻറ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിത സ്ഥലത്തേക്കു മാറുക
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക
  • ജനലും വാതിലും അടച്ചിടുക
  • മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക
  • ഇടിമിന്നലുള്ള സമയത്ത് വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക
  • ജലാശയത്തിൽ ഇറങ്ങാനോ കുളിക്കാനോ പാടില്ല
  • തുറസ്സായ സ്ഥലത്താണെങ്കിൽ തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടുകിടക്കുക
  • വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക
  • ഇടിമിന്നലിൽനിന്ന് രക്ഷ നേടാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽരക്ഷാചാലകം സ്ഥാപിക്കാം
  • വാഹനത്തിനുള്ളിനാ​െണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി അകത്തുതന്നെ ഇരിക്കണം.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കാൻ പാടില്ല
Tags:    
News Summary - know these facts on thunder and lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.