ബൾബ്​ പറയുന്നു, 'ഉള്ളുകത്തുന്ന' കഥകൾ

എന്നെ അറിയില്ലേ​? ഞാനാണ് നിങ്ങളുടെ ബൾബ്. ഞാനും വൈദ്യുതിയും അടുത്ത സുഹൃത്തുക്കളാണെന്ന് അറിയാമല്ലോ. വൈദ്യുതി വന്ന് അധികം വൈകാതെ ഞാനും ജനിച്ചിട്ടുണ്ട്. മനുഷ്യരാശിയെ അക്ഷരാർഥത്തില്‍ അമ്പരപ്പിച്ച ഒന്നായിരുന്നു എന്റെ പിറവി. ഏറെ കാലത്തെ മാറ്റത്തിന് വിധേയമായിട്ടാണ് ഞാൻ ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. വൈദ്യുതിയെ പ്രകാശമാക്കി മാറ്റുകയാണ് എന്റെ ധർമം. എനിക്കുള്ളിൽ നേര്‍ത്ത ഫിലമെന്റ് എന്ന ഒരു കോയിലുണ്ട്. അതിലൂടെ വൈദ്യുതി കടത്തി വിട്ടപ്പോഴാണ് ആദ്യമായി ഞാൻ പ്രകാശിച്ചത്. തുടക്ക കാലം മുതൽ പല പേരുകളിലാണ് ഞാൻ അറിയപ്പെട്ടത്. ആരാണ് എന്നെ കണ്ടുപിടിച്ചതെന്നറിയുമോ.? തോമസ് ആല്‍വ എഡിസണ്‍ എന്ന പേരായിരിക്കും പലരുടെയും നാവിൻ തുമ്പിലെത്തിയത്. എന്നാല്‍ എന്നെ ആദ്യമായി കണ്ടെത്തിയതിന് പിന്നില്‍ എഡിസണ്‍ ആയിരുന്നില്ല.

ഹംഫ്രി ഡേവി


 ഹംഫ്രി ഡേവി

ബാറ്ററി കണ്ടു പിടിച്ച ഹംഫ്രി ഡേവി ആയിരുന്നു ആദ്യമായി എന്നെ പ്രകാശിപ്പിച്ചത്. ബാറ്ററിയും കുറച്ചു വയറുകളും ഒരു കഷണം കാര്‍ബണുമായി ബന്ധിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ ജ്വലിച്ചു. അങ്ങനെയാണ് ആദ്യമായി ഞാൻ പ്രകാശം പരത്തിയത്. ഇതായിരുന്നു ആദ്യത്തെ വൈദ്യുതി വെളിച്ചം. അപ്പോൾ ഞാൻ ഇലക്ട്രിക് ആര്‍ക്ക് ലാമ്പ് എന്നാണ് അറിയപ്പെട്ടത്. ആര്‍ക്ക് ലാമ്പുകളില്‍ പ്രതിരോധം കുറഞ്ഞ ലോഹങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്നു.

വൈദ്യുത ബൾബ് എന്ന എന്നെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചെടുക്കുകയെന്ന ദൗത്യമാണ് എഡിസണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചത്. നിരവധി ശാസ്ത്രജ്ഞന്‍മാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ആകെ തുകയാണ് എന്റെ പിറവി.

സി.എഫ്.എല്ലുകൾ, ട്യൂബ്‌ലൈറ്റുകൾ എന്നീ രൂപത്തിൽ ഞാൻ അരങ്ങില്‍ എത്തുന്നതിനു മുമ്പ് ഇന്‍കാൻഡസെന്റ് ബൾബ് ആയി ഞാൻ പ്രകാശിച്ചു. വൈദ്യുതികടത്തി വിടുന്നതിലൂടെ ടങ്​സ്​റ്റൺ കൊണ്ട് നിര്‍മിതമായ എന്റെ ഫിലമെന്റ് ചുട്ടുപഴുത്ത് വെളിച്ചം ലഭിക്കുകയാണ് ഞാൻ ഇൻകാൻഡസെന്റ് രൂപത്തിലായപ്പോൾ സംഭവിച്ചത്. ശാസ്ത്രചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നടന്നത് എന്നെ കണ്ടുപിടിക്കുന്നതിനായാണ്. നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ എന്നെ കണ്ടുപിടിച്ചെങ്കിലും ഏറെ നേരം പ്രവര്‍ത്തന സജ്ജമായി നിലനിര്‍ത്താന്‍ സാധിക്കാതെ വന്നത് ശാസ്ത്രജഞരെ ആശങ്കയിലാഴ്ത്തി. എന്നാല്‍ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ആ പ്രശ്നത്തെയും ശാസ്ത്രജ്ഞർ വിജയകരമായി മറി കടന്നു.

തോമസ് ആൽവ എഡിസൺ

എഡിസ​െൻറ സംഭാവന

ഇന്ന് ടങ്​സ്​റ്റണ്‍ എന്ന മൂലകം ഉപയോഗിച്ചാണ് എന്റെ ഫിലമെന്റുകള്‍ നിര്‍മിക്കുന്നത്. എന്നാൽ അതിലേക്കെത്തുന്നതിന് മുമ്പ് 6000ത്തോളം വസ്തുക്കളില്‍ തോമസ് ആൽവ എഡിസൺ പരീക്ഷണം നടത്തിയിരുന്നു. കനം കുറഞ്ഞ ഒരു ലോഹദണ്ഡിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ ചുട്ടുപഴുത്ത് പ്രകാശം പുറത്തുവിടുമെന്ന് ആദ്യകാലത്തുതന്നെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എന്നെ ഏറെ സമയം പ്രകാശിതമായി നിലനിർത്തുകയെന്ന ലക്ഷ്യം സാക്ഷാത്​കരിക്കാന്‍ വര്‍ഷങ്ങളെടുത്തു. 1841 ഫ്രെഡറിക് ഡിമോളിന്‍സ് എന്നെ ഇന്ന് കാണുന്നതു പോലെ ഗ്ലാസ് നിർമിത വൈദ്യുത ബൾബായി അവതരിപ്പിച്ചുവെങ്കിലും ഏറെ നേരം എന്നെ പ്രകാശിതമായി നിലനിർത്തുന്നതിൽ വിജയിച്ചില്ല. 1879 ജനുവരി ആയപ്പോഴേക്കും ഉയര്‍ന്ന പ്രതിരോധ ശക്തിയുള്ള ലോഹം ഉപയോഗിച്ച് എന്നെ നിർമിച്ചെടുക്കുന്നതില്‍ എഡിസണ്‍ വിജയിച്ചു. ഇതേ വര്‍ഷം ഒക്ടോബര്‍ 22ന് അദ്ദേഹം പതിമൂന്നര മണിക്കൂര്‍ നേരം എന്നെ പ്രകാശിപ്പിച്ചു നിർത്തി. അപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ!.

എന്നാൽ എന്നിലെ ഫിലമെന്റ് പെട്ടെന്ന് ഉരുകി പോകുമായിരുന്നു. സമയദൈര്‍ഘ്യം ലഭിക്കുന്ന ഫിലമെന്റ് നിര്‍മിക്കാന്‍ സാധിക്കുന്ന വസ്തു കണ്ടെത്താന്‍ ഏറെ കാലമെടുത്തു. ഇതിനായി അനേകം പരീക്ഷണങ്ങള്‍ നടത്തേണ്ടിവന്നു. കാര്‍ബണ്‍ പൂശിയ കോട്ടണ്‍ തിരി ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ വൈദ്യുതി കടത്തി വിട്ടപ്പോള്‍ മങ്ങിയ ഓറഞ്ച് നിറം വന്നെങ്കിലും 15 മണിക്കൂറില്‍ കൂടുതല്‍ അതും പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് നടന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ന് കാണുന്നതു പോലുള്ള ഏറെ നേരം പ്രകാശം നിലനിൽക്കുന്ന ബള്‍ബ് എന്ന എന്റെ പിറവി. 1847 ഫെബ്രുവരി 11ന് ഒഹിയോയിലെ മിലാനിലെ ദരിദ്ര കാര്‍ഷിക കുടുംബത്തിലാണ് തോമസ് ആല്‍വ എഡിസണ്‍ ജനിച്ചത്. എല്ലാവിധ പിന്തുണയും നൽകി എഡിസനെ ലോക പ്രശസ്ത ശാസ്ത്രജ്ഞനാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ അമ്മ വഹിച്ച പങ്ക് ചെറുതല്ല കൂട്ടുകാരെ...

പലതരം ബള്‍ബുകള്‍

1. ഇന്‍കാന്‍ഡസന്റ് ലാമ്പുകള്‍

2. കോംപാക്ട് ഫ്‌ളൂരസെന്റ് ലാമ്പുകള്‍ അഥവാ സി.എഫ്.എല്‍

3. ഹാലോജന്‍ ലാമ്പുകള്‍

4. മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍

5. ലൈറ്റ് എമിറ്റിങ് ഡയോഡ് അഥവാ എല്‍.ഇ.ഡി

6. ഫ്ലൂരസെന്റ് ട്യൂബ്

7. നിയോണ്‍ ലാമ്പ്

8. ഹൈ ഇന്‍ഡന്‍സിറ്റി ഡിസ്ചാര്‍ജ് ലാമ്പ്

9. ലോ പ്രഷര്‍ സോഡിയം ലാമ്പ്‌സ്



 ഇന്‍കാന്‍ഡസന്റ് ലാമ്പുകള്‍

ഇന്‍കാന്‍ഡസന്റ് ലാമ്പുകളെന്ന രൂപത്തിലുള്ള എന്നെ ജ്വലിക്കുന്ന ബള്‍ബുകള്‍ എന്നും വിശേഷിപ്പിക്കാം. സാധാരണ വീടുകളില്‍ 2010 വരെയെല്ലാം ഇന്‍കാന്‍ഡസന്റ് എന്ന രൂപത്തിൽ ഞാൻ സജീവമായിരുന്നു. വൈദ്യുതി കടന്നു പോകുന്ന ചാലകത്തിന്റെ പ്രതിരോധം കൊണ്ടുള്ള താപത്താല്‍ ചാലകം സ്വയം ജ്വലിച്ചാണ് ഇന്‍കാന്‍ഡസന്റ് വിളക്ക് എന്ന ഞാൻ പ്രകാശം പരത്തിയത്. വൈദ്യുതി പ്രവാഹത്തില്‍ ജ്വലിക്കുന്ന എന്റെ കനം കുറഞ്ഞ നാര് പോലുള്ള ഭാഗത്തെയാണ് ഫിലമെന്റ് എന്ന് പറയുന്നത്. ടങ്​സ്​റ്റണ്‍ എന്ന വസ്തുവാണ് ഇന്‍കാന്‍ഡസന്റ് വിളക്കുകളില്‍ ഫിലമെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. താപം കൂടി ഫിലമെന്റ് കത്തിപ്പോവാതിരിക്കാന്‍ എനിക്കുള്ളിൽ ആല്‍ഗണ്‍ എന്ന വാതകം നിറച്ചിട്ടുണ്ട്. ഇന്‍കാന്‍ഡസന്റ് ബള്‍ബ് എന്ന എനിക്ക് ഊർജ കാര്യക്ഷമത കുറവാണ്. താപോർജത്തിലൂടെ ഊർജ നഷ്​ടം സംഭവിക്കുന്നുവെന്നതാണ് ഇന്‍കാന്‍ഡസന്റ് രൂപത്തിലുള്ള എന്റെ പ്രധാന പോരായ്മ.

സീറോ വാട്ട് ബള്‍ബ്

സീറോ വാട്ട് ബള്‍ബ് എന്ന രൂപത്തിലും ഞാൻ പ്രത്യക്ഷപ്പെട്ടു. ഒരു തരം ഇന്‍കാന്‍ഡസന്റ് ബള്‍ബാണ് സീറോ വാട്ട് ബള്‍ബെന്ന ഞാനും. പേര് കേട്ടിട്ട് ഞാൻ പൂജ്യം വാട്ടില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് തെറ്റിദ്ധരിക്കണ്ട കേട്ടോ. പൂജ്യം വാട്ടില്‍ ഞങ്ങൾ ബള്‍ബുകൾക്ക് പ്രകാശം പകരാന്‍ സാധ്യമല്ല. സീറോ വാട്ട് ബള്‍ബ് എന്നാണ് പേരെങ്കിലും 15 വാട്ടിലാണ് ഞാൻ പ്രവര്‍ത്തിച്ചത്. ഇന്നത്തെ ഇലക്ട്രിക് മീറ്ററുകള്‍ക്ക് മുമ്പുണ്ടായിരുന്ന എനര്‍ജി മീറ്ററുകൾക്ക് സീറോ വാട്ട് ബള്‍ബെന്ന എന്റെ ചെറിയ വോൾട്ടേജ് രേഖപ്പെടുത്താന്‍ കഴിവില്ലായിരുന്നു. അതിനാലാണ് ആ രൂപത്തിലുള്ള ബള്‍ബുകളെ സീറോ വാട്ട് എന്ന് വിളിച്ചത്.


സി.എഫ്.എല്ലായി മാറിയുള്ള വരവ്

ഇന്‍കാന്‍ഡസന്റ് ബൾബായിരുന്നപ്പോൾ ഞാൻ കേട്ട വിമർശനം ഊർജ നഷ്​ടമെന്നതായിരുന്നു. ഈ പോരായ്മ പരിഹരിച്ചുകൊണ്ടാണ് കോംപാക്ട് ഫ്ലൂറസന്റ് ലാമ്പ് അഥവാ സി.എഫ്.എൽ എന്ന രൂപത്തിൽ ഞാൻ വിപണി കീഴടക്കിയത്. 1890കളില്‍ പീറ്റര്‍ കൂപ്പര്‍ ഹെവിറ്റ് ആണ് പുതിയ കോംപാക്ട് ഫ്ലൂറസന്റ് ലാമ്പുകളാവുന്നതിന് മുമ്പ് എന്റെ ആദ്യ രൂപമായ ഫ്ലൂറസന്റ് ലാമ്പ് വികസിപ്പിച്ചെടുത്തത്. ഫോട്ടോഗ്രാഫി സ്​റ്റുഡിയോകളിലും വ്യാവസായസ്ഥാപനങ്ങളിലുമായിരുന്നു ആദ്യ കാലത്ത് ഫ്ലൂറസന്റ് ലാമ്പിന്റെ രൂപത്തിൽ ഞാൻ സജീവമായിരുന്നത്. പിന്നീട് 1976ല്‍ എഡ്വാര്‍ഡ് ഇ ഹാമര്‍ എന്ന എന്‍ജിനീയറാണ് കോംപാക്ട് ഫ്ലൂറസന്റ് ലാമ്പ് ആക്കി എന്നെ വികസിപ്പിച്ചെടുത്തത്. ഇലക്‌ട്രോ ലൂമിനന്‍സ് എന്ന പ്രതിഭാസത്തിലുടെയാണ് ഞാൻ പ്രകാശിക്കുന്നത്. ചില അർധ ചാലകങ്ങളിലൂടെയോ ഫോസ്ഫര്‍ സംയുക്തങ്ങളിലൂടെയോ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അവ പ്രകാശിക്കുന്നതാണ് പ്രവര്‍ത്തനം.

ഫ്ലൂറസൻറ്​ ട്യൂബ് രൂപത്തിലേക്ക് പരകായ പ്രവേശം

ഫ്ലൂറസന്റ് ലാമ്പുകളെ പോലെ തന്നെ ഒന്നാണ് ഫ്ലൂറസന്റ് ട്യൂബ്. ആ രൂപത്തിൽ ഞാൻ കൂടുതൽ സുന്ദരനായ പോലെ തോന്നി. സ്വിച്ചിടുമ്പോള്‍ ട്യൂബിലെ ഇലക്‌ട്രോഡുകളിലേക്ക് വൈദ്യുതി പ്രവഹിക്കുകയും ഇത് മൂലം ഒരറ്റത്തുനിന്ന് മറുവശത്തേക്ക് ഇലക്‌ട്രോണുകള്‍ സഞ്ചരിക്കുകയും ഇവ ട്യൂബിലെ മെര്‍ക്കുറി ആറ്റങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. ഈ കൂട്ടിയിടിയുടെ ഭാഗമായി മെര്‍ക്കുറി ആറ്റത്തില്‍ നിന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ പുറപ്പെടുകയും ട്യൂബിലെ ഫോസ്ഫര്‍ ഈ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കുകയുമാണ് പ്രവര്‍ത്തനം. ഞാൻ സി.എഫ്.എൽ ആയപ്പോഴും ഫ്ലൂറസന്റ് ട്യൂബ് ആയപ്പോഴുമുള്ള പ്രവര്‍ത്തന തത്വം സമാനമാണ്.

ഞാൻ എല്‍.ഇ.ഡിയായി

സി.എഫ്.എല്ലിനും ശേഷം ലൈറ്റ് എമിറ്റിങ് ഡയോഡ് അഥവാ എല്‍.ഇ.ഡി എന്ന രൂപത്തിൽ ഞാൻ വിപണി കൈയടക്കി. കുറഞ്ഞ ഊർജ ഉപയോഗവും ഏറെ കാലം നിലനില്‍ക്കുന്നതുമാണ് എല്‍.ഇ.ഡി ബള്‍ബായി മാറിയപ്പോഴുള്ള എന്റെ പ്രത്യേകത. മാത്രമല്ല, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മെര്‍ക്കുറി എന്ന മൂലകത്തിന്റെ സാന്നിധ്യം എന്നിൽ ഇല്ലെന്നതാണ് സി.എഫ്.എല്ലില്‍ നിന്ന് എൽ.ഇ.ഡി എന്ന നിലയിൽ എന്നെ വേറിട്ടു നിര്‍ത്തുന്നത്. വൈദ്യുതി പ്രവാഹത്തിന്റെ ഫലമായി ഇലക്‌ട്രോണുകള്‍ ഉത്തേജിപ്പിക്കപ്പെട്ട് ഊര്‍ജ്ജം സ്വതന്ത്രമാവുകയും അത് പ്രകാശമായി പുറത്തുവരികയുമാണ് എൽ.ഇ.ഡിയായി മാറിയ എന്റെ പ്രവര്‍ത്തനം.



ഒടുവിൽ ഞാൻ സൗരോർജ വിളക്കായി

സൂര്യപ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിച്ച് പ്രകാശിക്കുന്ന സൗരോർജ വിളക്കുകളായും ഞാൻ അവതരിപ്പിക്കപ്പെട്ടു. എന്റെ ഈ മാറ്റം ഈ മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണ്. ഒരു സോളാര്‍ പാനലും റാന്തലുമാണ് സൗരോർജ്ജ വിളക്കായി മാറിയ എന്റെ ഭാഗങ്ങള്‍. പകല്‍ പാനല്‍ സൂര്യപ്രകാശത്തില്‍ ചാർജ്​ ചെയ്ത് അത് പ്രകാശമാക്കി മാറ്റുകയാണ് ഞാൻ ചെയ്യുന്നത്.

Tags:    
News Summary - Evolution of bulb and its story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.