ബന്ദിപ്പൂർ വന‍്യജീവി സങ്കേതത്തിൽനിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വഴിക്കടവ് സ്വദേശി അജയ് നാരായണൻ പകർത്തിയ കടുവയുടെ ചിത്രം
നിലമ്പൂർ: മൃഗക്കാഴ്ചകൾ കാണാൻ കേരളത്തിൽനിന്ന് നാടുകാണി ചുരം കയറി മുതുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകൾക്ക് നടുവിലുള്ള മുതുമല റിസർവ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവിസങ്കേതങ്ങളിൽ ഒന്നാണ്.
കേരളത്തിലെ വയനാട് വന‍്യജീവി സങ്കേതത്തിനും കർണാടകയുടെ ബന്ദിപ്പൂർ ദേശീയോദ‍്യാനത്തിനും അതിരിടുന്നതാണിത്. പക്ഷി-ജന്തുജാലങ്ങളുടെയും പുഷ്പങ്ങളുടെയും വൈവിധ്യത്താൽ സമ്പന്നമായ സങ്കേതത്തിലൂടെ മഴക്കാലത്തെ സഞ്ചാരം നല്ല കാഴ്ചവിരുന്നാണ്. നീലഗിരി ബയോസ്ഫിയറിന്‍റെ 5500 ചതുരശ്ര കിലോമീറ്ററിന്‍റെ നിർണായക ഭാഗമാണിത്. തമിഴ്‌നാട്, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ട്രൈ-ജങ്ഷനിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒപ്പം വനങ്ങളാൽ ചുറ്റപ്പെട്ടതുമാണ്.
കടുവ, പുള്ളിപ്പുലി, കരടി, കാട്ടുപോത്ത്, ആന, പുള്ളിമാൻ, മ്ലാവ്, മയിൽ തുടങ്ങിയവയുടെ ആവാസ കേന്ദ്രമാണിവിടം. വിവിധ ഇനം പക്ഷികളും പൂമ്പാറ്റകളും പ്രത‍്യേകതയാണ്. പേടികൂടാതെ റോഡരികിൽ പുള്ളിമാൻ കൂട്ടങ്ങൾ മേയുന്നത് നിത‍്യ കാഴ്ചയാണ്.
മുതുമലയിലെ ആനവളർത്ത് കേന്ദ്രവും ആനപ്പുറത്തേറിയുള്ള സവാരിയും വാഹനത്തിൽ കാട്ടിലൂടെയുള്ള സഞ്ചാരവുമാണ് പ്രധാന ആകർഷണം. തമിഴ്നാടിന്‍റെ തൊറപള്ളിയിൽനിന്ന് തുടങ്ങുന്ന മുതുമല വനം കർണാടകയുടെ ബന്ദിപ്പൂർ ദേശീയ കടുവ സങ്കേതവും കഴിഞ്ഞ് പൂക്കളുടെ നാടായ ഗുണ്ടൽപേട്ടയിലേക്കാണ് കവാടം തുറക്കുന്നത്.
മലയാളിയുടെ ഓണം മുന്നിൽകണ്ട് ഗുണ്ടൽപേട്ടയിലെ കാർഷിക ഗ്രാമങ്ങളെല്ലാം പൂകൃഷിക്ക് വഴിമാറിയിട്ടുണ്ട്. സഞ്ചാരികളുടെ വരവ് ഏറിയതോടെ വന‍്യജീവി സങ്കേതങ്ങളിൽ തമിഴ്നാട്, കർണാടക വനം വകുപ്പ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതിനും ഇറങ്ങി ചിത്രങ്ങൾ പകർത്തുന്നതിനും കർശന വിലക്കുണ്ട്. സങ്കേതത്തിന്‍റെ തുടക്കം മുതൽ കാമറകൾ സ്ഥാപിച്ചാണ് നിരീക്ഷണം. വിലക്കുകൾ ലംഘിച്ചാൽ കനത്ത പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.