ശിഷ്യന്മാർക്കൊപ്പം

ഇത് ബേഡന്‍ പവലിന്റെ നാട്

‘‘മാഷേ, പറഞ്ഞതെല്ലാം ഓക്കെയാണ്. റെഡിയായി നിന്നോളണം. ഞാൻ ഏത് സമയത്തും വിളിക്കും” ഫോണിന്റെ അങ്ങേത്തലക്കൽ കേരള സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്റ്റേറ്റ് കമീഷണറും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബാലചന്ദ്രൻ പാറച്ചോട്ടിലാണ്, വിഷയാധ്യാപകനും പ്രധാനാധ്യാപകനുമൊക്കെയായി സേവിച്ചപ്പോഴും താൻ ഒരു സ്കൗട്ട് മാഷാണെന്ന് അഭിമാനപൂർവം പറയുന്ന ബാലചന്ദ്രന്‍ മാഷ്‍. വിദേശത്തെ എം.ബി.എ പഠനത്തിനുശേഷം ലണ്ടനിൽ എജുക്കേഷൻ കൺസൾട്ടൻസി നടത്തുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ അജേഷ് രാജ്‍ തന്റെ ഗുരുനാഥനെ സ്കൗട്ടിങ്ങിന്റെ മക്കയെന്ന് വിശേഷിപ്പിക്കുന്ന ലണ്ടനിലെ ബ്രൗൺസി ദ്വീപിലേക്ക് ക്ഷണിക്കുകയാണ്.

തീരുമാനങ്ങള്‍ മാറ്റിമറിച്ച ഫോൺകാള്‍

അജേഷിന്റെ വളർച്ചയിലെല്ലാം ബാലചന്ദ്രൻ മാഷുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനില്‍ തന്റെ സ്ഥാപനത്തിന്റെ ചീഫ് അഡ്വൈസറായി അദ്ദേഹത്തിന്റെ പേരാണ് അവന്‍ എഴുതിച്ചേര്‍ത്തത്. ഇടക്കൊരിക്കൽ വിളിച്ചപ്പോൾ യു.കെ വിശേഷങ്ങൾ പറഞ്ഞതിനിടയിലാണ് സ്കൗട്ടിങ് സ്ഥാപകൻ ബേഡൻ പവലിന്റെ ലണ്ടനിലുള്ള വീടും പഠിച്ച സ്കൂളും ആദ്യത്തെ സ്കൗട്ട് ക്യാമ്പ് നടന്ന ബ്രൗൺസി ദ്വീപും സന്ദർശിച്ച വിശേഷം മാഷുമായി പങ്കുവെക്കുന്നത്. സംഭാഷണത്തിനിടയിൽ, അവിടെയൊക്കെ പോകാൻ മാഷിനും ആഗ്രഹമില്ലേ എന്ന ഒറ്റ ചോദ്യമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. എഴുപതാം വയസ്സിൽ ജീവിത സായന്തനത്തിലിരിക്കുന്ന താൻ അങ്ങനെ സ്വപ്നം കാണുന്നതുപോലും അധിക പ്രസംഗമല്ലേ അജേഷേ എന്ന മറുചോദ്യമായിരുന്നു മറുപടി. ‘എന്നാൽ മാഷ് നോക്കിക്കോ ഒരിക്കൽ ഞാൻ മാഷിനെ കൊണ്ടുപോകും’ എന്നുപറഞ്ഞ് അന്ന് ആ സംഭാഷണം അവസാനിപ്പിച്ചതാണ്.

‘മാഷ് പാസ്പോർട്ട് എത്രയും പെട്ടെന്ന് പുതുക്കണം, സഹായിക്കാനായി അർഷദും ഹേമന്ദും വീട്ടിൽ വരും. ഞാനെല്ലാം അവരെ വിളിച്ചേൽപിച്ചിട്ടുണ്ട്.’ അടുത്ത വിളിയില്‍ നിശ്ചയ ദാര്‍ഢ്യത്തോടെയാണ് സംസാരം. അജേഷിനെപ്പോലെ ബാലചന്ദ്രൻ മാഷുടെ ശിഷ്യരായ മറ്റു രണ്ട് പ്രസിഡന്റ് സ്കൗട്ടുകളാണ് അർഷദും ഹേമന്ദും. അങ്ങനെ പാസ്പോർട്ട് പുതുക്കി. വിസ കിട്ടി, ടിക്കറ്റെടുക്കുകയാണ് എന്നുപറഞ്ഞുള്ള അടുത്ത വിളി ഏതു നിമിഷവും വരാം. എന്നാൽ, പിന്നീട് വന്ന വിളിയില്‍ ഒരു ആന്റിക്ലൈമാക്സിന്റെ സാധ്യതയായിരുന്നു. തുടക്കം മുതൽ സംശയിച്ച പോലെതന്നെ, ഈ യാത്ര നടക്കില്ല. കാര്യമിതാണ്, ഇംഗ്ലണ്ടിലെ നിലവിലുള്ള നിയമമനുസരിച്ച് 55 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് സന്ദര്‍ശക വിസ അനുവദിക്കില്ല. ‘ഞാനീ ഇംപോസിബിൾ പോസിബിൾ ആക്കി മാറ്റും’ എന്ന അജേഷിന്റെ വാക്കായിരുന്നു ബാലചന്ദ്രന്‍ മാഷ് പിന്നെ കേട്ടത്.

എല്ലാം റെഡി!

അവസാനത്തെ വിളിയും വന്നു. ‘വിസയും ടിക്കറ്റുമെല്ലാം ഓക്കെ. നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്ര പുറപ്പെടേണ്ടത്. മറ്റെന്നാൾ അവിടെയെത്തണം. കൊണ്ടുപോകുന്നതിന് കാറുമായി ഹേമന്ദും അർഷദും പേരാമ്പ്രയില്‍ വരും...’ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നുപോലും ചിന്തിക്കാൻ സമയമില്ല. അത്യാവശ്യ വസ്ത്രങ്ങൾ മാത്രം എടുത്തുവെച്ചു. അടുത്ത ബന്ധുക്കളെ വിളിച്ചുപറഞ്ഞു. ‘നീയെന്താണീ പറയുന്നത് ബാലചന്ദ്രാ.. കോഴിക്കോട്ടൊക്കെ പോവാന്ന് പറയുംപോലെയാണോ ഇത്, അതും ഈ എഴുപതാം വയസ്സില്‍.’ ശകാരിക്കാന്‍ അധികാരമുള്ളവര്‍ തടയാന്‍ ആവും വിധം ശ്രമിച്ചു. ഒന്നിനും മറുപടി പറയാൻ പോലും സമയമുണ്ടായിരുന്നില്ല.

നിശ്ചയദാര്‍ഢ്യത്തിന്റെ വിജയകഥ

ഹേമന്ദും അർഷദും കാറുമായി വന്നു. അവരും കൂടെവരുന്നുണ്ട്. നെടുമ്പാശ്ശേരിയില്‍നിന്ന് പിറ്റേന്ന് ദുബൈയിലേക്ക്. അവിടന്ന് 12 മണിക്കൂർ സഞ്ചരിച്ച് പിറ്റേ ദിവസം വൈകീട്ട് അഞ്ചോടെ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിലിറങ്ങി. സ്കൗട്ടിങ് മക്കയെന്ന് കുട്ടികള്‍ക്കുമുന്നില്‍ പലവുരു ഈ നാടിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ബേഡന്‍ പവല്‍ എന്ന മഹാന്‍ നടന്നുതീര്‍ത്ത മണ്ണിലാണ് താനിപ്പോള്‍. പ്രിയ ഗുരുവിനെ അജേഷ് പാര്‍ക്കിങ്ങില്‍ വാഹനവുമായി കാത്തുനിന്നു.

ബേഡന്‍ പവലിന്റെ നാട്

1907ൽ ഇംഗ്ലണ്ടിലെ യുവത്വം സമ്പന്നതയുടെ ഹുങ്കിൽ മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ട് ജീവിതം നശിപ്പിക്കുന്നതുകണ്ട് മനം നൊന്താണ് ബേഡൻ പവൽ സ്കൗട്ടിങ് പ്രസ്ഥാനം ആരംഭിക്കുന്നത്. ബേഡന്‍ പവല്‍ മുന്നോട്ടുവെച്ച ആശയം പ്രായോഗികമായി പരീക്ഷിച്ച് വിജയിപ്പിച്ച് കാണിച്ച ആദ്യത്തെ സ്കൗട്ട് ക്യാമ്പ് നടന്ന സ്ഥലമാണ് ബ്രൗണ്‍സീ ദ്വീപ്. 1907ൽ 20 കുട്ടികളെയും കൊണ്ട് പവൽ ഒമ്പതു ദിവസം ദ്വീപില്‍ നടത്തിയ പരീക്ഷണ ക്യാമ്പാണ് സ്കൗട്ട് ചരിത്രത്തിലെ ആദ്യ ക്യാമ്പായി അറിയപ്പെടുന്നത്.

ബാലചന്ദ്രൻ പാറച്ചോട്ടിൽ

 ബാലചന്ദ്രൻ മാഷ് പറയുന്നു...

ലണ്ടനില്‍‍നിന്ന പത്ത് ദിവസത്തിൽ ഒരു മണിക്കൂര്‍ പോലും വെറുതെയായില്ല. ആദ്യ ദിവസം ചെന്നത് സ്റ്റാന്‍ ഹോപ് സ്ട്രീറ്റിലേക്കായിരുന്നു. അതി ധനികരല്ലാത്ത മനുഷ്യരുടെ ഭവന സമുച്ചയമാണ് ആ തെരുവിന്റെ വിശേഷം. ആരും ഒന്നും വലിച്ചെറിയാത്ത വീഥി. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക സൈക്കിൾ ട്രാക്ക്. ശബ്ദകോലാഹലങ്ങളില്ല. ബേഡന്‍ പവലിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അദ്ദേഹം ജനിച്ചുവളര്‍ന്ന ആറാം നമ്പര്‍ വീട് വലിയൊരു സ്മാരകം പോലെ ഇപ്പോഴുമവിടെ സൂക്ഷിച്ചിട്ടുണ്ട്. യു.കെയിൽ ബേഡൻ പവലിനെ ഏത് കൊച്ചുകുട്ടിക്കും അറിയാം. ഭാരതീയർക്ക് ബാപ്പു എങ്ങനെയോ അതു പോലെയാണ് ഇംഗ്ലണ്ടില്‍ ബേഡൻ പവൽ.

പിറ്റേ ദിവസം ബേഡന്‍ പവല്‍‍ പഠിച്ച ചാര്‍ട്ടര്‍ ഹൗസ് സ്കൂള്‍ എന്ന വിദ്യാലയം സന്ദര്‍ശിച്ചു. സ്കൂളില്‍നിന്ന് ബേഡന്‍ പവല്‍‍ ചാടിപ്പോയ വിഖ്യാതമായ ആ മതില്‍ നിത്യസ്മാരകമെന്നോണം ഇപ്പോഴുമവിടെയുണ്ട്. ഇരുന്ന ക്ലാസ് മുറിയും ജനാലയുമെല്ലാം ചരിത്രസ്മാരകമായി നിലനിർത്തിയിരിക്കുന്നു.

ബ്രൗണ്‍സീ ദ്വീപായിരുന്നു അടുത്ത ലക്ഷ്യം. അവിടേക്കുള്ള കുഞ്ഞുകപ്പലുകൾ പുറപ്പെടുന്ന പൂൾ തുറമുഖത്ത്, ദ്വീപിലേക്ക് കണ്ണുംനട്ടിരിക്കുന്ന പവലിന്റെ പൂർണകായ വെങ്കല പ്രതിമ. വായിച്ചും കേട്ടും മാത്രമറിഞ്ഞ ബ്രൗണ്‍സീ ദ്വീപിൽ കാലു കുത്തിയപ്പോൾ കോരിത്തരിച്ചുപോയി. അവിടെയുള്ള മ്യൂസിയവും പ്രകൃതിരമണീയമായ അന്തരീക്ഷവും പവലിന്റെ ദീർഘദർശനം എത്രമാത്രം ശരിയായിരുന്നുവെന്ന് വെളിപ്പെടുത്തും. യഥാർഥ സ്കൗട്ടിങ്ങില്‍നിന്ന് എത്രമാത്രം അകലെയാണ് സ്കൗട്ടിങ്ങിലെ ഏറ്റവും വലിയ പരിശീലക ബഹുമതിയായ ലീഡര്‍ ട്രെയിനർ പുരസ്കാരം ലഭിച്ച താൻപോലുമെന്ന തിരിച്ചറിവുണ്ടാകുന്നത് ഇവിടെനിന്നാണ്.

സ്കൗട്ടിങ് പരിശീലന കേന്ദ്രമായ ഗില്‍ വെല്‍ പാര്‍ക്കിലെ അനുഭവം ഈ തിരിച്ചറിവ് ഒന്നുകൂടി ദൃഢപ്പെടുത്തി. വിവിധ രാജ്യങ്ങളിൽനിന്ന് ബ്രൗൺസീ ദ്വീപിലും ഗിൽ വെൽ പാർക്കിലുമെത്തുന്ന ബാലികാബാലന്മാരും യുവജനങ്ങളും പൂർണ വ്യക്തിത്വവികാസത്തിന്റെ ശുദ്ധവായു ശ്വസിച്ചാണ് തിരിച്ചുപോവുക. ലോകത്ത് ആദ്യമായി സ്കൗട്ട് റാലി നടത്തിയ ക്രിസ്റ്റൽ പാലസ് ഗ്രൗണ്ടാണ് തുടര്‍ന്ന് സന്ദര്‍ശിച്ചത്.

തെംസിനും ലണ്ടൻ ബ്രിഡ്ജിനുമപ്പുറം

ലണ്ടന്‍ യാത്രയില്‍ തെംസ് നദിയും ലണ്ടന്‍ ബ്രിഡ്ജുമെല്ലാം കണ്ടെങ്കിലും ബേഡൻ പവല്‍ സൃഷ്ടിച്ച സ്കൗട്ടിങ് ലോകമാണ് ബാലചന്ദ്രന്‍ എന്ന സ്കൗട്ട് മാസ്റ്ററുടെ മനസ്സിലിപ്പോഴും. ശിഷ്യര്‍ക്കാകട്ടെ,‍ ഗുരു പകർന്നുതന്ന സ്കൗട്ടിങ്ങിന്റെ ലോകത്തേക്ക് സഞ്ചരിക്കാന്‍ ഇനിയും ദൂരമേറെയുണ്ടെന്ന് ഗുരുവിനെത്തന്നെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്ന ചാരിതാർഥ്യവും.

Tags:    
News Summary - This is the land of Baden Powell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.