ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ൽ സ​ഞ്ചാ​രി​ക​ളെ കാ​ത്തു​കി​ട​ക്കു​ന്ന ഹൗ​സ്​​ബോ​ട്ടു​ക​ൾ

വിനോദസഞ്ചാരികളുടെ തിരക്കേറി: പിടിക്കൊടുക്കാതെ അനധികൃത ഹൗസ്ബോട്ടുകൾ

ആലപ്പുഴ: വിനോദസഞ്ചാരികളുടെ തിരക്കേറിയതോടെ അനധികൃത ഹൗസ്ബോട്ടുകൾ പെരുകി. സ്കൂൾ അവധിദിനങ്ങളിൽ മലബാർ മേഖലയിൽനിന്നായിരുന്നു സഞ്ചാരികളുടെ കുത്തൊഴുക്ക്. നിലവിൽ തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് മൺസൂൺ ടൂറിസം ആഘോഷിക്കാനാണ് കൂടുതൽപേരും എത്തുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് ഏറെ. എന്നാൽ, ഹൗസ്ബോട്ടുകൾ അമിത ചാർജാണ് ഈടാക്കുന്നതെന്ന പരാതിയുണ്ട്. പുന്നമട ഫിനിഷിങ് പോയന്‍റ്, പള്ളാത്തുരുത്തി, നെടുമുടി, തണ്ണീർമുക്കം എന്നിവിടങ്ങളിൽനിന്നാണ് ഹൗസ്ബോട്ടുകളുടെ സർവിസ്‌. ശിക്കാരവള്ളങ്ങൾക്കും തിരക്കായിരുന്നു.

ജലഗതാഗത വകുപ്പിന്‍റെ ചെലവ്‌ കുറഞ്ഞ കായൽ ടൂറിസവും സഞ്ചാരികളുടെ മനം കവരുന്നതാണ്. ആലപ്പുഴ ബോട്ട്ജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകീട്ട് നാലിന് തിരിച്ചെത്തുന്ന വേഗ സർവിസാണ് അതിൽ പ്രധാനം. പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ. ബ്ലോക്ക് തുടങ്ങിയവയിലൂടെയാണ് ഇവയുടെ സഞ്ചാരം.

മുഹമ്മ ബോട്ട്ജെട്ടിയിൽനിന്ന് ആരംഭിച്ച വാട്ടർ ടാക്‌സിയാണ് മറ്റൊന്ന്. ഒരുമണിക്കൂർ യാത്രക്ക് ഒരാൾക്ക് 150 രൂപ വീതം 10 പേർക്ക് 1500 രൂപയും 15 മിനിറ്റ് യാത്രക്ക് ഒരാൾക്ക് 40 രൂപ വീതം 400 രൂപയുമാണ് ചാർജ്. കുറഞ്ഞ നിരക്കിൽ പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം പക്ഷിസങ്കേതം, കുട്ടനാട് എന്നിവ കാണാനാകും. ഇതിനൊപ്പം ടൂറിസ്‌റ്റ്‌ കം പാസഞ്ചർ സീ കുട്ടനാട് എന്നിവയുമുണ്ട്.

ഹൗസ്ബോട്ട് യാത്ര സുരക്ഷിതമോ?

കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1580 ഹൗസ്ബോട്ട് സർവിസ് നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയാണ് ഓടുന്നത്. ഹൗസ്ബോട്ടുകളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്‍റെ നിർദേശം പാലിക്കാന്‍ ബോട്ടുടമകള്‍ മടിക്കുന്നതാണ് മേഖലയിലെ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് പരാതിയുണ്ട്.

ഹൗസ്ബോട്ടിൽ ആറുമാസത്തിനകം ഏഴാമത്തെ അപകടമാണുണ്ടായത്. സഞ്ചാരികളുമായി ജെട്ടിയിൽ നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങിയതാണ് ഏറ്റവും ഒടുവിലത്തേത്. സംഭവത്തിൽ സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ സഹായത്തിനെത്തിയ കൈനകരി ഇ.എം.എസ് ബോട്ട്ജെട്ടി വാളാത്ത് തറയിൽ പ്രസന്നൻ (അർജുൻ -63) മരിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധന കർശനമാക്കിയിട്ടുണ്ട്.

അനധികൃത ഹൗസ്ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഹൈകോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിർദേശങ്ങളും പാലിക്കുന്നതില്‍ ഉടമകള്‍ അലംഭാവം കാട്ടുന്നുവെന്നാണ് തുറമുഖ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബോട്ടുകൾ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നത്.

ഇനി ഉയർന്ന പിഴ; തുടക്കത്തിൽ 10,000

ഹൗസ്ബോട്ടിലെ നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കും. നിലവിൽ പരമാവധി 500-1000 രൂപ മാത്രമാണ് ഈടാക്കുന്നത്. പുതിയ ഇൻലാൻഡ് വെസൽസ് ആക്ട് പ്രകാരം ജലയാനങ്ങളിലെ നിയമംഘനങ്ങൾക്ക് 10,000 രൂപവരെ പിഴ ഈടാക്കാം. പിന്നെയും നിയമലംഘനം ആവർത്തിച്ചാൽ 25,000 രൂപ പിഴ നൽകണം.

ഹൗസ്ബോട്ടുകളിലെ നിയമലംഘനം തടയാനാണ് നടപടി കർശനമാക്കുന്നത്. അനധികൃത ഹൗസ്ബോട്ടുകൾ ഈ പിഴ അടച്ച് കാര്യമായി മാറ്റം വരുത്താതെയാണ് സർവിസ് നടത്തുന്നത്. ജൂലൈ മുതൽ കൂട്ടിയ പിഴ ഈടാക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. സുരക്ഷ യാത്ര ഒരുക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 12 ഹൗസ്ബോട്ടുകൾക്കും രേഖകൾ ഇല്ലെന്ന് കണ്ടെത്തി.

തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം

കായൽ ദുരന്തം വർധിച്ച സാഹചര്യത്തിൽ ഹൗസ്ബോട്ട് തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും അവബോധന ക്ലാസും നൽകാൻ തീരുമാനം. ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു, ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, പോർട്ട് ഓഫിസർ, ടൂറിസം, പൊലീസ്, ഫയർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും അപകടമുണ്ടായാൽ ഏങ്ങനെ നേരിടണമെന്നും പരിശീലിപ്പിക്കുന്നതാണ് പദ്ധതി. ജൂലൈ ഒന്ന് മുതൽ 30 പേർ വീതമുള്ള സംഘങ്ങളുടെ പരിശീലന പരിപാടിയും ക്ലാസും ആരംഭിക്കും. ആദ്യദിനം ക്ലാസും രണ്ടാമത്തെ ദിനം അപകടമുണ്ടായാൽ ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ ഉപകരണങ്ങൾ ഏങ്ങനെ ഉപയോഗിച്ച് യാത്രക്കാരെ രക്ഷിക്കാമെന്നതിനെക്കുറിച്ച് പരിശീലനം നൽകും.

Tags:    
News Summary - Backwater tourism attracts tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.