ജൈന വാസ്തുവിദ്യയുടെ ചാതുര്യം; ധ്യാനനിമഗ്നനായ ബാഹുബലി

മഴയുടെ ലാഞ്ചനപോലുമില്ലാത്ത മാർച്ച് മാസത്തിലാണ് ചന്നരായ പട്ടണത്തിൽനിന്നും ബസ്​ കയറി ആ മലയടിവാരത്തുള്ള ചെറുപട്ടണത്തിൽ ബസിറങ്ങുന്നത്. അധികം തിരക്കില്ലാത്ത ആ ബസ്​സ്​റ്റാൻഡിൽനിന്നൊരു ചായയും കുടിച്ച്​ ഞങ്ങൾ പതുക്കെ നടക്കാനാരംഭിച്ചു. ആ പാത പോകുന്നതൊരു മലയടിവാരത്തേക്കാണ്. അങ്ങകലെ പരസ്പരം മുഖം നോക്കി നിൽക്കുന്ന രണ്ട് മലകൾ, വിന്ധ്യഗിരിയും ചന്ദ്രഗിരിയും. അവക്കിടയിലൂടെ നീളുന്ന പാതയവസാനിക്കുന്നതൊരു ചെറുപട്ടണത്തിൽ, ശ്രാവണ ബലഗോള.

ഇവിടം വരെയുള്ള യാത്ര ഒട്ടും വിരസമായിരുന്നില്ല. കർണാടക ഗ്രാമങ്ങളുടെ യഥാർത്ഥ ഭംഗി കണ്ട്, നോക്കെത്താ ദൂരത്തോളം വയലേലകളെയും ആട് മാടുകളുടെ കൂട്ടങ്ങളെയും കണ്ടുകണ്ടെത്തുമ്പോള്‍ അതെങ്ങനെയാണ് വിരസമാവുക. അല്ലെങ്കിലും കർണാടകന്‍ ഗ്രാമങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ബസിലിരുന്നു കൊണ്ട് തന്നെ കണ്ടു, കിലോമീറ്ററുകളകലെ മലമുകളിലൊരു കരിങ്കൽ ശിരസ്സ്. മേഘങ്ങളെ തൊട്ടുനിൽക്കുന്ന ആ വലിയ പ്രതിമയെ അടുത്ത് കാണാനുള്ള യാത്രയാണിത്. നോക്കെത്താ ദൂരത്തോളം കാണുന്ന കന്നഡ ഗ്രാമങ്ങളുടെ കാവല്‍ക്കാരനെപ്പോലെ അതിങ്ങനെ നില്‍കുന്നു.


താഴ്വാരത്തിലേക്ക്​ നടന്നടുക്കും തോറും വീതി കുറഞ്ഞ പാതയൊരു തെരുവിലേക്കിറങ്ങി. മുകളില്‍ കത്തുന്ന സൂര്യന്‍ ചെറിയൊരാശ്വാസം തന്നിട്ടുണ്ട്. പൂക്കളും പൂജാവസ്തുക്കളും കരകൗശല വസ്തുക്കളും കരിങ്കല്ലിൽ കൊത്തിയ ചെറുവിഗ്രഹങ്ങളും വിൽക്കുന്നവരുടെ നിരവധി കടകള്‍ കൊണ്ട് തിരക്കേറിയ തെരുവ്. അതിനപ്പുറം അഗ്രഹാരം പോലെയുള്ള നിരവധി വീടുകള്‍. വിശ്വാസികളും കാഴ്ചക്കാരുമായ വലിയൊരു ജനസഞ്ചയമുണ്ട് തെരുവില്‍. ഇവയെല്ലാം കടന്ന് അവസാനം മലയടിവാരത്തെത്തി.

കർണാടകയിലെ ഹാസ്സൻ ജില്ലയിലാണ് ശ്രാവണ ബലഗോളയെന്ന ചെറുനഗരം. വിന്ധ്യഗിരി, ചന്ദ്രഗിരി കുന്നുകൾക്കിടയിലുള്ള ഇവിടം ഒരു കാലത്ത് അത്രയേറെ പ്രശസ്തമായിരുന്നു. രാജവംശങ്ങള്‍ മാറിമാറി ഭരിച്ചെങ്കിലും കൃത്യമായ അടയാളപ്പെടുത്തലുകള്‍ക്ക് വിധേയമായ നഗരമാണിത്‌. ജൈനമതം ശക്തമായിരുന്ന സമയത്ത് നിര്‍മിച്ച നഗരം. അതുകൊണ്ടുതന്നെ ജൈന മതവിശ്വാസികളുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്​.


നഗര മധ്യത്തിലുള്ള ധവള നിറമാർന്ന കുളത്തിൽ നിന്നാണ് ശ്രാവണബലഗോളയെന്ന പേര് വന്നത്. ശരിക്കും പറഞ്ഞാൽ തടാകത്തെ ചുറ്റിയൊരു നഗരം, അതാണ്‌ ശ്രാവണ ബലഗോള. തടാകത്തിന്​ ചുറ്റും താമസിക്കുന്നവരെല്ലാം തന്നെ ജൈനമത വിശ്വാസികളാണ്. ചെന്നരായ പട്ടണമാണ് ശ്രാവണ ബലഗോളക്ക്​ സമീപത്തെ ബസ്‌സ്റ്റേഷന്‍. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നും ഇവിടേക്ക് നിരവധി ബസുകളുണ്ട്.


രണ്ട് മലകളുണ്ടെങ്കിലും വിന്ധ്യഗിരി കുന്നിന്​ മുകളിലാണ് ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമകൂടിയാണ് ഗോമതേശ്വര ബാഹുബലി. കല്ലിൽ കൊത്തിയ 600ലേറെ പടികൾ ചവിട്ടി വേണം മുകളിലെ ഗോമതേശ്വര പ്രതിമക്ക്​ അടുക്കലെത്താൻ. ഗോമതേശ്വരന് ബാഹുബലിയെന്നും പേരുണ്ട്. ജൈന മതത്തിലെ ആദ്യത്തെ മോക്ഷഗാമിയായി അറിയപ്പെടുന്നത് ബാഹുബലിയെയാണ്.


എ.ഡി 600 മുതല്‍ ഗംഗർമാര്‍, ഹോയ്സാലര്‍, വോഡയാര്‍ തുടങ്ങി നിരവധി രാജവംശങ്ങൾ ഭരിച്ചിരുന്ന മണ്ണാണ് ശ്രാവണ ബെലഗോള. ഗംഗാ സാമ്രാജ്യത്തിന്‍റെ സുവർണകാലഘട്ടത്തിലാണ് ശ്രാവണ ബലഗോളയിലെ ക്ഷേത്രങ്ങളും നിർമിതികളും പൂർത്തിയായതെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഗംഗാ സാമ്രാജ്യ ഭരണകാലം ജൈനമതത്തിന്‍റെ സുവർണകാലമായി കരുതപ്പെടുന്നു.


ജൈനമതത്തിലെ തീർത്ഥങ്കരനായ ഋഷഭന്‍റെ മകനായ ബാഹുബലിയോടുള്ള ആദരവിനാണ് മലമുകളിൽ ബാഹുബലി പ്രതിമ നിർമിച്ചത്. ഗംഗാ സാമ്രാജ്യത്തിലെ സർവസൈന്യാധിപനായ ചാമുണ്ഡരായനാണ് എ.ഡി 981ൽ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചതെന്ന്​ ഇവിടെനിന്ന്​ ലഭിച്ച ശിലാശകലങ്ങളില്‍നിന്നും മനസ്സിലായിട്ടുണ്ട്.


സൂര്യന്‍ പടിഞ്ഞാറസ്തമിക്കാനുള്ള പുറപ്പാടിലായതുകൊണ്ട്​ ചൂട്‌ കുറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ ചെറുതും വലുതുമായ കൂട്ടങ്ങള്‍ മല കയറിപ്പോകുന്നു. കാഴ്ചകാണാന്‍ വന്നവരും കുറവല്ല. പക്ഷെ, കൈകളില്‍ പൂക്കളും പൂജാ ദ്രവ്യങ്ങളുമായി മല കയറുന്ന വിശ്വാസികളാണ് കൂടുതല്‍. കാലുകളില്‍ ചെരുപ്പുകളില്ലാതെ വേണം മലകയറാന്‍. മലയടിവാരത്തില്‍ ചെരുപ്പുകള്‍ സൂക്ഷിക്കാനിടമുണ്ട്. കരിങ്കല്ലില്‍ വെട്ടിയെടുത്ത പടികള്‍ കാലപ്പഴക്കത്തില്‍ തേഞ്ഞ് മിനുസപ്പെട്ടിരിക്കുന്നു.


തടി കൂടുതലുഉള്ള ചിലരൊക്കെ ആയാസപ്പെട്ട്‌ മല കയറുയകയും ഇടക്ക്​ സഹായത്തിന് ഇരുമ്പ് കമ്പി കൊണ്ടുള്ള വേലിയില്‍ പിടിച്ച് നില്‍കുകയും ചെയ്യുന്നുണ്ട്. മുകളിലേക്ക്​ കയറുംതോറും താഴത്തെ കാഴ്ചകള്‍ മനോഹരമാകുന്നു. മുകളിലെ ബാഹുബലി പ്രതിമയെ ചുറ്റി ഒരു ചെറുനഗരം, അതാണ് ശ്രാവണ ബെലഗോള. പടികള്‍ മുഴുവന്‍ ചവിട്ടി കയറിയ ക്ഷീണം മുഴുവന്‍ ക്ഷേത്രത്തിനുള്ളിലെ തണുപ്പിലലിഞ്ഞു പോയി.


ക്ഷേത്രകവാടങ്ങള്‍ കടന്നെത്തുന്ന മുറ്റത്ത്​ രണ്ടു ഭീമാകാരമായ പാദങ്ങള്‍. മുകളിലേക്കുയര്‍ത്തുന്ന ദൃഷ്ടിയില്‍ മാനത്തോളം ഉയര്‍ന്ന ധ്യാനനിമഗ്നനായ ബഹുബലിയുടെ പൂര്‍ണരൂപം. ഒറ്റക്കല്ലില്‍ തീര്‍ത്ത മഹാരൂപം പൂർണനഗ്ന രൂപത്തിലുള്ളതാണ്. പാദങ്ങളില്‍നിന്നും ശരീരത്തിലേക്ക് പടര്‍ന്നുകയറുന്ന വള്ളികളോടെ നിൽക്കുന്ന ബാഹുബലി. 57 അടി പൊക്കത്തിലാണ് ബാഹുബലിയുടെ പൂർണകായ പ്രതിമ കരിങ്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നത്.


ഇന്ത്യയിലെ തന്നെ ജൈനരുടെ പ്രധാന സ്ഥലങ്ങളിലൊന്നായത് കൊണ്ട് വിശേഷദിവസങ്ങളില്‍ ജൈനരെല്ലാം കൂട്ടമായെത്തുന്ന ഇടമാണ്​ ​​ശ്രാവണ ബലഗോള. ജൈനരുടെ ആദ്യ തീര്‍ത്തങ്കരനായ ഋഷഭദേവന്‍റെ മകനായിരുന്ന ബാഹുബലിയുടെ ജീവിതം പരിത്യാഗത്തിന്‍റെയാണ്.


അയോധ്യ ഭരിച്ചിരുന്ന രാജാവായ ഋഷഭദേവന്‍ മക്കളെ രാജ്യഭാരമേല്‍പ്പിച്ച് സന്യാസത്തിനിറങ്ങുന്നു. ശേഷം രാജ്യത്തിനുവേണ്ടി മക്കളായ ബാഹുബലിയും ഭരതനും യുദ്ധമുണ്ടാകുന്നു. ജ്യേഷ്ഠൻ ഭരതനോട് യുദ്ധം ചെയ്തതില്‍ കുറ്റബോധം തോന്നി മനംനൊന്ത ബാഹുബലി അച്ഛൻ ഋഷഭദേവനെപ്പോലെ സന്യാസം സ്വീകരിക്കാനിറങ്ങുന്നു.


പിന്തിരിപ്പിക്കാനുള്ള ​ജ്യേഷ്ഠന്‍റെ ശ്രമങ്ങളെ എല്ലാം നിരാകരിച്ച ബഹുബലി നിന്നുകൊണ്ട് തപസ്സുചെയ്യാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളോളമുള്ള തപസ്സില്‍ വള്ളിപ്പടര്‍പ്പുകള്‍ ശരീരത്തില്‍ ചുറ്റി വളരാന്‍ തുടങ്ങുകയും അവസാനം ജ്ഞാനോദയ പ്രാപ്തനാവുകയും ചെയ്യുന്നു. അതിനുശേഷം ബാഹുബലി സ്വര്‍ഗം പൂകിയെന്നുമാണ് ജൈനരുടെ വിശ്വാസം. അതുകൊണ്ടു തന്നെ ജൈനമതത്തിലെ ആദ്യത്തെ മോക്ഷഗാമിയായി അറിയപ്പെടുന്നത് ബാഹുബലിയെയാണ്.


ബാഹുബലിയുടെ ഭീമാകാരമായ പാദങ്ങളിലാണ് പൂജക്കുള്ള വസ്തുക്കള്‍ അര്‍പ്പിക്കുന്നത്. ജൈനരുടെ വിശേഷ ദിവസങ്ങളില്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഇവിടത്തെ ഏറ്റവും പ്രധാനമായ ചടങ്ങ് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമസ്താഭിഷേകമാണ്. മഞ്ഞള്‍, വെള്ളം, അരി, ചന്ദനപ്പൊടി, മാവ്, കരിമ്പിന്‍ ജ്യൂസ്‌, സ്വര്‍ണം, വെള്ളി, കുങ്കുമം, പുഷ്പങ്ങള്‍ എന്നിവ കൊണ്ട് ബാഹുബലിയെ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് മഹാമസ്താഭിഷേകം. അവസാനമായി ഈ ചടങ്ങ് നടന്നത് 2018ലാണ്. ഇനി 12 വര്‍ഷങ്ങള്‍ക്കുശേഷം 2030ലാണ് ആ ചടങ്ങ് നടക്കുക.


ബാഹുബലിയുടെ പ്രതിമക്ക്​ ചുറ്റുമുള്ള കെട്ടിടങ്ങളില്‍ ചെറുതും വലുതുമായ ക്ഷേത്രങ്ങളുണ്ട്. ജൈനമതത്തിലെ തീര്‍ത്തങ്കരൻമാരുടെ പേരിലുള്ള ക്ഷേത്രങ്ങളാണവ. ക്ഷേത്രോള്‍ഭാഗത്തെ സ്തൂപങ്ങളില്‍ എല്ലാം ജൈന വാസ്തുവിദ്യയുടെ ചാതുര്യം കാണാം. ക്ഷേത്രത്തിന്​ വെളിയില്‍ കല്‍മണ്ഡപങ്ങളും കരിങ്കല്‍ തൂണുകളും ശിലാലിഖിതങ്ങളും നിരവധി രാജഭരണങ്ങളുടെ തിരുശേഷിപ്പായി അവശേഷിക്കുന്നു. പോയ കാലത്തിന്‍റെ ഓര്‍മകളായി ചില ശിലാശാസനങ്ങള്‍ ചില്ലിട്ട്​ സംരക്ഷിച്ചിരിക്കുന്നു.


ക്ഷേത്രത്തിന്​ വെളിയില്‍ നിന്നുള്ള കാഴ്ച മനോഹരമാണ്. ചുറ്റിലുമുള്ള പനോരമിക് വ്യൂ പറഞ്ഞറിയിക്കാന്‍ പറ്റില്ല. കൂറ്റന്‍ ഉരുളന്‍ പാറക്കല്ലുകള്‍ മുകളിലും താഴ്വാരങ്ങളിലും. പൂത്തുനിൽക്കുന്ന നീലവാക മരങ്ങള്‍, താഴെ തിളങ്ങുന്ന തടാകം, തൊട്ടപ്പുറത്ത് തലയുയര്‍ത്തി ചന്ദ്രഗിരി കുന്നുകള്‍.


അവിടെയാണ് ചന്ദ്രബസതി. രാജ്യങ്ങള്‍ കീഴടക്കി ദിഗ്വിജയം നേടിയ മഹാനായ ചന്ദ്രഗുപ്ത മൗര്യന്‍ തന്‍റെ അവസാന നാളുകളില്‍ നിരാഹരത്തിലൂടെ ജീവന്‍ വെടിഞ്ഞതിവിടെയാണ്. പിന്നീട് അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി അശോക ചക്രവര്‍ത്തി പണി തീര്‍ത്തതാണ് ചന്ദ്രബസതി. ചന്ദ്രബസതി കൂടാതെ ചാമുണ്ഡരായര്‍ പണികഴിപ്പിച്ച ഒരു ക്ഷേത്രവും നിരവധി സ്മാരകങ്ങളും ചന്ദ്രഗിരിയിലുണ്ട്.


ബാഹുബലി പ്രതിമയുടെ പടിഞ്ഞാറു ഭാഗത്ത് ഒരു കല്‍മണ്ഡപം കാണാം. സൂര്യാസ്തമനത്തില്‍ ആകാശം ചുവക്കാന്‍ തുടങ്ങി. കല്‍മണ്ഡപത്തിലിരിക്കുമ്പോൾ താഴ്വാരത്തില്‍നിന്നും കാറ്റ് ചൂളം കുത്തി വരാന്‍ തുടങ്ങി. വിശ്വാസികളായവര്‍ ചുറ്റുമുള്ള ചെറിയ ക്ഷേത്രങ്ങളില്‍ പൂജകളൊക്കെ ചെയ്യുന്നുണ്ട്. കുറച്ചുനേരം ഞാനവിടെ ഇരുന്നു. മനസ്സില്‍ ഒരായിരം ചിന്തകള്‍ കടന്നുപോയി.


എത്രയോ രാജാവംശങ്ങള്‍ നൂറ്റാണ്ടുകളായി ഭരിച്ചിരുന്നയിടമാണിത്. രാജ്യവും പ്രസ്തിയും നേടിയ രണ്ടു രാജാക്കൻമാർ അവസാനകാലത്ത് എല്ലാമുപേക്ഷിച്ച കഥകള്‍, അങ്ങനെ അങ്ങനെ.


സൂര്യാസ്തമയം പൂര്‍ണമായിരിക്കുന്നു. ഇനി തിരിച്ചിറക്കമാണ്. പിറകിലെ കരിങ്കല്‍ നിർമിതികളെല്ലാം നിഴല്‍ രൂപങ്ങളായി നില്‍കുന്നു. താഴെ താഴ്വാരങ്ങളില്‍ വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു. പിന്നിൽ 1000 വര്‍ഷങ്ങളായി ധ്യാനനിമഗ്നനായ ബാഹുബലി നിൽക്കുന്നു. 



Tags:    
News Summary - travel to Shravanabelagola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT