ജോൺ സുള്ളിവന്‍റെ നീലഗിരി പര്യവേഷണം

കോത്തഗിരി ടൗണിൽ ബസിറങ്ങിയ ശേഷം റഫീഖ് ഭായിയെ വിളിച്ചു. ഒരു ഓട്ടോയെടുത്ത് നേരെ കോട്ടേജില്ലേക്ക് ചെന്നാൽ മതിയെന്നും താൻ പിന്നീടെത്താമെന്നുമായി അദ്ദേഹം. നേരത്തെ സെവൻ ലീവ്സ് കോട്ടേജിന്‍റെ കുറച്ച് ഫോട്ടോസ് അദ്ദേഹം അയച്ച് തന്നിരുന്നത് മാത്രമായിരുന്നു താമസകേന്ദ്രത്തെക്കുറിച്ചുള്ള ഏക പരിചയം. തിരൂരിലെ നാസർ ഭായിയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് സെവൻ ലീവ്സ് കോട്ടേജിനെയും അതിന്‍റെ പേട്രണായ റഫീഖ് ഭായിയെയും കുറച്ചറിയുന്നത്.

ദാവൂദും സുഭാഷും അസ്​ലമുമൊത്ത് കോത്തഗിരിയിലേക്കാണ് അടുത്ത യാത്രയെന്നറിഞ്ഞപ്പോൾ ഫർമീസായിരുന്നു നാസർ ഭായിയുടെ നമ്പർ തന്നത്. കോത്തഗിരിയുടെ ജനകീയമുഖമായ റഫീഖ് ഭായിയെക്കുറിച്ച് നാസർ ഭായിക്ക് നൂറു നാവായിരുന്നു. ഉടൻ തന്നെ റഫീഖ് ഭായിയെ വിളിച്ച് ഒരാൾക്ക് ഒരു ദിവസം 750 രൂപ നിരക്കിൽ കോട്ടേജ് ഉറപ്പിക്കുകയും ചെയ്തു.


ആ കോട്ടേജിന് മുന്നിലാണിപ്പോൾ. ആരെയും കാണുന്നുമില്ല. അൽപം കഴിഞ്ഞപ്പോൾ ഒരാളെത്തി കോട്ടേജ് ഞങ്ങളെ ഏൽപ്പിച്ച് അയാൾ പെട്ടെന്ന് തന്നെ മടങ്ങി. നീലഗിരിയിലെ കാടിന്‍റെ പശ്ചാത്തലത്തിൽ മനോഹരമായൊരു കോട്ടേജ്. പക്ഷികളുടെ നാദങ്ങളാൽ സംഗീത മുഖരിതമായ അന്തരീക്ഷം. ഇടക്കിടെ പല വർണ്ണങ്ങളിലെ ചിത്രശലഭങ്ങൾ വട്ടമിട്ടു പറക്കുന്ന കാഴ്ചകൾ കൂടിയാകുമ്പോൾ കാൽപനികതയുടെ വർണ്ണ പ്രപഞ്ചം ഒന്നാകെ പെയ്തിറങ്ങിയ അനുഭൂതി. ഏവരും ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഒമ്പത്​ മണി കഴിഞ്ഞിരുന്നു.

നീലവാക വസന്തം

വയലറ്റിൽ പുതച്ചുനിൽക്കയാണ് കോത്തഗിരി. വീഥികളിലാകെ പൂത്തുലഞ്ഞു നിൽക്കുന്ന നീലവാക. കാൽപനിക വസന്തത്തിന്‍റെ കാഴ്ചകളാണെങ്ങും. സൗത്ത് അമേരിക്കയിൽനിന്ന് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ജക്കറാന്ത പൂക്കളാണ് നീലവാകകൾ. കഴിഞ്ഞമാസം വരെ ഇല പൊഴിഞ്ഞ് നിന്നിരുന്ന ഈ മരങ്ങളാണ് നീലയുടെയും വയലറ്റിന്‍റെയും അതിമനോഹരമായ കാഴ്ചയൊരിയിരിക്കുന്നത്.


ഫെബ്രുവരി മുതൽ ഏപ്രിൽ വരെ കോത്തഗിരിക്ക് ജക്കറാന്ത പൂക്കളുടെ വർണ്ണമാണ്. 20 മീറ്റർ മുതൽ 30 മീറ്റർ വരെ വളരുന്ന ഇവയുടെ സ്വന്തം ദേശം സൗത്ത് അമേരിക്കയാണ്. ബ്രസീൽ, മെക്സിക്കോ, ബഹാമസ്, ക്യൂബ, അർജന്‍റീന, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്​, സാംബിയ, ആസ്​ട്രേലിയ എന്നീ ഭൂവിഭാഗങ്ങളിലായി 49 ജനം ജക്കറാന്ത വൈവിധ്യങ്ങളാണ് ലോകത്ത് നിലവിലുള്ളത്.

ജക്കറാന്തയുടെ പേരിൽ ഒരു സിറ്റി തന്നെ ലോകത്തുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സിറ്റിയാണത്. സെപ്റ്റംബർ മുതൽ നവംബർ വരെയാണ്​ പ്രിട്ടോറിയയിലെ ജക്കറാന്ത വസന്തം. 70,000ലധികം ജക്കറാന്ത മരങ്ങളാണ് അന്ന് പ്രിട്ടോറിയയിൽ പൂത്തുലഞ്ഞു നിൽക്കുക. ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. പരീക്ഷക്ക് പോകുന്ന കുട്ടികളുടെ ദേഹത്ത് ജക്കറാന്ത പൂക്കൾ പൊഴിഞ്ഞു വീണാൽ അവർ ഉന്നത വിജയം നേടുമെന്നൊരു വിശ്വാസവും കൂടിയുണ്ട് പ്രിട്ടോറിയയിൽ.


ബ്രസീലിൽനിന്നാണ് പ്രിട്ടോറിയലും കോത്തഗിരിയിലും ജക്കറാന്തയെത്തിയത്. മൂന്നാറിലെ കണ്ണൻ ദേവൻ മലനിരകളിൽ കോളറയും മലമ്പനിയും വ്യാപിച്ച കാലത്ത് കൊതുകിനെ തുരത്താനാണ് ബ്രിട്ടീഷ് തോട്ടമുടമകൾ ജക്കറാന്ത നട്ടുപിടിപ്പിച്ചിരുന്നതെന്ന് മൂന്നാറിലെ പഴയ തലമുറയെ ഉദ്ധരിച്ച് മനു റഹ്മാൻ സൂചിപ്പിക്കുന്നുണ്ട്.

സുള്ളിവൻ ബംഗ്ലാവ്

മനോഹരമായ ചുവന്ന ഇരുനില കെട്ടിടമാണ് മുന്നിൽ. സ്വർണ്ണ നിറത്തിലെ ആ പ്രതിമയിലാണ് ഈ കെട്ടിടത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത്. ആധുനിക ഊട്ടിയുടെ ശിൽപിയായ ജോൺ സുള്ളിവൻ പണിത നീലഗിരിയിലെ തന്നെ ആദ്യ കോൺഗ്രീറ്റ് നിർമിതി. പെത്തെക്കൽ ബംഗ്ലാവ് എന്ന്​ അറിയപ്പെട്ടിരുന്ന മന്ദിരം 2002ൽ കലക്ടർ സുപ്രിയ സാഹു പുതുക്കിപ്പണിതതോടു കൂടി ജോൺ സുള്ളിവൻ മെമ്മോറിയലായി മാറി. ഒരു ദേശത്തെയും തദ്ദേശിയരെയും ഇത്രയും സ്നേഹിച്ച മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുണ്ടാകില്ല. അതായിരുന്നു ജോൺ സുള്ളിവൻ.


'പ്രിയപ്പെട്ട കേണൽ, കഴിഞ്ഞയാഴ്ച മുഴുവൻ ഞാനിവിടെ ഉയർന്ന പ്രദേശങ്ങളിലായിരുന്നു. സ്വിറ്റ്സർലാൻഡിനോട് സാദൃശ്യമായതും യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളെക്കാൾ മനോഹരവുമാണ് ഈ പ്രദേശം. രാത്രികളിൽ ഇവിടെ മഞ്ഞ് പൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന് രാവിലെ പോലും കളിമൺ ചട്ടികളിൽനിന്ന് ഞങ്ങൾക്ക് ഐസ് കഷ്ണങ്ങൾ ലഭിക്കുകയുണ്ടായി' -അതിസാഹസികമായ ഒരാഴ്ചത്തെ പര്യവേഷണത്തിന് ശേഷം, കോത്തഗിരിയിലെത്തിയ ജോൺ സുള്ളിവൻ മദിരാശി കലക്ടറായിരുന്ന തോമസ് മൺറോക്കെഴുതിയതാണിത്.

കൊടും ശൈത്യവും ഇടതൂർന്ന കാടുകളും അഗാധമായ ഗർത്തങ്ങളും നിരവധി വന്യമൃഗങ്ങളും പുറം ലോകവുമായി ബന്ധമില്ലാതിരുന്ന ഗോത്ര സമൂഹങ്ങളുമടങ്ങിയ നീലഗിരിയുടെ ചരിത്രം കുറിച്ച പര്യവേഷണം കൂടിയായിരുന്നു അത്. ജനനവും പഠനവുമെല്ലാം ഇംഗ്ലണ്ടിലായിരുന്നെങ്കിലും 15 വയസ്സുള്ളപ്പോൾ തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്ലാർക്ക് സെക്ഷനിലെ എഴുത്തുകാരനായി 1803ൽ സുള്ളിവൻ മദ്രാസിലെത്തി.


1805ൽ റവന്യൂ ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ്​ സെക്രട്ടറിയും തുടർന്ന് ചിതപുട്ടിലെ കോർട്ട് രജിസ്റ്ററും ആയിത്തീർന്ന സുള്ളിവൻ 21ാം വയസ്സിൽ മൈസൂരിലെ ബ്രിട്ടീഷ് ആക്റ്റിങ് റെസിഡന്‍റായി മാറി. 1811ൽ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും ചെങ്കൽപേട്ട് കലക്ടറായി രണ്ടു വർഷത്തിന് ശേഷം തിരിച്ചെത്തി. തുടർന്ന് കോയമ്പത്തൂരിലെ സ്പെഷൽ റവന്യു കമീഷണറായി. 1815 മുതൽ 30 വരെ സുള്ളിവൻ കോയമ്പത്തൂർ കലക്ടറായിരുന്ന കാലഘട്ടത്തിലാണ് ആധുനിക ഊട്ടി രൂപപ്പെടുന്നത്.

നീലഗിരി മലനിരകളെ കേന്ദ്രമാക്കി പ്രചരിച്ചുക്കൊണ്ടിരിക്കുന്ന കാൽപനിക കഥകളുടെ യാഥാർത്ഥ്യവും അതിന്‍റെ ആധികാരികതയും കണ്ടെത്തി അതോറിറ്റിക്ക് റിപ്പോർട്ട് അയക്കണമെന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിർദേശത്തെ തുടർന്നാണ് സുള്ളിവന്‍റെ നീലഗിരിയിലെ പര്യവേഷണത്തിന് തുടക്കമാകുന്നത്.


ഭരണ സിരാകേന്ദ്രങ്ങളായിരുന്ന കൊൽക്കത്തയിലെയും ഡൽഹിയിലെയും ചെന്നൈയിലെയും ഉഷ്ണം കഠിനമാകുമ്പോഴുള്ള അന്വേഷണങ്ങളെയും പര്യവേഷണങ്ങളെയും തുടർന്നാണ് ബ്രിട്ടീഷ് ഇന്ത്യയിലെ 65 ഹിൽസ്റ്റേഷനുകൾ രൂപം കൊണ്ടത്. അതിന്‍റെ തുടർച്ചയായിരുന്നു കോത്തഗിരിയും. തുടക്കത്തിൽ സ്ഥല സർവേക്കായി തന്‍റെ റവന്യു ഉദ്യോഗസ്ഥരെ അയച്ച സുള്ളിവന് നിരാശയായിരുന്നു ഫലം. തുടർന്ന് രണ്ട് അസിസ്റ്റന്‍റ്​ കലക്ടർമാരെ അതിനായി നിയോഗിക്കുകയും ചെറിയൊരു റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.

മുള്ളി, സിസ്പാരിഘട്ട്, ഗുഡല്ലൂർ, സിഗൂർ, കൂനൂർ, കോത്തഗിരി എന്നീ ആറ് പ്രവേശന കവാടങ്ങളാണ് നീലഗിരിക്കുള്ളത്. ധനൈകൻ കോട്ടയിൽനിന്നാണ്​ ( Danaikan Kottai) സുള്ളിവന്‍റെ യാത്രയാരംഭിക്കുന്നത്. 1812 ജനുവരി രണ്ടിന്​ രാവിലെ ആറു മണിക്കായിരുന്നു തുടക്കം. യൂറോപ്യൻ സൈനികൾ, ശിപായികൾ, ബ്രിട്ടണിൽനിന്നെത്തിയ 14 വേട്ടക്കാർ, നിരവധി ആനകൾ, നൂറുകണക്കിന് നായ്ക്കളും കഴുതകളും, കൂടാതെ അകമ്പടിയായി സേലത്തെയും കോയമ്പത്തൂരിലെയും വിചാരണ തടവുകാരും. ഇങ്ങനെ വൻ പരിവാരത്തിന്‍റെ അകമ്പടിയോടുകൂടിയായിരുന്നു യാത്ര.


പ്രതികൂല കാലാവസ്ഥ ആദ്യദിനം തന്നെ മൂന്ന്​ ഇംഗ്ലീഷുകാരുടെ ജീവനെടുത്തു. തദ്ദേശീയരായ ഏഴ്​ തടവുകാരെയാണ് രണ്ടാം ദിനം നഷ്ടമായത്. 15 തടവുകാരുടെയും രണ്ട് ശിപായിമാരുടെയും ജീവൻ തുടർന്നുള്ള ദിവസങ്ങളിൽ പൊലിഞ്ഞു. 1000 അടി ഉയരത്തിലെത്തിയപ്പോഴേക്കും ആനകളെ ഉപേക്ഷിക്കാനും അവർ നിർബന്ധിതരായി. പിന്നീട് വടങ്ങളുടെ സഹായത്തോടെയായിരുന്നു യാത്ര.

'രാജാവിന്‍റെ പ്രജകളായ ദേവൻമാർ'

തദ്ദേശീയ ഗോത്ര വിഭാഗങ്ങൾ ആദ്യഘട്ടത്തിൽ പര്യവേഷണത്തെ കണ്ടഭാവം നടിച്ചില്ല. നീലഗിരി മലനിരകൾ തങ്ങളുടെ ദൈവങ്ങളുടെ ഇരിപ്പിടമാണെന്നായിരുന്നു അവരുടെ വിശ്വാസം. ഉയർന്ന മലനിരകളും കൊടും കാടുകളും പിന്നിട്ട് ഏഴാംനാൾ സുള്ളിവൻ സമതലത്തിന്‍റെ ഏറ്റവും ഉയർന്ന ഭാഗത്തെത്തി. മതിമറന്ന് ബ്രിട്ടീഷ് കൊടി അവിടെ നാട്ടിയാണ് ആഹ്ലാദം പങ്കുവെച്ചത്. തുടർന്ന് അധികാരികൾക്കെഴുതി. ബ്രിട്ടന്‍റെ പതാക ഉയർന്ന മലനിരകളിൽ നാട്ടിയതോടെ ഇതാ നീലഗിരിയിലെ ദേവൻമാർ ഗേറ്റ് ബ്രിട്ടണിലെ രാജാവിന്‍റെ പ്രജകളായി തീർന്നിരിക്കുന്നു.


കോത്തഗിരിക്കടുത്തുള്ള ഇന്നത്തെ മിലിദാനേ ഗ്രാമത്തിലാണ് സുള്ളിവനും സംഘവുമെത്തിയത്. ബഡഗ ഗോത്ര വിഭാഗത്തിലെ മുത്തിയ ഗൗഡർ മുത്തശ്ശിയുടെ ലിഖിതങ്ങളാണ് സുള്ളിവന് വഴികാട്ടിയായി മാറിയത്. സുള്ളിവൻ സ്മാരകത്തിനടുത്തായി അവരുടെ വീട് ഇന്നും കാണാം. തദ്ദേശീയ ഗോത്ര വിഭാഗമായ തോടരിൽനിന്ന് ഏക്കറിന് ഒരു രൂപ നിരക്കിൽ ഭൂമി വാങ്ങി അവിടെ ചുണ്ണാമ്പു കല്ലുകളും തേക്കും കൊണ്ട് ഇരുനില മന്ദിരം പണിയുകയായിരുന്നു സുള്ളിവൻ. ദിംഹട്ടി എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ കണ്ണരിമുക്ക്. ഈ മന്ദിരത്തിലാണ് സുള്ളിവനും കുടുംബവും താമസിച്ചിരുന്നത്.

1821-1823 കാലഘട്ടത്തിൽ ഈജിപ്ത്, ഫലസ്തീൻ സഞ്ചാരത്തിനിടയിൽ കോത്തഗിരിയിലെത്തിയ അജ്ഞാതനായ ഒരു സഞ്ചാരിയുടെ ഡയറിക്കുപ്പിൽ ഇങ്ങനെ കാണാം - 'ഇംഗ്ലീഷ് കോളനിയുടെ പുതിയ ആസ്ഥാനമായ ദിംഹട്ടിയിൽ ഞങ്ങളെത്തി. സുള്ളിവന്‍റെ മനോഹരമായ ബംഗ്ലാവ് ഇതാ. ദരിദ്രമാണെങ്കിലും കരാർ പ്രകാരം 20 രൂപക്കാണ് (2 ലി. 5 സെ) ഇത് നിർമിച്ചതെന്നാണ് എന്നെ അറിയിച്ചത്'.

ഇംഗ്ലീഷ് പച്ചക്കറികളുടെ ഒരു വലിയ പൂന്തോട്ടവും ഇവിടെയുണ്ട്. അവയിൽ പലതും വളരെ തഴച്ചുവളരുന്ന അവസ്ഥയിലാണ്. കാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട്, ബാർലി തുടങ്ങിയ കൃഷികൾ നീലഗിരിയിൽ പരിചയപ്പെടുത്തിയതും ജോൺ സുള്ളിവനാണ്. അഞ്ച് ഏക്കർ ഭൂമിയിലായിരുന്നു കൃഷിയുടെ തുടക്കം. 1825ൽ കൃഷിക്കാവശ്യമായ ജലത്തിനായി ഊട്ടിയിൽ കൃത്രിമമായ ജലാശയവും നിർമിച്ചു. കോത്തഗിരിയിലെ മിലിറ്ററി കന്‍റോൺമെന്‍റിന് തുടക്കമിട്ടതും സുള്ളിവനാണ്.

ഈസ്റ്റിന്ത്യ കമ്പനി അനുവദിച്ച 1100 രൂപ കൊണ്ടാണ് 1821ൽ സുള്ളിവൻ ശിരുമുഖൈ - കോത്തഗിരി റോഡ് പണിയുന്നത്. ഈ റോഡാണ് പിന്നീട് മേട്ടുപ്പാളയം - ഊട്ടി റോഡായി മാറിയത്. ഇതിനെ തുടർന്നാണ് റോഡുകളും മാർക്കറ്റും കോർട്ടും പൊലീസ് സ്റ്റേഷനും റെയിൽവെയുമെല്ലാം ഊട്ടിയിൽ നിലവിൽ വരുന്നത്. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളുമായി ഏറെ അടുപ്പമാണ് സുള്ളിവൻ പുലർത്തിയിരുന്നത്. കോത്തിരിയിലെ തോടർ, ബഡഗർ, കോത്തർ, കുറുമ്പർ, ഇരുളർ എന്നീ ഗോത്ര വിഭാഗങ്ങളുടെ 100 വർഷം മുമ്പുള്ള അപൂർവ ഇനം ഫോട്ടോകൾ, മേട്ടുപ്പാളയം - ഊട്ടി റോഡിന്‍റെ തുടക്കകാലത്തെയും നീലഗിരി മൗണ്ടെയ്​ൻ റെയിൽവേയുടെയും ചിത്രങ്ങൾ എന്നിവ മ്യൂസിയത്തിലെ അപൂർവ ചരിത്ര ശേഷിപ്പുകളാണ്. ജോൺ സുള്ളിവൻ 15ാം വയസ്സിൽ വരച്ച സ്കെച്ചാണ് സ്മാരകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രരേഖ.


സുള്ളിവന്‍റെ ഭാര്യ ഹെൽട്രീറ്റിനെയും ഇളയ മകൾ ഹാരിയറ്റിനെയും സുള്ളിവൻ നിർമിച്ച ഊട്ടിയിലെ സെന്‍റ്​ സ്റ്റീഫന്‍റ്​ ചർച്ചിലാണ്​ അടക്കം ചെയ്തിരിക്കുന്നത്. എന്നാൽ, 1855ൽ ലണ്ടനിൽ വെച്ചായിരുന്നു സുള്ളിവൻ ഈ ലോകത്തോട് വിട പറയുന്നത്. ഊട്ടിയുടെ പിതാവിനെ സ്മരിക്കാതെ ഊട്ടിയോട് വിടപറയുന്നത് ചരിത്രത്തോടുള്ള അനീതി കൂടിയാണ്.

Tags:    
News Summary - John Sullivan's Nilgiris Exploration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT