അജന്തയിൽനിന്ന്​ എല്ലോറ ഗുഹയിലേക്ക്​ വരുമ്പോൾ വായിച്ചെടുക്കാനാവുന്നത്​

മനുഷ്യര്‍ പൊതുവേ യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതര സമൂഹങ്ങളുടെ ആചാരങ്ങളിലേക്കും ചരിത്രത്തിലേക്കും അവരുടെ സംസ്കാരത്തിന്‍റെ സൂക്ഷ്മഭാവങ്ങളിലേക്കും പെരുമാറ്റ സ​മ്പ്രദായങ്ങളിലേക്കും വ്യക്തി ബന്ധങ്ങളുടെ രീതികളിലേക്കുമെല്ലാം ഉള്‍ക്കാഴ്ച നല്‍കാന്‍ യാത്രകള്‍ നമ്മെ സഹായിക്കുന്നു. യാത്ര ചെയ്യാന്‍ നിര്‍വാഹമില്ലാത്തവര്‍ യാത്രകള്‍ സ്വപ്നം കാണുകയെങ്കിലും ചെയ്യുന്നു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍, ഇന്നുവരെ ചെന്നെത്താന്‍ കഴിയാത്ത അപരിചിത ദേശങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും ചിലപ്പോഴെങ്കിലും സ്വപ്നസഞ്ചാരം നടത്താറുണ്ട്‌. മുന്നൊരുക്കങ്ങളില്ലാതെ, ഒട്ടും അസൂത്രിതമല്ലാതെ, യാത്രകള്‍ ഇഷ്ടപ്പെടുന്ന, സമാന മനസ്കരോടൊത്തു പെട്ടെന്ന് തട്ടിക്കൂട്ടുന്ന യാത്രകള്‍ ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടിട്ടുണ്ട്. അത്തരം ഒരു യാത്രയെ കുറിച്ചാണ് ഈ കുറിപ്പ്. മഹാരാഷ്ട്രയിലെ അജന്ത, എല്ലോറ ഗുഹകളിലേക്കും തുടര്‍ന്ന് ലോനാര്‍ സരോവറിലേക്കും വളരെ ആകസ്മികമായി സംഭവിച്ച ഒരു യാത്രയെ കുറിച്ച്.

നായാട്ടിനിറങ്ങിയ സായിപ്പ്​

അജന്ത-എല്ലോറാ ഗുഹകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരോട് ഗുഹാ കവാടത്തിലെ ഗൈഡുകള്‍ പറഞ്ഞ് കൊടുക്കുന്ന ഒരു കഥയുണ്ട്. ഏകദേശം ഇപ്രകാരമാണത്: പണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടു കമ്പക്കാരനും സാഹസികനുമായ ഒരു സായിപ്പുണ്ടായിരുന്നു. അദ്ദേഹം തന്‍റെ കുതിരപ്പുറത്തു കുന്നിന്‍ ചെരുവിലെ വനത്തിലൂടെ പോകുമ്പോള്‍ ഒരു കടുവയെ (അതോ സിംഹത്തെയോ) കാണുന്നു. കടുവ ഭയന്ന് ഓടുമ്പോള്‍ സായിപ്പ് പിന്തുടർന്നു. കടുവ കുന്നിന്‍ മുകളിലെ ഒരു വലിയ ഗുഹയില്‍ അഭയം പ്രാപിക്കുന്നു. പിന്തുടര്‍ന്ന് ഗുഹയിലേക്ക്​ പ്രവേശിക്കുന്ന സായിപ്പ് അകത്തെ ചുമര്‍ ചിത്രങ്ങളും ശിൽപ്പങ്ങളും കണ്ടു അത്ഭുതപ്പെടുന്നു. അത് ലോകത്തെ അറിയിക്കുന്നു.


പൊടിപ്പും തൊങ്ങലും വെച്ച്, ഓരോ ഗൈഡും തങ്ങളുടെ സന്ദര്‍ശകര്‍ക്ക് അവരവരുടെ ഭാവനക്കനുസരിച്ച് പറഞ്ഞ് കൊടുക്കുന്ന ഈ കഥ കേവലം കെട്ടുകഥയല്ല. ഏറെ യാഥാര്‍ത്ഥ്യങ്ങളുമുണ്ട് ഈ കഥയില്‍. കഥാ നായകനായ സായിപ്പ് ജോണ്‍ സ്മിത്ത് അക്കാലത്തെ മദ്രാസ്‌ പ്രസിഡന്‍സിയിലെ ഓഫിസര്‍ ആയിരുന്നു. സംഭവം നടക്കുന്നത് രണ്ടു നൂറ്റാണ്ട്​ മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1819 ഏപ്രില്‍ 28ന്. സ്ഥലം മഹാരാഷ്ട്രയിലെ ഇന്നത്തെ ഔറംഗബാദില്‍നിന്നും 104 കിലോമീറ്റര്‍ അകലെ വാഗുര്‍ നദിയുടെ ഉത്ഭവ സ്ഥാനത്ത് നിബിഡ വനങ്ങള്‍ക്കും കുന്നുകള്‍ക്കും പാറക്കെട്ടുകൾക്കുമിടയില്‍.

1829ൽ ഫെർഗൂസൻ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. ഇദ്ദേഹമാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്‍റിനെ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആദ്യമായി അറിയിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പുരാവസ്തു വകുപ്പും യുനെസ്​കോയും മറ്റ് അന്താരാഷ്ട്ര ഗവേഷണ സംഘങ്ങളും നടത്തിയ പഠനങ്ങളുടേയും ശ്രമങ്ങളുടേയും ഭാഗമായി പൈതൃകങ്ങളുടെ പട്ടികയിൽ അജന്തയിലെ ഗുഹാ ചിത്രങ്ങളും ചുവര്‍ ചിത്രങ്ങളും ഇടംപിടിച്ചു.

അജന്ത ഉൾക്കൊള്ളുന്ന പ്രദേശം മുമ്പ്​ ഹൈദരാബാദ് നാട്ടുരാജ്യത്തിന്‍റെ ഭാഗമായിരുന്നു. പശ്ചിമഘട്ട മലനിരകളില്‍, ഒരു കുതിര ലാടത്തിന്‍റെ ആകൃതിയില്‍ 250 അടി ഉയരത്തില്‍ മുപ്പതോളം ഗുഹകള്‍. ബുദ്ധമതം ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ കാലത്ത് നിര്‍മിക്കപ്പെട്ട ചൈത്യഗൃഹങ്ങളും വിഹാരങ്ങളുമത്രെ ഈ ഗുഹകള്‍. അഞ്ച് ചൈത്യഗൃഹങ്ങളും ബാക്കി വിഹാരങ്ങളും. ക്രിസ്തുവിന്​ മുമ്പ്​ രണ്ടാം നൂറ്റാണ്ടുതൊട്ട് ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടു വരെ ഏകദേശം 1000 വര്‍ഷങ്ങള്‍ കൊണ്ടായിരിക്കാം ഇവ പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ നിഗമനം. ഈ ഗുഹാശിൽപ്പങ്ങളും ചുവര്‍ചിത്രങ്ങളും കണ്ടിറങ്ങുന്ന സന്ദര്‍ശകര്‍ നമ്മുടെ പൈതൃകത്തിന്‍റെ സമൃദ്ധിയും മതേതര സ്വഭാവവും ശിൽപ കലയിലും ചുവര്‍ചിത്ര കലയിലും നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന വൈദഗ്​ധ്യവും കണ്ട് അത്ഭുതപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

അജന്താ ഗുഹകളില്‍ 16 എണ്ണത്തില്‍ ചുവര്‍ ചിത്രങ്ങള്‍ കാണാം. എങ്കിലും ഏറ്റവും നല്ല ചിത്രങ്ങള്‍ 1, 2, 16, 17, 19 എന്നീ ഗുഹകളിലാണ്. ഒന്ന് മുതല്‍ 30 വരെയുള്ള ഗുഹകള്‍ അക്കങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്തില്‍ പല ചിത്രങ്ങളും മാഞ്ഞു തുടങ്ങിയിട്ടുങ്കിലും നിരവധി നൂറ്റാണ്ടുകള്‍ അതിജീവിച്ച ഈ ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. എല്ലാ ഗുഹകളിലും മനോഹരമായ ശിൽപ്പങ്ങള്‍ കാണാം. ഏറ്റവും നല്ല ശില്‍പ്പങ്ങള്‍ ഉള്ളത് 1, 4, 17, 19, 24, 26 എന്നീ ഗുഹകളിലാണ്. ശ്രീ ബുദ്ധന്‍റെ വിവിധ രീതിയിലുള്ള ശില്‍പ്പങ്ങളാണ് ബഹുഭൂരിഭാഗവും.


ചില ഗുഹകളില്‍ ജൈന പ്രതിമകളും കാണാം. അതിമനോഹരവും അര്‍ദ്ധ നഗ്നകളുമായ നിരവധി സ്ത്രീ ശില്‍പ്പങ്ങളും മിക്ക ഗുഹകളിലും കാണാം. കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലെ 'വടക' രാജവംശത്തിലെ (Vataka Dynasty) ഹരിസേന എന്ന രാജാവിന്‍റെ കാലത്താണ് അജന്താ ഗുഹകളുടെ നിര്‍മാണം തുടങ്ങുന്നതെന്നാണ് വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചരിത്രകാരമാരുടെ ഭാഷ്യം. എന്തായാലും ബുദ്ധ/ജൈന കാലഘട്ടങ്ങളില്‍ തന്നെ (രണ്ടാം നൂറ്റാണ്ടു മുതല്‍) ചിത്ര/ശില്‍പ്പ കലകളില്‍ ലോകത്ത് നമ്മുടെ പൂര്‍വികര്‍ വളരെയേറെ സമ്പന്നരായിരുന്നെന്നും ഇതര സമൂഹങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്നെന്നും അജന്തയിലെയും എല്ലോറയിലെയും ഗുഹാ ചിത്രങ്ങളും ശില്‍പ്പങ്ങളും തെളിയിക്കുന്നു. കൂട്ടത്തില്‍ അക്കാലത്തെ മനുഷ്യാധ്വാനത്തിന്‍റെ ധൂര്‍ത്തും. മലമുകളിലെ പാറകള്‍ തുരന്ന്​ ആയിരക്കണക്കിന്​ ടണ്‍ കരിങ്കല്ലുകള്‍ പുറത്തെടുത്തായിരിക്കാം ഓരോ ഗുഹകളും നിർമിച്ചിരിക്കുന്നത്. വെടിമരുന്നും ക്രെയിനും ജെ.സി.ബിയുമൊന്നും ഇല്ലാത്ത കാലമാണെന്ന് കൂടിയോര്‍ക്കുക.

ബുദ്ധമതത്തിന്‍റെ പതനം

ബുദ്ധമതത്തിന്‍റെ സുവര്‍ണകാലത്ത് നിര്‍മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന അജന്താ ഗുഹകളില്‍നിന്നും എല്ലോറയിലെ ഗുഹകളിലേക്ക് വരുമ്പോള്‍ ബുദ്ധമതത്തിന്‍റെ പതുക്കെ പതുക്കെയുള്ള പതനവും ഹിന്ദുമതത്തിന്‍റെ അധിനിവേശവും നമുക്ക് വായിച്ചെടുക്കാനാകും. ഔറംഗബാദില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് എല്ലോറാ ഗുഹകള്‍. 34 ഗുഹകളാണ് എല്ലോറയിലുള്ളത്. ഇവയില്‍ ഒന്നുമുതല്‍ 12 വരെയുള്ള ഗുഹകള്‍ ബുദ്ധ വിഹാരങ്ങളാണ്. 30 മുതല്‍ 34 വരെയുള്ള ഗുഹകള്‍ ജൈന ക്ഷേത്രങ്ങളും ബാക്കി 16 ഗുഹകള്‍ ബ്രാഹ്മണ/ഹിന്ദു ക്ഷേത്രങ്ങളുമാണ്.

ഇതില്‍ വിഷ്ണു ക്ഷേത്രങ്ങളും ശിവ ക്ഷേത്രങ്ങളും കാണാം. പല ക്ഷേത്രങ്ങളും ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്ത്​ നിര്‍മിച്ചവയാണെന്ന്​ സൂക്ഷ്മ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാം. ബുദ്ധ വിഹാരങ്ങളുടെ മുമ്പിലുള്ള ആനകളുടെ പല പ്രതിമകളും ഭാഗികമായി തകര്‍ത്ത നിലയിലാണ്​. എല്ലോറയിലെ പത്താമത്തെ ഗുഹ വിശ്വകര്‍മ ഗുഹ (Carpenter's cave) എന്നറിയപ്പെടുന്നു. ഇതിനകത്തെ പതിനഞ്ചടിയോളം ഉയരമുള്ള ബുദ്ധ പ്രതിമ അതിമനോഹരം. അതുപോലെ തന്നെ പന്ത്രണ്ടാമത്തെ ഗുഹയിലെ ധ്യാനമുദ്രയില്‍ ഇരിക്കുന്ന ഏഴ്​ ബുദ്ധപ്രതിമകളും മികച്ച കലാസൃഷ്ടികളാണ്. ബുദ്ധ വിഹാരമായിരുന്ന പതിനഞ്ചാമത്തെ ഗുഹ എട്ടാം നൂറ്റാണ്ടില്‍ ശിവക്ഷേത്രമാക്കി പുനര്‍നിർമിച്ചതത്രേ. ഇങ്ങിനെ പല ബുദ്ധ വിഹാരങ്ങളും ജൈന ക്ഷേത്രങ്ങളും എല്ലോറാ ഗുഹകളില്‍ പില്‍ക്കാലത്ത്‌ ബ്രാഹ്മണര്‍ കൈയേറി ശിവ/വിഷ്ണു ക്ഷേത്രങ്ങളാക്കി മാറ്റിയതായി കാണാന്‍ കഴിയും.


വിസ്​മയ തടാകം

മഹാരാഷ്ട്രയിലെ മറ്റൊരു വിസ്മയമാണ് ലോനാര്‍ തടാകം. സന്ദര്‍ശകര്‍ അധികം എത്തിപ്പെടാത്തയിടം. ഔറംഗബാദില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലോനാര്‍ തടാകത്തില്‍ എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെയുള്ള ബസ്‌/ടാക്സി യാത്ര മാത്രമാണ് ശരണം. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ലോനാര്‍ എന്ന കുഗ്രാമത്തിലാണ് ഈ തടാകം. ഗ്രാമവാസികള്‍ക്ക് ഈ തടാകത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച്​ യാതൊരു ധാരണയുമില്ലെന്നു അവരോടു സംവദിച്ചാല്‍ മനസ്സിലാകും. മാത്രമല്ല നിരവധി കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ഈ തടാകവുമായി ബന്ധപ്പെട്ട്​ കെട്ടിച്ചമക്കപ്പെട്ടിട്ടുണ്ട്. തടാകത്തോട്​ ചേര്‍ന്ന് ഒരു ക്ഷേത്രവും നിർമിച്ചിട്ടുണ്ട്.

സ്കന്ത പുരാണത്തിലും പത്മ പുരാണത്തിലും ഈ തടാകത്തെ കുറിച്ച് പരാമര്‍ശമുണ്ടത്രെ. 65 മില്യന്‍ വര്‍ഷങ്ങള്‍ക്ക്​ മുമ്പ്​ ശൂന്യാകാശത്ത് സംഭവിച്ച, കൂറ്റന്‍ ഉള്‍ക്കാശിലകള്‍ തമ്മിലിടിച്ചുണ്ടായ (Meteorite Collision) വന്‍ സ്​ഫോടനത്തിന്‍റെ ഫലമത്രെ ലോനാര്‍ സരോവരം അഥവാ ലോനാര്‍ തടാകം. ഈ സ്​ഫോടനത്തില്‍ ഒരു പടുകൂറ്റന്‍ ഉല്‍ക്ക സോനാറില്‍ വന്നു പതിക്കുകയായിരുന്നു എന്നാണ്​ ശാസ്ത്രജ്ഞരുടെ അവകാശവാദം.


ഉള്‍ക്കയുടെ പതനത്തില്‍ ഉണ്ടായ ഗര്‍ത്തമത്രെ സോണാര്‍ സരോവര്‍. 1.18 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ തടാകത്തിന്​ 137 മീറ്റര്‍ ആഴമുണ്ട്. ഭുമി ശാസ്ത്രജ്ഞരും പരിസ്ഥിതി ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും ജ്യോതി ശാസ്ത്രജ്ഞരുമെല്ലാം ഇപ്പോഴും ലോനാര്‍ തടാകത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ക്ഷാരഗുണമുള്ള ഈ തടാകത്തിലെ ജലം 2006ല്‍ പെട്ടെന്നൊരു ദിവസം പിങ്ക് നിറമുള്ളതായി മാറുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ/അന്തര്‍ ദേശീയ തലത്തിലുമുള്ള നിരവധി ശാസ്ത്ര സ്ഥാപനങ്ങളുടെ (The Smithsonian Institution, ​The United States Geological Survey, Geological Survey of India, The University of Sagar and the Physical Research Laboratory, etc) പ്രതിനിധികള്‍ ലോനാറിലെത്തി പരിശോധിക്കുകയും പഠനങ്ങള്‍ നടത്തുകയുമുണ്ടായി. എന്തായാലും ശാസ്ത്രജ്ഞന്മാരുടെ ദീര്‍ഘ കാലത്തെ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കുമൊടുവിലും പൂര്‍ണമായും ചുരുളഴിയാത്ത ഇന്നും നിഗൂഡതകള്‍ നിറഞ്ഞ പ്രകൃതിയുടെ ഒരു മഹാവിസ്മയമായി ഈ തടാകം അവശേഷിക്കുന്നു.

Tags:    
News Summary - Ajanta to the Ellora Caves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.