വെയില്‍കൊണ്ട് വരഞ്ഞ മണ്‍ചിത്രങ്ങള്‍

മാര്‍ച്ച് മാസത്തിലായിരുന്നു യാത്ര. കാലത്ത് ഏഴ് മണിയോടെ മൂന്നാറില്‍ ബസ്സിറങ്ങി. മഞ്ഞുകാലം കഴിഞ്ഞെങ്കിലും

പ്രഭാതം പതിവിലേറെ തണുത്തിരുന്നു. കുന്നിന്‍ മുകളില്‍ മഞ്ഞിന്‍െറ വെള്ളുത്ത പഞ്ഞിക്കെട്ടുകള്‍ വിട്ടുപോകാനാവാതെ തങ്ങിനിന്നു.
വട്ടവടയിലേക്കുള്ള ബസുവരാന്‍ അരമണിക്കൂര്‍ കാത്തിരിക്കണം. കമ്പിളി കുപ്പായത്തിനുള്ളിലും വിറക്കുന്ന ശരീരം. അടുത്തുകണ്ട ചായക്കടയില്‍ നിന്ന് നല്ല ചൂടുള്ള ചായ കുടിച്ചു. ഇത്ര സ്വാദുള്ള ചായ അതിന് മുമ്പൊരിക്കലും കുടിച്ചിട്ടല്ലന്ന് തോന്നി. ശരീരവും മനസും ആ ചൂടിനായി അത്രക്ക് ആഗ്രഹിച്ചിരുന്നിരിക്കണം. ഒറ്റക്കും കൂട്ടായും ബസ് ഷെല്‍ട്ടറിലേക്ക് ആളുകള്‍ വന്നുകൊണ്ടിരുന്നു. അധികവും തേയില തോട്ടങ്ങളിലെ
തൊഴിലാളികള്‍. ബസ് വന്നു. വളരെവേഗം അത് നിറഞ്ഞുകവിഞ്ഞു. ജമന്തിയും മാരിക്കൊളുന്തും പുകയിലയും മണക്കുന്ന ബസ് യാത്ര. ഇടയിലെവിടയൊക്കയോ തോട്ടങ്ങള്‍ക്ക് നടുവില്‍ അവര്‍ ഇറങ്ങിപ്പോയി. കുണ്ടള ഡാമും മാട്ടുപ്പെട്ടി പുല്‍മേടുകളും ജലാശയവും കടന്ന് യാത്ര. ടോപ് സ്റ്റേഷനും കഴിഞ്ഞപ്പോള്‍ ബസില്‍ വിരലില്‍ എണ്ണാവുന്ന യാത്രക്കാര്‍ മാത്രം.
യൂക്കാലിമരങ്ങള്‍ നിറഞ്ഞ കാടിനുള്ളിലൂടെ ബസ് നീങ്ങി. തണുപ്പ് മെല്ലെ നീങ്ങിവരുന്നുണ്ടായിരുന്നു. ഒമ്പതര മണിയോടെ ബസ് വട്ടവടയിലത്തെി. മൂന്നാറില്‍ നിന്ന് 45 കിലോമീറ്ററാണ് ദൂരമാണ് സഞ്ചരിച്ചത്.
ബസിറങ്ങുമ്പോള്‍ വിദൂരമായൊരു തമിഴ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്ന അനുഭവം. എന്നാല്‍ എവിടെയും ആള്‍ത്തിരക്കില്ല. കടകള്‍ തുറന്നിരിക്കുന്നു. റോഡില്‍ കോവര്‍കഴുതകള്‍ മേഞ്ഞു നടക്കുന്നു.
ഗ്രാമീണരെല്ലാം കൃഷിയിടങ്ങളിലാണ്. മൂന്നാറിന്‍െറ കാലാവസ്ഥയോ കൃഷിയോ ഇവിടെയില്ല. കേരളത്തില്‍ ശീതകാല പച്ചക്കറികള്‍ വിളയുന്ന സ്ഥലമാണ് വട്ടവട. കാരറ്റും വെളുത്തുള്ളിയും നാലുതരം ബീന്‍സും ക്യാബേജും കിഴങ്ങും സ്ട്രോബറിയും കൃഷി ചെയ്യുന്ന കര്‍ഷകര്‍.
നാല് മലകളാല്‍ ചൂറ്റപ്പെട്ട താഴ്വാരമാണ് വട്ടവട. കുന്നിന്‍ മുകളിലേക്ക് തട്ടുതട്ടായി നിരയിട്ട് കയറിപ്പോകുന്ന ചെറു കണ്ടങ്ങള്‍. ചെമ്പന്‍ നിറത്തില്‍ മണ്ണിന്‍െറ നിറഭേദങ്ങള്‍. പച്ചയും ചെമ്മണ്‍ നിറവും കൊണ്ട് വരഞ്ഞിട്ട അതിപുരാതനവും വിശാലവുമായ ഒരു ജലച്ചായച്ചിത്രത്തില്‍ എത്തിപ്പെട്ടതുപോലെ വിസ്മയിച്ചുപോകും. കണ്ടങ്ങള്‍ ഓരോന്നും ഓരോരോ കൃഷിക്കായി ഒരുക്കിയിരിക്കുന്നു. മണ്ണുകിളച്ച്, കട്ടയുടച്ച് പൊടിമണ്ണാക്കി നിലമൊരുക്കിയത് കണ്ടാല്‍ അതില്‍ ചവിട്ടാന്‍ നമ്മള്‍ മടിക്കും. അത്രക്കു പൂര്‍ണ്ണതയും അഴകുമാണതിന്. ഒരോ ചെറു ചതുരങ്ങളായി ഭൂമിയുടെ
ക്യാന്‍വാസ്. അതില്‍ വിത്തിറക്കി കര്‍ഷകരുടെ ആത്മാവിഷ്കാരങ്ങള്‍. വിളഞ്ഞു പാകപ്പെട്ട കണ്ടങ്ങള്‍ കാര്‍ഷിക കലാരൂപങ്ങളാണ്. എല്ലാവരും കര്‍ഷകരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി വളരെ അപൂര്‍വം ആളുകളേയുള്ളു. കാലത്തും വൈകുന്നേരവും അവരെ കാണണമെങ്കിലും കൃഷിടത്തില്‍ ചെല്ലണം. കുട്ടികളും മുതിര്‍ന്നവരും വൃദ്ധരും കണ്ടങ്ങളില്‍ അവരുടെ കൃഷിയനുഭവങ്ങള്‍ ആവിഷ്കരിക്കുന്നു. ശാന്തമായി, വളരെ പതിഞ്ഞ വേഗത്തില്‍. ആര്‍ക്കും ഒരുതിരക്കുമില്ല. ചെടികള്‍ വളരും പോലെ സ്വാഭാവികമായി കൃഷിയില്‍ മുഴുകുന്ന ഗ്രാമീണര്‍.
സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് വട്ടവട.  ഇവിടെ പകല്‍ വന്നുചേരാന്‍  വളരെ വൈകും. വട്ടവടയില്‍ ബസിറങ്ങുമ്പോള്‍ തണുപ്പിന്‍െറ പടംപൊഴിച്ച് ഗ്രാം ഉണരുന്നതേയുണ്ടാരുന്നുള്ളു. എന്നാല്‍ സമൃദ്ധമായ സൂര്യപ്രകാശം വട്ടവടയുടെ പകലിനെ ചൂടുള്ളതാക്കുന്നു.  വെയിലില്‍ നിറംമാറുന്ന മണ്ണ്. അതിശൈത്യകാലത്ത്  മൈനസില്‍ മരവിച്ചു കിടക്കും വട്ടവട. വേനലില്‍  മൃദു ശൈത്യത്തിന്‍െറ സുഖസുക്ഷുപ്തിയിലായിരിക്കും.
 
പച്ചക്കറി കൃഷി ചെയ്യുന്ന കുന്നിന്‍ ചരിവുകള്‍. അങ്ങ് യൂക്കാലിയും  പൈന്‍ മരങ്ങളും. ഈ നാടിന്‍െറ ഉറവകളെ വലിച്ചു കുടിച്ച് തഴക്കുന്ന യൂക്കാലിക്കാടുകള്‍ ഗ്രാമീണരുടേതല്ല. കുടിയേറ്റക്കാരും കയ്യേറ്റക്കാരും സര്‍ക്കാരിന്‍െറ സാമൂഹ്യവനവല്‍ക്കരണവും ഒന്നിച്ച് കുടിച്ച് വറ്റിക്കുകയാണ് ഈ ഗ്രാമത്തിന്‍റെ ജലമത്രയും.
ഒരൊറ്റപ്പെട്ട ഗ്രാമമാണ് വട്ടവടയെന്ന് അവിടെയത്തുമ്പോള്‍ തോന്നും. ചുറ്റും കോട്ടപോലെ മലകള്‍. എന്നാല്‍ ഒരുപാട് ഇടങ്ങളിലേക്ക് തുറക്കുന്ന കാനനപാതകളുണ്ട് വട്ടവടക്ക്. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക്
നടന്നോ സഫാരി ജീപ്പുകളിലോ യാത്ര ചെയ്യാം. മലനിരകളിലൂടെ സാഹസികമായി ജീപ്പ് സഫാരിയും ബൈക്ക് യാത്രയും ഇഷ്ടപ്പെടുന്നവരും ഇവിടെ വരാറുണ്ട്. പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിലൂടെ സാഹസികമായി യാത്ര ചെയ്താല്‍ 15 കിലോമീറ്റര്‍ താണ്ടി കാന്തല്ലൂരിലത്തൊം.  
പഴംതോട്ടം എന്നുപേരുള്ള കുന്നിന്‍മുകളില്‍ നിന്നാല്‍ ആകാശക്കാഴ്ചയായി വട്ടവടമുഴുവന്‍ കാണാം. കുന്നിറങ്ങി താഴ്‌വര യിലേക്കും പൂക്കളിലേക്കും പാറിനടക്കുന്ന അപൂര്‍വ്വ ചിത്രശലഭങ്ങള്‍. തുമ്പികള്‍. ഞാണില്‍ നിന്ന് തൊടുത്തുവിട്ടതുപോലെ പക്ഷികള്‍. ഇങ്ങനെയൊരു ഭൂപ്രകൃതി ചിത്രങ്ങളിലല്ലാതെ മറ്റെവിടെയാണ് കണ്ടിട്ടുണ്ടാവുക.
ചുറ്റിനടന്നും സ്ട്രോബറി തോട്ടത്തില്‍ പോയി സ്ട്രോബറിയും സ്ട്രോബറിയുടെ സ്ക്വാഷും വൈനും കുടിച്ചും പകല്‍ കടന്നുപോയത്
അറിഞ്ഞതേയില്ല. സന്ധ്യക്ക് മുമ്പ് അവസാന വണ്ടി വട്ടവട വിടും. ഒരു ഗ്രാമത്തെ, അതിന്‍െറ സമൃദ്ധമായ കാഴ്ചകളെ, ശാന്തതയെ, മന്ദതാളത്തെ, ശീതക്കാറ്റിനെ  പിന്നില്‍ വിട്ട്  ഇനി മടക്കം.

വട്ടവടയിലേക്കുള്ള വഴി
എറണാകുളത്തു നിന്നും കോതമംഗലം വഴി മൂന്നാര്‍ 130 കി.മി
കോട്ടയം- മൂന്നാര്‍ 142.കി.മി
തൃശൂര്‍- മൂന്നാര്‍ 157 കി.മി
മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വട്ടവടയിലത്തൊം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT