മൊണെയുടെ വാട്ടർ ലില്ലികളും പൂന്തോട്ടവും

വേഗത കുറച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന ബസ് നിർത്തി, സഞ്ചാരികൾ  ഇറങ്ങി. അവിടെ നിന്നും അൽപദൂരം നടന്നാൽ മൊണെയുടെ വീട്ടിലും വാട്ടർ ലില്ലീസ് പൂത്തുനിൽക്കുന്ന തടാകത്തിലും പലതരം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിലുമെത്താം.

അമേരിക്കയിൽ എത്തിയശേഷമാണ് ഇംപ്രഷനിസത്തി​​​​​​​​െൻറ പിതാവായ ക്ലോദ്​ മൊണേയെക്കുറിച്ച് കൂടുതൽ വായിക്കുന്നത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ  മ്യൂസിയം അധികദൂരത്തല്ലാത്തതുകൊണ്ട് എല്ലാ വേനൽക്കാലത്തും മ്യൂസിയം സന്ദർശിക്കുക പതിവായി. കലണ്ടറുകൾ, ചെറിയ ഡയറികൾ തുടങ്ങിയവ കുട്ടികളുടെ ശേഖരത്തിൽ വന്നു. ഇളയമകൾ മിഡിൽസ്കൂളിൽ ആയിരിക്കുമ്പോൾ ആർട്ട്​ ക്ലാസി​​​​​​​​െൻറ പ്രോജക്​ടായി​ തെരഞ്ഞെടുത്തതും മൊണേയുടെ ലില്ലിപ്പൂക്കൾ തന്നെ. കോളജിൽ എത്തിയപ്പോൾ അവരുടെ 'ആക്കപ്പെല്ല' ഗ്രൂപ്പ് പോയത് ഫ്രാൻസിലേക്ക്. അപ്പോൾ അവൾ മൊണെയുടെ വാട്ടർ ലില്ലികൾ വളരുന്ന തടാകം നേരിൽ കണ്ടു. അതു കേട്ടതുമുതൽ എനിക്കും അത് കാണണമെന്ന  ആഗ്രഹം തുടങ്ങിയതാണ്. സാക്ഷാത്കരിച്ചത് ഈ അടുത്തകാലത്ത്.  മോളെയും കൂടെക്കൂട്ടിയത് ഭാഷാവിനിമയത്തിനു സഹായിച്ചു. കോളജ് കഴിഞ്ഞപ്പോൾ  സുഹൃത്തുക്കൾക്കൊപ്പം  ബാക്ക്പാക്കിലൊതുങ്ങുന്ന തുണികളുമായി അവൾ ഫ്രാൻസിലൂടെ കറങ്ങിനടന്നതാണ്. ഫ്രഞ്ചുകാർ ഇംഗ്ലീഷ് സംസാരിക്കുമെങ്കിലും അവരുടെ ഫ്രഞ്ച്​ ഭാഷാസ്നേഹം നമുക്ക് നേരിട്ട്​ മനസ്സിലാകും.

മൊണേയുടെ വീടി​​​ന്റെ കവാടം
 


 
പന്ത്രണ്ടു പേരടങ്ങുന്ന ചെറിയ ടുർ സംഘം ആയിരുന്നു ഞങ്ങളുടേത്. മിക്കവാറും പ്രായമായവർ. എ​​​​​​​​െൻറ മോളായിരുന്നു ഏറ്റവും പ്രായം കുറഞ്ഞവൾ.  അതിനാൽ അവൾ കൂട്ടുകൂടിയതെല്ലാം അവളേക്കാൾ ഇരട്ടി പ്രായമുള്ളവരോട്. മൊ​െണയുടെ വീടും അദ്ദേഹത്തിന്റെ പൂന്തോട്ടവും അന്നത്തെ ഫ്രാൻസ് ടൂറിന്റെ ഭാഗമാണ്. പാരീസിൽ നിന്നും ഏകദേശം 55 കിലോമീറ്റർ അകലത്തിലാണ്​ മെണെയുടെ വീട്.  ഞങ്ങൾ ഒരു ടണലിലൂടെ വീടിന് പുറകിലുള്ള പൂന്തോട്ടത്തിലെത്തി. അവിടെ  വർണങ്ങളുടെ ഒരു പ്രപഞ്ചം ഞങ്ങളുടെ മുന്നിൽ. വിവിധ ചെടികളിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. തോട്ടത്തിന്റെ ചുറ്റും ഒരു ചെറിയ അരുവി. പുരയിടത്തിൽ ഒരു തടാകം. ആ തടാകത്തിലാണ്​ മൊണെയുടെ വാട്ടർ ലില്ലികൾ, അതായത്  ആമ്പൽപ്പൂക്കൾ.

ക്ലോദ്​ മൊണേയും വാട്ടർ ലില്ലി പെയിൻറിങ്ങും
 

ഒരിക്കൽ മൊണെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ജിവേർണി എന്ന  സ്ഥലം ഇഷ്ടമായി. അവിടെ ഒരു വീടും അതിനോട് ചേർന്ന സ്ഥലവും വാടകക്ക് എടുത്തു. 1833ൽ ജിവേർണിയിൽ താമസം ആരംഭിച്ച മൊണേ മരിക്കുന്നതു വരെ അവിടത്തന്നെ തങ്ങി. രണ്ടുവർഷം കഴിഞ്ഞപ്പോൾ  ആ സ്ഥലം വില കൊടുത്ത്​ വാങ്ങി.  മൊണേയുടെ 'ഹേസ്റ്റാക്ക്'( വൈക്കോൽ തുറൂ) എന്ന ചിത്രത്തിന്റെ സീരീസ് ധാരാളം വിറ്റഴിഞ്ഞു. വിവിധ സമയങ്ങളിൽ ഹേസ്റ്റാക്കുകളുടെ മേൽ സൂര്യ പ്രകാശം വീഴുന്നതാണ് ഈ പെയിറ്റിങ്ങുകളുടെ പ്രമേയം.  പത്തു വർഷം കഴിഞ്ഞ് സാമ്പത്തിക സ്ഥിതി മെച്ചമായപ്പോൾ  പുരയിടത്തോട്​ ചേർന്ന സ്ഥലം  സ്വന്തമാക്കി. പൂന്തോട്ടം വിപുലീകരിക്കാനുള്ള ശ്രമം തുടങ്ങി. വാങ്ങിയ പുരയിടത്തിലൂടെ ഒഴുകുന്ന അരുവി വഴി മാറ്റി ഒഴുക്കുവാനുള്ള അനുവാദം വാങ്ങി.  ജാപ്പനീസ് സ്റ്റൈലിൽ ഒരു പാലവും പണിതു. മൊണെയുടെ പല ചിത്രങ്ങളിലും ഈ പാലം കാണാം.  ഒരു തടാകം കുഴിക്കുവാനും തുടങ്ങി. പണി തുടങ്ങിയപ്പോൾ അടുത്തു താമസിക്കുന്നവർ  എതിർത്തു. മൊണെ വിഷമുള്ള ചെടികളാണ്​ കൊണ്ടുവരുന്നതെന്നും വിഷം അവരുടെ വെള്ളത്തിലേക്ക്​ പടരും എന്നുമായിരുന്നു അവരുടെ പേടി. 1899ൽ തടാകത്തി​​​​​​​​െൻറ പണി പൂർത്തിയായി.  ഇപ്പോൾ കാണുന്ന തടാകത്തെക്കാൾ ചെറുതായിരുന്നു അന്നത്തെ തടാകം.  സ്വന്തം ശേഖരത്തിലുണ്ടായിരുന്ന ജാപ്പനീസ്  പോസ്റ്ററുകൾ  തടാകം ഉണ്ടാക്കുവാൻ മൊണെയെ സഹായിച്ചു. തടാകത്തിന്​ ചുറ്റും ജാപ്പനീസ് ഐറിസ് പിടിപ്പി ച്ചു. ആദ്യകാലങ്ങളിൽ വാട്ടർ ലില്ലീസ് വെള്ളയും പിങ്കുമായിരുന്നു.  പിൽക്കാലത്താണ്​ ആകർഷകമായ മറ്റ്​ നിറങ്ങൾ ഇടംപിടിച്ചത്​.  "ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും വലിയ ആർട്ടാണ് എന്റെ പൂന്തോട്ടം" എന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞു.

പുരയിടത്തിന്റെ മധ്യഭാഗത്തായി കമ്പി വളച്ച് ആർച്ച് പോലെയാക്കി. അതിന്മേൽ റോസച്ചെടികൾ പടർത്തി. ജാപ്പനീസ് ബ്രിഡ്ജിൽ മൊണെ വിസ്റ്റീരിയ ചെടി വളർത്തി. വിസ്റ്റീരിയ വസന്തകാലത്ത് ഇല വരും മുമ്പായി പൂക്കുന്നു. അപ്പോൾ പൂക്കളുടെ വയലറ്റ് നിറം മാത്രം കാണാം.  ജാപ്പനീസ് ബ്രിഡ്ജിൽ അരുവി നോക്കി ഞാൻ നിന്നു. ആ പാലത്തിന്റെ ഓരോ തടിയിലും മൊണെയുടെ കാലടികൾ പതിഞ്ഞുകാണും.  ഞാൻ  കോരിത്തരിച്ചു പോയി. ത​​​​​​​​െൻറ ചിത്രമെഴുത്തി​​​​​​​​െൻറ ഭാഗമായി ചില  വർഷങ്ങളിൽ പതിനേഴു തവണവരെ പാലം പെയിന്റു ചെയ്തിട്ടുണ്ട്.

ഞങ്ങൾ പോയ ദിവസം പണിക്കാർ മൂന്നു വള്ളങ്ങളിൽ വാട്ടർ ലില്ലീസിന്റെ പഴയ ഇലകൾ പറിച്ചു നീക്കുകയായിരുന്നു. പണിക്കാർക്കിടയിൽ ഞാൻ മൊണെയെ തിരഞ്ഞു. അതിലൊരു താടിക്കാരൻ മൊണെയാണോ എന്നു സംശയിച്ചു. എനിക്ക് തിർച്ചയാണ്, ആ വലിയ മനുഷ്യന്റെ ആത്മാവ് അവിടെ ചുറ്റിനടക്കുന്നുണ്ടാവും.

മൊത്തത്തിൽ 250 വാട്ടർ ലില്ലീസ്  പെയിന്റിങ്ങുകൾ ഉണ്ട്.  1889 ൽ ആദ്യത്തെ  വാട്ടർ ലില്ലി  സീരിസിന്റെ പ്രദർശനം നടത്തി. മൊണെ കൊടുത്ത മ്യൂറൽ വലിപ്പത്തിലുള്ള വാട്ടർ ലില്ലീസിന്റെ പെയിറ്റിങ്ങ് സ്​ഥിരമായി വെക്കുവാൻ 1920ൽ സ്റ്റേറ്റ് ഓഫ് ഫ്രാൻസ് മ്യൂസീയം ഓഫ് ഓറഞ്ചെറിസിൽ രണ്ട് വലിയ ഓവൽ റൂം പണിതു. മോർസെ ഡോർസെ എന്ന മ്യൂസീയത്തിൽ മൊണെയുടെ മ്യൂറൽ സൈസ് ചിത്രത്തിനു മുന്നിൽ നിൽക്കുമ്പോൾ പെയിറ്റിങ്ങിന്റെ  വലുപ്പം നമ്മെ കീഴടക്കുന്നു. നമ്മളും വാട്ടർ ലില്ലീസ് നിറഞ്ഞുനിൽക്കുന്ന താടാകത്തിലാണെന്നു തോന്നും. മനസ്സിന്​ എന്തെന്നില്ലാത്ത ഒരു ശാന്തത അനുഭവപ്പെടുന്നു.

ന്യൂയോർക്ക് മെട്രോപൊലിറ്റൻ മ്യൂസിയം, മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ആർട്ട് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഷിക്കാഗോ, ഖാൻ ഇൻസ്റ്റിറ്റ്യൂട്ട്, സ​​​​​​​െൻറ്​ ലൂയിസ് ആർട്ട്മ്യൂസിയം, പ്രിൻസ്റ്റൺ കോളജ് എന്നീ പ്രശസ്ത ഗാലറികളിൽ  വാട്ടർലില്ലീസ് ചിത്രങ്ങൾ കാണാം.

മൊണെയുടെ അവസാനത്തെ 25 വർഷങ്ങളിൽ അദ്ദേഹത്തിന്​ പെയിന്റ് ചെയ്യുവാൻ പ്രചോദനം നൽകിയത് ഈ വാട്ടർ ലില്ലികളാണ്. തിമിരം കാഴ്ചയെ ബാധിച്ചതുകൊണ്ട് അവസാനകാല ചിത്രങ്ങളിൽ ചുവപ്പ് ഏറിയിരിക്കുന്നു. തിമിരം വർദ്ധിച്ചതനുസരിച്ച് വാട്ടർ ലില്ലിചിത്രങ്ങൾ കൂടുതൽ ആബ്സ്ട്രാക്റ്റ്  ആയി.

ശ്വാസകോശ അർബുദം ബാധിച്ച്​ മൊണെ മരിക്കുമ്പോൾ പെയിന്റർ എന്ന  നിലയിൽ പ്രസിദ്ധി ആർജിച്ചിരുന്നില്ല. വിൽക്കപ്പെടാൻ അനേകം പെയിന്റിങ്ങുകൾ അദ്ദേഹത്തിന്റെ മരണശേഷം ജിവേർണിയിലെ വീട്ടിൽ കണ്ടെത്തി.

മൊണെയുടെ മരണശേഷം വീടിനും പുരയിടത്തിനും രണ്ടാമത്തെ മകൻ മൈക്കൾ അവകാശിയായി. പിന്നാലെ ക്ലോഡ് മൊണെ ഫൗണ്ടേഷൻ വീടിന്റെയും പുരയിടത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്തു. അപ്പോഴേക്കും ജീർണിച്ചുതുടങ്ങിയ വീടും പൂന്തോട്ടവും പുതുക്കിപ്പണിയുവാൻ ഫൗണ്ടേഷൻ നിശ്ചയിച്ചു. പുതുക്കിപ്പണി തീർക്കുവാൻ  പത്തു വർഷത്തോളം എടുത്തു. ജാപ്പനീസ് പാലം അറ്റകുറ്റപ്പണികൾക്ക് അതീതമായി ജീർണിച്ചു പോയതിനാൽ വേറെ പാലം പണിതു.

റോസപ്പൂക്കളും ചെടികളും പടർന്നു കിടക്കുന്ന ആർച്ചിലൂടെ നടന്ന് ഞങ്ങൾ മൊണെയുടെ വീട്ടിലെത്തി. പ്രധാന മുറികളിലെല്ലാം പേരുകേട്ട ചിത്രകാരന്മാർ ചെയ്ത ചിത്രങ്ങൾ കലാപരമായി വെച്ചിരിക്കുന്നു. വിശാലമായ ഊണുമുറിയിൽ മൊണെയും ഭാര്യയും അവരുടെ എട്ടുകുട്ടികളും ഭക്ഷണത്തിനിരിക്കുന്നത് ഞാൻ ഭാവന ചെയ്തു. ഊണുമുറിക്ക്  പെയിന്റ് ചെയ്തിരിക്കുന്നത് മഞ്ഞനിറമാണ്. ആ മുറിയിലെ ഫർണിച്ചറുകളും മഞ്ഞ തന്നെ. വേനൽ സൂര്യന്റെ കിരണങ്ങളും ഊണു മുറിയുടെ പെയിന്റും ഒത്തുകൂടിയപ്പോൾ മുറിയിൽ കൂടുതൽ വെളിച്ചം ഉള്ളതായിത്തോന്നി.

വീടിനടുത്തു തന്നെ ടൂറിസ്റ്റുകൾക്കായി ഒരു ഗിഫ്റ്റ് സ്റ്റോർ ഉണ്ട്.  ടൂറിനു  മുമ്പ് അവിടെ കയറി  സമയം കളയേണ്ട എന്ന് ടൂർ ഗൈഡ് തീരുമാനിച്ചുകാണും. അതിനാൽ മടങ്ങുന്ന സമയമാകട്ടെ എന്ന് ഗൈഡ് പറഞ്ഞു. സ്ത്രീകൾ കടയിൽ കയറിയാൽ പിന്നെ ഇറങ്ങുവാൻ സമയം എടുക്കും. അദ്ദേഹം എത്രയോ റ്റൂർ ഗ്രൂപ്പിനെ ഇതിനകം കൊണ്ടുപോയിരിക്കുന്നു?

മോണേയുടെ ചിത്രങ്ങളും മറ്റും വിൽക്കുന്ന ഷോപ്പ്​
 

മടങ്ങുവാൻ സമയമായി.  ഞങ്ങൾ ഗിഫ്റ്റ് ഷോപ്പിൽ കയറിയിറങ്ങി. പോസ്റ്ററുകൾ,  കലണ്ടറുകൾ, റ്റീ കോസ്റ്റേർസ് എന്നിവയുടെ രൂപത്തിൽ മൊണെയുടെ ചിത്രങ്ങൾ ഗിഫ്റ്റ്ഷോപ്പുകാർ വിൽക്കുന്നു. കടയിൽ നല്ല തിരക്കാണ്. വാങ്ങിച്ച സാധങ്ങളുടെ വില കൊടുക്കാൻ നിൽക്കുന്നവരുടെ വരിക്ക് നല്ല നീളം. എന്റെമോൾ എന്തോ വാങ്ങി വില കൊടുക്കുവാൻ വരിയിൽ നിൽക്കുകയാണ്. ടൂർഗൈഡ് തിടുക്കം കൂട്ടി. മോളെ അവിടെനിന്നും കൊണ്ടുവന്നുകൊള്ളാമെന്നു പറഞ്ഞിട്ട് ഞങ്ങളോട് ബസിലേക്ക് പൊയ്ക്കൊള്ളാൻ ആവശ്യപ്പെട്ടു.

 ടൂർഗൈഡും മോളും ഓടിയണച്ച് വന്നു. അവളുടെ കൈയിൽ ഒരു പാക്കേജ് ഉണ്ടായിരുന്നു. അവർ ബസിൽ ഇരുന്നതും ബസ് ചലിച്ചു തുടങ്ങി. മൊണെയുടെ പൂന്തോട്ടത്തിൽ നിന്നും തിരിക്കുവാൻ വൈകിയാൽ അടുത്ത സ്റ്റോപ്പിൽ എത്തുവാൻ വൈകും. യാത്രയുടെ തിരക്കിനിടയിൽ അവൾ എന്തു വാങ്ങി എന്നു ചോദിക്കുവാൻ മറന്നു. ഫ്രാൻസിനെ മധുരമുള്ളരോർമയാക്കി ഞങ്ങൾ ഫ്രാൻസ് വിട്ടു. ഞങ്ങൾ വീട്ടിലേക്കും മോൾ ജോലിസ്ഥലത്തേക്കും പോയി.

ആഴ്ചകൾക്കുശേഷം ഞങ്ങൾ മകളെ സന്ദർശിക്കുവാൻ  പോയി. ചായയുടെ കപ്പ്  ഞാൻ  കോഫീറ്റേബിളിൽ വെക്കുവാൻ തുനിഞ്ഞു. അവൾ എന്നെ വിലക്കിക്കൊണ്ട് ഏതാനും റ്റീകോസ്റ്റേർസ് എനിക്കുനേരെ നേരെ നീട്ടി. അതിലെല്ലാം മൊണെയുടെ വാട്ടർലില്ലികൾ.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.