ജീവിതത്തിന് വേഗമേറുമ്പോള്‍ പലരും സൗകര്യപൂര്‍വം അടുക്കളയെ മറക്കുകയാണ് പതിവ്. കടയില്‍നിന്ന് വാങ്ങുന്ന റെഡിമെയ്ഡ് ആഹാരസാധനങ്ങള്‍ ചൂടാക്കാന്‍ മാത്രമാണ് അടുക്കളയില്‍ കയറാറ്. പരസ്യക്കാര്‍ വീമ്പിളക്കുന്നതിനപ്പുറം കടയില്‍നിന്ന് വാങ്ങുന്ന സാധനങ്ങളുടെ പോഷകമൂല്യം അളക്കാന്‍ സാധാരണക്കാര്‍ക്ക് സംവിധാനങ്ങളുമില്ല. കവറിലെ വിവരങ്ങള്‍ വായിച്ച് തൃപ്തിയടയുക മാത്രമേ വഴിയുള്ളൂ. ഈ പരിമിതി മറികടക്കാന്‍ ഒരു മൊബൈല്‍ ആപ്ളിക്കേഷന്‍ കൊണ്ട് സാധിക്കും. ‘ഫുഡ് സ്വിച്ച്’ എന്നാണ് പോഷകമൂല്യം അളക്കുന്ന ഈ ന്യൂട്രീഷ്യന്‍ ആപ്പിന്‍െറ വിളിപ്പേര്. ആസ്ട്രേലിയയിലെ സിഡ്നിയിലുള്ള ദ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ളോബല്‍ ഹെല്‍ത്ത് ആണ് സ്രഷ്ടാക്കള്‍. പാക്കറ്റ് ഭക്ഷണങ്ങളില്‍ നല്‍കിയിരിക്കുന്ന ബാര്‍കോഡ് ഈ ആപ്പ് തുറന്ന് സ്കാന്‍ ചെയ്താല്‍ മതി. ഭക്ഷണത്തിലടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയവയുടെ വിവരങ്ങള്‍ എളുപ്പം കിട്ടും.

നമ്മുടെ റോഡുകളിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പോലെയാണ് ഇവിടെ വിവരങ്ങള്‍ ലഭിക്കുക. ചേരുവകളുടെ അളവ് കൂടുതലാണെങ്കില്‍ ചുവപ്പ്, ഇടക്കാണെങ്കില്‍ തീമഞ്ഞ, ഒട്ടും പ്രശ്നമില്ളെങ്കില്‍ പച്ചയും ലൈറ്റ് തെളിയും. നമ്മള്‍ നല്‍കുന്നതുപോലെയുള്ള മറ്റ് ഭക്ഷണസാധനങ്ങളുമായി താരതമ്യം ചെയ്തുനോക്കുകയും കഴിക്കാന്‍ പ്രശ്നമില്ലാത്ത മറ്റ് ഭക്ഷണ സാധനങ്ങള്‍ ആപ്പ് സ്ക്രീനില്‍ കാട്ടിത്തരുകയും ചെയ്യും. ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, ¥ൈചന, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ആപ്പ് ഉപയോഗിക്കാം. ഇന്ത്യയിലെ 10,000 ഭക്ഷണസാധനങ്ങളുടെ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്ന് ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഡയറക്ടര്‍ ബ്രൂസ് നീല്‍ പറയുന്നു. ഇന്ത്യയില്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ അത്ര വ്യാപകമല്ല. വിവരശേഖരം വിപുലമാക്കാന്‍ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിന് ശേഷം പോഷകമൂല്യത്തിന്‍െറയും ശരീരത്തിന് ദോഷകരമായ വസ്തുക്കളുടെയും വിവരങ്ങള്‍ ആപ്പില്‍ ചേര്‍ക്കുമെന്നും നീല്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സെന്‍റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോളുമായി ചേര്‍ന്നാണ് ശരീരത്തിന് ദോഷകരമായ ഭക്ഷണങ്ങളുടെ വിവരങ്ങള്‍ തയാറാക്കിയത്.  

വിവരശേഖരത്തില്‍ ഇല്ലാത്ത ഭക്ഷണത്തിന്‍െറ ഫോട്ടോ ഫോണ്‍ കാമറയിലെടുത്ത് അയച്ചുകൊടുത്താല്‍ അത് ചേര്‍ക്കും. ആസ്ട്രേലിയയില്‍ വര്‍ഷം ഒന്നരലക്ഷം ഫോട്ടോകളാണ് ഇങ്ങനെ അയച്ചുകിട്ടുന്നതെന്നും നീല്‍ പറയുന്നു. സ്ഥാപനത്തിന് ഇന്ത്യയില്‍ മാത്രം 70 ജീവനക്കാരും ദല്‍ഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഓഫിസുമുണ്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.