കോവിഡ് പരിശോധനയ്ക്ക് ഇന്ത്യയുടെ പേപ്പര്‍ സ്ട്രിപ് കിറ്റ്; ഉറ്റുനോക്കി ലോകം

ന്യൂഡൽഹി: ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനക്കുള്ള പേപ്പർ സ്ട്രിപ്പ് കിറ്റ് കോവിഡ് പരിശോധന രംഗത്ത് മാറ്റം വരുത്താനൊരുങ്ങുന്നു. ചെലവ് കുറഞ്ഞ ഈ രീതിയുടെ കൃത്യത ലോകം നിരീക്ഷിച്ച് വരികയാണ്. ടാറ്റയുടെ നേതൃത്വത്തിലാണ് ഒരു പറ്റം ഇന്ത്യൻ ഗവേഷകർ ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. ഏകദേശം 500 രൂപയാണ് ഇത് ഉപയോഗിച്ചുള്ള പരിശോധനക്ക് ചെലവാകുക. പേപ്പർ സ്ട്രിപ്പിന് ഫെലുദ എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്. വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരൻ സത്യജിത് റായ് യുടെ ഡിറ്റക്ടീവ് കഥകളിലെ നായകൻ്റെ പേരാണ് ഫെലുദ.

ജീൻ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന ക്രിസ്പർ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.. ഡൽഹി ആസ്ഥാനമായ സി.എസ്.ഐ.ആർ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് ലോകത്തിലെ ആദ്യത്തെ പേപ്പർ സ്ട്രിപ്പ് ഉപയോഗിക്കുന്ന കോവിഡ് ടെസ്റ്റിങ് കിറ്റ് കണ്ടു പിടിച്ചത്.

ലളിതവും കൃത്യവും ചെലവ് കുറഞ്ഞതും ആശ്രയിക്കാവുന്നതുമായ രീതിയാണിതെന്ന് കേന്ദ്രസർക്കാറിന്റെ ശാസ്ത്ര ഉപദേശകൻ പ്രഫ. കെ. വിജയ് രാഘവനെ ഉദ്ദരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

സ്വകാര്യ ലാബുകളിൽ അടക്കം രണ്ടായിരത്തോളം ആളുകളിൽ ഈ സ്ട്രിപ്പ് ഉപയോഗിച്ച് പരിശോധന നടത്തിയിട്ടുണ്ട്. ഈ പരീക്ഷണത്തിൽ പേപ്പർ കിറ്റ് 98 ശതമാനത്തോളം കൃത്യത പുലർത്തിയെന്നും 96 ശതമാനത്തോളം സംവേദനക്ഷമത പുലർത്തിയെന്നും ഗവേഷകർ അവകാശപ്പെടുന്നു. തെറ്റായ റിസർട്ടുകൾ ഈ കിറ്റിൽ അധികം ഉണ്ടാകില്ലെന്നാണ് അവർ പറയുന്നത്.

ഇത് വിപണിയിലിറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്ന സൂചനയും ബി.ബി.സി റിപ്പോർട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ നിരക്കിനേക്കാൾ മെച്ചപ്പെട്ട നിരക്കാണ് നിലവിൽ രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ലോകാരോഗ്യസംഘടനയുടെ നിർദേശമനുസരിച്ച് ഇന്ത്യയിൽ കോവിഡ് പരിശോധന ഞായറാഴ്ച ആറ് മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.

ലോകത്തിൽ തന്നെ ദിനംപ്രതി ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പരിശോധന വർധിപ്പിച്ചത് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സഹായിച്ചതായും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.. സർക്കാർ-സ്വകാര്യമേഖലകളിൽ പരിശോധനാ ലാബുകളുടെ എണ്ണത്തിലും വർധനവുണ്ടായതായാണ് സർക്കാർ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.