റെനെ മേയർഹോഫർ

'ഗൂഗിളിന് ധാർമികത നഷ്ടമായി’; പെന്റഗൺ കരാറിൽ പ്രതിഷേധിച്ച് മുതിർന്ന എക്സിക്യൂട്ടീവ് രാജിവെച്ചു, കത്ത് പുറത്ത്..

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സൈനിക ഉപയോഗവുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് രഹസ്യ സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ എ.ഐ മോഡലുകൾ വിട്ടുനൽകാനുള്ള ഗൂഗ്ൾ മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടീവ് രാജിവെച്ചു. ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോം സെക്യൂരിറ്റി വിഭാഗം ഡയറക്ടറായ റെനെ മേയർഹോഫർ ആണ് തന്റെ ഒമ്പത് വർഷത്തെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങിയത്. സഹപ്രവർത്തകർക്കായി അദ്ദേഹം എഴുതിയതും ഇപ്പോൾ പരസ്യമായി പുറത്തുവന്നതുമായ രാജിക്കത്തിൽ ഗൂഗ്ൾ മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

2017ൽ താൻ ജോലിയിൽ പ്രവേശിക്കുമ്പോഴുള്ള ഗൂഗിളല്ല ഇന്നുള്ളതെന്ന് റെനെ മേയർഹോഫർ പറയുന്നു. എ.ഐ മോഡലുകൾ പ്രവർത്തിപ്പിക്കാൻ വലിയ തോതിൽ ഊർജം ആവശ്യമായി വന്നതോടെ, പരിസ്ഥിതി സൗഹൃദമാകാനുള്ള  ലക്ഷ്യങ്ങൾ ഗൂഗ്ൾ മാനേജ്‌മെന്റ് രഹസ്യമായി ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

'ഗൂഗ്ൾ മാനേജ്‌മെന്റ് ഇപ്പോൾ യു.എസിന്റെ യുദ്ധ മന്ത്രാലയവുമായി കരാറുകളിൽ ഒപ്പിടുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിക്കുന്ന ഒന്നാണ് നിലവിലെ യു.എസ് ഭരണകൂടം. എന്റെ ധാർമികമായ തത്ത്വങ്ങൾ അനുസരിച്ച് ഈ യുദ്ധക്കൊതിയെ പിന്തുണയ്ക്കാൻ എനിക്ക് സാധിക്കില്ല. അതിനാൽ രാജി മാത്രമാണ് എന്റെ മുന്നിലുള്ള വഴി.​' - റെനെ കത്തിൽ വ്യക്തമാക്കി.

ഒരു യൂറോപ്യൻ പൗരൻ എന്ന നിലയിൽ, ഈ കരാറിലൂടെ യൂറോപ്യൻ യൂനിയനിലെ സാധാരണ ജനങ്ങളെ വൻതോതിൽ നിരീക്ഷിക്കാൻ ഗൂഗ്ൾ എ.ഐ ഉൽപന്നങ്ങൾ നേരിട്ട് ഉപയോഗിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആഗസ്റ്റ് വരെ കമ്പനിയിൽ തുടരുമെങ്കിലും സൈനിക കരാറിന്റെ പരിധിയിൽ വരുന്ന ഒരു എ.ഐ പ്രൊജക്റ്റിലും താൻ ഇനി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജിക്കത്തിന്റെ പൂർണ്ണരൂപം

'2017ൽ ഗൂഗ്ൾ എനിക്ക് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോം സെക്യൂരിറ്റി ഡയറക്ടർ പദവി വാഗ്ദാനം ചെയ്തപ്പോൾ അത് നിരസിക്കുക അസാധ്യമായിരുന്നു. അന്ന് ട്രംപ് പ്രസിഡന്റായിരുന്നുവെങ്കിലും ഗൂഗിൾ 9 വർഷം മുമ്പ് തികച്ചും വ്യത്യസ്തമായ ഒരു കമ്പനിയായിരുന്നു. ആൻഡ്രോയിഡ് പൂർണമായും ഓപൺ സോഴ്‌സ് ആയിരുന്നു, ശതകോടിക്കണക്കിന് ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഗൂഗ്ൾ മികച്ചൊരു ഇടമായിരുന്നു. സുന്ദർ പിച്ചൈ 2018ൽ പുറത്തിറക്കിയ എ.ഐ തത്വങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നു— മനുഷ്യരെ ഉപദ്രവിക്കുന്ന ആയുധങ്ങൾ നിർമിക്കാനോ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന നിരീക്ഷണങ്ങൾക്കോ എ.ഐ ഉപയോഗിക്കില്ല എന്ന്.

അന്ന് 'Don't Be Evil' (തിന്മ ചെയ്യരുത്) എന്നത് വെറുമൊരു മുദ്രാവാക്യമായിരുന്നില്ല, മറിച്ച് കഠിനമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ഞങ്ങളെ നയിച്ചിരുന്ന വഴികാട്ടിയായിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയുമായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. ആൻഡ്രോയിഡ് ബാക്കപ്പ് പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതുൾപ്പെടെയുള്ള പല ചരിത്രപരമായ നേട്ടങ്ങളിലും എനിക്ക് വലിയ അഭിമാനമുണ്ട്.

എന്നാൽ, നിർഭാഗ്യവശാൽ കാലം മാറി. എ.ഐ മോഡലുകളുടെ കടുത്ത ഊർജ ഉപയോഗം കാരണം കാർബൺ-ന്യൂട്രൽ ആകാനുള്ള ലക്ഷ്യങ്ങൾ ഗൂഗ്ൾ മാനേജ്‌മെന്റ് നിശബ്ദമായി ഉപേക്ഷിച്ചു. അതിലും മോശമായി, അവർ ഇപ്പോൾ യു.എസിന്റെ യുദ്ധ മന്ത്രാലയവുമായി കരാറുകളിൽ ഒപ്പിടുകയാണ്. ഈ തീരുമാനങ്ങളൊന്നും കമ്പനിക്കുള്ളിൽ ചർച്ച ചെയ്യപ്പെടുന്നില്ല, മറിച്ച് മുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം തീരുമാനിക്കുകയാണ്.

ഈ തീരുമാനം എടുക്കുക എനിക്ക് കഠിനമായിരുന്നു. ഇവിടുത്തെ മിടുക്കരായ എൻജിനീയർമാരെയും നല്ല മനുഷ്യരെയും ഞാൻ മിസ്സ് ചെയ്യും. എന്നാൽ, ഇതല്ലാതെ എനിക്ക് മറ്റ് വഴികളില്ല. ഞാൻ ഒരു സമാധാനവാദിയാണ്. മനുഷ്യരെ ഉപദ്രവിക്കുന്ന ആക്രമണാത്മക യുദ്ധങ്ങളിൽ ഏർപ്പെടുന്ന സൈന്യങ്ങൾക്ക് വേണ്ടി ജോലി ചെയ്യില്ല എന്ന് ഞാൻ പണ്ടേ തീരുമാനിച്ചതാണ്. കൂടാതെ ഞാനൊരു യൂറോപ്യൻ അക്കാദമിക് വിദഗ്ദ്ധനാണ്. നിലവിലെ യു.എസ് സർക്കാരിന്റെ നയങ്ങൾ യൂറോപ്യൻ പൗരന്മാരുടെ കൂട്ട നിരീക്ഷണത്തിലേക്ക് വഴിമാറാം. ഈ എ.ഐ ഉൽപ്പന്നങ്ങൾ എനിക്കെതിരെയും എന്റെ പ്രിയപ്പെട്ടവർക്കെതിരെയും ഉപയോഗിക്കപ്പെടാം.

എന്റെ കരാർ പ്രകാരം ആഗസ്റ്റ് 31 വരെ ഞാൻ കമ്പനിയിലുണ്ടാകും. നിലവിലുള്ള ചില പ്രൊജക്റ്റുകൾ പൂർത്തിയാക്കാൻ സഹായിക്കുമെങ്കിലും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എ.ഐ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട എല്ലാ ജോലികളിൽ നിന്നും ഞാൻ ഉടനടി മാറിനിൽക്കുകയാണ്. ഗൂഗ്ൾ മാനേജ്‌മെന്റ് അവരുടെ ധാർമികത എപ്പോഴെങ്കിലും തിരിച്ചുപിടിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അതുവരെ, ഞാൻ നിങ്ങളെയെല്ലാം മിസ്സ് ചെയ്യും.' 

Tags:    
News Summary - Senior executive resigns in protest of joining hands with Pentagon; letter released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.