തുടക്കക്കാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഒരുപോലെ ഉപകാരപ്രദമായ ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ
സോഷ്യൽ മീഡിയ കാലത്ത് നല്ലൊരു ഫോട്ടോ കാണുമ്പോഴാണ് പലപ്പോഴും ചർച്ചകൾ തുടങ്ങുന്നത്. ഇൻസ്റ്റാഗ്രാമിലായാലും ലിങ്ക്ഡ്ഇന്നിലായാലും നാം പങ്കുവെക്കുന്ന ചിത്രങ്ങളുടെ ഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, മികച്ച ഫോട്ടോകൾ ലഭിക്കാൻ പ്രഫഷനലുകളെ പോലെ എഡിറ്റിങ് അറിയണമെന്നിമില്ല. വെളിച്ചക്കുറവോ നിറങ്ങളിലെ മങ്ങലോ നിസാരമായ മറ്റു പോരായ്മകളോ സെക്കൻഡുകൾക്കുള്ളിൽ പരിഹരിക്കാൻ സഹായിക്കുന്ന നിരവധി സൗജന്യ ആപ്പുകൾ ഇന്ന് ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന, സാധാരണക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മികച്ച 7 ആപ്പുകൾ പരിചയപ്പെടാം.
1. PhotoDirector (ഫോട്ടോ ഡയറക്ടർ)
ഒബ്ജക്റ്റ് റിമൂവൽ (ഫോട്ടോയിൽനിന്ന് ആവശ്യമില്ലാത്ത കാര്യങ്ങൾ മാറ്റുക), ബാക്ക്ഗ്രൗണ്ട് മാറ്റുക തുടങ്ങിയവക്ക് ഈ ആപ് മികച്ചതാണ്. ആൻഡ്രോയിഡ്, ഐഫോൺ എന്നിവക്ക് പുറമെ കമ്പ്യൂട്ടറുകളിലും ഇത് ഉപയോഗിക്കാം.
2. HitPaw FotorPea (ഹിറ്റ്പോ ഫോട്ടോർപീ)
കൂടുതൽ സങ്കീർണതകളില്ലാതെ ഒറ്റ ടാപ്പിലൂടെ ഫോട്ടോകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. വെളിച്ചം ക്രമീകരിക്കാനും ചിത്രങ്ങൾക്ക് കൂടുതൽ വ്യക്തത നൽകാനും ഇതിലൂടെ സാധിക്കും.
3. Vivid Glam (വിവിഡ് ഗ്ലാം)
സെൽഫികൾക്കും പോർട്രെയ്റ്റ് ചിത്രങ്ങൾക്കും മുൻഗണന നൽകുന്ന ഐഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ആപ്പാണിത്. മുഖത്തെ പാടുകൾ നീക്കം ചെയ്യാനും സൗന്ദര്യം വർധിപ്പിക്കാനും വെർച്വൽ മേക്കപ് ഉപയോഗിക്കാനും ഇത് സഹായിക്കും.
4. പിക്സ്ആർട്ട് (PicsArt)
ഫോട്ടോ എഡിറ്റിങ്ങിന് പുറമെ കൊളാഷുകൾ നിർമിക്കാനും ഡ്രോയിങ് ടൂളുകൾ ഉപയോഗിക്കാനും പിക്സ്ആർട്ട് സഹായിക്കും. ഇതിലെ എ.ഐ ഫീച്ചറുകൾ ചിത്രങ്ങൾക്ക് പുതിയൊരു ഭാവം നൽകും.
5. Snapseed (സ്നാപ്സീഡ്)
ഗൂഗിളിന്റെ ഈ ആപ് പൂർണമായും സൗജന്യമാണ് എന്നതാണ് പ്രത്യേകത. പരസ്യങ്ങളുടെ ശല്യമില്ലാതെ 30ഓളം ടൂളുകൾ ഉപയോഗിച്ച് ഫോട്ടോകൾ വളരെ കൃത്യതയോടെ എഡിറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
6. പിക്സ്ലർ (Pixlr)
തുടക്കക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആപ്പാണിത്. നിരവധി ഫിൽട്ടറുകളും പെട്ടെന്നുള്ള തിരുത്തലുകൾക്കായി 'ഓട്ടോ ഫിക്സ്' ഓപ്ഷനും ഇതിലുണ്ട്.
7. Canva (ക്യാൻവ)
ഫോട്ടോ എഡിറ്റിങ്ങിന് പുറമെ സോഷ്യൽ മീഡിയ പോസ്റ്റുകൾ, പ്രസന്റേഷനുകൾ എന്നിവ നിർമ്മിക്കാനും ക്യാൻവ മികച്ചതാണ്. ഇതിലെ റെഡിമെയ്ഡ് ടെംപ്ലേറ്റുകൾ സാധാരണക്കാർക്ക് പോലും പ്രൊഫഷണൽ ഡിസൈനുകൾ നിർമ്മിക്കാൻ അവസരമൊരുക്കുന്നു.
മികച്ച ഫോട്ടോകൾക്കായി പെയ്ഡ് സബ്സ്ക്രിപ്ഷൻ ഉള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ എഡിറ്റിങ് എന്നത് വിരൽത്തുമ്പിലെ വിദ്യയായി മാറി. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സെൽഫിയായിട്ടും പ്രഫഷനൽ ഡിസൈനുകളായിട്ടും മുകളിൽ പറഞ്ഞ ആപ്പുകളിൽനിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. ഓരോ ചിത്രവും കഥ പറയുന്ന സോഷ്യൽ മീഡിയ ലോകത്ത്, ഇത്തരം ലളിതമായ മാർഗങ്ങളിലൂടെ നിങ്ങളുടെ ക്രിയേറ്റിവിറ്റി വർധിപ്പിക്കാനും കാഴ്ചക്കാരെ ആകർഷിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.