ലോകം കൂടുതല്‍ സ്മാര്‍ട്ടാകും; 5 ജി ലോഗോയായി

അതിവേഗത്തി നൊപ്പം കൂടുതല്‍ സ്മാര്‍ട്ടുമായ ലോകമാണ് അഞ്ചാംതലമുറ മൊബൈല്‍ സാങ്കേതികവിദ്യയായ 5ജി സമ്മാനിക്കുന്നത്. ഇന്ത്യന്‍ യുവത്വം ഫോര്‍ജി വിപ്ളവത്തിലേക്ക് കാലൂന്നിനില്‍ക്കുന്ന ഈ സമയത്താണ് 5ജിക്ക് സ്വന്തം ലോഗോയും രൂപഭാവങ്ങളും കൈവരുന്നത്. 3 ജി.പി.പി സെല്ലുലര്‍ സ്റ്റാന്‍ഡാര്‍ഡ് ഗ്രൂപ്പാണ് ലോഗോ ഒൗദ്യോഗികമായി അംഗീകരിച്ചത്. ഫോര്‍ ജിയുടെ അതേരീതിയിലുള്ള കറുത്ത അക്ഷരങ്ങളും എല്‍.ടി.ഇയിലെ പച്ച തരംഗവും ചേര്‍ന്നതാണ് 5ജിയുടെ ലോഗോ. ഇതിന്‍െറ സവിശേഷതകള്‍ക്ക് അന്തിമരൂപമായി വരുന്നതേയുള്ളൂ. 2018ഓടെ ആദ്യ ഘട്ടത്തിന് വ്യക്തത കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാംഘട്ടത്തിന് 2020 വരെ എടുക്കും. 

ഫോര്‍ജിയിലെ അതിവേഗത്തെക്കാള്‍ കൂടുതല്‍ ബാന്‍ഡ്വിഡ്ത് ആണ് 5 ജി ലക്ഷ്യമിടുന്നത്. പരസ്പര ബന്ധിതമായ സ്മാര്‍ട്ട് ഉപകരണങ്ങളുടെ (ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്) യുഗത്തിന് ജീവനേകാനാണ് 5ജി എത്തുന്നത്. ഇന്‍റല്‍, ക്വാല്‍കോം തുടങ്ങിയ ചിപ് നിര്‍മാതാക്കളും മറ്റ് ഉപകരണ നിര്‍മാതാക്കളും 5ജി പിന്തുണയുള്ള ഉപകരണങ്ങള്‍ ഇറക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഒന്ന് മുതല്‍ നാലുവരെയുള്ള തലമുറ സാങ്കേതികവിദ്യകള്‍ ഒരുപരിധിവരെ ഹാര്‍ഡ്വെയര്‍ അധിഷ്ഠിതമായിരുന്നുവെങ്കില്‍ 5ജി സോഫ്റ്റ്വെയര്‍ നിയന്ത്രിതമാണ്. ഉപകരണം അപ്പാടെ മാറ്റുന്നതിന് പകരം പരിഷ്കരണത്തിലൂടെ അതിലേക്ക് എത്താം. സോഫ്റ്റ്വെയര്‍ നവീകരണത്തിലൂടെ (അപ്ഗ്രേഡ്) 5ജിയിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയുമെന്ന് സാരം. നെറ്റ്വര്‍ക്കുകളും സാഹചര്യങ്ങളും അറിഞ്ഞ് പരസ്പര ബന്ധിതമായ ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ശേഷി 5 ജി നല്‍കുന്നു. ഉദാഹരണത്തിന് തനിയെ ഓടുന്ന കാറിന് ആവശ്യമായ ശേഷിയുള്ള കണക്ഷന്‍ നല്‍കും. ഇനി ഒരു ഉപകരണത്തിന്‍െറ ബാറ്ററി തീരാറായെങ്കില്‍ അത് മനസ്സിലാക്കി ഡാറ്റ നിയന്ത്രിക്കാനും കഴിയും. 
പറയുന്ന വേഗം

ഫോര്‍ജിയില്‍ സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് മുതല്‍ ഒരു ജി.ബി വരെയാണ് വേഗം. 5ജിയില്‍ എത്തുമ്പോള്‍ സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് മുതല്‍ 10 ജിഗാബൈറ്റ് വരെയാകും. യു.എസില്‍ ഫോര്‍ജി ഫോണുകള്‍ വേഗത്തില്‍ പുറത്തിറങ്ങിയെങ്കിലും പറഞ്ഞ വേഗം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. യു.എസിലെ ഫോര്‍ ജി എല്‍.ടി.ഇ കണക്ഷനില്‍ സെക്കന്‍ഡില്‍ 36.12 മെഗാബൈറ്റ് മാത്രമാണ് ഡൗണ്‍ലോഡ് വേഗം. അതാകട്ടെ കുറഞ്ഞവേഗമായ 100 എം.ബി.പി.എസിലും കുറവാണ്. അതുപോലെ 5ജി ഉപകരണങ്ങള്‍ എളുപ്പം വിപണിയിലത്തെുമെങ്കിലും പറഞ്ഞ വേഗം ലഭിക്കാന്‍ ലക്ഷ്യമിട്ട കാലയളവായ 2020 കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. വീണ്ടും ആറുവര്‍ഷമെങ്കിലും എടുക്കും. അതേസമയം, 5ജി എത്തിയാല്‍ യഥാര്‍ഥ 4ജി വേഗം ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലണ്ടനില്‍ 4ജിയില്‍ ഇപ്പോഴും സെക്കന്‍ഡില്‍ 300 മെഗാബൈറ്റ് വരെയാണ് വേഗം. 
എല്ലാം തനിയെ 

സ്വയം ഓടുന്ന കാറുകള്‍ ഏറെ പ്രചാരത്തിലാവും. യന്ത്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും അരങ്ങൊരുങ്ങും. 5ജിയില്‍ വയര്‍ലസ് വൈദ്യുതിവരെ പ്രാപ്തമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു മില്ലി സെക്കന്‍ഡ് മുതല്‍ 10 മില്ലിസെക്കന്‍ഡ് വരെയാണ് 5ജിയിലെ പ്രവര്‍ത്തന പ്രതികരണ സമയം (ലാറ്റന്‍സി). 4ജിയില്‍ പ്രതികരണസമയം 40 മില്ലിസെക്കന്‍ഡ് മുതല്‍ 60 മില്ലിസെക്കന്‍ഡ് വരെയാണ്. അതിനാല്‍ കാത്തിരുന്ന് മുഷിയാതെ എന്ത് കാര്യവും വളരെ വേഗത്തില്‍ സാധ്യമാകും. ഒന്നിലധികം പേര്‍ കളിക്കുന്ന മള്‍ട്ടിപ്ളെയര്‍ ഗെയിം സുഖമായി കളിക്കാം. ഫുട്ബാള്‍ കളി സ്റ്റേഡിയത്തില്‍ നടക്കുന്ന അതേസമയം തന്നെ വീട്ടില്‍ കാണാം. ദൃശ്യങ്ങള്‍ അല്‍പം പോലും താമസിക്കില്ല. 
ബാന്‍ഡിലാണ് കാര്യം

4ജിയില്‍ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ 5ജിയില്‍ അത് ഉയര്‍ന്ന സ്പെക്ട്രം ബാന്‍ഡാണ്. സ്മാര്‍ട്ട് ഉപകരണങ്ങളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിനായി നിലവിലുള്ളതിനെക്കാള്‍ തിങ്ങിഞെരുങ്ങല്‍ കുറഞ്ഞ പുതിയ ബാന്‍ഡാണ് ഉപയോഗിക്കുന്നത്. 5ജിയില്‍ റേഡിയോ തരംഗങ്ങള്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നില്ല. അടുത്തടുത്ത് കൂടുതല്‍ സ്വീകരണ സ്ഥലങ്ങള്‍ കാണും. 

2020ഓടെ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍, ടി.വി, ഫ്രിഡ്ജ്, കാര്‍, സ്മാര്‍ട്ട് വസ്ത്രങ്ങള്‍, വാച്ചുകള്‍ തുടങ്ങിയ കണക്ടഡ് ഉപകരണങ്ങളുടെ എണ്ണം 5000 കോടിയാകുമെന്നാണ് പ്രവചനം. ഇവയെ തിരിച്ചറിഞ്ഞ് ഒരു പോയന്‍റിന് അത്യധ്വാനം നല്‍കാതെ പ്രത്യേകം ബാന്‍ഡ്വിഡ്ത് 5ജി വീതിക്കും. 2030ഓടെ വിഡിയോ സ്ട്രീമിങ് ഡാറ്റ ട്രാഫിക്കിന്‍െറ 76 ശതമാനം ആകുമെന്നാണ് ബ്രിട്ടീഷ് മൊബൈല്‍ നെറ്റ്വര്‍ക് ഇ.ഇ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും ഫോര്‍കെയും എട്ട് കെ റെസലുഷന്‍ വിഡിയോയും ആകും. 4ജിയില്‍ ഫോര്‍കെ വിഡിയോ സ്ട്രീമിങ്ങിന് സെക്കന്‍ഡില്‍ 14 മെഗാബൈറ്റും എട്ട് കെ വിഡിയോ സ്ട്രീമിങ്ങിന് 18 മെഗാബൈറ്റും വേഗം വേണം. 

Tags:    
News Summary - 5G new logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.