ഇയർബഡ് ചെവിക്കുള്ളിൽ പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരിക്ക്; പ്രതികരിച്ച് ജെ.ബി.എൽ കമ്പനി

ജയ്പൂർ: സംഗീതം ആസ്വദിക്കുന്നതിനിടെ ചെവിക്കുള്ളിലിരുന്ന വയർലെസ് ഇയർബഡ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരിക്ക്. പ്രമുഖ ഓഡിയോ ബ്രാൻഡായ ജെ.ബി.എല്ലിന്റെ 'ട്യൂൺ ബീം 2' മോഡൽ ഇയർബഡ് പൊട്ടിത്തെറിച്ചത്. രാജസ്ഥാനിലെ ഒരു വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം. അപകടത്തിൽ വിദ്യാർഥിനിയുടെ കർണ്ണപടത്തിന് ഗുരുതരമായ വീക്കവും പരിക്കും സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജെ.ബി.എൽ ഇന്ത്യ അന്വേഷണം ആരംഭിച്ചു. അപകടവിവരത്തെ കുറിച്ച് തന്റെ എക്സ് അകൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്

ഒരു മാസം മുമ്പ് വാങ്ങിയ ഇയർബഡാണ് പൊട്ടിത്തെറിച്ചത്. മിനിമം ശബ്ദത്തിൽ വെറും 15 മിനിറ്റ് മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കെ വലതുവശത്തെ ഇയർബഡിൽനിന്ന് ഡ്രില്ലിംഗ് മെഷീന്റേതിന് സമാനമായ വലിയ ശബ്ദം കേൾക്കുകയും തൊട്ടുപിന്നാലെ പൊട്ടിത്തെറി സംഭവിക്കുകയുമായിരുന്നുവെന്ന് വിദ്യാർഥിനി സന്ദേശത്തിൽ പറയുന്നു. അപകടത്തിന് പിന്നാലെ നടത്തിയ ഇ.എൻ.ടി പരിശോധനയിൽ കർണ്ണപടത്തിന് വീക്കം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തകർന്ന ഉപകരണത്തിന്റെയും ഡോക്ടറുടെ കുറിപ്പടിയുടെയും ചിത്രങ്ങളും വിദ്യാർഥിനി സന്ദേശത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തിൽ വാർത്ത പ്രചരിച്ചതോടെ കമ്പനിയായ ജെ.ബി.എൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. സംഭവം ഗൗരവകരമാണെന്നും ഇന്ത്യയിലെ സാങ്കേതിക വിഭാഗം പരാതിക്കാരിയുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു. കമ്പനി അധികൃതരെ ടാഗ് ചെയ്തുകൊണ്ടാണ് വിദ്യാർഥിനി പരാതി ഉന്നയിച്ചത്.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

വിപണിയിലെത്തുന്ന ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. കമ്പനി നൽകുന്ന നഷ്ടപരിഹാരത്തിൽ ഒതുങ്ങാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് സമൂഹമാധ്യമ ഉപഭോക്താക്കൾ പെൺകുട്ടിയോട് നിർദേശിക്കുന്നത്.

ബ്ലൂടൂത്ത് ഉപകരണങ്ങളിൽനിന്നുള്ള റേഡിയേഷനും ബാറ്ററി തകരാറുകളും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് സാങ്കേതിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. വയർലെസ് ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും കുറഞ്ഞ വിലയിലുള്ള വ്യാജ ഉൽപന്നങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

Tags:    
News Summary - Student injured after earbud explodes in ear; JBL company responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.