'പണി കിട്ടി, പണവും പോയി'; പബ്ജിയടക്കമുള്ള ഗെയിമുകളെയും വിടാതെ മാൽവെയറുകൾ

പബ്ജി, ഫിഫ, മൈൻക്രാഫ്റ്റ്, റോബ്ലോക്സ് എന്നീ ജനപ്രിയ ഗെയിമുകൾ അടക്കം 28 വിഡിയോ ഗെയിമുകളെ ഉപയോഗിച്ചും മാൽവെയർ ആക്രമണം. 2021 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെ 3.84 ലക്ഷം യൂസർമാരെയാണ് മാൽവെയർ ആക്രമണം ബാധിച്ചത്. പ്രമുഖ ആന്റിവൈറസ് കമ്പനിയായ കാസ്‍പെർസ്കിയുടെ ഗവേഷകരമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. മാൽവെയറുകൾ അടങ്ങിയ 92,000 -ത്തോളം ഫയലുകൾ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് ആളുകളെ ലക്ഷ്യമിട്ടത്. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വലിയ ഗെയിമുകളായ എൽഡൺ റിംഗ്, ഹാലോ, റെസിഡന്റ് ഈവിൾ എന്നിവയെയും സൈബർ കുറ്റവാളികൾ സജീവമായി ദുരുപയോഗം ചെയ്തതായി കാസ്‌പെർസ്‌കി ഗവേഷകർ ചൂണ്ടിക്കാട്ടി. ഗെയിമുകളിലൂടെ 'റെഡ് ലൈൻ' എന്ന ഉപദ്രവകാരിയായ മാൽവെയറിനെ അവർ പ്രചരിപ്പിച്ചത്രേ.


പാസ്‌വേഡ് മോഷ്ടിക്കുന്ന സോഫ്റ്റ്‌വെയറാണ് റെഡ്‌ലൈൻ. ഇത് ഇരയുടെ ഉപകരണത്തിൽ നിന്ന് പാസ്‌വേഡുകൾ, ക്രെഡിറ്റ് - ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, ക്രിപ്‌റ്റോകറൻസി വാലറ്റുകൾ, VPN സേവനങ്ങൾക്കായുള്ള ക്രെഡൻഷ്യലുകൾ എന്നിവയടക്കമുള്ള തീർത്തും സ്വകാര്യമായ ഡാറ്റ കവരും.

"സൈബർ കുറ്റവാളികൾ ഗെയിം കളിക്കുന്നവരെ ആക്രമിക്കാനും അവരുടെ ക്രെഡിറ്റ് കാർഡ് ഡാറ്റയും ഗെയിം അക്കൗണ്ടുകളും മോഷ്ടിക്കാനും കൂടുതൽ കൂടുതൽ പുതിയ സ്കീമുകളും ടൂളുകളും സൃഷ്ടിക്കുന്നുണ്ട്. മറിച്ചുവിൽക്കാൻ കഴിയുന്ന ഇൻ-ഗെയിം വസ്തുക്കൾ അടങ്ങുന്നതായിരിക്കും മോഷ്ടിക്കപ്പെടുന്ന ഗെയിം അക്കൗണ്ടുകൾ. ഗെയിമർമാർ വാങ്ങുന്ന വിലകൂടിയ സ്‌കിന്നുകൾ ആയുധങ്ങളും വാഹനങ്ങളുമൊക്കെയാണ് ഉദാഹരണം. -മുതിർന്ന സുരക്ഷാ ഗവേഷകനായ ആന്റൺ വി. ഇവാനോവ് പറഞ്ഞു.

ഇതിനെല്ലാം പുറമേ, ഗവേഷകർ ട്രോജൻ ചാരൻമാരെയും (Trojan Spies) കണ്ടെത്തിയിട്ടുണ്ട്. കീബോർഡിലൂടെ ടൈപ്പ് ചെയ്യുന്ന ഏത് ഡാറ്റയും ട്രാക്കുചെയ്യാനും സ്‌ക്രീൻഷോട്ടുകൾ എടുക്കാനും കഴിവുള്ള സ്പൈവെയറിന്റെ ഒരു വിഭാഗമാണവ.


എങ്ങനെയാണ് മാൽവെയറുകൾ കടന്നുകൂടുന്നത്...?

ഗെയിമർമാരെ മാൽവെയറുകൾ ആക്രമിക്കുന്നത്, പലതരത്തിലാണ്. ഗെയിമുകൾക്കുള്ളിൽ നിന്ന് ഇൻ-ഗെയിം വസ്തുക്കൾ വാങ്ങാൻ കഴിയുന്ന സ്റ്റോറുകളുടെ യൂസർ ഇന്റർഫേസ് അതേപടി കോപ്പിയടിച്ച് സൗജന്യമായി സ്കിന്നുകളും മറ്റ് സാധനങ്ങളും വാഗ്ദാനം ചെയ്യും. അതിൽ പ്രവേശിച്ച് വിവരങ്ങൾ നൽകുന്നതോടെ നമ്മൾ സൈബർ കുറ്റവാളികളുടെ വലയിൽ അകപ്പെടും.

സ്കാമർമാർ ഓഫർ ചെയ്യുന്ന സമ്മാനം ലഭിക്കുന്നതിന്, നിങ്ങൾ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് അക്കൗണ്ടുകളുടെ ലോഗിൻ ഡാറ്റ നൽകേണ്ടതുണ്ട്. ചിലപ്പോൾ ഇ-മെയിൽ വിവരങ്ങളും ചോദിക്കും.

അക്കൗണ്ടുകൾ ഏറ്റെടുത്ത ശേഷം, ആക്രമണകാരികൾ ബാങ്കിങ് വിശദാംശങ്ങൾക്കായി സ്വകാര്യ മെസ്സേജുകൾ തിരയുകയോ അല്ലെങ്കിൽ ഇരയുടെ സുഹൃത്തുക്കളോട് പണത്തിനായി ആവശ്യപ്പെടുകയോ ചെയ്തേക്കാം. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയായവരുടെ എണ്ണം 2021-ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം 13 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ ഗെയിമുകൾ സൗജന്യമായി ലഭിക്കാനായി വിശ്വാസ യോഗ്യമല്ലാത്ത വഴികളെ ആശ്രയിച്ച് ഗെയിമുകൾക്ക് മുടക്കേണ്ടതിന്റെ ഒരുപാട് ഇരട്ടി പണം പോയവർ നിരവധിയാണ്.

എന്താണ് രക്ഷ...!


വിഡിയോ ഗെയിമുകൾക്ക് ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. ഡെവലപ്പർമാർ വർഷങ്ങളോളം പണിയെടുത്ത് വികസിപ്പിക്കുന്ന ഗെയിമിന് അവരുടെ കഷ്ടപ്പാടിന്റെ വില എന്തായാലും നൽകേണ്ടിവരും. എന്നാൽ, ചിലർക്ക് അവ സൗജന്യമായി തന്നെ കളിക്കണം. അതിനായി ഗൂഗിളിലും യൂട്യൂബിലും അവയുടെ ഹാക്ക് ചെയ്ത വേർഷന് വേണ്ടി തിരയും. 

സുരക്ഷാ വലയം പൊട്ടിച്ചുകൊണ്ട് ചില വിരുതൻമാർ ഗെയിമുകളുടെ സൗജന്യ വേർഷൻ സൃഷ്ടിക്കാറുണ്ട്. എന്നാൽ, അവയിൽ ചിലതിനൊപ്പം പാത്തും പതുങ്ങിയും മാൽവെയറുകളുണ്ടാകും. ഔദ്യോഗികമായ വഴികളിലൂടെയല്ലാതെ ഗെയിമുകൾ ഡൗൺലോഡ് ചെയ്യുകയോ, ഗെയിമുമായി ബന്ധപ്പെട്ട മറ്റെന്തിലേക്കും പ്രവേശനം നേടിയാലോ, പണി കിട്ടിയേക്കും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണ് കാസ്‍പെർസ്കി ഗവേഷകർ പറഞ്ഞുവരുന്നത്.       

Tags:    
News Summary - Malware in 28 games like FIFA, PUBG and ROBLOX; exploits 3.8 lakh users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.