'ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂ' ചതിച്ചു; 20 വർഷമായി മുങ്ങി നടന്ന ഇറ്റാലിയൻ ഗ്യാങ്സ്റ്ററിനെ പൊക്കി പൊലീസ്​

ഇറ്റലിയിലെ കുപ്രസിദ്ധ ഗ്യാങ്​സ്റ്ററും പിടികിട്ടാപ്പുള്ളിയുമായ ജിയോഅക്കീനോ ഗാമിനോ സ്​പെയിനിൽ അറസ്റ്റിലായി. 20 വർഷമായി മുങ്ങി നടക്കുകയായിരുന്ന ഗാമിനോയെ കുടുക്കിയതാകട്ടെ ഗൂഗ്​ളിന്‍റെ സ്​ട്രീറ്റ്​ വ്യൂ എന്ന സേവനവും.

ഇറ്റലിയിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘങ്ങളിൽ ഉൾപ്പെട്ട കുറ്റവാളിയും കൊലക്കേസ്​ പ്രതിയുമായ ഗാമിനോ, മാഡ്രിഡിനടുത്തുള്ള ഗാലപാഗർ എന്ന പട്ടണത്തിൽ ​വെച്ചാണ്​ അറസ്റ്റിലായത്​. മാനുവൽ എന്ന്​ പേര്​ മാറ്റിയ​ ഗാമിനോ സ്​പെയിനിൽ വിവാഹം കഴിച്ച്​ പാചകക്കാരനായി ജോലി ചെയ്യുകയും ഒപ്പം സ്വന്തമായി പഴം-പച്ചക്കറി കടയും നടത്തിവരികയായിരുന്നു.

കൊലക്കേസിൽ ജീവപര്യന്തം തടവ്​ ശിക്ഷക്ക്​ ​വിധിക്കപ്പെട്ട ഗാമിനോ 2002ൽ റോമിലെ ജയിൽചാടി രക്ഷപ്പെടുകയായിരുന്നു. "നിങ്ങൾ എന്നെ എങ്ങനെ കണ്ടെത്തി? 10 വർഷമായി ഞാൻ എന്റെ കുടുംബാംഗങ്ങളെ പോലും വിളിച്ചിട്ടില്ല," -പിടിയിലായ ഗാമിനോ തങ്ങളോട്​ പറഞ്ഞതായി പൊലീസ്​ പറയുന്നു.

61 കാരനായ ഗാമിനോയ്‌ക്കായി സിസിലിയൻ പോലീസ് വ്യാപക അന്വേഷണങ്ങളാണ്​ നടത്തിയത്​. 2014-ൽ ഒരു യൂറോപ്യൻ അറസ്റ്റ് വാറണ്ട് തന്നെ പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ സ്‌പെയിനിൽ കണ്ടെത്തുകയും ചെയ്തു, എന്നാൽ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആയിരുന്നു ഗാമിനോയുടെ കൃത്യമായ ലെക്കേഷൻ കണ്ടെത്താൻ സഹായിച്ചത്.

ഗൂഗ്​ൾ സ്​ട്രീറ്റ്​ വ്യൂ എങ്ങനെ സഹായിച്ചു...?

ഗൂഗിൾ മാപ്‌സിലൂടെ ആക്‌സസ് ചെയ്യാവുന്ന നാവിഗേഷൻ ടൂൾ, ഗാലപാഗറിലെ 'മാനുസ് ഗാർഡൻ' എന്ന ഫ്രൂട്ട്​ കടയ്ക്ക് പുറത്ത് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് ആളുകളുടെ ചിത്രം പകർത്തിയിരുന്നു. അതിലൊരാൾക്ക്​ ഗാമിനോയുമായി സാമ്യമുണ്ടെന്ന്​ പൊലീസ്​ മനസിലാക്കി. എന്നാൽ, 'ലാ കൊസീന ഡെ മാനു' (മാനുസ്​ കിച്ചൺ) എന്ന അടുത്തുള്ള ഒരു റെസ്റ്റോറന്റിന്റെ ലിസ്‌റ്റിങ്​ കണ്ടപ്പോൾ മാത്രമാണ്​ അത്​ സ്ഥിരീകരിച്ചത്​.

ഗാമിനോയുടെ കടയും റെസ്റ്റോറന്റും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. മാനുസ്​ കിച്ചൺ എന്ന പേരിലുള്ള ഫേസ്​ബുക്ക്​ പേജിൽ ഷെഫിന്‍റെ വേഷം ധരിച്ചുകൊണ്ടുള്ള സ്വന്തം ചിത്രം ഗാമിനോ പോസ്റ്റ്​ ചെയ്​തിരുന്നു. താടിയുടെ ഇടതുവശത്തെ പാടാണ് അയാളെ തിരിച്ചറിയാൻ സഹായിച്ചത്​. കൂടാതെ റെസ്റ്റോറന്റിന്റെ മെനുവിൽ സീന സിസിലിയാന അല്ലെങ്കിൽ സിസിലിയൻ ഡിന്നർ എന്നൊരു വിഭവം ഉണ്ടായിരുന്നതും പൊലീസിനെ സഹായകരമായി.

ഡിസംബർ 17നാണ്​ ഗാമിനോയെ അറസ്റ്റ് ചെയ്തത്​. എന്നാൽ ലാ റിപ്പബ്ലിക്ക ബുധനാഴ്ച റിപ്പോർട്ട് ചെയ്യുന്നത് വരെ അയാളെ പിടികൂടിയതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിച്ചത്തുവന്നിരുന്നില്ല.

Tags:    
News Summary - Italys most wanted gangsters held after being spotted on Google Street View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.