വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ തയാര്‍. സര്‍ക്കാര്‍ പദ്ധതികള്‍, വാര്‍ത്തകള്‍, പുതുപരിപാടികള്‍ തുടങ്ങി ഇവരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന നൂതന പദ്ധതിയാണ് ഫിഷര്‍ ഫ്രണ്ട് മൊബൈല്‍ ആപ്ളിക്കേഷന്‍ (എഫ്.എഫ്.എം.എ). ചെന്നൈ കേന്ദ്രമായുള്ള എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷന്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണാര്‍ഥമുള്ള ‘ആപ്’ വിതരണം തിങ്കളാഴ്ച വിഴിഞ്ഞത്ത് നടന്നു.

 
മീന്‍ ലഭ്യത കൂടുതലുള്ള ഭാഗങ്ങള്‍, തിരകളുടെ ഉയരം, കാറ്റിന്‍െറ വേഗം, കടല്‍ക്ഷോഭം, കൊടുങ്കാറ്റ്, സൂനാമി എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകള്‍, മഴ, കാലാവസ്ഥാ വിവരങ്ങള്‍, ജി.പി.എസ് മുഖേന കടലിലെ സ്ഥാനം തിരിച്ചറിയല്‍, കടല്‍ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍, സമുദ്രാതിര്‍ത്തി, മുന്നറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങളടങ്ങുന്നതാണ് ആപ്ളിക്കേഷന്‍. സ്മാര്‍ട്ട് ഫോണുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി ആപ്ളിക്കേഷന്‍ നല്‍കുന്നതാണ് പദ്ധതി. ക്വാല്‍കോം, ടാറ്റാ കണ്‍സള്‍ട്ടന്‍സി, അസ്യൂട്ട് പ്രൈവറ്റ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ മനോമോഹന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആര്‍.ഐ വിഴിഞ്ഞം കേന്ദ്രം  മേധാവി  ഡോ എം.കെ. അനില്‍ അധ്യക്ഷത വഹിച്ചു. 


എമിരിറ്റസ് സയന്‍റിസ്റ്റ് ഡോ. ജി. ഗോപകുമാര്‍, അനിര്‍ബാന്‍ മുഖര്‍ജി, ആര്‍. സത്യന്‍, ഡോ.എസ്. വേല്‍വിഴി, കുമാര്‍, ജയിംസ് തദയൂസ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ വിഴിഞ്ഞത്തെ 10 മത്സ്യത്തൊഴിലാളികള്‍ക്കാണ് ആപ് നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ തലസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മുഴുവന്‍ മീന്‍പിടിത്തക്കാര്‍ക്കും ആപ് സൗജന്യമായി നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ ഫോണ്‍: 8593840666, 7558829331.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.