ഐഫോൺ 15 റീലീസ് ഉടൻ; ഇന്ത്യക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്...!

ആപ്പിൾ ഐഫോൺ 15 സീരീസ് അടുത്തയാഴ്ച അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തന്നെ ഐഫോൺ പ്രേമികൾക്കിടയിലെ ആവേശം വാനോളമെത്തിയിട്ടുണ്ട്. അതിനിടയിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. പുതിയ ഐഫോണുകളുടെ ആഗോള ലോഞ്ച് കഴിഞ്ഞാൽ ഉടൻ തന്നെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 15 നമുക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

സെപ്തംബർ 12 ന് നടക്കുന്ന ആഗോള ലോഞ്ചിന് തൊട്ടുപിന്നാലെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 ആപ്പിൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പറയുന്നത്. സെപ്റ്റംബർ പകുതിക്ക് ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ ഇന്ത്യക്കാർക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. അതിനർത്ഥം ആഗോള ലോഞ്ചിനും ഇന്ത്യയിലെ റിലീസും തമ്മിൽ വളരെ കുറച്ച് ദിവസങ്ങളുടെ ഇടവേള മാത്രമേയുണ്ടാകൂ. ഇത് ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രത്യേകിച്ച് ഐഫോൺ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്.

ഫോക്‌സ്‌കോണിന്റെ ചെന്നൈ യൂണിറ്റിലായിരിക്കും ഐഫോൺ 15 നിർമ്മിക്കുക. ആഗോള ലോഞ്ച് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആപ്പിൾ സാധാരണയായി ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കാറുള്ളത്. എന്നാൽ, ഐഫോൺ 14 ലോഞ്ച് ചെയ്ത സമയത്ത് അക്കാര്യത്തിൽ ഏറെ മാറ്റമുണ്ടായി. സെപ്തംബറിൽ ലോഞ്ച് ചെയ്ത് ഒക്ടോബർ മാസം തന്നെ ഐഫോൺ 14 ഇന്ത്യയിൽ നിർമാണമാരംഭിച്ചിരുന്നു.

'മെയ്ഡ് ഇൻ ഇന്ത്യ' ഐഫോൺ 15 തുടക്കത്തിൽ ഇന്ത്യയിലും, ക്രമേണ ആഗോളതലത്തിലും ലഭ്യമാക്കും. ഡിസംബറോടെ അമേരിക്കയിലും യൂറോപ്പിലും എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ രീതിയിലുള്ള വില വർധനയാണ് ഐഫോൺ 15 സീരീസിൽ പ്രതീക്ഷിക്കുന്നത്. കാരണം, വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ഐഫോണുകളെത്തുന്നത്. എന്നാൽ, ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ ഇന്ത്യയിൽ വിൽക്കുമ്പോൾ വില കുറയുമെന്ന് ഐഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തവണ എല്ലാ ഐഫോൺ മോഡലുകളിലും പഴയ നോച്ചിന് പകരം ഡൈനാമിക് ഐലൻഡ് ആപ്പിൾ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. അതുപോലെ, എല്ലാ മോഡലുകളിലും യു.എസ്.ബി-സി പോർട്ടുകളാണ് ചാർജിങ്ങിനും ഡാറ്റാ കൈമാറ്റത്തിനുമായി നൽകിയിരിക്കുന്നത്. കാമറയിലും ചിപ് സെറ്റിലും ഡിസ്‍പ്ലേയിലുമൊക്കെ കാര്യമായ അപ്ഗ്രേഡുകളാണ് ആപ്പിൾ കൊണ്ടുവരാൻ പോകുന്നത്. 

Tags:    
News Summary - iPhone 15 Launch: Positive Developments Await Indian Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.