ലോഹ ഫോണുകളുമായി കരുത്തുകാട്ടാന്‍ സാംസങ്, കൂടെ എ8

ഐഫോണ്‍ പോലെ പൂര്‍ണമായും ലോഹത്തില്‍ തീര്‍ത്ത സ്മാര്‍ട്ട്ഫോണുകളുമായാണ് കമ്പനികള്‍ ഇപ്പോള്‍ വിപണി പിടിക്കാന്‍ ഇറങ്ങുന്നത്. സാംസങ് ആകട്ടെ അടുത്തിടെ ഇറക്കിയ പരമ്പരകള്‍ എല്ലാം ലോഹത്തില്‍ തീര്‍ത്തവയുമാണ്. സാംസങ് ഗാലക്സി ആല്‍ഫയായിരുന്നു ഇതിന് തുടക്കമിട്ടത്. എ3, എ5, എ7, ഇ5, ഇ7, ജെ 1 എല്ലാം ലോഹം പൊതിഞ്ഞവയാണ്. ഇന്ത്യന്‍ വിപണിയില്‍ മുന്‍തൂക്കമുണ്ട് സാംസങ്ങിന്. ഈ വിജയം നിലനിര്‍ത്താന്‍ ഒരുപിടി ഫോണുകളാണ് കമ്പനി ഇറക്കുന്നത്.

ഗാലക്സി നോട്ട് 5, ഗാലക്സി എഡ്ജ് പ്ളസ് എന്നിവ വരുന്നതായ അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടെ സാംസങ് ചൈനയില്‍ ഗാലക്സി എ8 എന്ന സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. പൂര്‍ണമായും ലോഹ ശരീരമുള്ള ഇത് സാംസങ് ഇറക്കിയ സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞതുമാണ്. 5.8 മില്ലീമീറ്റര്‍ ആണ് കനം. ചൈനയില്‍ 3,199 യുവാന്‍ (ഏകദേശം 33,000 രൂപ) വരും വില. ആദ്യഘട്ടത്തില്‍ ചൈന, സിംഗപ്പൂര്‍ വിപണികളിലാണ് ഇറങ്ങുക. മെലിഞ്ഞ ഇ5, മുന്‍നിര ഫോണായ ഗാലക്സി എസ്6 എന്നിവയുമായി രൂപത്തില്‍ സാമ്യം തോന്നും. അല്‍പം വേഗം കുറഞ്ഞ പ്രോസസറും ക്വാഡ് എച്ച്.ഡിക്ക് പകരം ഫുള്‍ എച്ച്.ഡി സ്ക്രീനുമായി എസ് 6മായി പറയത്തക്ക വ്യത്യാസം.  5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്. എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, 16 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, വിരലടയാള സ്കാനര്‍, ഫോര്‍ജി എല്‍ടിഇ, 3050 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 4.75 എം.എം കനമുള്ള വിവോ എക്സ്5 മാക്സ്, 4.85 എം.എം ഉള്ള ഒപ്പോ ആര്‍5, 5.1 എം.എം ഉള്ള ജിയോണി ഇലൈഫ് എസ്5.1 എന്നിവയോടാണ് മത്സരിക്കേണ്ടത്. 

ഗ്യാലക്സി ജെ 5,  ഗ്യാലക്സി ജെ 7 
11, 999 രൂപ വിലയുള്ള ഗ്യാലക്സി ജെ 5,  14, 999 രൂപയുടെ ഗ്യാലക്സി ജെ 7 എന്നീ ജെ പരമ്പരയില്‍പെട്ട രണ്ട് സെല്‍ഫി സ്മാര്‍ട്ട്ഫോണുകള്‍ ഇതിനിടെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. കറുപ്പ്, വെള്ള, ഗോള്‍ഡ് നിറങ്ങളില്‍ ഉള്ള ഇത് ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന. ഇരട്ട സിമ്മുള്ള ഇതില്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപാണ് ഒ.എസ്. കറുപ്പ്, വെള്ള, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. 1280x720  പിക്സല്‍ എച്ച്.ഡി റസലൂഷനുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, 1.5 ജി.ബി റാം,128 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 342 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയമുള്ള 2600 എം.എ.എച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, ബ്ളൂടൂത്ത് 4.1, വൈ ഫൈ, എന്‍എഫ്സി, ജി.പി.എസ്, 149 ഗ്രാം ഭാരം എന്നിവയാണ് ജെ 5ന്‍െറ വിശേഷങ്ങള്‍. ഏറക്കുറെ ഇതേ സവിശേഷതകള്‍ തന്നെയാണ് ജെ 7ലും. ജെ 7നില്‍ കൂടുതലുള്ള സവിശേഷതകള്‍ എച്ച്.ഡി റസലൂഷനിലുള്ള അഞ്ചര ഇഞ്ച് സ്ക്രീന്‍, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ എക്സൈനോസ് 7580 പ്രോസസര്‍, 354 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയുള്ള 3000 എം.എ.എച്ച് ബാറ്ററി, 168 ഗ്രാം ഭാരം എന്നിവയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.