രണ്ട് ഫാബ്ലറ്റും എംഐയുഐ ഏഴുമായി ഷിയോമി

സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഹൃദയംകവര്‍ന്ന ഷിയോമി രണ്ട് ഫാബ്ലറ്റും പുതിയ ഇന്‍റര്‍ഫേസുമായി ചൈനയില്‍ ഇറങ്ങി. റെഡ്മീ നോട്ട് 2, റെഡ്മീ നോട്ട് 2 പ്രൈം എന്നീ ഫാബ്ലറ്റുകളും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് അടിസ്ഥാനമായ MIUI 7 ഓപറേറ്റിങ് സിസ്റ്റവുമാണ് ബീജിങ്ങില്‍ അവതരിപ്പിച്ചത്. റെഡ്മീ നോട്ട് 2 വിന് ഏകദേശം 9,000 രൂപയാണ് വില. റെഡ്മീ നോട്ട് 2 പ്രൈമിന് ഏകദേശം 10,000 രൂപയും നല്‍കണം. ഇത് രണ്ടും ഫോര്‍ജി എല്‍ടിഇ പിന്തുണയുള്ളതാണെങ്കില്‍ ത്രീജി മാത്രമുള്ള നോട്ട് 2വും ഇറക്കിയിട്ടുണ്ട്. ഇതിന് 8,000 രൂപ വില വരും. മൂന്നിലും 1080x1920 പിക്സലുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി സ്ക്രീനാണ്. നോട്ട് 2വില്‍ രണ്ട് ജിഗാഹെര്‍ട്സിന്‍െറ നാലുകോര്‍ വീതമുള്ള എട്ടുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസര്‍, രണ്ട് ജി.ബി റാം എന്നിവയുണ്ട്.

നോട്ട് 2 പ്രൈമില്‍ രണ്ട് ജി.ബി റാം കൂടാതെ 2.2 ജിഗാഹെര്‍ട്സ് നാലുകോര്‍ വീതമുള്ള എട്ടുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസറാണ്. 32 ജി.ബി ആക്കാവുന്ന 16 ജി.ബി, 32 ജി.ബി ഇന്‍േറണല്‍ മെമ്മറികളില്‍ ലഭിക്കും. 3060 എം.എ.എച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, 160 ഗ്രാം ഭാരം എന്നിവയാണ് രണ്ടിന്‍െറയും പൊതുവായ വിശേഷങ്ങള്‍.

റെഡ്മീ നോട്ട് 2വിന്‍െറ ആദ്യ ഫ്ളാഷ് സെയിലില്‍ 12 മണിക്കൂറില്‍ ചൈനയില്‍ മാത്രം വിറ്റത് എട്ടുലക്ഷം ഫോണുകളാണ്. അടുത്ത ഫ്ളാഷ് സെയില്‍ ആഗസ്റ്റ് 24നാണ്. എറിക്സണുമായുള്ള പേറ്റന്‍റ് പ്രശ്നങ്ങള്‍ കാരണമാണ് ഇന്ത്യയിലെ നോട്ട് 2വിന്‍െറ വരവ് താമസിക്കുന്നത്. ഈയാഴ്ച ഇന്ത്യയിലത്തെുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. 

എംഐയുഐ 7 പ്രത്യേകതകള്‍
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കളര്‍ തീമുകളാണ് ഇതിന്‍െറ പ്രധാന പ്രത്യേകത. പേരുകള്‍ എഡിറ്റ് ചെയ്യാനും പ്രൊഫൈല്‍ സൃഷ്ടിക്കാനും  അവസരമൊരുക്കുന്നു. 2010 ആഗസ്റ്റ് 16നാണ് MIUI ആദ്യമായി പുറത്തിറങ്ങുന്നത്. അന്ന് വെറും 100 ഉപയോക്താക്കളാണുണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഏഴാം പതിപ്പ് എത്തുമ്പോള്‍ 150 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. 
പുതിയ ഡിഫോള്‍ട്ട് തീമുകള്‍ കൂടാതെ ദിവസവും പുരസ്കാരം നേടിയ ഫോട്ടോഗ്രാഫുകള്‍ മാറിവരുന്ന ലോക്ക്സ്ക്രീനുമുണ്ട്. ലൈവ് സ്കോറുകള്‍, മാച്ച് സ്കോറുകള്‍ എന്നിവയും തീമുകളാക്കാം. ഹിന്ദിയടക്കം കൂടുതല്‍ ഫോണ്ടുകളെ പിന്തുണക്കുകയും ഉയര്‍ന്ന റസലൂഷനുള്ള സ്ക്രീനുകളിലും അക്ഷരങ്ങള്‍ പൊട്ടാതെ ഡിസ്പ്ളേ ചെയ്യുകയും ചെയ്യും.  പത്ത് ഇന്ത്യന്‍ ഭാഷകളെ പിന്തുണക്കും. ആറാം പതിപ്പിനേക്കാള്‍ 10 ശതമാനം കുറവ് ബാറ്ററി മാത്രമേ ഉപയോഗിക്കു. ആപ്പുകള്‍ മുമ്പത്തേക്കാള്‍ 30 ശതമാനം വേഗത്തില്‍ തുറക്കുകയും ചെയ്യും. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഏത് ആപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 50 ശതമാനം ഡാറ്റ ഉപയോഗം കുറക്കുന്ന ഓപറ മാക്സ് എന്ന പുതിയ ബ്രൗസറും ഇതിനോടൊപ്പമുണ്ട്. എം.ഐ ബാന്‍ഡ് എന്ന കൈയിലണിയുന്ന സ്മാര്‍ട്ട്ബാന്‍ഡുമായി ചേര്‍ന്ന് നിങ്ങള്‍ ഉറങ്ങുമ്പോള്‍ ‘ ഡു നോട്ട് ഡിസ്റ്റര്‍ബ് (DND) തനിയെ പ്രവര്‍ത്തനക്ഷമമാക്കുകയും ഉണരുമ്പോള്‍ ഓഫാക്കുകയും ചെയ്യും. മറ്റ് ഷിയോമി ഉപയോക്താക്കളെ വിളിക്കുമ്പോള്‍ അഞ്ച് സെക്കന്‍ഡുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്ത് കോണ്ടാക്ട് ഫോട്ടോക്ക് പകരം കോളര്‍ ഐഡിയായി ഉപയോഗിക്കാം. ഇതിന് ഷോംടൈം എന്നാണ് പേര്. മ്യൂസിക്കല്‍ പാറ്റേണ്‍ വഴി ഒരു ട്യൂണ്‍ പാസ്വേഡായി സെറ്റ് ചെയ്ത് പിന്നീട് പ്ളേ ചെയ്താല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. കുഞ്ഞുങ്ങളുടേതടക്കം മുഖം തിരിച്ചറിയുകയും സൈ്ളഡ്ഷോ ഉണ്ടാക്കുകയും ചെയ്യുന്ന ഗാലറിയായ ‘ബേബി ആല്‍ബം’വും ഇതിലുണ്ട്. ഇതും ലോക്ക് സ്ക്രീനില്‍ സെറ്റ് ചെയ്യാം. കൂടാതെ കുട്ടികളുടെ കൈയില്‍ ഫോണ്‍ കൊടുക്കുമ്പോള്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ചൈല്‍ഡ്ലോക്കും ഇടാം. അനാവശ്യമായ കൂട്ട എസ്.എം.എസുകള്‍ തടയുന്ന സ്മാര്‍ട്ട് എസ്.എം.എസ് ഫില്‍ട്ടറുണ്ട്. ആഗസ്റ്റ് 24 മുതല്‍ നിലവിലുള്ള ഷിയോമി ഫോണുകളില്‍ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.