C. Venkatachalapathy/The Hindu

വിജയ് പിടിക്കുന്ന വോട്ട് ആരെ തുണക്കും? തമിഴകത്ത് ചതുഷ്കോണ മത്സരം

വോട്ടെടുപ്പിനും ഇളവേനൽക്കാലത്തിനും ഏകദേശം ഒരു മാസം ഇനിയുമുണ്ടെങ്കിലും തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കത്തിയാളിത്തുടങ്ങി. ഏപ്രിൽ 23ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചതുഷ്കോണ മൽസരം ഉറപ്പായി. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ്.പി.എ), ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ), നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ), സീമാന്റെ നാം തമിഴർ കക്ഷി (എൻ.ടി.കെ) എന്നിവരാണ് കളത്തിലുള്ളത്. ഡി.എം.കെ സഖ്യവും ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവും. 234 നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് ആവശ്യമായിരിക്കെ, രണ്ട് മുന്നണികൾക്ക് നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കും.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ആരവം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം മൂന്നു തവണ തമിഴകത്തെത്തി. അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും തമിഴകത്ത് തമ്പടിക്കുന്നുണ്ട്. സംസ്ഥാന-ദേശീയ തലത്തിൽ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്ന ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽനിന്ന് തൂത്തെറിയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം കരുക്കൾ നീക്കുന്നത്. തമിഴക രാഷ്ട്രീയത്തിൽ പുതുവരവായ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ (ടി.വി.കെ) എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെട്ടു. ആദ്യമായാണ് ടി.വി.കെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയ്‌യുടെ പരിപാടികളിൽ ആരാധകരായ സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടുന്ന വൻ ജനക്കൂട്ടമാണ് എത്തുന്നത്.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വിജയും എൻ.ഡി.എയും ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് സ്റ്റാലിൻ പുതിയ കക്ഷികളെ ഉൾപ്പെടുത്തി ഡി.എം.കെ സഖ്യത്തെ വിപുലീകരിക്കുകയായിരുന്നു. കോൺഗ്രസ്, തോൽ തിരുമാവളവന്റെ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ), സി.പി.ഐ, സി.പി.എം, വൈകോയുടെ എം.ഡി.എം.കെ, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, മുസ്‍ലിം ലീഗ്, മുസ്‍ലിം മുന്നേറ്റക്കഴകത്തിന്റെ രാഷ്ട്രീയ വിഭാഗമായ മനിതനേയ മക്കൾ കക്ഷി ഉൾപ്പെടെ 23 രാഷ്ട്രീയ പാർട്ടികളാണ് ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്നത്. എസ്.ഡി.പി.ഐ, പ്രേമലത വിജയകാന്തിന്റെ ഡി.എം.ഡി.കെ, കമൽഹാസന്റെ മക്കൾ നീതി മയ്യം, തമീമുൻ അൻസാരിയുടെ മനിതനേയ ജനനായക പേരവൈ, തനിയരശുവിന്റെ കൊങ്കു ഇളൈഞ്ജർ പേരവൈ, ഒ.പി.എസ് വിഭാഗം എന്നീ പാർട്ടികളും പുതുതായി ഡി.എം.കെ സഖ്യത്തിൽ ചേർന്നു. ഇതിനു പുറമെ മറ്റു നിരവധി സംഘടനകളും ഡി.എം.കെയെ പിന്തുണക്കുന്നു. കോൺഗ്രസ് - 28, വി.സി.കെ - 8, സി.പി.ഐ - 5, സി.പി.എം - 5, എം.ഡി.എം.കെ - 4, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, മുസ്‍ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, മക്കൾ നീതി മയ്യം എന്നിവക്ക് രണ്ട് വീതം എന്നിങ്ങനെയാണ് സീറ്റ് അനുവദിച്ചത്.

ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കേരളത്തിലെ വാശിപ്പോരിന് നേർവിപരീതമായി കോൺഗ്രസ് - മുസ്‍ലിം ലീഗ്, സി.പി.ഐ - സി.പി.എം പാർട്ടികൾ കൈകോർത്താണ് ഇവിടെ മത്സരിക്കുന്നത്. ഇടതുസ്ഥാനാർഥികളുടെ ജാഥകളിൽ മുസ്‍ലിം ലീഗിന്റെ പച്ചക്കൊടിയും വേദികളിൽ ലീഗ് നേതാക്കളും ഒഴിച്ചുനിർത്താനാവാത്ത കാഴ്ച. അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായി നിലപാട് സ്വീകരിക്കാൻ കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്നാണ് ഇടതുകക്ഷികൾ വിശദീകരിക്കുന്നത്. തമിഴ്നാട്ടിൽ വർഗീയ കക്ഷികൾ വിദ്വേഷം വളർത്തി മുതലെടുപ്പിന് ശ്രമിച്ച സന്ദർഭങ്ങളിലെല്ലാം അതിനെ ചെറുക്കാൻ ഇടതു പാർട്ടികളുടെയും മുസ്‍ലിം ലീഗിന്റെയും നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതും പതിവാണ്.

അതേസമയം, എൻ.ഡി.എയിൽ അണ്ണാ ഡി.എം.കെ, ബി.ജെ.പി, പാട്ടാളി മക്കൾ കക്ഷി, തമിഴ് മാനില കോൺഗ്രസ്, അമ്മ മക്കൾ മുന്നേറ്റ കഴകം, ഇന്ത്യ ജനനായക കക്ഷി, പുരച്ചി ഭാരതം കക്ഷി തുടങ്ങിയവയാണ് അണിനിരക്കുന്നത്. എ.സി. ഷൺമുഖം, പാരിവേന്ദർ, ജോൺ പാണ്ഡ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചെറു സംഘടനകളും എൻ.ഡി.എയെ പിന്തുണക്കുന്നു. ബി.ജെ.പി - 27, പാട്ടാളി മക്കൾ കക്ഷി (അൻപുമണി വിഭാഗം) - 18, അമ്മ മക്കൾ മുന്നേറ്റ കഴകം - 11 സീറ്റുകളിൽ മൽസരിക്കും.

സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി ഇത്തവണയും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 234 സീറ്റുകളിലേക്കും ഇവർ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിക്കഴിഞ്ഞു. 50 ശതമാനം സീറ്റുകളിലും ഇവർ വനിതാ സ്ഥാനാർഥികളെയാണ് മൽസരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‌യുടെ ടി.വി.കെയും എല്ലാ സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ നിർത്തും.

പ്രബല സമുദായമായ വണ്ണിയർ ജാതിയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) നിലവിൽ പിതാവ് ഡോ. രാമദാസും മകൻ അൻപുമണിയും നേതൃത്വം നൽകുന്ന രണ്ടു വിഭാഗങ്ങളായി പിളർന്ന നിലയിലാണ്. ഇതിൽ അൻപുമണി വിഭാഗം എൻ.ഡി.എയിൽ ചേർന്നു. രാമദാസ് വിഭാഗം വി.കെ. ശശികല രൂപീകരിച്ച പുതിയ പാർട്ടിയുമായി ചേർന്ന് ചിലയിടങ്ങളിൽ മൽസരിക്കും. പി.എം.കെയുടെ ‘മാമ്പഴ’ ചിഹ്നവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതിയിലാണ്.

അരനൂറ്റാണ്ടുകാലം ദ്രാവിഡ കക്ഷികളാണ് ഭരണം നടത്തുന്നതെങ്കിലും തമിഴകത്തിലെ തെരഞ്ഞെടുപ്പുകൾ ഇന്നും ജാതിവിമുക്തമല്ല. നാടാർ, വണ്ണിയർ, തേവർ, കൗണ്ടർ തുടങ്ങിയ സമുദായങ്ങളാണ് പ്രബലം. തെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുള്ള തേവർ സമുദായ വോട്ടുകൾ നിർണായകമാണ്. കൊങ്കു മേഖലയിലെ കൗണ്ടർ സമുദായത്തിൽ ഡി.എം.കെക്കും അണ്ണാ ഡി.എം.കെക്കും തുല്യ സ്വാധീനമാണുള്ളത്.

മുസ്‍ലിം ലീഗ്, മനിതനേയ മക്കൾ കക്ഷി, എസ്.ഡി.പി.ഐ, മനിതനേയ ജനനായക പേരവൈ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന മുസ്‍ലിം രാഷ്ട്രീയ പാർട്ടികളെല്ലാം ഡി.എം.കെ കുടക്കീഴിൽ അണിനിരന്നതോടെ സംസ്ഥാനത്തെ മുസ്‍ലിം വോട്ടുകൾ പൂർണമായും അനുകൂലമാവുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കണക്കുകൂട്ടൽ. ഭരണ വിരുദ്ധ വോട്ടുകൾ മറ്റു മൂന്ന് മുന്നണികളിലായി ചിന്നിച്ചിതറുമെന്നത് സ്റ്റാലിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നാലും അണ്ണാ ഡി.എം.കെ ഒറ്റക്ക് ഭരിക്കുമെന്നാണ് എടപ്പാടി പളനിസാമി ആവർത്തിച്ച് പറയുന്നതെങ്കിലും, കൂട്ടുകക്ഷി ഭരണമായിരിക്കും ഉണ്ടാവുകയെന്ന് ബി.ജെ.പി പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഭിന്നത ബി.ജെ.പി - അണ്ണാ ഡി.എം.കെ കക്ഷികൾക്കിടയിൽ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്. ‘തിരുപ്പറകുൺറം ദീപം തെളിയിക്കൽ വിവാദം’ പോലുള്ള വിഷയങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ചക്ക് കാരണമാവുമെന്ന് അണ്ണാ ഡി.എം.കെക്ക് ആശങ്കയുണ്ട്. എന്നാൽ 1977ൽ എം.ജി.ആർ അധികാരത്തിലേറിയത് പോലെ ഈ തെരഞ്ഞെടുപ്പിൽ ടി.വി.കെ വിസ്മയം തീർക്കുമെന്നാണ് വിജയ് ആരാധകരുടെ വിശ്വാസം. വിജയ് പിടിക്കുന്ന വോട്ട് ആരെത്തുണക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇക്കുറി കാര്യമായി ഉറ്റുനോക്കുന്നത്.

Tags:    
News Summary - Who will the votes Vijay gets help with? A four-cornered contest in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.