അമരക്കാരായി അമേരിക്ക; ഇഞ്ചോടിഞ്ചിൽ ചൈനയെ പിന്തള്ളി യു.എസ് ടോക്യോ ഒളിമ്പിക്സ് ജേതാക്കൾ
ബെയ്ജിങ്: റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും തുടർന്ന് അമേരിക്ക. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ് യു.എസ് ഇത്തവണയും ഒന്നാമെതത്തിയത്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്കറ്റ്ബാളിലും വോളിബാളിലുമുൾപെടെ യു.എസ് മൂന്ന് സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ് അമേരിക്കയെ ഒന്നാമതെത്തിച്ചത്.
യു.എസിന് 39ഉം ചൈനക്ക് 38ഉമാണ് സ്വർണ നേട്ടം. 41 വെള്ളിയും 33 വെങ്കലവുമായി 112 യു.എസ് മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുൾപെടെ 88 ആണ്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് മൊത്തം എണ്ണത്തിൽ മൂന്നാമത്- 70 മെഡലുകൾ.
1980കളിൽ കൗമാരക്കാരെ കണ്ടെത്തി ഒളിമ്പിക്സിൽ മികവു തെളിയിക്കാൻ ചൈന കച്ചകെട്ടിയിറങ്ങിയതോടെയാണ് ഒളിമ്പിക്സിൽ അങ്കം കൊഴുത്തുതുടങ്ങിയത്. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ചൈന ഒന്നാമതെത്തുകയും ചെയ്തു. ലണ്ടനിൽ ചൈന രണ്ടാമതുമായി.
ഇന്ത്യക്കും ചരിത്രം പിറന്ന ഒളിമ്പിക് മാമാങ്കമാണ് ടോകിയോ. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.