കോഴിക്കോട്: പുരുഷ-വനിത വിഭാഗങ്ങളിൽ ഹരിയാനയെ കീഴടക്കിയ കേരളം ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ സെമി ഫൈനലിലേക്ക് കുതിച്ചു. പുരുഷന്മാരിൽ കഷ്ടിച്ച് രക്ഷപ്പെട്ട ആതിഥേയർ 30-32, 25-21, 25-18, 25-22 എന്ന സ്കോറിനാണ് ക്വാർട്ടർ കടന്നത്. വനിതകൾ 25-16, 25-13, 25-14നുമാണ് ഹരിയാനയെ മറികടന്നത്. പുരുഷവിഭാഗത്തിൽ ആന്ധ്രപ്രദേശിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപിച്ച തമിഴ്നാടാണ് സെമിയിലെ എതിരാളി. സ്കോർ: 29-27, 22-25, 25-20, 23-25, 19-17. പഞ്ചാബിെൻറ കടുത്ത വെല്ലുവിളി അതിജീവിച്ച് സർവിസസും (25-22, 25-21, 23-25, 22-25, 15-13), കർണാടകയെ വീഴ്ത്തി റെയിൽവേയും (25^17, 25^23, 25^18) സെമിയിൽ കടന്നു. വനിതകളിൽ കർണാടകയെ തകർത്ത് നിലവിലെ ജേതാക്കളായ റെയിൽവേയും അവസാന നാലിലെത്തി (25-13, 25-14, 25-16). തമിഴ്നാട്^തെലങ്കാനയെയാണ് തോൽപിച്ചത്.
വിയർത്ത് പുരുഷന്മാർ
കാണികളുടെ ചങ്കിൽ കുത്തുന്ന പ്രകടനമായിരുന്നു ആദ്യ സെറ്റിൽ കേരളത്തിനെതിരെ ഹരിയാന പുറത്തെടുത്തത്. ആതിഥേയ നായകൻ ജെറോം വിനീതിെൻറയടക്കം സ്മാഷുകൾ ഹരിയാനക്കാർ പിടിച്ചിട്ടു. സോഹൻ കുമാറും സെറ്റർ കൂടിയായ ശുഭം സെയ്നിയും പ്രതിരോധ കോട്ട കെട്ടി. കേരളനിരയിൽ അജിത്ത് ലാൽ തൊട്ടതെല്ലാം പൊന്നാക്കിയെങ്കിലും മറ്റ് താരങ്ങൾ നിറം മങ്ങി. ക്യാപ്റ്റനും മുൻ ഇന്ത്യൻ താരവുമായ സുബെ സിങ്ങിെൻറ തന്ത്രങ്ങളും കേരളത്തിന് വിനയായി. തുടക്കംമുതൽ ലീഡ് നേടിയ ഹരിയാനയുടെ ശുഭം ചൗധരിയുടെ ഒാൾറൗണ്ട് പ്രകടനവും ശ്രദ്ധേയമായി. 7-7 മുതൽ ഒപ്പത്തിനൊപ്പം കുതിച്ച പോരാട്ടം 32- 30ന് ഹരിയാനയുടെ കീശയിലായതോടെ കാണികൾ നിരാശരായി.
രണ്ടാം സെറ്റിലും താളം കണ്ടെടുത്തില്ലെങ്കിലും ജയം ആതിഥേയർക്കൊപ്പമെത്തി. അജിത്ത് ലാൽ തന്നെയായിരുന്നു രണ്ടാം സെറ്റിലും ഹീറോ. സെൻറർ ബ്ലോക്കർ ജി.എസ്. അഖിനും ജെറോമും പിന്നീട് പതിയെ ഫോമിലേക്ക് തിരിച്ചെത്തിയതോടെ കെ. അബ്ദുൽ നാസറിെൻറ ശിഷ്യർ പിന്നീടുള്ള സെറ്റുകളിൽ തട്ടിമുട്ടി വിജയതീരമണിഞ്ഞു. ഒപ്പം ദേശീയ ചാമ്പ്യൻഷിപ്പിൽ മറ്റൊരു സെമി പ്രവേശനം കൂടി സാധ്യമായി.
അനായാസം പെൺപട
ദുർബലരായ ഹരിയാനയെ എളുപ്പം കീഴടക്കിയായിരുന്നു കേരള വനിതകളുടെ കുതിപ്പ്. സെമി ഫൈനലിന് മുമ്പുള്ള പരിശീലന മത്സരത്തിന് തുല്യമായിരുന്നതിനാൽ ബെഞ്ചിലുള്ള താരങ്ങൾക്കും കോച്ച് സണ്ണി ജോസഫ് ഇടക്കിടെ അവസരം നൽകി. സെൻറർ ബ്ലോക്കർ എസ്. സൂര്യയാണ് കേരളത്തിെൻറ വിജയത്തിൽ നിർണായകമായത്. അഞ്ജു ബാലകൃഷ്ണനും ക്യാപ്റ്റൻ അഞ്ജു മോളും എസ്. രേഖയും സെറ്റർ കെ.എസ്. ജിനിയും കേരളത്തിെൻറ ക്വാർട്ടറിലെ വിജയം എളുപ്പമാക്കി. ക്യാപ്റ്റൻ സോനം കുമാരിയായിരുന്നു ഹരിയാന കോർട്ടിൽ നിറഞ്ഞുനിന്നത്. വനിതകളിലെ നിലവിലെ ജേതാക്കളായ റെയിൽവേക്കും കാര്യങ്ങൾ എളുപ്പമായിരുന്നു. മലയാളി താരങ്ങളായ മിനിമോൾ അബ്രഹാമും എം.എസ്. പൂർണിമയും ദേവിക ദേവരാജനും സീനിയർ താരം പ്രിയങ്ക ബോറയും കർണാടകക്ക് ഭീഷണിയായി. പുരുഷന്മാരുടെ ആദ്യ ക്വാർട്ടറിൽ തമിഴ്നാടിനെ അയൽക്കാരായ ആന്ധ്രപ്രദേശ് വെള്ളം കുടിപ്പിച്ചാണ് കീഴടങ്ങിയത്. പഞ്ചാബിനെതിരെ സർവിസസ് ഭടന്മാർ ആദ്യ രണ്ട് സെറ്റിൽ കളിയുടെ എല്ലാ മേഖലയിലും കരുത്തുകാട്ടി. പങ്കജ് ശർമയും ഇടൈങ്കയൻ അറ്റാക്കർ നവീൻകുമാറും കിരൺ രാജുമായിരുന്നു പട്ടാളക്കാരുടെ പട നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.