പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തിരിച്ചടി. പരാജയമറിയാതെ കുതിക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ 2-0ത്തിന് ടോട്ടന്‍ഹാം ഹോട്സ്പര്‍ വീഴ്ത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-1ന് സ്റ്റോക് സിറ്റി സമനിലയില്‍ തളച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ സതാംപ്ടണ്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ചെല്‍സി 2-0ത്തിന് ഹള്‍ സിറ്റിയെ തോല്‍പിച്ചപ്പോള്‍ നാലു മത്സരങ്ങള്‍ സമനിലയിലായി. എവര്‍ട്ടണ്‍-ക്രിസ്റ്റല്‍ പാലസ്, സണ്ടര്‍ലന്‍ഡ്-വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയന്‍, വെസ്റ്റ്ഹാം യുനൈറ്റഡ്-മിഡില്‍സ്ബ്രോ കളികള്‍ 1-1നും വാറ്റ്ഫോഡ്-ബേണ്‍മൗത്ത് മത്സരം 2-2നുമാണ് തുല്യതയില്‍ പിരിഞ്ഞത്.
പെപ് ഗ്വാര്‍ഡിയോള ചുമതലയേറ്റശേഷം തോല്‍വിയറിയാതെ മുന്നേറുകയായിരുന്ന സിറ്റിയെ സ്വന്തം തട്ടകമായ വൈറ്റ്ഹാര്‍ട്ട്ലൈനില്‍ നിഷ്പ്രഭമാക്കിയായിരുന്നു ടോട്ടന്‍ഹാമിന്‍െറ വിജയം. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഒമ്പതാം മിനിറ്റില്‍ സിറ്റി ഡിഫന്‍ഡര്‍ അലക്സാണ്ടര്‍ കോളറോവിന്‍െറ സെല്‍ഫ് ഗോളില്‍ മുന്നില്‍ കടന്ന ടോട്ടന്‍ഹാം 37ാം മിനിറ്റില്‍ ദെല്ളെ അലിയുടെ ഗോളില്‍ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാമിന് ലഭിച്ച പെനാല്‍റ്റി എറിക് ലമേല പാഴാക്കിയെങ്കിലും സിറ്റിക്ക് തിരിച്ചുവരാനായില്ല.
കളി തീരാന്‍ എട്ടു മിനിറ്റ് ശേഷിക്കെ മുന്‍ ലിവര്‍പൂള്‍ താരം ജോ അലന്‍ നേടിയ ഗോളാണ് യുനൈറ്റഡിനെതിരെ സ്റ്റോക് സിറ്റിക്ക് സമനില സമ്മാനിച്ചത്. മത്സരത്തിലുടനീളം മേധാവിത്വം നിലനിര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ അത് ഗോളാക്കിമാറ്റുന്നതില്‍ യുനൈറ്റഡ് വിജയിച്ചില്ല. ഒടുവില്‍ പകരക്കാരനായി കളത്തിലത്തെിയ ആന്‍റണി മാര്‍ഷ്യലാണ് 69ാം മിനിറ്റില്‍ മനോഹര ഗോളിലൂടെ ടീമിനെ മുന്നിലത്തെിച്ചത്. എതിര്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി കിട്ടിയ പന്ത് ബോക്സിന്‍െറ ഇടതുമൂലയില്‍നിന്നുള്ള ഷോട്ടിലുടെ ഫ്രഞ്ച് താരം വലയിലത്തെിക്കുകയായിരുന്നു. തുടര്‍ന്നും കളി നിയന്ത്രിച്ചത് യുനൈറ്റഡായിരുന്നെങ്കിലും 82ാം മിനിറ്റില്‍ ഗോളി ഡേവിഡ് ഡിഹെയയുടെ പിഴവില്‍ അലന്‍ സമനില ഗോള്‍ കണ്ടത്തെുകയായിരുന്നു.
ഹള്‍ സിറ്റിയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ആറു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ കണ്ടത്തെിയാണ് ചെല്‍സി ജയിച്ചുകയറിയത്. വില്യനും ഡീഗോ കോസ്റ്റയുമായിരുന്നു സ്കോറര്‍മാര്‍.
വാറ്റ്ഫോഡിനെതിരെ 31ാം മിനിറ്റില്‍ കല്ലം വില്‍സണിലൂടെ ബേണ്‍മൗത്ത് ആണ് ലീഡെടുത്തത്. 50ാം മിനിറ്റില്‍ ട്രോയ് ഡീനിയുടെ ഗോളില്‍ വാറ്റ്ഫോഡ് തിരിച്ചടിച്ചെങ്കിലും ഏഴു മിനിറ്റിനകം ജോഷ്വ കിങ്ങിലൂടെ ലീഡ് തിരിച്ചുപിടിച്ചു.
എന്നാല്‍, അതിന് മൂന്നു മിനിറ്റിന്‍െറ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഐസക് സക്സസിന്‍െറ ഗോളില്‍ വാറ്റ്ഫോഡ് ഒരിക്കല്‍ക്കൂടി സമനില പിടിച്ച് പോയന്‍റ് പങ്കിട്ടു.
ബെല്‍ജിയന്‍ താരങ്ങളായ റൊമേലു ലുകാകുവും ക്രിസ്റ്റ്യന്‍ ബെന്‍റകെയുമാണ് എവര്‍ട്ടണ്‍-ക്രിസ്റ്റല്‍ പാലസ് മത്സരത്തില്‍ ഗോളുകള്‍ നേടിയത്. 35ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ലുകാകുവിന്‍െറ ഗോളില്‍ ലീഡെടുത്തുവെങ്കിലും 50ാം മിനിറ്റില്‍ ബെന്‍റകെ പാലസിനെ ഒപ്പമത്തെിക്കുകയായിരുന്നു. നാസര്‍ ചാഡ്ലിയുടെ ഗോളില്‍ 35ാം മിനിറ്റില്‍ മുന്നില്‍ കയറിയ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനെതിരെ 83ാം മിനിറ്റില്‍ പാട്രിക് വാന്‍ഹോള്‍ട്ടിന്‍െറ ഗോളിലാണ് സണ്ടര്‍ലന്‍ഡ് സമനില പിടിച്ചത്. വെസ്റ്റ്ഹാം-മിഡില്‍സ്ബ്രോ മത്സരത്തില്‍ രണ്ടു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 51ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനി മിഡില്‍സ്ബ്രോയെ മുന്നിലത്തെിച്ചപ്പോള്‍ ദിമിത്രി പായറ്റാണ് 57ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്‍െറ സമനില ഗോള്‍ നേടിയത്.
തോറ്റെങ്കിലും ഏഴു കളികളില്‍ 18 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ് മുന്നില്‍. 17 പോയന്‍റുള്ള ടോട്ടന്‍ഹാം രണ്ടാമതും 16 പോയന്‍റുള്ള ലിവര്‍പൂള്‍ മൂന്നാമതുമാണ്. 14 പോയന്‍റുമായി എവര്‍ട്ടണാണ് നാലാമത്. 13 പോയന്‍റ് വീതമുള്ള യുനൈറ്റഡും ചെല്‍സിയും ആറു കളികളില്‍ അത്രയും പോയന്‍റുള്ള ആഴ്സനലും ഒപ്പത്തിനൊപ്പമാണ്. ഗോള്‍ശരാശരിയിലെ മുന്‍തൂക്കത്തില്‍ ആഴ്സനല്‍ അഞ്ചാമതും യുനൈറ്റഡ് ആറാമതും ചെല്‍സി ഏഴാമതുമാണ്.
Tags:    
News Summary - premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.