കൊച്ചി: ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ മൂന്നുമാസത്തെ അവിസ്മരണീയ ഫുട്ബാള്‍ വിരുന്നൊരുക്കിയ ശേഷം കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ഇംഗ്ളണ്ടിലേക്ക് വിമാനംകയറി. കിരീടം നഷ്ടമായെങ്കിലും ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍ കോച്ചായിമാറിയ കോപ്പല്‍ ഫൈനലിലെ തോല്‍വിയില്‍ ആരാധകരോട് ക്ഷമ ചോദിച്ചാണ് മടങ്ങുന്നത്
തന്‍െറ ഭാവിയെയും ബ്ളാസ്റ്റേഴ്സിനെയും ഫൈനല്‍ തോല്‍വിയെയും കുറിച്ച് മത്സരശേഷം കോപ്പല്‍ ഏറെ നേരം സംസാരിച്ചു. ‘ഫൈനലിനുള്ള തയാറെടുപ്പുകള്‍ പാളി. ഒരാഴ്ചക്കുള്ളില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങളാണ് കളിക്കേണ്ടിവന്നത്. ഡല്‍ഹിയില്‍നിന്ന് ടീമിന്‍െറ യാത്ര വലച്ചു. ഹോസുവിന്‍െറ സസ്പെന്‍ഷനും ആരോണ്‍ ഹ്യൂസിന്‍െറ പരിക്കും തിരിച്ചടിയായി. കേരളത്തിലെ ആരാധകര്‍ മറക്കാനാകാത്ത അനുഭവമാണ് നല്‍കിയത്. അവര്‍ക്കുവേണ്ടി കിരീടം നേടാനാകാതെ പോയതില്‍ ഖേദമുണ്ട്. ഈ ആരാധകര്‍ക്ക് മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഇത്രയും നല്‍കിയാല്‍ പോര. മികച്ച താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്തണം. വരും സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുമെന്ന് മാനേജ്മെന്‍റ് ഉറപ്പു നല്‍കിയിട്ടുണ്ട്. അടുത്ത സീസണില്‍ കിരീടം നേടുമെന്ന ഉറപ്പല്ല ഇത്. ഞാന്‍ ടീമിനൊപ്പമുണ്ടാകുമോ എന്ന് ഉറപ്പു പറയാനായിട്ടില്ല. മാനേജ്മെന്‍റിന്‍െറ തീരുമാനമനുസരിച്ചായിരിക്കും എന്‍െറ തീരുമാനങ്ങള്‍. ഇപ്പോള്‍ നാട്ടില്‍ പോകണം.
പ്രായമായ അമ്മയെ കാണണം. കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കണം. അടുത്ത സീസണിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. കൊല്‍ക്കത്ത മികച്ച ടീമായിരുന്നു. രണ്ടാം പാദ സെമിയില്‍ ഒമ്പത് മാറ്റങ്ങളോടെയാണ് അവര്‍ കളിച്ചത്. എന്നാല്‍, ബ്ളാസ്റ്റേഴ്സില്‍ ഒരുമാറ്റം പോലും ടീം ഘടനയെ ബാധിക്കുന്നതായിരുന്നു. കേരളം ഫുട്ബാളിന്‍െറ പറുദീസയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഫുട്ബാള്‍ കളിക്കുന്നവരെ കാണാം. നിരവധി കുട്ടികള്‍ ഈ രംഗത്തേക്കു വരുന്നുണ്ട്. ആരാണ് കേരളത്തിലെ ഫുട്ബാളിന്‍െറ ഉത്തരവാദികള്‍ എന്നെനിക്കറിയില്ല. എന്തായാലും കുട്ടികള്‍ക്ക് നല്ല സൗകര്യം ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.