ചാമ്പ്യൻസ്​ ലീഗ്​: ബയേൺ മ്യുണികിന്​ റയൽ മഡ്രിഡ്​ വെല്ലുവിളി

മ്യൂണിക്: ഇൗ നോക്കൗട്ട് ഫിക്സ്ചർ നറുക്കെടുപ്പിൽ വല്ല ഗൂഢാലോചനയുമുണ്ടോ? ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചതും ഹീറ്ററിൽ ചൂടാക്കിയതുമായ പന്തുകൾ നറുക്ക് പാത്രത്തിൽ വെച്ച് സംഘാടകരുടെ ഇഷ്ടത്തിനനുസരിച്ച് മത്സര ഫിക്സ്ചർ ക്രമീകരിക്കുന്ന ‘ചതി’. യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ ഇത് പതിവാണെന്ന് കഴിഞ്ഞ ജൂണിൽ മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്ററാണ് വെളിപ്പെടുത്തിയത്. ഫുട്ബാളിലെ എല്ലാ അന്തർനാടകങ്ങളുമറിയുന്ന ബ്ലാറ്ററിെൻറ വാക്കുകളെ അവിശ്വസിക്കേണ്ടതില്ലെന്നാണ് ഇന്ന് ആരാധകരുടെ പക്ഷം. വലിയ പോരാട്ടങ്ങൾക്ക് ആവേശം പകരാൻ വലിയ മത്സരങ്ങൾ ഒരുക്കുക. അങ്ങനെയൊരു ഗൂഢാലോചനയാണ് യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ആവർത്തിക്കുന്ന റയൽ മഡ്രിഡ്-ബയേൺ മ്യൂണിക് മത്സരമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ലോകഫുട്ബാളിൽ പ്രതിഭയും മിടുക്കും ഗ്ലാമറുംകൊണ്ട് ഒന്നും രണ്ടും സ്ഥാനത്തുള്ള രണ്ടു ക്ലബുകൾ പതിവായി ഏറ്റുമുട്ടുന്നതിലെ നിരാശയല്ല ആരാധകർക്ക്. അവരിലൊരാൾ നേരത്തേതന്നെ പുറത്താവുമല്ലോയെന്ന സങ്കടമാണ് ഇൗ ചോദ്യങ്ങളിലേക്ക് കാര്യമെത്തിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണും റയൽ മഡ്രിഡും ഏറ്റുമുട്ടുന്ന മ്യൂണിക്കിലെ ആദ്യപാദത്തിലേക്കാണ് ഫുട്ബാൾ ലോകത്തിെൻറ കണ്ണും കാതും. കഴിഞ്ഞ 16 വർഷത്തിനിടെ ഇരുവരും ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ മാത്രം മത്സരിച്ചത് ഏഴു തവണ. അഞ്ചു വർഷത്തിനിടെ മൂന്നു തവണയും.

ആഞ്ചലോട്ടി Vs സിദാൻ
ബവേറിയന്മാരുടെ കളിമുറ്റമായ അലയൻസ് അറീനയിലാണ് ആദ്യ പാദ പോരാട്ടം. കളിയിലും കരുത്തിലും താരപ്പകിട്ടിലും ഇരുവരും തുല്യർ. റയൽ മഡ്രിഡിന് പത്താം യൂറോപ്യൻ കിരീടം സമ്മാനിച്ച കാർലോ ആഞ്ചലോട്ടിയാണ് ബയേൺ മ്യൂണിക്കിെൻറ പരിശീലക വേഷത്തിലെങ്കിൽ, അതേ ആഞ്ചലോട്ടി കളിക്കാരനായും കോച്ചായും പിടിച്ചുയർത്തിയ സിനദിൻ സിദാനാണ് ടച്ച് ലൈനിനു പുറത്ത് റയലിെൻറ തലച്ചോർ. ആശാനും ശിഷ്യനും തമ്മിലെ പോരാട്ടം. സ്പാനിഷ് ലാ ലിഗയിലെ കിരീടപ്പോരാട്ടത്തിൽ ഒന്നാമനായി കുതിക്കുന്നതിനിടെയാണ് റയൽ മ്യൂണിക്കിലെത്തുന്നത്. ബയേൺ ബുണ്ടസ് ലിഗയിൽ കിരീടമുറപ്പിച്ച് ഏറെ മുന്നിലും. പക്ഷേ, ഇൗ മുൻതൂക്കമൊന്നും ഇന്നത്തെ മരണപ്പോരാട്ടത്തിൽ ഇരു നിരക്കും സഹായകമാവില്ല. കളിച്ച് ജയിക്കുന്നവർതന്നെ ഇന്നത്തെ ജേതാക്കളെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ബയേൺ ക്യാപ്റ്റൻ ഫിലിപ് ലാമിെൻറ വാക്കുകളിൽ കൂടുതൽ കൃത്യത,‘‘ഇതൊരു ക്വാർട്ടർ ഫൈനലാണ്. പക്ഷേ, ഒരു ഫൈനലിനൊത്ത പോരാട്ടമാണിത്. ഏറ്റവും ശക്തരായ ടീമിനെതിരെയാണ് കളിക്കുന്നത്. ഒാരോ പൊസിഷനിലും അവർ ലോകോത്തരം. പക്ഷേ, ഞങ്ങളുടെ മികവിനൊത്ത് കളിക്കും’’. 2014 സീസൺ സെമിയിലെ 5-0ത്തിനേറ്റ തോൽവിയുടെ മുറിവുമായിറങ്ങുന്ന ബയേൺ കണക്കുതീർക്കാനുള്ള ഒരുക്കത്തിലാണ്.

ബയേൺ: ഇരു നിരയിലുമുണ്ട് പരിക്കിെൻറ ചെറു ആശങ്കകൾ. ജർമൻ താരം മാറ്റ് ഹമ്മൽസില്ലാതെയാണ് ബയേൺ ഇറങ്ങുന്നത്. പകരം യാവി മാർടിനസും ജെറോം ബോെട്ടങ്ങുമുണ്ട്. േഗാൾകീപ്പർ മാനുവൽ നോയർ കാൽപാദത്തിലെ ശസ്ത്രക്രിയയും കഴിഞ്ഞ് കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങി. തോമസ് മ്യൂളർ ഗോളടിച്ചുതുടങ്ങിയതും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായ റോബർട് ലെവൻഡോവ്സ്കിയുടെ ബൂട്ടുകളും ഒപ്പം ഫ്രാങ്ക് റിബറി, ആർയൻ റോബൻ എന്നിവരും ചേർന്നാൽ ബയേൺ അതിസമ്പന്നം.

റയൽ മഡ്രിഡ്: അവസാന ലാ ലിഗയിൽ അത്ലറ്റികോയോട് തോൽവി ഒഴിവാക്കി വരുന്ന റയൽ കടുത്ത പോരാട്ടങ്ങളുടെ തിരക്കിലാണ്. ബയേണിനെതിരെ രണ്ടാം പാദം, തൊട്ടുപിന്നാലെ എൽക്ലാസികോയും വരാനിരിക്കുന്നു. ഇതിനിടെ ഫിറ്റ്നസ് നിലനിർത്തുകയെന്ന വെല്ലുവിളിയുമായാണ് സിദാനും സംഘവുമിറങ്ങുന്നത്. പ്രതിരോധത്തിൽ ഇന്ന് പെപെയും റാഫേൽ വറാനെയുമില്ല. അത്ലറ്റികോ മഡ്രിഡിനെതിരായ സമനില ഗോൾ (1-1) നേടിയ പെപെക്ക് അതേ മത്സരത്തിലേറ്റ പരിക്കാണ് തിരിച്ചടിയായത്. ഫാബിയോ കൊവെൻട്രാവോയും ടീമിലില്ല. എന്നാൽ, ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യേനാ (ബി.ബി.സി) കൂട്ട് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

മുഖാമുഖം
റയലും ബയേണും ഏറ്റുമുട്ടിയത് 18 കളികളിൽ. എട്ടു ജയം റയൽ മഡ്രിഡിനും ഒമ്പതു ജയം ബയേൺ മ്യൂണിക്കിനും. ഒരു കളി സമനിലയിൽ പിരിഞ്ഞു. യുവേഫ റേറ്റിങ്ങിൽ റയൽ ഒന്നും ബയേൺ രണ്ടും സ്ഥാനത്ത്.

കഴിഞ്ഞ ആഗസ്റ്റിൽ ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിലാണ് അവസാനം ഏറ്റുമുട്ടിയത്. അന്ന് 1-0ത്തിന് റയലിന് ജയം. ചാമ്പ്യൻസ് ലീഗിൽ 2014 സെമിയിൽ. റയലിെൻറ ജയം 1-0, 4-0 (ഇരു പാദങ്ങളിലുമായി 5-0).

Tags:    
News Summary - chambians legue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT