വീണ്ടും തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ട് പുറത്ത് (5-1)

കൊച്ചി: സ്വന്തം മണ്ണില്‍ ചോരപൊടിച്ചിട്ടും എഫ്.സി ഗോവയുടെ കരുത്തിനെ വെല്ലാന്‍ കേരള ബ്ളാസ്റ്റേഴ്സിനായില്ല. നിര്‍ണായക മത്സരത്തിനിറങ്ങിയ ബ്ളാസ്റ്റേഴ്സിനെ ഒന്നു മാത്രം വാങ്ങി അഞ്ചടിയിലൊതുക്കി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ സെമിഫൈനല്‍ ഉറപ്പിച്ചു. തോല്‍വിയോടെ സെമിപ്രതീക്ഷകള്‍ അവസാനിച്ച ആദ്യ സീസണിലെ രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സിന്‍െറ ഈ സീസണിലെ തകര്‍ച്ച ഇതോടെ പൂര്‍ണമായി. രണ്ടാം മിനിറ്റില്‍ വിക്ടര്‍ പൂള്‍ഗയിലൂടെ ബ്ളാസ്റ്റേഴ്സാണ് ഗോള്‍നേട്ടത്തിന് തുടക്കമിട്ടതെങ്കിലും പിന്നീടങ്ങോട്ട് ഗോള്‍വഴികളില്‍ സഞ്ചരിച്ചത് ഗോവയായിരുന്നു. ഐ.എസ്.എല്ലിലെ തന്‍െറ ആദ്യ ഹാട്രിക് നേടിയ റെയ്നാള്‍ഡോയും കളംനിറഞ്ഞ് കളിച്ച മന്ദാര്‍ ദേശായിയുടെയും ജൊഫ്രിയുടെയും ഗോളുകളുമാണ് ഗോവയുടെ സെമിപ്രവേശം എളുപ്പമാക്കിയത്. 12ാം മിനിറ്റില്‍ ജൊഫ്രിയിലൂടെ തുടങ്ങിയ ഗോവന്‍ തേരോട്ടം 29, 50, 61 മിനിറ്റില്‍ റെയ്നാള്‍ഡോയിലൂടെ 64ാം മിനിറ്റില്‍ മന്ദര്‍ ദേശായി പൂര്‍ത്തിയാക്കി. ഇതോടെ 13 കളിയില്‍നിന്ന് 22 പോയന്‍റുമായി ഗോവ രണ്ടാം സ്ഥാനത്തത്തെി. 13 കളിയില്‍ 12 പോയന്‍റ് മാത്രമുള്ള ബ്ളാസ്റ്റേഴ്സ് ‘അവസാന സ്ഥാനം നിലനിര്‍ത്തി’.

തുടക്കം മാറ്റങ്ങളോടെ
മുംബൈക്കെതിരെ സമനിലപാലിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മെഹ്താബ് ഹുസൈന്‍, കോയിമ്പ്ര, ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി എന്നിവര്‍ക്ക് പകരം പീറ്റര്‍ കാര്‍വാലോ, മുഹമ്മദ് റാഫി, സ്റ്റീവന്‍ ബൈവാട്ടര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചത്തെി. കരുത്തന്‍ ആക്രമണങ്ങളില്‍ ഉലയുന്ന മധ്യനിരയെയും പ്രതിരോധനിരയെയും ബലപ്പെടുത്തിയുള്ള ശൈലിയിലാണ് ടെറി ഫെലാന്‍ ടീമിനെ ഇറക്കിയത്. 4-3-3 ശൈലിയില്‍ അന്‍േറാണിയോ ജര്‍മന്‍-ക്രിസ് ഡഗ്നല്‍-മുഹമ്മദ് റാഫി സഖ്യത്തെ ആക്രമണത്തിന് ചുമതലപ്പെടുത്തി. ഗോവന്‍നിരയിലും മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു.  4-2-3-1 ശൈലിയിലാണ് ഗോവ ബ്ളാസ്റ്റേഴ്സിനെതിരെ അണിനിരന്നത്. റെയ്നാള്‍ഡോ ഒളീവിരിയക്ക് ആക്രമണത്തിന്‍െറ സ്വതന്ത്ര ചുമതല.  

വീണുപോയ ആദ്യ പകുതി
തുടക്കംമുതല്‍ ആക്രമണ ഫുട്ബാളിലേക്ക് ബ്ളാസ്റ്റേഴ്സ് വഴിതിരിയുന്ന കാഴ്ചയാണ് കൊച്ചിയില്‍ കണ്ടത്. അതിന് രണ്ടാം മിനിറ്റില്‍ ഫലംകണ്ടു. മൈതാനമധ്യത്തുനിന്ന് ദീപക് മൊണ്ടാല്‍ പന്ത് ഡഗ്നലിന് നല്‍കി. പന്തുമായി മുന്നേറിയ ഡഗ്നലില്‍നിന്ന് പൂള്‍ഗയിലൂടെ വലത് വിങ്ങില്‍ അന്‍േറാണിയോ ജര്‍മനിലേക്ക്. ഗോവന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മുന്നേറിയ ജര്‍മന്‍ സീറോ ആംഗിളില്‍നിന്ന് പൂള്‍ഗയിലേക്ക് സുന്ദരമായൊരു ബാക് പാസ്. പൂള്‍ഗയുടെ വോളി ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് വലകുലുക്കി. ഗോളടിയുടെ വേഗ വഴിയിലേക്ക് ബ്ളാസ്റ്റേഴ്സിന്‍െറ തിരിച്ചുവരവും പൂള്‍ഗയുടെ ആദ്യ ഗോളും.

ആദ്യ അടിയില്‍ പകച്ച ഗോവ ആക്രമണം ശക്തിപ്പെടുത്തി. ഗോവന്‍ ശ്രമങ്ങള്‍ക്ക് ഫലംകണ്ടത് 12ാം മിനിറ്റില്‍. റെയ്നാള്‍ഡോയുടെ പാസില്‍ ബ്ളാസ്റ്റേഴ്സ് വലകുലുക്കിയത് ജൊഫ്രി. വെറും കാഴ്ചക്കാരനായി ബൈവാട്ടര്‍ പരാജയപ്പെട്ടു.29ാം മിനിറ്റില്‍ ഗോവ ആദ്യ പകുതിയുടെ രാജാക്കന്മാരായി. മൗറയുടെ പാസ് മന്ദര്‍ ദേശായിയിലേക്ക്. ദേശായി തിരികെ മൗറക്ക് ബാക് പാസ്. പന്ത് സ്വീകരിച്ച മൗറയുടെ പാസ് റെയ്നാള്‍ഡോയുടെ കാലുകളിലേക്ക്. റെയ്നാള്‍ഡോയെ തടയാന്‍ ബ്ളാസ്റ്റേഴ്സ് പ്രതിരോധനിരയെ കണ്ടില്ല. റെയ്നാള്‍ഡോയുടെ വലങ്കാലന്‍ ഷോട്ടില്‍ ബൈവാട്ടര്‍ വീണ്ടും നിരാശപ്പെടുത്തി. ഗാലറിയില്‍ മഞ്ഞക്കൊടികള്‍ താഴ്ന്നപ്പോള്‍ ഗോവന്‍നിരയുടെ ആഘോഷം. 35ാം മിനിറ്റില്‍ സമനിലക്ക് അവസരം ലഭിച്ചെങ്കിലും ഡഗ്നലിന് ലക്ഷ്യംതെറ്റി. കാര്യമായൊന്നും സംഭവിക്കാതെ കടന്നുപോയ ഇഞ്ചുറിടൈം ഹോസുവിനുള്ള ചുവപ്പുകാര്‍ഡോടെ ഒന്നാം പകുതിക്ക് വിസില്‍ മുഴങ്ങി. റെയ്നാള്‍ഡോയെ ഇടിച്ചിട്ടതിനാണ് ഹോസുവിന് ചുവപ്പുകാര്‍ഡ്.



ആധികാരികം ഗോവ
പത്തു പേരായി ചുരുങ്ങിയ ബ്ളാസ്റ്റേഴ്സ് കാര്‍വാലോക്ക് പകരം സി.കെ. വിനീതിനെയും മുഹമ്മദ് റാഫിക്ക് പകരം മെഹ്താബ് ഹുസൈനെയും രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളത്തിലിറക്കി.  ഗോവ 50ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ച് ബോക്സില്‍ കയറിയശേഷം മന്ദര്‍ ദേശായി നല്‍കിയ അളന്നുമുറിച്ച ക്രോസ് റെയ്നാള്‍ഡോ അനായാസം വലയിലത്തെിക്കുകയായിരുന്നു. പിഴച്ചത് ബ്ളാസ്റ്റേഴ്സ് പ്രതിരോധം. 53ാം മിനിറ്റില്‍ പുള്‍ഗയും ജര്‍മനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പായിച്ച ഷോട്ട് ലക്ഷ്മികാന്ത് ക്രോസ്ബാറിന് മുകളിലൂടെ കുത്തിയകറ്റി. 61ാം മിനിറ്റില്‍ വീണ്ടും ഗോവന്‍ ഗോള്‍. പന്തുമായി മുന്നേറിയ ജൊഫ്രി സബീത്തിന് പാസ് നല്‍കി. സബീത്തില്‍നിന്ന് റെയ്നാള്‍ഡിന്. ബൈവാട്ടറെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍. റെയ്നാള്‍ഡോയുടെ ഹാട്രിക് നേട്ടത്തില്‍ ഗോവയുടെ ആഹ്ളാദം. ടൂര്‍ണമെന്‍റിലെ ആറാം ഹാട്രിക്കുമായിരുന്നു അത്.

മൂന്നേ മൂന്ന് മിനിറ്റ്. ഗോവയുടെ അഞ്ചാം ഗോളും പിറന്നു. മൗറ നല്‍കിയ പാസില്‍ മന്ദര്‍റാവു ദേശായിയുടെ ഇടങ്കാലന്‍ ഷോട്ട് ബ്ളാസ്റ്റേഴ്സ് വലകുലുക്കി. 66ാം മിനിറ്റില്‍ സബീത്തിന് പകരം ബിക്രംജിത്ത് സിങ് ഗോവന്‍നിരയിലത്തെി. ഗോവ കളി നയിച്ചപ്പോള്‍ ബ്ളാസ്റ്റേഴ്സിന് അവസരം ലഭിച്ചത് 79ാം മിനിറ്റില്‍.
വിനീതും ഡഗ്നലിന്‍െറയും നീക്കത്തിനൊടുവില്‍ പൂള്‍ഗ പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഒരു അവസരംകൂടി ലഭിച്ചെങ്കിലും ഗോവന്‍ പ്രതിരോധത്തില്‍ ബ്ളാസ്റ്റേഴ്സ് തകര്‍ന്നു. പിന്നീടങ്ങോട്ട് ചടങ്ങുകള്‍ മാത്രം. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സീക്കോയുടെയും ഗോവന്‍താരങ്ങളുടെയും മുഖത്ത് പുഞ്ചിരിയും ബ്ളാസ്റ്റേഴ്സ് നിരയില്‍ നിരാശയും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.