വാര്‍ണറോ  വീരുവോ വിരുതന്‍...?

ന്യൂഡല്‍ഹി: 41 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുടെ പുതിയ റെക്കോഡ് ഡേവിഡ് വാര്‍ണര്‍ വരുതിയിലാക്കുമ്പോള്‍ ഊറി ചിരിക്കുന്നൊരാളുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20 കളിച്ച സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്. 10 വര്‍ഷത്തിനു മുമ്പ് ഈ റെക്കോഡ് വീരുവിന്‍െറ ബാറ്റില്‍നിന്ന് പിറക്കേണ്ടതായിരുന്നു. തലനാരിഴക്കാണ് അന്നത് നഷ്ടമായത്.

ഒരു ടെസ്റ്റിന്‍െറ ആദ്യ ദിവസം ആദ്യ സെഷനില്‍ സെഞ്ച്വറി നേടിയ റെക്കോഡാണ് 41 വര്‍ഷത്തിനു ശേഷം വാര്‍ണര്‍ സ്വന്തമാക്കിയത്. പാകിസ്താന്‍െറ മജീദ് ഖാനുശേഷം ആദ്യം. അതും പാകിസ്താനെതിരെ രണ്ടാം ടെസ്റ്റിന്‍െറ ആദ്യ ദിവസം ലഞ്ചിനു മുമ്പ്. 2006ല്‍ സെന്‍റ് ലൂസിയയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഈ റെക്കോഡ് വീരേന്ദ്ര സെവാഗ് സ്വന്തമാക്കേണ്ടതായിരുന്നു. അന്ന് ലഞ്ചിനു പിരിയുമ്പോള്‍ സെവാഗിന്‍െറ സ്കോര്‍ 75 പന്തില്‍ 99 റണ്‍സായിരുന്നു. സെഞ്ച്വറിയില്‍നിന്ന് ഒരു റണ്‍ അകലെ. പക്ഷേ, അന്ന് 25 ഓവര്‍ കഴിഞ്ഞപ്പോഴേക്കും ആദ്യ സെഷന്‍ അവസാനിച്ചിരുന്നു. വാര്‍ണര്‍ക്ക് വീരുവിനെക്കാള്‍ ഭാഗ്യമുണ്ടായി. 27 ഓവര്‍ കഴിഞ്ഞാണ് ലഞ്ചിന് പിരിഞ്ഞത്. 

25.3ാമത്തെ  ഓവറില്‍ സെവാഗ് സെഞ്ച്വറി തികച്ചു. വാര്‍ണര്‍ ആകട്ടെ 26.2ാമത്തെ ഓവറിലാണ് സെഞ്ച്വറി കുറിച്ചത്. രണ്ടുപേരും സെഞ്ച്വറി തികച്ചതും 78 പന്തില്‍. സെവാഗിന്‍െറ സെഞ്ച്വറിയില്‍ 15 ബൗണ്ടറിയും രണ്ട് സിക്സറും ഉണ്ടായിരുന്നെങ്കില്‍ വാര്‍ണര്‍ 17 ബൗണ്ടറിയുമായാണ് സെഞ്ച്വറി കുറിച്ചത്. അന്ന് 25 ഓവറില്‍ ആദ്യ സെഷന്‍ സമാപിച്ചതാണ് വീരുവിനെ റെക്കോഡില്‍ നിന്നകറ്റിയതെങ്കില്‍ വാര്‍ണറെ തുണച്ചത് വൈകിയത്തെിയ ലഞ്ച്. വാര്‍ണര്‍ 113 റണ്‍സെടുത്തു പുറത്തായപ്പോള്‍ സെവാഗ് 180 റണ്‍സെടുത്താണ് പുറത്തായത്.

Tags:    
News Summary - warner sehwag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.