കോഹ് ലി തിരുത്തുമോ സച്ചിനെ...?

ന്യൂഡല്‍ഹി: സീസണിലെ ഒടുവിലത്തെ ടെസ്റ്റ് മത്സരവും പൂര്‍ത്തിയാവുമ്പോള്‍ 2016 വിരാട് കോഹ്ലി എന്ന നായകന്‍െറ വര്‍ഷമായാണ് അടയാളപ്പെടുത്തുന്നത്. ഈ വര്‍ഷം കളിച്ച 12 ടെസ്റ്റുകളില്‍ തോല്‍വിയറിയാതെ ഇന്ത്യയെ നയിച്ച കപ്പിത്താന്‍. 12ല്‍ ഒമ്പതിലും വിജയം. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ നാലാമത്. 75.93 ആണ് കോഹ്ലിയുടെ ഈ വര്‍ഷത്തെ ആവറേജ്.

18 ഇന്നിങ്സില്‍നിന്ന് 1215 റണ്‍സാണ് കോഹ്ലി സ്കോര്‍ ചെയ്തത്. അതില്‍ മൂന്ന് ഡബ്ള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും. ടെസ്റ്റിലും ഏകദിനത്തിലും ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാമത്. ട്വന്‍റി -20 റാങ്കിങ്ങില്‍ ഒന്നാമത്. കരിയറിലെ മിന്നുന്ന ഫോമില്‍ ഈ പോക്കു പോയാല്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ റെക്കോഡുകളില്‍ പലതും കോഹ്ലി തിരുത്തിയെഴുതിയേക്കാമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

53 ടെസ്റ്റുകളിലെ 90 ഇന്നിങ്സുകളില്‍നിന്ന് 4209 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയത്. അതില്‍ 15 സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. 50.10 ആണ് ശരാശരി. 200 ടെസ്റ്റിലെ 329 ഇന്നിങ്സ് കളിച്ച സചിനാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ്. 15921റണ്‍സ്. സചിന്‍ കുറിച്ച 51 ടെസ്റ്റ് സെഞ്ച്വറികളാണ് ലോക റെക്കോഡ്. സമീപകാലത്തൊന്നും ആരും തിരുത്താന്‍ സാധ്യതയില്ലാത്ത ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധ്യതയുള്ള കളിക്കാരനായി ലോകം വിലയിരുത്തുന്നതും കോഹ്ലിയത്തെന്നെയാണ്.

പക്ഷേ, സചിന്‍ കളിച്ച അത്രയും ടെസ്റ്റ് കളിക്കാന്‍ വിരാടിനാകുമോ എന്ന് കണ്ടറിയേണ്ടതാണ്. ടെസ്റ്റ് മത്സരങ്ങള്‍ കുറയുകയും ഏകദിനവും ട്വന്‍റി -20 എന്ന കുട്ടി ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യതയും തന്നെ പ്രധാന കാരണം. എന്നാല്‍, ഏകദിനത്തില്‍ സചിനിലേക്കത്തൊനുള്ള ദൂരം കോഹ്ലിക്കുമുന്നില്‍ തെളിഞ്ഞുകിടക്കുകയാണ്. 463 ഏകദിനങ്ങളിലെ 452 ഇന്നിങ്സുകളില്‍നിന്ന് 18426 റണ്‍സാണ് സചിന്‍ റെക്കോഡ് പുസ്തകത്തില്‍ കുറിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയും സചിന്‍െറ പേരിലുള്ള 49 സെഞ്ച്വറികളാണ്. 68 അര്‍ധ സെഞ്ച്വറികളും സചിന്‍ നേടിയിട്ടുണ്ട്.

വിരാട് കോഹ്ലിയാകട്ടെ 176 ഏകദിനങ്ങളിലെ 168 ഇന്നിങ്സുകളില്‍നിന്ന് 7570 റണ്‍സ് നേടിക്കഴിഞ്ഞു. ഇതില്‍ 26 സെഞ്ച്വറികളും 38 അര്‍ധ സെഞ്ച്വറികളും ഇതിനകം കോഹ്ലിയുടെ അക്കൗണ്ടിലായിക്കഴിഞ്ഞു. സചിന്‍െറ ഏകദിന ശരാശരി 44.83 ആണെങ്കില്‍ കോഹ്ലിയുടെ ശരാശരി സചിനും മുകളിലാണ്. 52.93. സചിന്‍ കളിച്ചത്രയും ഏകദിനങ്ങള്‍ ഇതേ ഫോമില്‍ കോഹ്ലി കളിക്കുകയാണെങ്കില്‍ ഏകദിനത്തില്‍ സചിന്‍ കുറിച്ച റെക്കോഡുകള്‍ മിക്കതും കോഹ്ലിയുടെ പേരിലായേക്കാം.

സചിന്‍ ആകെ കളിച്ചത് ഒരേയൊരു ട്വന്‍റി -20 അന്താരാഷ്ട്ര മത്സരമാണെങ്കില്‍ അതിലും കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 45 മത്സരങ്ങളിലെ 41 ഇന്നിങ്സുകളില്‍നിന്ന് 1657 റണ്‍സാണ് കോഹ്ലി ഇതുവരെ നേടിയത്. ടെസ്റ്റിനെക്കാളും ഏകദിനത്തെക്കാളും ഉയര്‍ന്ന ശരാശരിയാണ് കോഹ്ലിക്ക് ട്വന്‍റി -20യില്‍. 57.13. ഇതില്‍ 16 അര്‍ധ സെഞ്ച്വറിയുമുണ്ട്. ഉയര്‍ന്ന സ്കോര്‍ 90 റണ്‍സ്. തന്നെയും സചിനെയും താരതമ്യം ചെയ്യുന്നതിനോട് ഒട്ടും യോജിക്കുന്നില്ളെന്ന് കോഹ്ലി ആവര്‍ത്തിക്കാറുണ്ടെങ്കിലും ക്രിക്കറ്റ് ലോകം സാധ്യത കല്‍പിക്കുന്നത് കോഹ്ലിക്കുതന്നെയാണ്.

പക്ഷേ, ഏത് റെക്കോഡുകള്‍ കോഹ്ലി സ്വന്തമാക്കിയാലും ഒരിക്കലും മറ്റാര്‍ക്കും സ്വന്തമാക്കാനാവാത്ത ഒരു റെക്കോഡ് സചിന്‍െറ പേരില്‍ തന്നെയായിരിക്കും. ഏകദിനത്തില്‍ ആദ്യമായി ഡബ്ള്‍ സെഞ്ച്വറി തികച്ച ബാറ്റ്സ്മാന്‍ എന്ന റെക്കോഡ്. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ആദ്യ കളിക്കാരനും.

Tags:    
News Summary - kohly sachin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.