കോഹ്‍ലി 235, ജയന്ത് യാദവ് 104, ഇന്ത്യ ജയത്തിലേക്ക്

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും (235) ഒമ്പതാമനായിറങ്ങിയ പുതുമുഖക്കാരന്‍ ജയന്ത് യാദവിന്‍െറ കന്നി സെഞ്ച്വറിയും (104)  പിറന്ന വാംഖഡെയില്‍ ഇന്ത്യക്ക് 631 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍. മറുപടിയായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ളണ്ട് തകര്‍ച്ചയോടെ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ജയം വിളിപ്പാടകലെ. മുന്‍നിരയെല്ലാം നഷ്ടമായ ഇംഗ്ളണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 എന്നനിലയില്‍ പരുങ്ങലിലാണ്. നാലു വിക്കറ്റ് കൈയിലിരിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് 49 റണ്‍സ് കൂടിവേണം.
ആതിഥേയ സ്പിന്നര്‍മാര്‍ രണ്ടാം ഇന്നിങ്സിലും തകര്‍ത്താടിയതോടെ കുക്കിനും സംഘത്തിനും അടിപതറുകയായിരുന്നു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും രണ്ടു വീതവും ജയന്ത് യാദവും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റും വീഴ്ത്തി. നാലാം ദിനം അവസാന ഓവറില്‍ ജെയ്ക് ബാള്‍ (2) പുറത്തായതോടെ അര്‍ധ സെഞ്ച്വറിയുമായി (50) ജോണി ബെയര്‍സ്റ്റോയാണ് ക്രീസില്‍. അലസ്റ്റയര്‍ കുക്ക് (18), കീറ്റണ്‍ ജെന്നിങ്സ് (0), ജോ റൂട്ട് (77), മുഈന്‍ അലി (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ളണ്ടിന് നഷ്ടമായത്.
 

ആതിഥേയ ഇന്നിങ്സിന്‍െറ നട്ടെല്ലായിമാറിയ കോഹ്ലി ഒരു വര്‍ഷം മൂന്നു ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇംഗ്ളണ്ടിനെതിരെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന രാഹുല്‍ ദ്രാവിഡിന്‍െറ റെക്കോഡും ഇതോടെ പഴങ്കഥയായി.
നേരത്തേ ഏഴു വിക്കറ്റിന് 451 എന്നനിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ ലീഡുയര്‍ത്താതെ എളുപ്പം മടക്കിയയക്കാമെന്ന ഇംഗ്ളീഷ് തന്ത്രം കോഹ്ലിയും ജയന്ത് യാദവും പൊളിച്ചടുക്കി. തലേദിനത്തിലെ ക്ളാസ് ബാറ്റിങ്ങിന്‍െറ തുടര്‍ച്ചയായിരുന്നു ഞായറാഴ്ചയും കോഹ്ലിയില്‍ കണ്ടത്. ഇംഗ്ളണ്ടിന്‍െറ മോശം ബൗളുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് സ്കോര്‍ ഉയര്‍ത്തിയപ്പോള്‍, നല്ല പിന്തുണയുമായി ജയന്ത് യാദവും ഉറച്ചുനിന്നു. 25 ഫോറും ഒരു സിക്സും പറത്തിയാണ് കോഹ്ലി കരിയറിലെ മൂന്നാം ഇരട്ടശതകം കുറിച്ചത്.

Tags:    
News Summary - Kohli's third double lights up Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.