കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. ഗ്രൂപ് ‘സി’യില്‍ തങ്ങളുടെ എട്ടാം മത്സരത്തില്‍ ത്രിപുരയെ ഏഴുവിക്കറ്റിന് തോല്‍പിച്ചാണ് കേരളം തുടര്‍ സമനിലയുടെ ഭാരമൊഴിവാക്കിയത്. ഇതോടെ, 22 പോയന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം ഇന്നിങ്സില്‍ 20 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്‍െറ ഉജ്ജ്വല തിരിച്ചുവരവ്.
സ്കോര്‍ ചുരുക്കത്തില്‍: ത്രിപുര: 213, 162. കേരളം 193, 183/3.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ത്രിപുര ഒന്നാം ഇന്നിങ്സില്‍ 213ന് പുറത്തായപ്പോള്‍ കേരളം 193ല്‍ കീഴടങ്ങിയതോടെ സമ്മര്‍ദത്തിലായി. എന്നാല്‍, രണ്ടാം ഇന്നിങ്സില്‍ മികച്ച ബൗളിങ് ആക്രമണമൊരുക്കി ത്രിപുരയെ 162ല്‍ എറിഞ്ഞുവീഴ്ത്തി. ജയിക്കാന്‍ 182 റണ്‍സ് ലക്ഷ്യവുമായിറങ്ങിയവരെ ഓപണര്‍മാരായ മുഹമ്മദ് അസഹറുദ്ദീനും (99), ഭവിന്‍ തക്കറും (47) ചേര്‍ന്ന് നയിച്ചു.
കരിയറിലെ ആദ്യ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ അസ്ഹര്‍ പുറത്തായെങ്കിലും കേരളത്തെ വിജയത്തോടടുപ്പിച്ചായിരുന്നു മടക്കം. ഒന്നാം വിക്കറ്റില്‍ പിറന്നത് 151 റണ്‍സ്. ഓപണര്‍മാര്‍ക്ക് പുറമെ ജലജ് സക്സേനയുടെ (5) വിക്കറ്റ് കൂടിയാണ് വീണത്. സല്‍മാന്‍ നിസാര്‍ 15ഉം സചിന്‍ ബേബി ഒമ്പതും റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അസ്ഹറാണ് മാന്‍ ഓഫ് ദി മാച്ച്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്‍െറ എതിരാളി. ഡിസംബര്‍ ഏഴ് മുതല്‍ ന്യൂഡല്‍ഹിയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.